Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-9

Published on 23 November, 2011
 ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-9
ഇടയ്ക്കിടെ നികുഞ്ജത്തില്‍ കണ്ട അരയന്നങ്ങളുടെ രൂപം മനസ്സില്‍ തെളിയും. അത് ഉറങ്ങാന്‍ കിടക്കുമ്പോഴോ, പാണ്ടികശാലയിലെ കണക്കുകള്‍ പരിശോധിക്കുമ്പോഴോ വെറുതെ സബദിനോട് തമാശ പറഞ്ഞുകൊണ്ടിരിക്കുമ്പോഴോ ഒക്കെയാവാം!

ഒരു ദിവസം ഞാന്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു. പിറ്റെദിവസം യോം കീപ്പോറാണ്. യഹൂദര്‍ ദൈവത്തിനോടു പാപം ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്ന ദിവസം. എന്റെ മനസ്സില്‍ കൂടെ കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ ഓരോന്നായി കടന്നുപോയി.

“മേരി” താഴ്ന്ന സ്വരത്തിലൊരു ശബ്ദം. ഈ വിളി കുറച്ചുനാളായി ഞാന്‍ കേട്ടുതുടങ്ങിയിട്ട്.

“അവിടുത്തെ ദാസി കേള്‍ക്കാന്‍ തയ്യാറായിരിക്കുന്നു” വിനയാന്വിതയായി ഞാന്‍ പറഞ്ഞു.

“നീയെന്നെ അവഗണിക്കുന്നു. നീയെന്റെ കല്പനകളുനുസരിക്കുന്നില്ല”ശബ്ദം.

എനിക്ക് ഉണര്‍വ്വുവന്നു. ദൈവം എന്നോടു സംസാരിക്കുന്നു.

“നീ സാബത്ത് ദിവസം അരുതാത്തത് ചെയ്തില്ലേ”? വീണ്ടും ശബ്ദം എന്റെ ഹൃദയമിടിപ്പിനു ശക്തികൂട്ടി.

“നീ ഒന്നുമറിയാത്തവളാണ്. നിനക്ക് പ്രേതബാധയുണ്ട്”. ഈ ശബ്ദം അന്തരീക്ഷത്തിലലിഞ്ഞുചേര്‍ന്നെങ്കിലും അതിന്റെ ധ്വനി എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.

അല്പനേരത്തിനുശേഷം പുരുഷസ്വരത്തില്‍ മറ്റൊരു ശബ്ദം!

“നീ കുറച്ചുമുമ്പു കേട്ട ശബ്ദം കപടദൈവത്തിന്റേതാണ്. നീയതനുസരിക്കരുത്”.

“നിങ്ങളാരാണ്”? ഞാന്‍ ചോദിച്ചു.

“ഞാന്‍ മലാര്‍ച്ച്” പുരുഷശബ്ദം.

“നിങ്ങള്‍ക്കെന്തു വേണം?” ഞാനല്പം ഭയത്തോടെയാണ് ചോദിച്ചത്.

“നീയെന്നെ ദൈവമായാരാധിക്കണം. നിനക്ക് വേണ്ടതെല്ലാം തന്നത് ഞാനാണ്. സൗന്ദര്യം, ആരോഗ്യം, സ്‌നേഹിതകള്‍ , ധനം എല്ലാം.” തുടര്‍ന്ന് പുഛരസത്തിലൊരു ചിരി.

ഞാനൊന്നു മിണ്ടിയില്ല. എന്തുപറയാനാണ്?

“ആദികാലം മുതല്‍ ഇസ്രേയേലികള്‍ പല ദൈവങ്ങളെ ആരാധിച്ചിരുന്നില്ലേ? പിന്നെയെന്തുകൊണ്ട് നീ യഹോവയെ മാത്രമാരാധിക്കുന്നു?”ഇപ്പോള്‍ ചിരിയുടെ സ്ഥാനത്ത് അലറുന്ന ശബ്ദം.

ഞാന്‍ വീണ്ടും മൗനം ദീക്ഷിച്ചു.

“നീ എന്നെ മാത്രം ആരാധിക്കുമോ?”

വീണ്ടും മൗനം!അത് സമ്മതമായി കരുതി പുരഷശബ്ദം തല്‍ക്കാലം പിന്‍വാങ്ങി.

“നിനക്ക് പ്രേത ബാധയുണ്ട്” ഈ ശബ്ദം എന്റെ ചെവിയില്‍ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു.

അടുത്തദിവസം യോംകിപ്പോറില്‍ ഞാനെന്റെ പാപമെല്ലാം ഏറ്റുപറഞ്ഞ് ദൈവത്തിനോട് മാപ്പപേക്ഷിച്ചു.

പ്രേതബാധയുള്ള ഒരു മനുഷ്യന്‍ ആയിടയ്ക്ക് മഗ്ദനലില്‍ പ്രക്ഷുബ്ധമായൊരന്തരീക്ഷം സൃഷ്ടിച്ചു. ഒരു ചെറിയ തോണിയിലാണ് പട്ടണത്തിലെ പടവുകളിലൊന്നില്‍ അയാള്‍ വന്നിറങ്ങിയത്. വന്നപാടെ മഗ്ദലന്റെ കേന്ദ്രബിന്ദുവായ ഗോപുര മൈതാനത്തേക്ക്(Tower Square)ഓടി. ഗോപുരത്തിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അവിടെനിന്നിരുന്ന സുരക്ഷാഭടന്‍ കൈയ്യിലിരുന്ന കുന്തംകൊണ്ട് ഒരടികൊടുത്ത് ആട്ടിപ്പായിച്ചു വിട്ടു. തുള്ളിക്കളിച്ചും, എന്തൊക്കെയോ ആഭാസവാക്കുകള്‍ ഉറക്കെ വിളിച്ചുപറഞ്ഞും അയാള്‍ വീണ്ടും മൈതാനത്തിന്റെ നടുവിലേക്ക് തന്നെ ഓടി.

അല്‍പ്പനേരത്തിനകം ഈ കാഴ്ച ദൂരത്തുനിന്നു കാണാന്‍ കുറെയാളുകള്‍ തടിച്ചുകൂടി. ഇതെനിക്ക് കാണണമെന്നാഗ്രഹമില്ലായിരുന്നെങ്കിലും പാണ്ടികശാലയിലിരുന്നു കണക്കു നോക്കിക്കൊണ്ടിരുന്ന എന്നോട് സബദ് വന്നീ കാര്യം പറഞ്ഞപ്പോള്‍ അതു കണ്ടാല്‍ കൊള്ളാമെന്നെനിക്കും തോന്നി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഞാനും അതേ അവസ്ഥയിലാകില്ലെന്നാര്‍ക്കറിയാം. തുടരെയുള്ള ദുഃസ്വപ്നങ്ങള്‍, എപ്പോഴെന്നില്ലാതെ അനുഭവപ്പെടുന്ന തലവേദന, അപകര്‍ഷതാബോധം ഇതെല്ലാം എന്നെ തികച്ചും അസ്വസ്ഥയാക്കിയിരുന്നു.

ആ മനുഷ്യന്‍ ആകാശത്തേക്ക് മുഷ്ടിചുരുട്ടി കാണിച്ചു. പിന്നീട് കൈയ്യും കാലും നിലത്തൂന്നി നടന്നു; ഒരു മൃഗത്തിനെപ്പോലെ. വായില്‍ നിന്നു നുരയും പതയും ചാടി.

പെട്ടെന്നയാള്‍ എഴുന്നേറ്റ് ചുറ്റുംകൂടിയിരുന്നവരോടായി പറഞ്ഞു:"എന്നോടു ദയതോന്നണേ! ഞാനെങ്ങനെയാണിവിടെ വന്നെത്തിയത് എന്നെ പിടികൂടിയിരിക്കുന്ന ദുഷ്ടപ്രേതമായിരിക്കണം എന്ന ഇവിടെ കൊണ്ടുവന്നത്” “നിങ്ങളാരാണ്?” ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന പട്ടണത്തിലെ മജിസ്‌ട്രേട്ട് അന്വേഷിച്ചു. ക്രമസമാധനം പാലിക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്.

“എന്റെ പേര്‍ ബഞ്ചമിന്‍ …” ബാക്കി പറയാനുള്ള ശക്തി അയാള്‍ക്കില്ലായിരുന്നു. വായിലെ നുറ ക്രമാധികമായി പുറത്തേക്കുവന്നു തുടങ്ങി. അയാള്‍ നിലത്തുവീണു.

മജിസ്‌ട്രേട്ടുടനെ ബാധ ഒഴിപ്പിക്കലിനുവേണ്ടി ഏര്‍പ്പാടു ചെയ്തു. ഇതിന് മഗ്ദനലില്‍ പേരെടുത്ത ഗിഡിയന്‍ എന്ന റബ്ബൈയെ ആളയച്ചു വരുത്തി. ഏതോ വിദേശഭാഷയില്‍ എന്തൊക്കെയോ വിളിച്ചുപറഞ്ഞു കൊണ്ട് ബഞ്ചമിന്‍ എപ്പോഴും നിലത്തുതന്നെ കിടന്നിരുന്നു. ഇയാളെ സാത്താനാണ് പിടികൂടിയിരിക്കുന്നതെന്ന് എല്ലാവരും തീര്‍ച്ചപ്പെടുത്തി. ഗിഡിയനെ കണ്ടപ്പോള്‍ “ഹാ, എന്നെ പിടിക്കാന്‍ വന്നിരിക്കുകയാണല്ലെ? ബുദ്ധിയില്ലാത്ത കിഴവന്‍ " എന്നട്ടഹസിച്ചുകൊണ്ടെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

“ഞാന്‍ യഹോവയുടെ പേരില്‍ ആവശ്യപ്പെടുന്നു, നീ ഇയാളെ എബ്രഹാമിന്റെ പുത്രന്മാരിലൊരാളായ ബഞ്ചമിനെ വിട്ടുപോ!” ഗിഡിയന്‍ ആജ്ഞാസ്വരത്തില്‍ പറഞ്ഞു. “നിങ്ങളാരാ എന്നോടിങ്ങനെ ആജ്ഞാപിക്കാന്‍ ? അതിനുള്ള അധികാരം നിങ്ങള്‍ക്കാരുതന്നു? ഞാന്‍ നിങ്ങളെ അനുസരിക്കാന്‍ പോകുന്നില്ല” ബഞ്ചമിനിലെ പ്രേതം നിഷേധസ്വരത്തില്‍ പറഞ്ഞു.

“ഞാന്‍ പവിത്രമായ ദൈവനാമത്തിലാണിത് പറയുന്നത്. നീ ഈ ആളില്‍നിന്നു പുറത്തുപോ!” ഗിഡിയന്‍ നിശ്ചയദാര്‍ഢ്യത്തോടെ വീണ്ടും ആജ്ഞാപിച്ചു. ഞാന്‍ ദൈവദാസനാണ്. എനിക്ക് നിന്റെമേല്‍ അധികാരമുണ്ട്. ദുഷ്ടാത്മാവേ, നീ പുറത്തുപോയെ കഴിയൂ.” ഗിഡിയന്‍ തുടര്‍ന്നു.

ബഞ്ചമിന്‍ ആദ്യം പിടയുകയും, പിന്നെ നിലത്തുകിടന്നുരുളുകയും ചെയ്തു. യാചനാസ്വരത്തില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ട് എഴുന്നേറ്റിരുന്നു. കാണികളിലാരോ അയാളുടെ തോല്‍സഞ്ചിയില്‍നിന്ന് കുറച്ചു തണുത്തവെള്ളം കുടിക്കാന്‍ കൊടുത്തപ്പോള്‍ ബഞ്ചമിന് കുറച്ച് ആശ്വാസം കിട്ടിയതുപോലെ തോന്നി.

എനിക്കറിയേണ്ടിയിരുന്നത്, ഈ പ്രേതം എന്തിനാണ് ബഞ്ചമിനെ പിടികൂടിയതെന്നാണ്. ഗിഡിയന്‍ പറഞ്ഞു മനസ്സിലാക്കി. “ഇത് ബഞ്ചമിന്‍ ആശിച്ചതല്ല അറിവില്ലായ്മകൊണ്ട് അയാളെന്തോ തെറ്റുചെയ്തു. പ്രേതത്തിന് കടന്നുകയറാന്‍ ഇതൊരവസരമായി. കുറ്റകൃത്യം ചെയ്യുന്നതിലൂടെയാണ് പ്രേതബാധയുണ്ടാകുന്നത്. അതു ചെയ്യാതിരിക്കാനും ദൈവകോപം വരുത്തിവെക്കാതിരിക്കാനുമാണ് നാം ശ്രദ്ധിക്കേണ്ടത്.”

ബഞ്ചമിന്റെ ഗതി എനിക്കും വരുമോ? ഞാന്‍ പരിഭ്രമിച്ചു.

പിന്നൊരിക്കല്‍ പാണ്ടികശാലയില്‍ ഞാന്‍ തനിച്ചിരിക്കുമ്പോഴാണത് കണ്ടത്. നേരെയുള്ള ജനാലയിലെ കണ്ണാടിപാടികളില്‍ ചുവന്ന രക്തം മേല്‍പ്പോട്ട് കുതിച്ചുപൊങ്ങുന്നതുപോലെ തോന്നി. എന്റെ തലയ്ക്കകം പുകഞ്ഞു. ഞാന്‍ ചെന്ന് പാളിയില്‍ തൊട്ടുനോക്കി. കൈയ്യില്‍ രക്തം പുരണ്ടിട്ടില്ല.

ആക്ഷേപസ്വരത്തിലുള്ള മലാര്‍ച്ചിന്റെ ചിരിയോര്‍ത്തു ഭയവിഹ്വലയായിട്ടാണ് ഞാനന്നു വൈകീട്ട് വീട്ടിലെത്തിയത്.

രാത്രിയില്‍ കിടന്നിട്ട് ഉറക്കം വന്നില്ല. കടല്‍ത്തീരത്തേക്ക് സായാഹ്ന സവാരി പോകുമ്പോഴും പാണ്ടികശാലയിലിരിക്കുമ്പോഴുമെല്ലാം, കുറ്റബോധം എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു. സാബത്തുനാളിലെ അരയന്നങ്ങളുടെ ദൃശ്യം. ഇതിനെന്താണൊരു പരിഹാരം?..

“നീ പാപിയാണ്. നീയെന്നെ ആരാധിക്കുന്നില്ല?" വീണ്ടും മലാര്‍ച്ച്. ഇപ്പോള്‍ കൂടെക്കൂടെ ഭയപ്പെടുത്തക്കൊണ്ട് പസൂസ് എന്നൊരു വിദ്വാനും എന്നില്‍ കടന്നുകൂടിയിരിക്കുന്നു. മരണത്തിന്റെയും നാശത്തിന്റെയും ദേവന്‍ .

ഞാന്‍ നിശ്ചയിച്ചുറച്ചു. ഈ ജീവിതം എനിക്ക് സന്തോഷം തരുന്നില്ല. ഒരു ഭാരമായി മാറുകയാണ്. അല്‍ക്കയും സബദും ഉറങ്ങിക്കഴിഞ്ഞിരുന്നു. അവരുടെ പതിവങ്ങനെയാണ്. കിടന്നാല്‍ നേരം പുലരുന്നതുവരെ സുഖമായ നിദ്ര. അതുകൊണ്ട് എനിക്കവരോട് ചിലപ്പോള്‍ അസൂയ തോന്നുമായിരുന്നു.

ഞാന്‍ പുറത്തിറങ്ങി. മങ്ങിയനിലാവ്. കടലെന്നെ മാടിവിളിക്കുന്നതുപോലെ തോന്നി. നിദ്രയിലെന്നപോലെ ഞാന്‍ നടന്നു. കടല്‍ത്തീരത്ത് വലുതും ചെറുതുമായ പല തടാകങ്ങളുണ്ടായിരുന്നു. അതിലല്‍പ്പം വലിയ ഒരു തടാകം ലക്ഷ്യമാക്കിയാണ് ഞാന്‍ നടന്നത്. ഹാര്‍പ് തടാകം. അതിന്റെ ആകൃതി ഹാര്‍പിന്റേതു പോലെയായിരുന്നു. ഏതാണ്ട്. ഒന്നരമൈല്‍ നീളവും അതിന്റെ കാല്‍ഭാഗം വീതിയും. അത് കടലിനോടുചേരുന്നിടത്ത് വൃത്താകൃതിയില്‍ ജലം കെട്ടിനിന്നിരുന്നു. തടാകത്തിലെ ഏറ്റവും ആഴമുള്ള സ്ഥലവും അതായിരുന്നു.

ആ ഭാഗത്ത് മീന്‍പിടുത്തക്കാരുടെ തോണികളടുപ്പിക്കാന്‍ രണ്ടു പടവുകളുണ്ടായിരുന്നു. ഞാനൊന്നില്‍ ചെന്നിരുന്നു.

ശൂന്യമായ ആകാശം! എങ്ങും നിശബ്ദത!

ഒരു കിഴക്കന്‍ കാറ്റ് ആഞ്ഞുവീശി. തടാകത്തിലെ ജലം ഇളകിമറിഞ്ഞു. പസൂസിന്റെ വികൃതരൂപം ഓളത്തില്‍ ഒളിഞ്ഞും തെളിഞ്ഞും വന്നു. ഉരുണ്ട് ചുവന്ന കണ്ണുകള്‍ . ഇടുങ്ങിയ നെറ്റി. തടിച്ച അധരങ്ങള്‍ , വെളിയിലേക്കു നീട്ടിയിട്ട ത്രസിക്കുന്ന നാവ്.

ഹാര്‍പ് തടാകത്തില്‍ നിന്ന് സംഗീതധ്വനി കേട്ടു. അതിന്റെ ഈണം എന്തുകൊണ്ടോ ഞാനിഷ്ടപ്പെട്ടില്ല. എന്റെ കൂടെ ഞാന്‍ കൊണ്ടുവന്നിരുന്ന സഞ്ചിയില്‍ നിന്ന് ഒരു ചരട് എടുത്ത് എന്റെ കാലുകള്‍ കൂട്ടിക്കെട്ടി.
യഹോവയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാനാ ജലാശയത്തിലേക്ക് എടുത്തിചാടി. കടല്‍ പാമ്പുകള്‍ക്കോ, സ്രാവുകള്‍ക്കോ എന്റെ ചീഞ്ഞളിഞ്ഞ ശരീരം ആഹാരമായി തീരട്ടെ!

ഞാന്‍ അഗാധമായ കയത്തിലേക്ക് താഴ്ന്നുപോയി.

പസൂസ് അട്ടഹസിച്ചു ചിരിക്കുന്നുണ്ടാകണം!

നാല്

എനിക്ക് ബോധം തെളിഞ്ഞപ്പോള്‍ അല്‍ക്കയും സബദും അടുത്തു തന്നെയുണ്ട്. രണ്ടുപേരുടെയും മുഖത്ത് തീവ്രദുഃഖം കരിനിഴല്‍ വീഴ്ത്തിയിരുന്നു.

കിടക്കയിലെ തലയിണയില്‍ മുഖമമര്‍ത്തി ഞാന്‍ കരഞ്ഞു. എത്ര സമയമിങ്ങനെ കിടന്നു എന്ന് ഓര്‍മ്മയില്ല. കട്ടിലില്‍ എഴുന്നേറ്റിരുന്നപ്പോള്‍ അല്‍പ്പം ആശ്വാസം തോന്നി. കണ്ണുനീര്‍ എന്റെ വ്യസനം കുറെയൊക്കെ കഴുകിക്കളഞ്ഞിരിക്കണം.

അല്‍ക്ക തന്ന പഴസത്ത് കുടിച്ചപ്പോള്‍ തലയില്‍ തളംകെട്ടി നിന്ന മാന്ദ്യത്തിന് അല്പം കുറവുണ്ടായി; പരിസരത്തെക്കുറിച്ച് ഒട്ടൊരു ബോധവും കൈവന്നു.

ആദ്യം സംസാരിച്ചത് സബദാണ്. “മേരിക്ക് ഇപ്പോള്‍ കുറച്ച് ആശ്വാസം തോന്നുന്നുണ്ടോ?”

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ ഞാന്‍ ചെറുതായൊന്നു ചിരിക്കാന്‍ ശ്രമിച്ചു.

ജീവിതത്തിലുള്ള നൈരാശ്യംകൊണ്ട് തടാകത്തിലേക്ക് എടുത്തുചാടിയശേഷം നടന്ന കാര്യം സബദ് വള
രെ ചുരുക്കിപ്പറഞ്ഞു. അയാള്‍ സ്വതേ മിതഭാഷിയാണ്. കൂടാതെ ഇത് അസുഖകരമായ ഒരു കാര്യവുമാണല്ലോ.

Novel Link
 ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-9
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക