Image

മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ആദരവുമായി ഫൊക്കാന സൗഹൃദം ന്യൂജേഴ്‌സിയില്‍

സുധാ കര്‍ത്താ Published on 14 June, 2014
മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ആദരവുമായി ഫൊക്കാന സൗഹൃദം ന്യൂജേഴ്‌സിയില്‍
ന്യൂജഴ്‌സി: സൗഹൃദത്തിന്റെയും കൂട്ടായ്‌മയുടേയും സ്‌മരണകള്‍ അയവിറക്കി, ന്യൂജഴ്‌സിയിലേയും ഫിലാഡല്‍ഫിയായിലേയും ഫൊക്കാന പ്രവര്‍ത്തകര്‍ ഒത്തുകൂടി. ഫൊക്കാനയുടെ ദീര്‍ഘ കാലപ്രവര്‍ത്തകരായ ടി. എസ്‌. ചാക്കോ, വര്‍ഗീസ്‌ പ്ലാമൂട്ടില്‍, ഉണ്ണികൃഷ്‌ണന്‍ നായര്‍ തുടങ്ങിയവരെ യോഗം ആദരിച്ചു.

ഫൊക്കാനയുടെ പ്രാദേശിക പ്രവര്‍ത്തകര്‍ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തുകയും അംഗ സംഘടനകളുടെ നേതൃത്വത്തില്‍ കൂടുതല്‍ ജനകീയ പരിപാടികള്‍ ആവിഷ്‌ക്കരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ഷിക്കാഗോയില്‍ നടക്കുന്ന 16-ാം മത്‌ ഫൊക്കാന കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാനും കൂടുതല്‍ പേരെ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുവാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മറിയാമ്മ പിളളയുടെ നേതൃത്വത്തില്‍ ഫൊക്കാനയിലൂടെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയിലേക്കെത്തിക്കുവാന്‍ മാദ്ധ്യമങ്ങളുമായി കൂടുതല്‍ സഹകരിക്കണം. സോഷ്യല്‍ മീഡിയായും പ്രിന്റ്‌ വിഷ്വല്‍ മീഡിയായും ഫൊക്കാനയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുവാനുളള അഭിഭാജ്യ ഘടകങ്ങളാണെന്ന്‌ യോഗം വിലയിരുത്തി.

ജോയി ചാക്കപ്പന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ടി. എസ്‌. ചാക്കോ (അഡൈ്വസറി ബോര്‍ഡ്‌), ഉണ്ണികൃഷ്‌ണന്‍ നായര്‍, ദേവസി പാലാട്ടി, ദാസ്‌ കരണംകുഴിയില്‍, ഫ്രാന്‍സിസ്‌ കാരക്കാട്‌, എല്‍ദോ പോള്‍. ഡോ. ജോജി ചെറിയാന്‍, സുധാ കര്‍ത്താ (ട്രസ്‌റ്റി ബോര്‍ഡ്‌), തമ്പി ചാക്കോ (അഡൈ്വസറി ബോര്‍ഡ്‌), ജോര്‍ജ്‌ ഓലിക്കല്‍ (അസോസിയേറ്റ്‌, ട്രഷറര്‍), അലക്‌സ്‌ തോമസ്‌ (കണ്‍വന്‍ഷന്‍ കണ്‍വീനര്‍), ഫിലിപ്പോസ്‌ ചെറിയാന്‍ (പമ്പ പ്രസിഡന്റ്‌) സോബി ജേക്കബ്‌ തുടങ്ങി നിരവധി പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

രണ്ട്‌ മണിക്കൂര്‍ നീണ്ട ചര്‍ച്ചയിലെ അഭിപ്രായങ്ങള്‍ ജോയി ചാക്കപ്പന്‍ ക്രോഡീകരിക്കുകയും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്ക്‌ തമ്പി ചാക്കോ നന്ദി രേഖപ്പെടുത്തുകയും ചെയ്‌ത്‌ യോഗം പര്യവസാനിച്ചു.
മുതിര്‍ന്ന നേതാക്കള്‍ക്ക്‌ ആദരവുമായി ഫൊക്കാന സൗഹൃദം ന്യൂജേഴ്‌സിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക