Image

വിഘടിച്ചുനില്‍ക്കാതെ, വിശാലമായ ഐക്യം ക്രൈസ്തവര്‍ക്കിടയിലുണ്ടാകണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Published on 17 June, 2014
  വിഘടിച്ചുനില്‍ക്കാതെ, വിശാലമായ ഐക്യം ക്രൈസ്തവര്‍ക്കിടയിലുണ്ടാകണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
പൊന്‍കുന്നം: ആരാധനക്രമങ്ങളിലും പാരമ്പര്യങ്ങളിലും വ്യത്യസ്ഥതയുണ്ടെങ്കിലും ഇന്ത്യയിലെ ക്രൈസ്തവസമൂഹം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ വിഘടിച്ചുനില്‍ക്കാതെ കൂടുതല്‍ ഐക്യവും കൂട്ടായ്മയും ഉണ്ടാക്കുന്നില്ലെങ്കില്‍ വിദൂരഭാവിയില്‍ വിശ്വാസിസമൂഹം പ്രതിസന്ധികളെ നേരിടേണ്ടിവരുമെന്ന് ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍.  ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ചതിന് അനുമോദിക്കാന്‍ പൊന്‍കുന്നം സിവൈഎംഎയുടെ ആഭിമുഖ്യത്തില്‍ സിവൈഎംഎ ഹാളില്‍ ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. 

    വിശ്വാസത്തിന്റെ പങ്കുവയ്ക്കലും സംരക്ഷണവും വിശ്വാസിസമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയുമാണ് ക്രൈസ്തവ ശുശ്രൂഷകളുടെ അന്തഃസത്തയും അടിത്തറയും.  സഭാസംവിധാനങ്ങളോടു ചേര്‍ന്നുനിന്ന് ഭൗതികതലങ്ങളില്‍ വളരുവാനുള്ള കൂടുതല്‍ അവസരങ്ങള്‍ വിശ്വാസികള്‍ക്ക് ഉണ്ടാകണം. സ്ഥാപനങ്ങളുടെ സംരക്ഷകരല്ല മറിച്ച്, വിശ്വാസത്തിന്റെ സംരക്ഷണവും പങ്കുവയ്ക്കലുമാണ് ക്രൈസ്തവന്റെ പ്രഥമ ദൗത്യം. ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസിസമൂഹത്തിന് നീതി നിഷേധിക്കുവാന്‍ പാടില്ല.  ഇന്ത്യയില്‍ ക്രൈസ്തവ ജനസംഖ്യ രണ്ടു ശതമാനത്തില്‍ താഴെയായിരിക്കുന്നു.  കേരളത്തിലും ഈ ശതമാനം പുറകോട്ടാണെന്ന് സെന്‍സസ് റിപ്പോര്‍ട്ടുകള്‍.  വിവിധ സഭകളുടെ ശുശ്രൂഷകളും സമുദായത്തിന്റെ പ്രവര്‍ത്തനവുംകൊണ്ട് ക്രൈസ്തവസമൂഹം വളരുന്നില്ലെങ്കില്‍ പ്രവര്‍ത്തനവൈകല്യം മനസിലാക്കി സ്വയം തിരുത്തലുകള്‍ക്ക് ഓരോ സഭാവിഭാഗങ്ങളും തയ്യാറാകണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. സിവൈഎംഎ നടത്തുന്ന നിരവധിയായ ജനകീയ സംരംഭങ്ങളേയും പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.  സിവൈഎംഎയുടെ സ്‌നേഹോപഹാരം ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന് സമ്മാനിച്ചു.

    പൊന്‍കുന്നം തിരുക്കുടുംബ ഫൊറോനപള്ളി അസിസ്റ്റന്റ് വികാരി റവ.ഫാ.ജോബി മഞ്ഞനാനി അദ്ധ്യക്ഷത വഹിച്ചു.  സിവൈഎംഎ പ്രസിഡന്റ് മാത്യു മാത്യു പന്തിരുവേലില്‍, സെക്രട്ടറി റ്റിജോ ജോര്‍ജ്ജ് തേക്കുംതോട്ടം, ട്രഷറര്‍ സോജന്‍ മാത്യു നടയ്ക്കല്‍, എം.കെ.മാത്യു പൂലാനിമറ്റം, തോമസ് ഫിലിപ്പ് പുളിക്കന്‍, ജോണ്‍ പന്തിരുവേലി, അഡ്വ.സുമേഷ് ആന്‍ഡ്രൂസ്. ബിനു കുന്നുംപുറം തുടങ്ങിയവര്‍ സംസാരിച്ചു. സിവൈഎംഎ ഭരണസമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും തദവസരത്തില്‍ നടന്നു.


ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി

  വിഘടിച്ചുനില്‍ക്കാതെ, വിശാലമായ ഐക്യം ക്രൈസ്തവര്‍ക്കിടയിലുണ്ടാകണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക