Image

ഫോമാ ഇലക്ഷന്‍- വേറിട്ട പ്രചരണവുമായി വി.പി. സ്ഥാനാര്‍ത്ഥി വിന്‍സണ്‍ പാലത്തിങ്കല്‍

Published on 19 June, 2014
ഫോമാ ഇലക്ഷന്‍- വേറിട്ട പ്രചരണവുമായി വി.പി. സ്ഥാനാര്‍ത്ഥി വിന്‍സണ്‍ പാലത്തിങ്കല്‍
അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഗമ സംഘടനയായ ഫോമയുടെ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുമ്പോള്‍ വേറിട്ട ശബ്ദവും പ്രചാരണ രീതികളും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ കാപിറ്റല്‍ റീജിയണില്‍ നിന്നുള്ള വിന്‍സണ്‍ പാലത്തിങ്കല്‍.VP-4-VP എന്ന പ്രചാരണ സ്ലോഗനും, www.palathingal.com എന്ന പ്രചാരണ വെബ്‌സൈറ്റുമായി വിന്‍സണ്‍ ഫോമാ തിരഞ്ഞെടുപ്പിന് പുതിയ ഏടുകള്‍ എഴുതിയിരിക്കുകയാണ്. സ്‌ക്കൂള്‍ തലം മുതലുള്ള തന്റെ സാമൂഹ്യപ്രവര്‍ത്തന പാരമ്പര്യവും വാഷിംഗ്ടണ്‍ മേഖലയിലെ തന്റെ സംഭാവനകളും, കേരളവുമായി ബന്ധപ്പെട്ടു ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിശദമായി വിവരിക്കുന്നുണ്ട് വില്‍സണ്‍ തന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍. ഇതൊടൊപ്പം തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വൈസ് പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നേതൃത്വം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ദീര്‍ഘവീക്ഷണമുള്ള നിര്‍ദ്ദേശങ്ങളും സൈറ്റിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് വിന്‍സണ്‍.

പേരിന് വേണ്ടിമാത്രം സ്ഥാനമാനങ്ങള്‍ നേടുന്നതിനോട് തീര്‍ത്തും യോജിക്കുന്നില്ല വിന്‍സണ്‍. സാധാരണ മലയാളിക്ക് പ്രയോജനം ചെയ്യുന്ന നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ  സുപരിചിത നാമമാകണം ഫോമാ. 60 ഓളം അംഗ സംഘടനകളുള്ള ഈ മഹാ സംഘടനയുടെ ഓരോ ഭാരവാഹിത്വവും വളരെ ഉത്തരവാദപ്പെട്ട ജോലി തന്നെയാണ്.

കണ്‍വെന്‍ഷനും മറ്റു അനുദിന കര്‍ത്തവ്യങ്ങളും പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും, ട്രഷററുടെയും സമയം വിനിയോഗിക്കപ്പെടുമ്പോള്‍ സാധാരണക്കാരായ ആളുകളെ സഹായിക്കുന്ന പ്രൊജക്റ്റുകള്‍ക്ക് നേതൃത്വം നല്‍കുന്ന ജോലി ഒരു വൈസ് പ്രസിഡന്റിനു നന്നായി ചേരും. തനിക്ക് ഇത്തരത്തില്‍ നേതൃത്വം നല്‍കാന്‍ സാധിക്കുന്ന നിരവധി പ്രൊജക്റ്റുകള്‍ തന്റെ ഫോമാ വിഷന്‍ പേജില്‍ കൊടുത്തിരിക്കുന്നത് ഫോമാ നേതാക്കളുടെ അപഗ്രഥനത്തിനും പഠനത്തിനും വേണ്ടിയാണ്. ഇതില്‍ നിന്നും എല്ലാവരും അംഗീകരിക്കുന്ന രണ്ടോ മൂന്നോ പ്രൊജക്ടുകള്‍ 2014-16 കാലയളവില്‍ നടപ്പാക്കുകയാണ് വിന്‍സന്‍ പാലത്തിങ്കലിന്റെ ലക്ഷ്യം.

വിന്‍സണ്‍ പാലത്തിങ്കലിന്റെ ചില നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1.അംഗസംഘടനകള്‍ക്ക് സ്വന്തമായ പേജുകളും ഡാറ്റാബേസും ഉള്ള ഒരു നല്ല വെബ്‌പോര്‍ട്ടലായി ഫോമാ വെബ്‌സൈറ്റ് മാററുക. പ്രാദേശിക സമൂഹങ്ങളിലേക്ക് ഫോമാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

2.അമേരിക്കന്‍ മലയാളികളുടെ കൃത്യമായ ഒരു ജനസംഖ്യ കണക്കെടുപ്പു നടത്തുക. ഫോമ പോലുള്ള സംഘടനകള്‍ക്ക് നല്ല പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാന്‍ ഇത് പ്രയോജനം ചെയ്യും.
3.ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന അമേരിക്കന്‍ മലയാളി കുട്ടികള്‍ക്കായി വേനലവധിക്കാലം ഇന്‍ഡ്യയില്‍ ചിലവഴിക്കാന്‍ പറ്റുന്നരീതിയിലുള്ള 'സമ്മര്‍ ഇന്‍ ഇന്ത്യ' പദ്ധതി മറ്റു ഏജന്‍സികളുടെ സഹായത്തോടെ അമേരിക്കന്‍ മലയാളിക്ക് വേണ്ടി നടപ്പാക്കുക.

4. കേരളത്തില്‍ നിന്നുള്ള ബിരുദധാരികള്‍ക്ക് അമേരിക്കയില്‍ ഉപരിപഠനം നടത്തുന്നതിന് സഹായിക്കുന്ന ഒരു പദ്ധതി ഫോമാ അംഗസംഘടനകളുടെ സഹായത്തോടെ നടപ്പാക്കുക.
 മുകളില്‍പ്പറഞ്ഞ രണ്ടു പദ്ധതികളില്‍ നിന്നും ഫോമക്കും ഫോമയുടെ ലോക്കല്‍ അംഗസംഘടനക്കും ഒരു വരുമാനവും ഉണ്ടാക്കാന്‍ പറ്റുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യാവുന്നതാണ്.

5. ജീര്‍ണ്ണത ബാധിച്ച് നശിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളെയും, പ്രത്യേകിച്ചു സര്‍ക്കാര്‍ സ്ഥാപനങ്ങളെ, അവയുടെ മുന്‍കാല പ്രൗഢിയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു പദ്ധതി അതതു കോളേജിലെ അലൂംമ്‌നി നെറ്റ് വര്‍ക്കുകള്‍ വഴി സംഘടിപ്പിക്കുക. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിനും വേണ്ടി വിന്‍സനും, സുഹൃത്തുക്കളും ചേര്‍ന്നു തുടങ്ങി, നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള ഒരു പദ്ധതിയുടെ വിശദവിവരങ്ങള്‍ www.geetdt.com ല്‍ ലഭ്യമാണ്.

6. അമേരിക്കയിലെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ മലയാളി ചെറുപ്പക്കാരെ ആകര്‍ഷിക്കാനുതകുന്ന നടപടികള്‍ അംഗസംഘടനകളുടെ സഹായത്തോടെ സംഘടിപ്പിക്കുക.

ആരു പ്രസിഡന്റായാലും നടപ്പാക്കാവുന്ന നല്ല പദ്ധതികളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ആറു നിര്‍ദ്ദേശങ്ങളും. ഇതില്‍ രണ്ടോ മൂന്നോ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുവാനാണ് വിന്‍സണ്‍ വൈസ് പ്രസിഡന്റാകാന്‍ ആഗ്രഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ www.palathingal.com എന്ന സൈറ്റില്‍ ലഭ്യമാണ്. ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന അന്ത്യന്തം പ്രയോജനപ്രദമായ ഒരു സംഘടനയായി മാറാന്‍ തന്റെ നിര്‍ദ്ദേശങ്ങളിലൂടെ ഫോമയെ ശക്തമാക്കുകയാണ് വിന്‍സണ്‍ ലക്ഷ്യമിടുന്നത്.


ഫോമാ ഇലക്ഷന്‍- വേറിട്ട പ്രചരണവുമായി വി.പി. സ്ഥാനാര്‍ത്ഥി വിന്‍സണ്‍ പാലത്തിങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക