Image

ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ പരിവാര്‍ ഇന്റര്‍നാഷണല്‍ ഒരുക്കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍

ജോയിച്ചന്‍ പുതുക്കുളം Published on 21 June, 2014
ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ പരിവാര്‍ ഇന്റര്‍നാഷണല്‍ ഒരുക്കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍
ഷിക്കാഗോ: യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും വളരെ പ്രയോജനപ്രദമായ `കലാശാലാ പ്രവേശനത്തിന്‌ ഒരുങ്ങുന്നവര്‍ക്കുള്ള ആകുലതകള്‍ എങ്ങനെ പ്രതിരോധിക്കാം' എന്ന വിഷയത്തെ ആസ്‌പദമാക്കി വിശദമായ ചര്‍ച്ചകളോടുകൂടി അമേരിക്കന്‍ വിദ്യാഭ്യാസ മേഖലയില്‍ അനുഭവപ്പെടുന്ന വ്യത്യസ്‌ത മേഖലകളെക്കുറിച്ച്‌ ഒരു സെമിനാര്‍ നടത്തും.

കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ മാത്രമായി ഏതാണ്ട്‌ പന്ത്രണ്ടോളം മലയാളി വിദ്യാര്‍ത്ഥികള്‍ ന്യൂയോര്‍ക്ക്‌, ഷിക്കാഗോ, ഹ്യൂസ്റ്റണ്‍, സെന്റ്‌ ലൂയീസ്‌, ഫിലാഡല്‍ഫിയ, ടാമ്പാ തുടങ്ങിയ സ്ഥലങ്ങളിലായി അകാല ചരമമടുകയുണ്ടായി. ഇത്‌ അമേരിക്കന്‍ മലയാളി സമൂഹത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്‌. ചിറകുമുളച്ച്‌ പറക്കാന്‍ കൊതിക്കുന്ന യുവ മനസുകള്‍ക്ക്‌ കലാശാലാ വിദ്യാഭ്യാസം ഭയാശങ്കകള്‍ ജനിപ്പിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ ശ്രേഷ്‌ഠമായ വിദ്യാഭ്യാസാവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്തുവാന്‍ ദൂരെ സ്ഥലങ്ങളിലെ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും അയയ്‌ക്കുവാന്‍ കഴിയാതെ വഴിമുട്ടിയ മാതാപിതാക്കളും ഇന്നു നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവരുന്നു.

ഈ ഭയാശങ്കകള്‍ക്ക്‌ ഒരു പരിഹാരമാര്‍ഗ്ഗത്തെക്കുറിച്ച്‌ ഡോ. സാം ജോര്‍ജ്‌ നേതൃത്വം കൊടുക്കുന്ന പരിവാര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ വിദഗ്‌ധ സംഘം ഫൊക്കാനാ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ വിശദമായ ചര്‍ച്ചകള്‍ക്ക്‌ വേദിയൊരുക്കുന്നു. ജൂലൈ 6-ന്‌ നടക്കുന്ന സെമിനാറില്‍ അമേരിക്കന്‍ കലാശാലാ ജീവിതം, വീടിനു പുറത്ത്‌ സുരക്ഷിതമായ താമസം, മക്കളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ മാതാപിതാക്കള്‍ക്ക്‌ എന്തു പ്രതീക്ഷിക്കാം, എന്തൊക്കെ പരിവര്‍ത്തനങ്ങള്‍ മാതാപിതാക്കളും മക്കളും ഉള്‍ക്കൊള്ളണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ സമഗ്രമായി ഡോ. സാം ജോര്‍ജും സംഘവും സെമിനാറില്‍ വിശകലനം ചെയ്യുന്നതാണ്‌. ഈ വിഷയത്തില്‍ ആധികാരികമായി സംസാരിക്കുവാന്‍ കഴിവുള്ള ഒരു സംഘം കൗണ്‍സിലേഴ്‌സും പ്രാസംഗികരും ഈ സെമിനാറില്‍ പങ്കെടുക്കുന്നതായിരിക്കും.

പരിവാര്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തില്‍ കഴിഞ്ഞ ഒരു ദശാബ്‌ദക്കാലമായി പ്രവര്‍ത്തിക്കുന്ന ഒരു നോണ്‍ പ്രോഫിറ്റ്‌ ഓര്‍ഗനൈസേഷനാണ്‌. ഡോ. സാം ജോര്‍ജ്‌ ആണ്‌ സംഘടനയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍. തോമസ്‌ പടന്നമാക്കല്‍ അറിയിച്ചതാണിത്‌.
ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ പരിവാര്‍ ഇന്റര്‍നാഷണല്‍ ഒരുക്കുന്ന പ്രിവന്‍ഷന്‍ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക