Image

മെസേജ്‌ മിഷന്‍ വെബ്‌സൈറ്റ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്‌തു

ഡോ. സന്തോഷ്‌ ടി. ജോണ്‍ Published on 23 November, 2011
മെസേജ്‌ മിഷന്‍ വെബ്‌സൈറ്റ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്‌തു
ഷിക്കാഗോ: വചന പ്രഘോഷണത്തിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും, സംഗീത ശുശ്രൂഷകളിലൂടെയും കുടുംബ പ്രേഷിത വഴികളില്‍ മൂന്നു പതിറ്റാണ്ടു പിന്നിടുന്ന മെസേജ്‌ മിഷന്റെ വെബ്‌സൈറ്റ്‌ (themessagemission.org) ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്‌തു.

`കുടുംബ പ്രേഷിത രംഗത്ത്‌ സജീവമായി നിലകൊള്ളുകയും, ആത്മാര്‍ത്ഥമായി ഉപവി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മെസേജ്‌ മിഷന്‍ എന്ന സ്‌നേഹസമൂഹം, മുപ്പതുവര്‍ഷം പിന്നിടുമ്പോള്‍ വിവിധ ശുശ്രൂഷകളിലൂടെ ദൈവസ്‌നേഹ സന്ദേശങ്ങള്‍ നല്‍കി ആത്മീയതയില്‍ ആഴപ്പെടുവാനും വളരുവാനും നേര്‍വഴികാട്ടുന്നുവെന്നത്‌ അനുകരണീയമാണെന്നും, സഭയോടൊത്തുചേര്‍ന്ന്‌ ശാന്തതയും ലാളിത്യവും ശൈലിയാക്കി ആത്മാവിന്റെ നിറവില്‍ പകര്‍ന്നു നല്‍കുന്ന ദൈവിക മാര്‍ഗവും മാതൃകയും കുടുംബപ്രേഷിത ദൗത്യവും വിജയകരമായി മുന്നേറട്ടെയെന്നും' ബിഷപ്പ്‌ മാര്‍ അങ്ങാടിയത്ത്‌ ഉദ്‌ബോധിപ്പിച്ചു.
1980 മുതല്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ വചന സന്ദേശങ്ങളും ആത്മീയ ഗീതങ്ങളും അനുഭവ സാക്ഷ്യങ്ങളും നല്‍കി സുവിശേഷവല്‍ക്കരണത്തില്‍ സജീവ പങ്കാളിയായ സണ്ണിസ്റ്റീഫന്റെ നേതൃത്വത്തില്‍ മെസേജ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കുടുംബ നവീകരണ ധ്യാനങ്ങള്‍, ഫാമിലി കൗണ്‍സലിംഗ്‌, ഓരോ ഇടവകതോറും പരോപകാര ശുശ്രൂഷകള്‍ നല്‍കുന്ന എമ്മാവൂസ്‌ സംഘങ്ങള്‍, വര്‍ഷം തോറും നിര്‍ദ്ദനരായ ആയിരത്തിലേറെ കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസ സഹായവും, അവശതയനുഭവിക്കുന്ന രോഗികള്‍ക്ക്‌ സാന്ത്വനം നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനാകൂട്ടായ്‌മകള്‍ തുടങ്ങി മെസേജ്‌ മിഷനിലൂടെ ഒട്ടേറെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നിയോഗശുദ്ധിയോടെ നടത്തപ്പെടുന്നു.

1995 മുതല്‍ ലോകസമാധാനത്തിനു കൈത്തിരിയായി ദി വേള്‍ഡ്‌ പീസ്‌ മിഷന്‍ എന്ന സംഘടനയും മെസേജ്‌ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി ഇവയൊന്നും മനുഷ്യനു സമാധാനത്തിന്‌ തടസ്സമാകരുതെന്ന സന്ദേശം കുട്ടികളിലും യുവജനങ്ങളിലും ഈ സംഘടനവഴി പ്രചരിപ്പിക്കുന്നു.

1998 മുതല്‍ ഇന്റര്‍നെറ്റ്‌ റേഡിയോ, ഇന്റര്‍നെറ്റ്‌ വീഡിയോ, ഇ-മാഗസിന്‍ തുടങ്ങിയ സങ്കേതങ്ങള്‍ വഴി മീഡിയഇവാഞ്ചലൈസേഷന്‍ രംഗത്തും മെസേജ്‌ മിഷന്‍ സജീവമാണ്‌. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്‌ക്കായി, ഗ്ലോബല്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചങ്ങല, സ്‌ക്കൂള്‍ ഓഫ്‌ പ്രയര്‍, ക്രിസ്റ്റീന്‍ മിഷന്‍, തിരുക്കുടുംബം മാസിക തുടങ്ങിയ ശുശ്രൂഷകളുമായി മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോള്‍ 22 രാജ്യങ്ങളിലായി മെസേജ്‌ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ദൈവകൃപ നിറഞ്ഞൊഴുകുന്നു.

യുട്യൂബില്‍ മെസേജ്‌ മിഷന്റെ സമാധാനസന്ദേശങ്ങളും, സംഗീത ആല്‍ബങ്ങളുമുണ്ട്‌. ആത്മീയ ചിന്തകളും കുടുംബ സമാധാന നിര്‍ദ്ദേശങ്ങളുമായി ഫെയ്‌സ്‌ ബുക്കിലൂടെ സംവദിക്കാനുള്ള സൗകര്യവുമുണ്ട്‌. ട്വിറ്ററിലും സജീവമാണ്‌.

ചടങ്ങിലേക്ക്‌ ജോര്‍ജ്ജ്‌ പണിക്കര്‍ സ്വാഗതം നല്‍കി. ജോയി ചെമ്മാച്ചേല്‍, ജോസ്‌ കൊരട്ടിയില്‍, ഏഷ്യാനെറ്റ്‌ യു.എസ്‌. പ്രോഗ്രാം ഡയറക്‌ടര്‍ ബിജു സക്കറിയ, പത്രപ്രവര്‍ത്തകനായ ജോയിച്ചന്‍ പുതുക്കുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെസേജ്‌ മിഷന്‍ ഡയറക്‌ടര്‍ ബ്രദര്‍ സണ്ണിസ്റ്റീഫന്‍ നന്ദി പറഞ്ഞു.

വെബ്‌ആന്റ്‌ക്രാഫ്‌റ്റ്‌സ്‌ ആണ്‌ സൈറ്റ്‌ ഡിസൈന്‍ ചെയ്‌തത്‌. വിലാസം www.themessagemission.org കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 91944 715 4999/ messagemission@hotmail.com
മെസേജ്‌ മിഷന്‍ വെബ്‌സൈറ്റ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക