Image

എം.എ.ബേബി വി.എസ്സിന് പഠിക്കുമ്പോള്‍ സംഭവിക്കുന്നത്- അനില്‍ പെണ്ണുക്കര

അനില്‍ പെണ്ണുക്കര Published on 15 June, 2014
എം.എ.ബേബി വി.എസ്സിന് പഠിക്കുമ്പോള്‍ സംഭവിക്കുന്നത്- അനില്‍ പെണ്ണുക്കര
സര്‍വ്വസമ്മതനായ ഒരാള്‍ക്ക് ഒരു തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായാല്‍ സാധാരണയായി ജനങ്ങള്‍ എന്തു വിചാരിക്കും? ഈ പറയുന്നതുപോലെ അയാള്‍ക്ക് ജനപിന്തുണ ഇല്ല എന്ന് വിചാരിക്കും.

അങ്ങനെ ആരെങ്കിലും വിചാരിക്കുന്നുവെങ്കില്‍ അത് തെറ്റാണ്. മലയാളിക്ക് സര്‍വ്വസമ്മതനായ ഒ.എന്‍.വി. കുറുപ്പ് തിരുവനന്തപുരത്ത് തോറ്റു തുന്നം പാടിയിട്ട് അദ്ദേഹം എന്തെങ്കിലും പരിഭവം പറഞ്ഞതായി ഓര്‍ക്കുന്നില്ല.

ഇവിടെ അതല്ലപ്രശ്‌നം. ഏവര്‍ക്കും സമ്മതനായ പാര്‍ട്ടിയുടെ സജീവസാന്നിദ്ധ്യമുള്ള കൊല്ലം മണ്ഡലത്തില്‍ എം.എ. ബേബിയെ സി.പി.എം. കൂടെയുള്ളവരോട് പോലും ചോദിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നില്‍ ഒരു ചേതോവികാരമേ ഉണ്ടായിരുന്നുള്ളൂ…അത് ഇതാണ്.

അത് വിശ്വാസവും അഹങ്കാരവും!!

എട്ടുനിലയില്‍ ബേബി സഖാവ് പൊട്ടി എന്നു പറയുന്നതിനേക്കാള്‍ പൊട്ടിച്ചു എന്നു പറയുന്നതാവും ശരി. സ്വന്തം മണ്ഡലമായ കുണ്ടറയില്‍പോലും 10000 വോട്ട് ലീഡ് പ്രേമചന്ദ്രനു തന്നെ. പാര്‍ട്ടിക്കാര്‍ കൊടുത്ത പണി.

എന്നാല്‍ പിന്നെ എം.എല്‍.എ. സ്ഥാനം രാജിവച്ചേക്കാമെന്ന് ബേബി സഖാവ്. വേണ്ടെന്ന് കേന്ദ്രനേതൃത്വം.

പക്ഷെ സഖാവ് രണ്ടും കല്‍പ്പിച്ച് ഇറങ്ങി. കാറില്‍ നിന്നും എം.എല്‍.എ.ബോര്‍ഡ് മാറ്റി. നിയമസഭാ സമ്മേളനത്തിന് പോകാതെ മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നു. അങ്ങനെ പല കാര്യങ്ങള്‍. ചാനലുകള്‍ ഇത് വലിയ ചര്‍ച്ചയാക്കിയപ്പോഴും സഖാവ് കമാന്നൊരക്ഷരം മിണ്ടിയില്ല. ബേബി സഖാവിന്റെ കാര്യം പാര്‍ട്ടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്ന് പ്രകാശ്ജി പറഞ്ഞുകഴിഞ്ഞു. ചൂടുവെള്ളം കണ്ട പൂച്ച പച്ചവെള്ളം കണ്ടാലും ഒന്നറയ്ക്കുമെന്ന് നമുക്കറിയാം. വടികൊടുത്ത് അടിവാങ്ങാന്‍ പിണറായി സഖാവ് തീരുമാനിക്കുമോ?

ബേബി സാര്‍ ഇപ്പോള്‍ കളിക്കുന്ന കളി വി.എസ്സിന്റെ കളിയുടെ മറ്റൊരു രൂപമാണ്. എല്ലാരംഗത്തും സമ്മതനായ തനിക്ക് ഈ പരാജയം സംഭവിച്ചതില്‍ പിണറായിയുടെ 'പരനാറി' പ്രയോഗം മുതല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം വരെയുണ്ട് ഒന്നംഗീകരിപ്പിക്കുക, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തന്നോടൊപ്പമാക്കി നല്ലൊരു കളികളിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നൊരു തന്ത്രം കൂടിയുണ്ട് ബേബി സഖാവിന്റെ ഈ നീക്കത്തിന് പിന്നില്‍.

ജയിച്ചിരുന്നുവെങ്കില്‍ സഖാവ് കേന്ദ്രത്തില്‍ മോഡിയെ വെള്ളം കുടിപ്പിച്ചേനെ. തന്നെയുള്ള ദേശീയതലത്തില്‍ വളര്‍ന്നുവരാന്‍ ഇപ്പോള്‍ യാതൊരു പ്രയാസവുമില്ലായിരുന്നു. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍രാജാവും ആകാമായിരുന്നു.

എന്തായാലും സഖാവിന്റെ ഈ നീക്കം പൊളിച്ചു കയ്യില്‍ കൊടുക്കും പിണറായിയും സംഘവും. അതില്‍ യാതൊരു മാറ്റവുമില്ല. ഈ 21 വരെ കാത്തിരുന്നാല്‍ മതി. കുണ്ടറയില്‍ ബേബിതന്നെ തുടരും. തര്‍ക്കമില്ല. അതാണ് സി.പി.എം.


എം.എ.ബേബി വി.എസ്സിന് പഠിക്കുമ്പോള്‍ സംഭവിക്കുന്നത്- അനില്‍ പെണ്ണുക്കര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക