Image

മൊട്ടക്കുന്നുകളെ മാറോടണച്ച്‌...(പ്രകൃതിയുടെ നിഴലുകള്‍ തേടി - 22: ജോര്‍ജ്‌ തുമ്പയില്‍)

Published on 21 June, 2014
മൊട്ടക്കുന്നുകളെ മാറോടണച്ച്‌...(പ്രകൃതിയുടെ നിഴലുകള്‍ തേടി - 22: ജോര്‍ജ്‌ തുമ്പയില്‍)
പച്ചത്തുരുത്തു പോലെ മുന്നില്‍ വാഗമണ്‍ മലനിരകള്‍ നിവര്‍ന്നു കിടക്കുന്നു. സ്വപ്‌നത്തില്‍ മാത്രം കണ്ടിട്ടുള്ള മലഞ്ചെരിവുകള്‍. ഏതോ കലാസ്‌നേഹിയായ പൂന്തോട്ടക്കാരന്‍ വെട്ടിനിര്‍ത്തിയ പുല്‍ത്തകിടി പോലെ പരന്നങ്ങനെ കിടക്കുകയാണ്‌. കണ്ടപ്പോള്‍ ഇറങ്ങിയോടി ചെന്ന്‌ ഈ പുല്‍മെത്തയില്‍ കിടന്നൊന്ന്‌ ഉരുണ്ടാലോ എന്നു തോന്നി. എന്തൊരു വൃത്തി, എത്ര മനോഹരമായ കാഴ്‌ച. മൊട്ടക്കുന്നുകള്‍ കണ്ടാല്‍ ഏതോ പാശ്ചാത്യ ദേശത്ത്‌ ചെന്നെത്തി നില്‍ക്കുന്നതു പോലെയാണ്‌ തോന്നുക. എനിക്ക്‌ മാത്രം തോന്നിയ ഒരു ചിന്തയാണെന്ന്‌ ഞാന്‍ കരുതിയെങ്കിലും ജറോമും അതു തന്നെ പറഞ്ഞു. കേരളത്തിലെ സ്വിറ്റ്‌സര്‍ലാന്റ്‌ എന്നറിയപ്പെടുന്ന വാഗമണ്‍ മൊട്ടക്കുന്നുകള്‍ കണ്ടപ്പോള്‍ ശരിക്കും യൂറോപ്പിലേ ഏതോ സൗന്ദര്യഭൂമികയില്‍ നില്‍ക്കുന്നതു പോലെയാണ്‌ തോന്നിയത്‌. അത്രയ്‌ക്ക്‌ ചേതോഹരമായ മനംകുളിര്‍ക്കുന്ന മനോഹരമായ കാഴ്‌ച.

നല്ല തെളിഞ്ഞ ആകാശം. നല്ല ഭംഗിയുള്ള മേഘക്കീറുകള്‍ മത്സരിച്ച്‌ ഓടിനീങ്ങുന്നു. സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്‌ചയുടെ കൂത്തരങ്ങില്‍ ഞങ്ങള്‍ ഒരു നിമിഷം ലയിച്ചു നിന്നു പോയി. അപ്പോഴാണ്‌ ഡ്രൈവര്‍ പറഞ്ഞത്‌, ഇതല്ല യഥാര്‍ത്ഥ കാഴ്‌ച. അതു കാണാനിരിക്കുന്നതേയുള്ളു. ഞങ്ങള്‍ കണ്ട മൊട്ടക്കുന്നുകള്‍ പച്ചപ്പില്‍ പൊതിഞ്ഞ ചിരട്ട കളിമണ്ണു കൊണ്ട്‌ ഏതോ വികൃതി ഉണ്ടാക്കിയെടുത്ത മണ്ണപ്പം പോലെ തോന്നിക്കുന്നു. അങ്ങോട്ടേക്ക്‌ ഓടിക്കയറാനും അവിടെ നിന്നു തലക്കുത്തി മറിയാനും തോന്നിപ്പിക്കുന്ന ആരെയും ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിന്റെ ഹരിതസ്വപ്‌നത്തിലേക്ക്‌ ഒരു നിമിഷം ലയിച്ചു നിന്നു പോയി. വണ്ടി മുന്നോട്ടു നീങ്ങി. ദൂരെ സൈഡ്‌ ഗ്ലാസിലൂടെ കണ്ടു. മൊട്ടക്കുന്നുകള്‍ ഒന്നിനു മുകളില്‍ ഒന്നായി, നീണ്ടു നിവര്‍ന്നു കിടക്കുന്ന കാഴ്‌ച. കാഴ്‌ചക്കാര്‍ ഏറെയുണ്ടായിരുന്നു അവിടെ. തേയിലത്തോട്ടങ്ങള്‍ക്കും പുല്‍മേടുകള്‍ക്കും പ്രസിദ്ധമാണ്‌ ഇവിടം. തങ്ങള്‍ കുന്ന്‌, കുരിശുമല, മുരുകന്‍ മല എന്നിവ ഇവിടെ സഞ്ചാരികള്‍ക്ക്‌ ഇഷ്ടസങ്കേതങ്ങളാണ്‌.

ഡ്രൈവര്‍ ഓരം ചേര്‍ത്ത്‌ വാഹനം നിര്‍ത്തി. ഞങ്ങള്‍ എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി. ദൂരെ ഒരു പൊട്ടു പോലെ മലമുകളില്‍നിന്നും ചിലര്‍ ഇറങ്ങി വരുന്നതു കണ്ടു, മറ്റു ചിലര്‍ കയറി പോകുന്നു. മൊട്ടക്കുന്നുകള്‍ക്ക്‌ അപ്പുറത്ത്‌ ഒരു ചെറിയ തടാകമുണ്ടത്രേ. അതു കാണാനാണ്‌ സഞ്ചാരികള്‍ ഇത്ര വെപ്രാളപ്പെട്ട്‌ ഓടിപോകുന്നത്‌. അവരുടെ ധാരണ വേഗം ചെന്നില്ലെങ്കില്‍ അവിടെ നിന്ന്‌ അത്‌ മാഞ്ഞു പോകുമെന്നോ മറ്റോ ആണെന്ന്‌ ജെറോമിന്റെ വക കമന്റ്‌. എന്തായാലും, മൊട്ടക്കുന്നുകളിലേക്ക്‌ കയറണമെങ്കില്‍ പാസ്‌ എടുക്കേണ്ടിയിരുന്നു. ഞങ്ങള്‍ എല്ലാവരും പാസ്‌ എടുത്തു ഭദ്രമായി പോക്കറ്റില്‍ സൂക്ഷിച്ചു. വഴിയില്‍ ചെക്കിങ്‌ ഉണ്ടെങ്കില്‍ പണി കിട്ടുമല്ലോ എന്നായിരുന്നു മറ്റൊരാളുടെ മറുപടി. ഞങ്ങള്‍ പ്രകൃതിയുടെ നിറമാറിലേക്ക്‌ സസന്തോഷം നീന്തിയിറങ്ങിയെന്നു പറയാം. കാരണം, അപ്പോള്‍ അനുഭവിച്ച അനുഭൂതി പറഞ്ഞറിയിക്ക വയ്യ. മനോഹരമായ അന്തരീക്ഷം. നേരിയ കാറ്റ്‌ വീശുന്നുണ്ട്‌. ശുദ്ധമായ വായു. ഒരിടത്തും മാലിന്യത്തിന്റെ ഒരു വേലിയേറ്റവും കണ്ടില്ല. മൊട്ടക്കുന്നിന്റെ നെറുകിയില്‍ കയറി നിന്നു നോക്കിയപ്പോഴാണ്‌ കണ്ടത്‌. വിശാലമായ അനേകം കുന്നുകള്‍ ഇങ്ങനെ നിവര്‍ന്നുകിടക്കുന്നു. എന്നെയും കീഴടക്കൂ എന്ന്‌ ഓരോ മൊട്ടക്കുന്നും മാടിവിളിക്കുന്നതു പോലെ..

ദൂരെ ഒരു വലിയ ആള്‍ക്കൂട്ടം കണ്ടു. അവിടെ ഏതോ സിനിമയുടെ ഷൂട്ടിങ്‌ നടക്കുകയാണ്‌. ഒരു മൊട്ടക്കുന്നില്‍ അരഞ്ഞാണം കെട്ടിയതു പോലെ റോഡ്‌. ഈ റോഡ്‌ എവിടേക്ക്‌ പോകുന്നതാണെന്നു തെരഞ്ഞു. ഏതോ റിസോര്‍ട്ടിലേക്ക്‌ ആയിരിക്കുമെന്നു ജറോമിന്റെ മറുപടി. പ്രകൃതിയുടെ സ്വാഭാവികമായ മനോഹാരിതയെ മുഴുവന്‍ നശിപ്പിച്ചു കൊണ്ടുള്ള മനുഷ്യന്റെ വിക്രിയകളെ പറ്റി ഒരു നിമിഷമോര്‍ത്തു.

മെല്ലെ അടുത്ത മലയുടെ മുകളിലേക്ക്‌. സഞ്ചാരികളില്‍ ചില കുട്ടികളും ചെറുപ്പക്കാരും ഞങ്ങളെ കടന്ന്‌ ഓടിക്കടന്നു പോയി. ചിലര്‍ ചാഞ്ഞും മലര്‍ന്നും കിടന്ന്‌ ഫോട്ടോകള്‍ എടുത്തു കൂട്ടുന്നുണ്ട്‌. മെല്ലെ കുന്നിറങ്ങി, വര്‍ത്തമാനങ്ങള്‍ പറഞ്ഞ്‌ ഞങ്ങള്‍ വീണ്ടും അടുത്ത പച്ചപ്പുല്‍ മല കയറി. അതിനു താഴെയാണ്‌ ഒരു ചെറു തടാകമുള്ളത്‌. അങ്ങനെ, മലയുടെ മുകളിലേക്ക്‌ കയറിയപ്പോഴേയ്‌ക്കും ചെറുതായി ക്ഷീണിച്ചു തുടങ്ങിയിരുന്നു. മലയുടെ മുകളിലേക്ക്‌ കയറിയപ്പോള്‍ ഞങ്ങളെ തഴുകി ഒരു ചെറുകാറ്റ്‌ കിന്നാരം പറഞ്ഞെത്തി. ഞാനും ഭാര്യ ഇന്ദിരയും മക്കളും കുരുവിള, ജോളി അവരുടെ മക്കള്‍ ജോര്‍ജ്‌, മാത്യു എന്നിവരും പിന്നെ ജറോമും ഭാര്യ മരിയയും വട്ടം കൂടിയിരുന്ന്‌ ഒന്നു വിശ്രമിച്ചു.

കുട്ടികള്‍ താഴേയ്‌ക്ക്‌ ഓടിയിറങ്ങി. അവരാണ്‌ ആദ്യം തടാകത്തിന്റെ കരയിലെത്തിയത്‌. വെള്ളത്തിലിറങ്ങരുതെന്ന്‌ ശക്തമായ മുന്നറിയിപ്പ്‌ നല്‍കിയതു കൊണ്ട്‌ അവര്‍ കരയില്‍ നിന്നു വെള്ളത്തിന്റെ മര്‍മ്മരം ആസ്വദിച്ചു. ശരിക്കും അതൊരു അത്ഭുത കാഴ്‌ച തന്നെയായിരുന്നു. മലയുടെ മുകളില്‍ ഒരു സിനിമാ സെറ്റ്‌ ഇട്ടതു പോലെ തോന്നിപ്പിക്കുന്ന ഒരു കാഴ്‌ച. എല്ലാം പ്രകൃതിയുടെ വിരുന്നാണെന്നു മനസ്സിലാക്കാന്‍ കുറച്ച്‌ സമയമെടുത്തു. മനോഹരമായ ഒരു ലാന്‍ഡ്‌ ലൊക്കേഷന്‍ തന്നെയായിരുന്നു ഇത്‌. ഇവിടെ നിന്നപ്പോള്‍ എല്ലാ തിരക്കുകളും മാറ്റിവച്ച്‌ കുറച്ചു നേരം ഒരു മനുഷ്യന്‍ ആയതു പോലെ തോന്നി. നേരിയ തണുപ്പുമായി ഒരു കാറ്റ്‌ ഞങ്ങളെ പുതഞ്ഞു. എന്നെ പോലെ തന്നെയായിരുന്നു എല്ലാവര്‍ക്കും. ശരിക്കും അവരെല്ലാം വാഗമണ്‍ മൊട്ടക്കുന്നിന്റെ നെറുകയിലുള്ള തടാകത്തിന്റെ മഹിമയെക്കുറിച്ച്‌ പറഞ്ഞു. വയനാട്ടിലുള്ള ചെമ്പ്രക്കൊടുമുടിയുടെ മുകളിലുള്ള മാനസസരസിനെക്കുറിച്ച്‌ ജറോം പറഞ്ഞു. അത്‌ ഏതാണ്ട്‌ ഇതു പോലെ തന്നെയാണത്രേ. ഇനി പോകുമ്പോള്‍ നമുക്ക്‌ എല്ലാവര്‍ക്കും കൂടി ഒന്നിച്ചു പോകാമെന്ന്‌ കുരുവിള ഉറപ്പിച്ചു. എല്ലാവരും നാട്ടിലെത്തുമ്പോള്‍ ഇങ്ങനെ ഓരോ യാത്ര പോകുന്നത്‌ മനസ്സിന്റെ എല്ലാ ടെന്‍ഷനുകളെയും ഒതുക്കി കളയുമെന്നു കുരുവിളയുടെ ഭാര്യ ജോളി പറഞ്ഞത്‌ വാസ്‌തവത്തില്‍ അക്ഷരംപ്രതി ശരിയാണെന്നു ഞങ്ങള്‍ക്ക്‌ തോന്നി.

ഇനി പൈന്‍മരക്കാട്‌ കാണണം, സൂയിസൈഡ്‌ പോയിന്റ്‌ ഓടിച്ചൊന്നു സന്ദര്‍ശിക്കണം, തിരിച്ച്‌ ഇറങ്ങും വഴി കുരിശുമലയും ഒന്നും കയറണം. മൊട്ടക്കുന്ന്‌ വിട്ട്‌ വാഹനത്തിന്‌ അടുത്തേക്ക്‌ നടന്നപ്പോള്‍ ക്ഷീണം പമ്പ കടന്നിരുന്നു. പ്രത്യേകമായൊരു ഉന്മേഷം ശരീരത്തില്‍ കിടന്ന്‌ ഉലയുന്നതു പോലെ അനുഭവപ്പെട്ടു. ഇടയ്‌ക്ക്‌ കാറ്റ്‌ ശരിക്കും ആസ്വാദകര്യമായി പിന്നാലെ കൂടി. ദൂരെ റോഡില്‍ ഞങ്ങളുടെ വാഹനം കിടപ്പുണ്ടായിരുന്നു. എന്‍ട്രി പാസ്‌ പോക്കറ്റില്‍ സേഫ്‌ ആയി കിടപ്പുണ്ടായിരുന്നെങ്കിലും മലമുകളിലും താഴെയുമൊന്നും അതിനേക്കുറിച്ച്‌ ആരും ചോദിച്ചതേയില്ല. എങ്കിലും ഞങ്ങളത്‌ ഒരു ഓര്‍മ്മയ്‌ക്കായി സൂക്ഷിച്ചു വച്ചു.

(തുടരും)
മൊട്ടക്കുന്നുകളെ മാറോടണച്ച്‌...(പ്രകൃതിയുടെ നിഴലുകള്‍ തേടി - 22: ജോര്‍ജ്‌ തുമ്പയില്‍)മൊട്ടക്കുന്നുകളെ മാറോടണച്ച്‌...(പ്രകൃതിയുടെ നിഴലുകള്‍ തേടി - 22: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
Panoor Parameswaran 2014-06-21 12:20:02
"…എന്തൊരു വൃത്തി, എത്ര മനോഹരമായ കാഴ്ച. മൊട്ടക്കുന്നുകള് കണ്ടാല് ഏതോ പാശ്ചാത്യ ദേശത്ത് ചെന്നെത്തി നില്ക്കുന്നതു പോലെയാണ് തോന്നുക. എനിക്ക് മാത്രം തോന്നിയ ഒരു ചിന്തയാണെന്ന് ഞാന് കരുതിയെങ്കിലും ജറോമും അതു തന്നെ പറഞ്ഞു. കേരളത്തിലെ സ്വിറ്റ്സര്ലാന്റ് എന്നറിയപ്പെടുന്ന വാഗമണ് മൊട്ടക്കുന്നുകള് കണ്ടപ്പോള് ശരിക്കും യൂറോപ്പിലേ ഏതോ സൗന്ദര്യഭൂമികയില് നില്ക്കുന്നതു പോലെയാണ് തോന്നിയത്. അത്രയ്ക്ക് ചേതോഹരമായ മനംകുളിര്ക്കുന്ന മനോഹരമായ കാഴ്ച.."

ജോർജജു തുമ്പയിൽ പകർത്തുന്ന കേരളത്തിന്റെ മനോഹരമായ പ്രകൃതി വർണ്ണന ഇമ്പകരമെങ്കിലും അദ്ദേഹത്തിന്റെയും, കൂട്ടുകാരൻ ജറോമിന്റെയും പാശ്ചാത്യദേശത്തിനോടും യൂറോപ്പിലെ  പ്രകൃതിസൗന്ദര്യ ത്തിന്നോടും ഉളള മതിപ്പ്, കേരളത്തിനു പ്രകൃതി നല്കിയ തുല്യമായ, പലപ്പോഴും മെച്ചമായിത്തോന്നവുന്ന പ്രകൃതിസൗന്ദര്യത്തെ അംഗീകരിക്കാൻ പാടുപെട്ടപോലെ തരംതാഴ്ത്തിയിരിക്കുന്നു! മൊട്ടക്കുന്നുകൾ 'പാശ്ചാത്യത്തിന്റെ' കുത്തകയല്ല അവിടെയാ നില്ക്കുന്നതെന്നു തോന്നാൻ!  യൂറോപ്പും, പാശ്ചാത്യരാജ്യവുമല്ല സ്ഥലമെന്നു കരുതി പ്രകൃതി കേരളത്തിൽ  ഭംഗി കുറച്ചിട്ടുമില്ല. സായിപ്പിനെയും മദാമ്മെയും നമുക്ക് അങ്ങനെ ആരാധിക്കാം. പക്ഷെ, സ്വിറ്റ്സർലണ്ടിലെ മഞ്ഞുവീണു കിടക്കുന്ന പർവ്വതങ്ങളുടെ മനോഹാരിതയല്ല പ്രകൃതി നമ്മുടെ മൊട്ടക്കുന്നുകളിലൂടെ കേരളത്തിൽ  വിരിച്ചിരിക്കുന്നത്. അതു യൂറോപ്പോ അമേരിക്കയോ ആയി  തോന്നാൻ കാരണമില്ല. കേരളത്തിന്റെ തനതു തന്നെയത്. മനോഹരമായ നമ്മുടെ കുന്നുകളും മലകളും സായ്പ്പിന്റെതു പോലെ ആവേണ്ടതില്ല, അവകളും "ചേതോഹരവും മനം കുളിർപ്പിക്കുന്നതുമായ  മനോഹര" കാഴ്ചകൾ തന്നെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക