Image

ഫോമാ കണ്‍വന്‍ഷനിലെ 'പട്ടാള'ച്ചിട്ടകള്‍

Published on 12 June, 2014
ഫോമാ കണ്‍വന്‍ഷനിലെ 'പട്ടാള'ച്ചിട്ടകള്‍
രണ്ടാഴ്ചത്തേക്കുകൂടി യുദ്ധരംഗത്താണെന്ന പ്രതീതി. ഊണും ഉറക്കവുമൊഴിച്ച് ഭാരവാഹികള്‍ നിരന്തര പ്രവര്‍ത്തനത്തില്‍-- ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, രാജു വര്‍ഗീസ് എന്നിവരുടെ സമകാലികനായിരുന്ന ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ് കണ്‍വന്‍ഷന്റെ മുന്നോടിയായിള്ള തെരക്കിനെ വിശേഷിപ്പിക്കുന്നു. എങ്കിലും എല്ലാം ഭംഗിയായി പട്ടാളച്ചിട്ടയില്‍ തന്നെ പോകുന്നു. ഓര്‍മ്മയില്‍ നിന്നു മായാത്ത അനുഭവങ്ങള്‍ നല്‍കുന്ന കണ്‍വന്‍ഷനാണ് വേദിയൊരുങ്ങുന്നത്.

എന്നാല്‍ തുടക്കത്തില്‍ അമ്പരപ്പും ആശങ്കകളുമൊക്കെ ഉണ്ടായിരുന്നുവെന്ന് പണപ്പെട്ടി സൂക്ഷിപ്പുകാരനായ ട്രഷറര്‍ പറയുന്നു. കാര്യങ്ങള്‍ എങ്ങനെയാകണമെന്നോ, എത്ര വിജയിക്കുമെന്നോ ആശങ്കകളുണ്ടായിരുന്നു. പണമാണല്ലോ പ്രധാനം. പക്ഷെ കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് മലയാളി സമൂഹം നല്‍കിയ നിര്‍ലോ
മായ സഹകരണം എല്ലാം നന്നായി കലാശിക്കുമെന്ന ഉറപ്പാണ് നല്കിയത്. രജിസ്‌ട്രേഷന്‍ നല്ല നിലയില്‍ നടക്കുന്നു. കണ്‍വന്‍ഷന്‍ നഷ്ടത്തില്‍ കലാശിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തകൃതിയായി നടക്കുന്നു.

രജിസ്‌ട്രേഷന്‍ ചെയ്തവര്‍ക്കുള്ള പയ്ക്കറ്റുകളും മറ്റും തയാറാക്കുന്നു. ഫിലാഡല്‍ഫിയ മേഖലയിലെ യുവജനങ്ങളാണ് ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്. രജിസ്‌ട്രേഷന്‍ ഡസ്കില്‍ നമ്പര്‍ പറഞ്ഞാല്‍ മതി പായ്ക്കറ്റുകളും ടിക്കറ്റുമെല്ലാം റെഡി.

വാക് ഇന്‍ രജിസ്‌ട്രേഷന് മാസ്റ്റര്‍ കാര്‍ഡ് സ്വീകരിക്കും. ചെക്ക് സ്വീകരിക്കില്ല. അവര്‍ക്ക് റൂമും ഭക്ഷണവും കിട്ടില്ല. ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ ഓര്‍ഡര്‍ ഒരാഴ്ച മുമ്പേ കൊടുക്കണം. ഹോട്ടലിന്റെ കര്‍ശനമായ നിയന്ത്രണത്തിലാണ് പുറത്തുനിന്നുള്ള ഭക്ഷണം ലഭ്യമാക്കുക. ഭക്ഷണം റൂമുകളില്‍ കൊണ്ടുപോകാനും പറ്റില്ല. കൂപ്പണ്‍ ഇല്ലാത്തവര്‍ക്ക് ഭക്ഷണശാലയില്‍ പ്രവേശനവും ലഭിക്കില്ല.

അതുപോലെതന്നെ കണ്‍വന്‍ഷന്‍ വേദിയായ "കേരളാ നഗറില്‍' വെറുതെയൊന്നു കയറിക്കളയാം എന്നു കരുതി വന്നാലും നടക്കില്ല. രജിസ്റ്റര്‍ ചെയ്ത ബാഡ്ജ് ഉള്ളവരെ മാത്രമേ അകത്തേക്ക് കടത്തി വിടൂ. വെറുതെ ഒരു ആള്‍ക്കൂട്ടവും ബഹളവും ഉണ്ടാക്കുന്നതില്‍ കാര്യമില്ലല്ലോ?

ഇലക്ഷനു പുറമെ ടീം മത്സരങ്ങള്‍ നടക്കുന്നതും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. 56 കളി, ബാസ്കറ്റ് ബോള്‍, വോളിബോള്‍ തുടങ്ങിയവയൊക്കെ ടീമായി നടക്കുന്നതിനാല്‍ അവര്‍ സംഘടിതരായെത്തുന്നു.

ഫിലാഡല്‍ഫിയയില്‍ നിന്ന് നാല്‍പ്പത് മിനിറ്റ് ഡ്രൈവുണ്ട് വാലിഫോര്‍ജിലേക്ക്. എയര്‍പോര്‍ട്ട് പിക്കപ്പിനു പുറമെ ട്രെയിന്‍, ബസ് സ്റ്റേഷനുകളില്‍ വരുന്നവര്‍ നേരത്തെ അറിയിച്ചാല്‍ പിക്കപ്പ് സൗകര്യമൊരുക്കും. വാലിഫോര്‍ജിലേക്ക് നേരിട്ട് ബസ് സര്‍വീസില്ല.

മാപ്പിന്റെ ഭാരവാഹി ആയിരുന്നെങ്കിലും ദേശീയ രംഗത്തേക്ക് അവിചാരിതമായാണ് താന്‍ വന്നതെന്ന് വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. തുടക്കത്തില്‍ ചില്ലറ ഭിന്നതകളുണ്ടായിരുന്നെങ്കിലും ഭാരവാഹികള്‍ തമ്മിലുള്ള "കെമിസ്ട്രി' അധികം താമസിയാതെ സൗഹൃദത്തിന്റേതായായി. പിന്നെ ഒരേ മനസോടെയുള്ള പ്രവര്‍ത്തനാണ് ഉണ്ടായത്. അതിന്റെ ഫലം കാണുന്നുമുണ്ട്.

പുതിയ ഭാരവാഹികള്‍ പൂജ്യത്തില്‍ നിന്ന് തുടങ്ങണമെന്ന അവസ്ഥയുണ്ട്. സംഘനയ്ക്ക് നീക്കിയിരിപ്പ് ഉണ്ടാകാറില്ല. അതിനൊരു മാറ്റം വരുന്നത് നല്ലതാണ്. അതുപോലെ പുതിയ ഭാരവാഹികള്‍ക്ക് ആവശ്യമായ രേഖകളും കൈമാറി ഒരു അധികാര കൈമാറ്റം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ട്രസ്റ്റി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചെയ്യാവുന്നതേയുള്ളൂ. ടാക്‌സ് അടയ്‌ക്കേണ്ടി വന്നപ്പോള്‍ പേപ്പറുകളൊന്നും തങ്ങളുടെ പക്കലില്ല. അതുപോലെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടത് എന്നതു സംബന്ധിച്ചും പുതിയ ഭാരവാഹികള്‍ക്ക് ഒരു ധാരണയും ഉണ്ടാവില്ല. ആരും അവര്‍ക്ക് വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നര്‍ത്ഥം.

ഇതിനു പകരം അധികാര കൈമാറ്റ ചടങ്ങ് തന്നെ വേണം. രേഖകളും നല്‍കണം. അതിനു പുറമെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉപദേശ നിര്‍ദേശങ്ങളും നല്‍കിയാല്‍ അതു ഗുണപ്രദമാകും. അടുത്ത സമിതിക്ക് കൃത്യമായ രേഖകളും റിപ്പോര്‍ട്ടുമൊക്കെ നല്‍കാന്‍ തങ്ങള്‍ ശ്രമിക്കും.

ബാലജനസഖ്യത്തിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലുമൊക്കെ തിളങ്ങിനിന്ന ശേഷമാണ് തിരുവല്ല പുറമറ്റം സ്വദേശിയായ വര്‍ഗീസ് ഫിലിപ്പ് വ്യോമസേനയിലെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ചേരുന്നത്. അവിടെനിന്ന് അച്ചടക്കവും, പ്രതിസന്ധികളെ കരളുറപ്പോടെ നേരിടുന്നതും പഠിച്ചു. അതു ജീവിതത്തിലെ വലിയ നേട്ടമായി.

സംഘടന പിളര്‍ന്നത് നന്നായി എന്നാണ് വര്‍ഗീസ് ഫിലിപ്പിന്റെ പക്ഷം. ഇനി ഒന്നാകേണ്ട കാര്യവുമില്ല. ഫൊക്കാന ഏതാനും ചിലരുടെ കയ്യിലായിരുന്നു അക്കാലത്ത്. സംഘടന പിളര്‍ന്നില്ലായിരുന്നുവെങ്കില്‍ തന്നെപ്പോലുള്ളവര്‍ക്ക് അവസരമൊന്നും കിട്ടുമായിരുന്നില്ല. ഇനിയും സംഘടന ഒന്നിച്ചാലും പിന്നെയും ഭിന്നതയ്ക്ക് സാധ്യതയുണ്ടാകും. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും.

ഇപ്പോള്‍ ഇലക്ഷന് വലിയ ആവേശമുണ്ടെന്ന് തോന്നുമെങ്കിലും വാശിയും വൈരാഗ്യവുമൊന്നും അതിനു പിന്നിലില്ല. വാശി മൂത്ത് പാനലിനെപ്പറ്റി ചിന്തിക്കുകപോലും പാടില്ല എന്ന പക്ഷക്കാരനാണ് താന്‍. പലരും മത്സരിക്കട്ടെ. കഴിവുള്ളവരെ ജനം തെരഞ്ഞെടുക്കട്ടെ. ജോര്‍ജ് മാത്യുവും താനും ഒരുമിച്ച് മത്സരിച്ചത് സാങ്കേതികമായ സൗകര്യം കണക്കിലെടുത്താണ്.

ഇലക്ഷനില്‍ താന്‍ ആരുടേയും പക്ഷത്തല്ല. കണ്‍വന്‍ഷന്‍ ഭംഗിയാക്കുക എന്നതു മാത്രമാണ് തന്റെ ദൗത്യം. സ്ഥാനാര്‍ത്ഥികളെല്ലാവരും ഒന്നിനൊന്നു മെച്ചം എന്നതു തന്നെ ഫോമയുടെ മികവ് തെളിയിക്കുന്നു.

മന്ത്രി കെ.സി. ജോസഫ്, കെ.വി. തോമസ് എം.പി, തോമസ് ചാണ്ടി എം.എല്‍.എ, നടി മംമ്താ മോഹന്‍ദാസ് തുടങ്ങിയവരൊക്കെ നേരത്തെ തന്നെ എത്തും. നോവലിസ്റ്റ് ബെന്യാമിനെ കൊണ്ടുവരാനും ശ്രമിക്കുന്നു.

കണ്‍വന്‍ഷന്‍ ചെയര്‍ എന്ന നിലയില്‍ അനിയന്‍ ജോര്‍ജിന്റെ നേതൃത്വം ഇത്തവണ മുതല്‍ക്കൂട്ടായി.

ഇത്തവണ കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനായതായി വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. ന്യൂയോര്‍ക്കില്‍ സാബു ആന്റണിയുടെ കുടുംബത്തിന് 4000 ഡോളര്‍ നല്‍കിയത്, നാട്ടില്‍ കാന്‍സര്‍ ചികിത്സയ്ക്ക് സഹായം നല്‍കിയത്, വീല്‍ചെയറുകള്‍ നല്‍കിയത്. വീടുകള്‍ വെച്ചു നല്‍കിയത് തുടങ്ങിയവയൊക്കെ എടുത്തുപറയേണ്ടതാണ്.

വിമന്‍സ് ഫോറവും ചാരിറ്റിക്കായി ഒരു പ്രത്യേക ഫണ്ട് സമാഹരിച്ചിരുന്നു. ചാരിറ്റിക്ക് ഒരു സ്ഥിരം ഫണ്ട് എപ്പോഴും നല്ലതാണ്. നാട്ടില്‍ അര്‍ഹതയില്ലാത്തവര്‍ക്കും ചാരിറ്റിയുടെ പ്രയോജനം ലഭിക്കുന്നത് കണ്ടിട്ടുണ്ട്. സഹായമെത്തിക്കുന്നവര്‍ക്ക് പലപ്പോഴും സഹായം ലഭിക്കുന്നവരെപ്പറ്റി വ്യക്തമായ വിവരം ഉണ്ടാവില്ല.

അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും മറ്റുമാണ് ഇടവിടെ ചാരിറ്റിക്ക് കൂടുതല്‍ പ്രസക്തി. എന്തായാലും ചാരിറ്റി ഫണ്ട് വിനിയോഗം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതാണ്. നാട്ടിലെ ചാരിറ്റിക്ക് തന്നെയാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കേണ്ടത്.

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഒരു എന്‍ഡോവ്‌മെന്റ് തന്നെ സ്ഥാപിക്കാന്‍ കഴിയണം. ഭാവിയില്‍ അതു സാധിച്ചെന്നിരിക്കാം.
ശ്രദ്ധ കണ്‍വന്‍ഷിലേക്ക് മാറുന്നതോടെ ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ പിന്നോട്ടു പോകുന്നത് സ്വാഭാവികം.

എന്തായാലും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്ന് വര്‍ഗീസ് ഫിലിപ്പ് പറഞ്ഞു. അമേരിക്കയിലാകെ സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായി. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനായി. മലയാളി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു തന്നെ സംതൃപ്തി നല്‍കു­ന്നു.
ഫോമാ കണ്‍വന്‍ഷനിലെ 'പട്ടാള'ച്ചിട്ടകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക