Image

നയം വ്യക്തമാക്കി ഫോമാ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 09 June, 2014
നയം വ്യക്തമാക്കി ഫോമാ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍
ഫിലാഡല്‍ഫിയ: ഫോമാ കണ്‍വന്‍ഷന്‌ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ (ജൂണ്‍ 26-ന്‌ തുടക്കം) ഫോമാ നേതാക്കളും വിവിധ സംഘടനാ പ്രതിനിധികളും ഫിലാഡല്‍ഫിയയില്‍ ഒത്തുകൂടി ഇതേവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ക്ക്‌ അന്തിമ രൂപം നല്‍കുകയും ചെയ്‌തു.

പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവിന്റെ അധ്യക്ഷതയില്‍ സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും എത്തി.

ഇന്ത്യന്‍ വിസ, പാസ്‌പോര്‍ട്ട്‌, ഒ.സി.ഐ കാര്‍ഡ്‌ തുടങ്ങിയവയപ്പറ്റി വിശദീകരണങ്ങള്‍ നല്‍കാനും, ജനത്തെ ബോധവത്‌കരിക്കാനുമായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കണ്‍വന്‍ഷന്‌ എത്തുമെന്ന്‌ ജോര്‍ജ്‌ മാത്യുവും, ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ്‌ ടി. ഉമ്മനും അറിയിച്ചു. കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇതു സഹായകമാകും.

കണ്‍വന്‍ഷന്‍ ഉദ്‌ഘാടന സമ്മേളനത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്‌ പങ്കെടുക്കും.

ജൂണ്‍ 27-ന്‌ വെള്ളിയാഴ്‌ച രാവിലെയാണ്‌ മീഡിയ സെമിനാര്‍. അതിന്റെ ചുമതല സജി ഏബ്രഹാമിന്‌ നല്‍കി.

ഫോര്‍ സീസണ്‍ ഹോട്ടലില്‍ വെച്ച്‌ നടന്ന സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തല്‍ സമ്മേളനത്തില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുകയും തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കുകയും ചെയ്‌തു. പാനല്‍ ഇല്ലെന്നു പറയുന്നുണ്ടെങ്കിലും പാനലായി തന്നെ കാര്യങ്ങള്‍ പോകുന്ന പ്രതീതി കണ്ടു. വേറേയും അടിയൊഴുക്കുകള്‍ ഉണ്ടെന്നും തോന്നി.

റോഷന്‍ മാമ്മന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. `കല' അംഗം ബിജു ഏബ്രഹാം ഗാനം ആലപിച്ചു. മാപ്പ്‌ പ്രസിഡന്റ്‌ സാബു ജോസഫ്‌ നടത്തിയ സ്വാഗത പ്രസംഗത്തില്‍ സംഘടനയുടെ നന്മയ്‌ക്കുവേണ്ടി ഒരേ വേദിയില്‍ വരാന്‍ മത്സരാര്‍ത്ഥികള്‍ കാട്ടിയ സന്മനസിനെ അഭിനന്ദിച്ചു. പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ പത്തു മിനിറ്റ്‌ വീതവും, മറ്റുള്ളവര്‍ക്ക്‌ അഞ്ചുമിനിറ്റ്‌ വീതവുമാണ്‌ പ്രസംഗത്തിന്‌ സമയം നല്‍കിയത്‌.
അനിയന്‍ ജോര്‍ജ്‌ ആയിരുന്നു എം.സി. ജോര്‍ജ്‌ മാത്യു നിരീക്ഷകനായി. `മാപ്പി'ല്‍ നിന്നുള്ള ജോര്‍ജ്‌ എം. മാത്യു നന്ദി പറഞ്ഞു.

ഫോമയുടെ തുടക്കം മുതല്‍ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനായിരുന്നു താനെന്ന്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ആനന്ദന്‍ നിരവേല്‍ ചൂണ്ടിക്കാട്ടി. ഫോമയുടെ ദേശീയ സമിതി അംഗവും, ആര്‍.വി.പിയും ആയും  പ്രവര്‍ത്തിച്ചു. വളരെ വിജയകരമായ ഹിന്ദു കണ്‍വന്‍ഷന്‌ പ്രസിഡന്റ്‌ എന്ന നിലയില്‍ ചുക്കാന്‍ പിടിച്ചു. ഫോമ 750 മുറികള്‍ ബുക്കു ചെയ്‌തു എന്ന പറയുന്ന സ്ഥാനത്ത്‌ 1600 മുറികള്‍
കണ്‍വന്‍ഷന്‌ ഒരാഴ്‌ച മുമ്പുതന്നെ ബുക്ക്‌ ചെയ്യാന്‍ കഴിഞ്ഞു. രജിസ്‌ട്രേഷനും മറ്റും മിതമായ തുകയായിരുന്ന. നല്ല മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞു. അതിനാല്‍ മികച്ച ഫോമാ കണ്‍വന്‍ഷന്‍ നടത്താനുള്ള എല്ലാവിധ അനുഭവ പരിചയവും തനിക്കുണ്ട്‌.

ട്രഷററായി ഫ്‌ളോറിഡയില്‍ നിന്നുള്ള ജോയി ആന്റണി തന്റെ പാനലിലുണ്ട്‌. പ്രസിഡന്റ്‌ സ്ഥാനം ലഭിച്ചാല്‍ ബഹാമസിലേക്കൊരു ക്രൂസും കണ്‍വന്‍ഷന്റെ ഭാഗമായി ആസൂത്രണം ചെയ്യും. കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ വിജയകരമായി ചെയ്‌തതാണ്‌. അതുപോലെ ഫ്‌ളോറിഡയിലെ തീം പാര്‍ക്കില്‍ പ്രത്യേക നിരക്കില്‍ പ്രവേശനം ലഭിക്കാനുള്ള പാക്കേജുകളും സംഘടിപ്പിക്കും.

കേരളത്തിലെ മാമ്പഴക്കാലത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി അനുഭവിക്കാനുള്ള അവസരമാണ്‌ ഫ്‌ളോറിഡയില്‍ ഒരുക്കുന്നത്‌.

കുമാരി-കുമാരന്മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും സഹായമെത്തിക്കാനും പ്രത്യേക സമിതി രൂപീകരിക്കും. ഡോക്‌ടര്‍മാരായ മൂന്നു പെണ്‍മക്കളുള്ള തനിക്ക്‌ പുതിയ തലമുറയ്‌ക്കായി പ്രവര്‍ത്തിക്കാനുള്ള അനുഭവസമ്പത്തുണ്ട്‌.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍.എഫ്‌.ഐ.എ തുടങ്ങിയ ദേശീയ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കും. ഇതിനായി ഡല്‍ഹിയില്‍ വരെ സ്വാധീനം ചെലുത്താനാകും. ഇവിടെയുള്ള മെഡിക്കല്‍ വിദഗ്‌ധരുടെ ഉപദേശ നിര്‍ദേശങ്ങള്‍ നാട്ടില്‍ മെഡിക്കല്‍ രംഗത്ത്‌ ലഭ്യമാക്കാനുള്ള പദ്ധതിയും മനസിലുണ്ട്‌- ആനന്ദന്‍ പറഞ്ഞു.

വാക്കുകളേക്കാള്‍ പ്രവര്‍ത്തിയിലാണ്‌ തനിക്ക്‌ വിശ്വാസമെന്ന്‌ ഫ്‌ളോറിഡയില്‍ നിന്നു തന്നെയുള്ള പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായ ജയിംസ്‌ ഇല്ലിക്കല്‍ പറഞ്ഞു. മക്കള്‍ പ്രായപൂര്‍ത്തിയായതിനാല്‍ തനിക്ക്‌ പ്രവര്‍ത്തിക്കാന്‍ സമയമുണ്ട്‌. പ്രസിഡന്റായാല്‍ രണ്ടുവര്‍ഷം സംഘടനയ്‌ക്കുവേണ്ടി പൂര്‍ണ്ണമായ അര്‍പ്പണബോധം കാട്ടും.

ജയിച്ചാലും തോറ്റാലും സംഘടനയുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ താന്‍ എപ്പോഴുമുണ്ടാകും. തന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിത്വത്തിന്‌ വിവിധ സംഘടനകളില്‍ നിന്ന്‌ നല്ല പിന്തുണയാണ്‌ ലഭിക്കുന്നത്‌. അതുപോലെ മാധ്യമങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നു.

ഫോമയുടെ തുടക്കത്തില്‍ വലിയ ചലനം സൃഷ്‌ടിച്ച യൂത്ത്‌ ഫെസ്റ്റിവല്‍ ടാമ്പായില്‍ തന്റെ നേതൃത്വത്തിലാണ്‌ നടന്നത്‌. സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ അതൊരു വഴികാട്ടിയായിരുന്നു. ടാമ്പായില്‍ ലോകോത്തര ഹോട്ടലുകളും നല്ല സൗകര്യങ്ങളുമുണ്ട്‌. തൊട്ടടുത്തുതന്നെ ഓര്‍ലാന്റോയും ഉണ്ട്‌. സ്‌പോര്‍ട്‌സ്‌ അടക്കം എല്ലാ പ്രോഗ്രാമുകളും ഒരേ സ്ഥലത്തുതന്നെ നടത്താന്‍ മാത്രം വിശാലമായ സൗകര്യങ്ങളാണുള്ളത്‌. കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ഒരു വള്ളംകളിയും ആഗ്രഹിക്കുന്നു.

കണ്‍വന്‍ഷന്‍ ഒരു ലക്ഷ്യം മാത്രമാണ്‌. സംഘടന ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ശക്തിപ്പെടുത്തുക, കൂടുതല്‍ പേരെ സംഘടനയില്‍ കൊണ്ടുവരിക എന്നിവയ്‌ക്ക്‌ പ്രാധാന്യം നല്‍കും. യുവജനതയ്‌ക്കായുള്ള വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കും. അതുപോലെ തന്നെ അവരെ സംഘടനാ നേതൃത്വത്തിലേക്കു കൊണ്ടുവരും.

നിലവിലുള്ള ഭാഷയ്‌ക്ക്‌ ഒരുപിടി ഡോളര്‍ പദ്ധതി കൂടുതല്‍ ശക്തമാക്കും. വിമന്‍സ്‌ ഫോറത്തിന്‌ ശക്തി പകരുകയാണ്‌ മറ്റൊന്ന്‌. അമേരിക്കയില്‍ ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‌ ചുക്കാന്‍ പിടിച്ച്‌ കണ്‍വന്‍ഷന്‍ നടത്തിയ നല്ല പരിചയമുണ്ട്‌. അതും മുതല്‍ക്കൂട്ടാകും. കണ്‍വന്‍ഷനേക്കാള്‍ രണ്ടു വര്‍ഷവും നിരന്തരം പ്രവര്‍ത്തിക്കുന്ന സംഘടനയാണ്‌ താന്‍ ലക്ഷ്യമിടുന്നത്‌- ജയിംസ്‌ പറഞ്ഞു.

സെക്രട്ടറി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന തോമസ്‌ ടി. ഉമ്മന്‍ ഫോമ ഒരു കണ്‍വന്‍ഷന്‍ സംഘടന മാത്രമാകുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ പറഞ്ഞു. സമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടി സദാ പ്രവര്‍ത്തിക്കുന്ന സംഘടനയായിരിക്കണം ഫോമ. മലയാളി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച ചരിത്രം ഫോമയ്‌ക്കുണ്ട്‌. അതു കൈവിടരുത്‌. ഈ പ്രവര്‍ത്തനങ്ങളുടെ ഒരു കലാശക്കൊട്ടായി മാത്രമേ കണ്‍വന്‍ഷന്‍ മാറാവൂ. കണ്‍വന്‍ഷനാണ്‌ ലക്ഷ്യമെങ്കില്‍ അനിയന്‍ ജോര്‍ജിനെപ്പോലൊരാളെ ചെയര്‍മാനാക്കി ഒരു കണ്‍വന്‍ഷന്‍ കമ്മിറ്റി രൂപീകരിച്ചാല്‍ മതി.

ഫോമയില്‍ സുപ്രധാന സ്ഥാനമാണ്‌ സെക്രട്ടറിക്കുള്ളത്‌. ഏറെ ഉത്തരവാദിത്വങ്ങളും ഉണ്ട്‌. അര്‍പ്പണബോധത്തോടെ നിര്‍വഹിക്കാന്‍ സമയമുണ്ട്‌. നാല്‍പ്പത്‌ വര്‍ഷമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ താന്‍ നേതൃസ്ഥാനത്തേക്ക്‌ ഇതാദ്യമായാണ്‌ രംഗത്തുവരുന്നത്‌.

പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ പ്രശ്‌നം വന്നപ്പോള്‍ കോണ്‍സുലേറ്റിനു മുന്നില്‍ റാലി സംഘടിപ്പിക്കാന്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച പലരും സദസിലുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കിഴിഞ്ഞ ദിവസം കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതിന്റെ യാത്രയയപ്പ്‌ ചടങ്ങ്‌ കോണ്‍സുലേറ്റില്‍ സംഘടിക്കാന്‍ കോണ്‍സല്‍ ജനറല്‍ തന്നെയാണ്‌ ചുമതലപ്പെടുത്തിയത്‌. ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, തോമസ്‌ കോശി തുടങ്ങിയവരൊക്കെ അവിടെ സന്നിഹിതരായിരുന്നു.

വിജയിച്ചാല്‍ സമൂഹ നന്മയ്‌ക്കുവേണ്ടി സജീവമായ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ താന്‍ അക്കമിട്ട്‌ പറഞ്ഞിട്ടുള്ളതാണ്‌. അവ നടപ്പില്‍ വരുത്തും- തോമസ്‌ ടി. ഉമ്മന്‍ പറഞ്ഞു.

പ്രസിഡന്റുമായി ഒത്തുപോകുന്ന സെക്രട്ടറിയാണ്‌ വേണ്ടതെന്ന്‌ മറ്റൊരു സ്ഥാനാര്‍ത്ഥിയായ ഷാജി എഡ്വേര്‍ഡ്‌ ചൂണ്ടിക്കാട്ടി. അഞ്ചുമിനിറ്റ്‌ പ്രസംഗിക്കുന്നതിനേക്കാള്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിക്കാനാണ്‌ തനിക്ക്‌ താത്‌പര്യം. സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ തിക്താനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും സംഘടനയുടെ നന്മയ്‌ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ താന്‍ ഒരിക്കലും പിന്നോക്കം പോയിട്ടില്ല. സെക്രട്ടറിമാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ തനിക്ക്‌ മാതൃകയുണ്ട്‌. അവ പിന്തുടരാന്‍ ശ്രമിക്കും.

മയാമിയില്‍ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും അഭികാമ്യമാണ്‌. ലോകോത്തര ബീച്ചും ഹോട്ടല്‍ സമുച്ഛയങ്ങളും അടങ്ങിയ മയാമിയില്‍ മുമ്പ്‌ കണ്‍വന്‍ഷന്‍ നടന്നിട്ടുമില്ല. നേരത്തെ ട്രഷറര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും, സംഘടനയില്‍ എല്ലാവരുമായുള്ള സൗഹൃദങ്ങളും ഷാജി ചൂണ്ടിക്കാട്ടി. എല്ലാവരേയും ഒത്തൊരുമിച്ച്‌ കൊണ്ടുപോകാനും സംഘടനയ്‌ക്ക്‌ പുതിയ ദിശാബോധവും ഊര്‍ജസ്വലതയും നല്‍കാനും താന്‍ ശ്രമിക്കും- ഷാജി പറഞ്ഞു.

ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായ സജി കരിമ്പന്നൂര്‍, ജോയി ആന്റണി, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായ വിന്‍സണ്‍ പാലത്തിങ്കല്‍, വിന്‍സെന്റ്‌ ബോസ്‌ മാത്യു, കുര്യന്‍ വര്‍ഗീസ്‌ എന്നിവരും തങ്ങളുടെ നയപരിപാടികള്‍ വിശദീകരിച്ചു.

തികച്ചും പ്രയോജനപ്രദമായ ഒരു സെഷനായിരുന്നു ഇതെന്ന്‌ അനിയന്‍ ജോര്‍ജ്‌ ചൂണ്ടിക്കാട്ടി.
നയം വ്യക്തമാക്കി ഫോമാ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍ നയം വ്യക്തമാക്കി ഫോമാ സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക