Image

`ബുദ്ധിജീവി'യെ വെട്ടിക്കളയുക! (ജോണ്‍ മാത്യു)

Published on 22 June, 2014
`ബുദ്ധിജീവി'യെ വെട്ടിക്കളയുക! (ജോണ്‍ മാത്യു)
മലയാളത്തില്‍ എങ്ങനെയോ വന്നുപെട്ട ഒരു വാക്കാണ്‌ ബുദ്ധിജീവി. ഇംഗ്ലീഷിലെ ഇന്റലക്‌ചല്‍ എന്നതിന്റെ പരിഭാഷയായിട്ടാണ്‌ നമ്മുടെ ബുദ്ധിജീവി പ്രയോഗം. ബുദ്ധിജീവിയുടെ ഇന്റലക്‌ചല്‍ ബന്ധം ആ വിവര്‍ത്തനംകൊണ്ട്‌ കഴിഞ്ഞു. ഇനിയിപ്പോള്‍ അതൊരു ബുദ്ധിയുള്ള `ജീവി' മാത്രമായി. അങ്ങനെയൊരു ജീവി മറ്റ്‌ എല്ലാ ജീവികളേക്കാള്‍ മേലെയും!

ഈ ജീവിക്ക്‌ ഇന്ന്‌ വിപുലമായി അര്‍ത്ഥമാണ്‌ കല്‌പിച്ചുകൊടുത്തിരിക്കുന്നത്‌, വളരെ നിരുപദ്രവമായത്‌ ബുദ്ധികൊണ്ട്‌ ജീവിക്കുന്നവരെന്നു മാത്രം.

ഇവിടെ ഒരു ചോദ്യം, ബുദ്ധിയില്ലാതെ ജീവിക്കുന്നത്‌ ആരാണ്‌? അങ്ങനെ ജീവിക്കുന്നവരും ഉണ്ടെന്ന്‌ ബുദ്ധിമാന്മാരെന്ന അഹങ്കരിച്ചിരുന്നവര്‍ കരുതിയിരുന്നു. ഒരു കാലത്ത്‌ അഭിമാനത്തോടെ തങ്ങളുടെ നിലനില്‌പ്‌ ഉറപ്പിക്കാന്‍, മറുവശത്തുള്ളവരെ വിശേഷിപ്പിക്കാന്‍, ബുദ്ധിമാന്മാര്‍ കണ്ടുപിടിച്ച പ്രയോഗമാണ്‌ `വെള്ളംകോരികളും വിറകുവെട്ടുകാരു'മെന്നത്‌.

അതേ, മനുഷ്യരെ മുഴുവന്‍ മുതല്‍നിര്‍മ്മാണത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിച്ചത്‌ തൊഴിലാളിയും മുതലാളിയുമായിട്ട്‌. ഈ രണ്ടു കൂട്ടരും ബുദ്ധിജീവികളില്‍പ്പെടുന്നുമില്ല. തൊഴിലാളികള്‍ വെള്ളംകോരികളും, വിറകുവെട്ടുകാരും, അദ്ധ്വാനിക്കുന്നവരും. മുതലാളിയാണെങ്കില്‍ മൂളയില്ലാത്ത മൂരാച്ചിയും.

ഇവിടെ വെള്ളയുടുപ്പിട്ട്‌ മേനി ചമയുന്നവരെ മറന്നില്ല. ഇവരില്‍നിന്ന്‌ കടഞ്ഞു കടഞ്ഞ്‌ മുകളില്‍ എത്തിയവര്‍ സ്വയം പ്രഖ്യാപിച്ചു തങ്ങള്‍ ഏതോ ഒരു വിചിത്ര ജീവിയാണെന്ന്‌. ഇക്കൂട്ടര്‍ ബുദ്ധികൊണ്ട്‌ ജീവിക്കുന്നവരെന്നും അങ്ങനെയല്ലാത്ത താഴേക്കിടയിലുള്ളവരെല്ലാം സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാത്ത ബുദ്ധിഹീനരെന്നുമുള്ള ധാരണയും പരന്നു. നാമൊക്കെ ആരാണെങ്കിലും മറ്റാരുടെയെങ്കിലും ചരടുവലികള്‍ക്കനുസരിച്ചായിരിക്കും നീങ്ങുന്നതെന്‌ വിവേചിച്ചറിയാന്‍ കാലം കുറെയെടുത്തു. ഇന്ന്‌ ഏതായാലും `വെള്ളംകോരികളും വിറകുവെട്ടുകാരു'മെന്ന പ്രയോഗം കാലഹരണപ്പെടുകയും ചെയ്‌തു.

ഒരു വ്യക്തി ബുദ്ധിജീവിയാണെങ്കില്‍പ്പിന്നെ ജോലിയെടുക്കുകയെന്ന പ്രശ്‌നമേയില്ല. കവിതയെഴുത്തും വിപ്ലവവും ഊശാന്‍താടിയും യുക്തിവാദവുംകൂടിയായാല്‍ ആ ബുദ്ധിജീവിയുടെ മുഴുച്ചിത്രം കിട്ടും. ആ ചിത്രമാണ്‌ സാധാരണ ജനം മനസ്സില്‍ കൊണ്ടുനടക്കുന്നതും. ഏതായാലും കേവലബുദ്ധികൊണ്ട്‌ ജീവിക്കുന്ന ഇവര്‍ക്ക്‌ `ജീവി' എന്നൊരു സ്ഥാനപ്പേരുംകൂടി കല്‌പിച്ചുകൊടുത്ത മലയാളിയുടെ നര്‍മ്മബോധത്തെ എത്ര വാഴ്‌ത്തിയാലും മതിയാകുകയില്ല.

ഇനിയും വന്നവര്‍ വന്നവര്‍ ഇങ്ങനെയുള്ള ബുദ്ധിജീവിക്ക്‌ അവരുടെ മനസ്സിനിണങ്ങിയ രൂപവും ഉടയാടകളും അലങ്കാരങ്ങളും ചാര്‍ത്തിക്കൊടുത്തു. ഭക്തി വൈകാരികമാക്കുന്നവര്‍ക്ക്‌ അല്ലെങ്കില്‍ അങ്ങനെ ദൈവത്തെ കാണുന്നവര്‍ക്ക്‌, അതിനെ ചോദ്യം ചെയ്യുന്നവരെല്ലാം `ബുദ്ധിയില്ലാത്ത' ബുദ്ധിജീവികളുമാണ്‌.

മറ്റു ചിലര്‍ക്ക്‌ യുക്തി എന്നു പറയുന്നതുതന്നെ ബുദ്ധിജീവിയോട്‌ ചേര്‍ന്നതാണ്‌. വിശ്വാസത്തില്‍ യുക്തിക്ക്‌ സ്ഥാനമില്ലെന്നാണ്‌ അവരുടെ മതം. അതുപോലെതന്നെയാണല്ലോ ശുദ്ധയുക്തിവാദികള്‍ വിശ്വാസത്തെയും കാണുന്നത്‌. വിശ്വാസത്തിനും യുക്തിക്കും അതാതിന്റേതായ സ്ഥാനം അംഗീകരിച്ചേ തീരൂ, യഥാര്‍ത്ഥ ജീവിതത്തെ നേരിടുമ്പോള്‍. ചിലര്‍ക്ക്‌ ബുദ്ധിജീവി ചമയാം, എന്നാല്‍ ഇന്റലക്‌ച്വല്‍ ആവാന്‍ കഴിയുമോ? അതുകൊണ്ടാണ്‌ മലയാള നിഘണ്ടുവില്‍നിന്ന്‌ ഈ ബുദ്ധിജീവി വാക്ക്‌ എടുത്തുകളയണമെന്ന്‌ ഇവിടെ എഴുതുന്നത്‌. പകരം ഇന്റലക്‌ചല്‍ എന്നതിന്‌ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ധ്വനിക്കുന്ന മറ്റൊരു വാക്ക്‌ കണ്ടെത്തേണ്ടതായിരിക്കുന്നു.

പക്ഷേ, അതിനുമുന്‍പ്‌ ബുദ്ധിജീവിയില്‍നിന്ന്‌ അടര്‍ത്തിയെടുത്ത്‌ ഈ ഇന്റലക്‌ചല്‍ പദം എന്താണെന്നുംകൂടിയൊന്ന്‌ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്‌. ഇന്റലിജെന്‍ഷ്യ, (ഇന്റലക്‌ച്വലിന്റെ ബഹുവചനവാക്ക്‌), ഏതെങ്കിലും സംഹിതയെ ഒറ്റയടിക്ക്‌ മൊത്തമായി നിരാകരിക്കണമെന്നില്ല, അംഗീകരിക്കണമെന്നുമില്ല.

ഇന്റലക്‌ച്വല്‍ മനസ്സെന്നു പറയുന്നത്‌ അവസാനിക്കാത്ത അന്വേഷണമാണ്‌. അതുകൊണ്ടാണ്‌ ഒരു ഉപദേശവും പരമസത്യമായി ഇവര്‍ അംഗീകരിക്കാത്തത്‌. ആര്‌ എന്ത്‌ പറഞ്ഞാലും അതിനെ വിമര്‍ശനബുദ്ധ്യാ കാണുന്നത്‌! അതായത്‌ മതത്തെയും കമ്മ്യൂണിസത്തെയും സാഹിത്യത്തിലെയും കലയിലെയും പരീക്ഷണങ്ങളെയും ആധുനികതയെയും, അതേ ഇനിയും യുക്തിവാദചിന്തകളെപ്പോലും ചോദ്യം ചെയ്യാതെ ഇവര്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ്‌ ഈ രംഗങ്ങളിലെല്ലാം പുതിയ പാതകള്‍ തെളിയിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ കഴിയുന്നത്‌. നിരന്തരമായ ശിക്ഷണംകൊണ്ടേ ഇതു സാധിക്കൂ. ഇതിനോടൊപ്പംതന്നെ ചേര്‍ത്തുവെക്കാവുന്നതാണ്‌ സ്വന്തമായി നേടിയിട്ടുള്ള ഇളകിമറിഞ്ഞുകണ്ടിരിക്കുന്ന മനസ്സും. അതായത്‌ അനന്തമായ സംഘര്‍ഷം. ഇതിനെത്തുടര്‍ന്നാണ്‌ ഒരിക്കലും തീരാത്ത സാമൂഹിക പ്രതിബദ്ധത സൃഷ്‌ടിക്കപ്പെടുന്നത്‌.

ഈ സാമൂഹിക പ്രതിബദ്ധതയാണ്‌ പാരമ്പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്‌. ഇന്റലജെന്‍ഷ്യ ഇങ്ങനെ ഉയര്‍ത്തുന്ന ശബ്‌ദമാണ്‌ അംഗീകരിക്കപ്പെട്ട പലതിനെയും എതിര്‍ക്കുന്നത്‌, ദൈവനിര്‍വചനം ഉള്‍പ്പെടെ.

ഈ ബൗദ്ധിക അന്വേഷണത്തെ, ശിക്ഷണത്തെ, സംഘര്‍ഷത്തെ, പ്രതിബദ്ധതയെ ബുദ്ധിജീവി എന്നു വിളിക്കുന്നത്‌ ഒരു വികലപ്രയോഗമല്ലേ. അതിനും പുറമേ യുക്തിവാദി എന്ന പദത്തിന്‌ പര്യായവുമില്ല ഇന്റലക്‌ച്വല്‍, അതേ ബുദ്ധിജീവിപോലും.
`ബുദ്ധിജീവി'യെ വെട്ടിക്കളയുക! (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക