Image

പ്രമീളയുടെ വിലാപങ്ങള്‍- (കഥ: ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 23 June, 2014
പ്രമീളയുടെ വിലാപങ്ങള്‍-  (കഥ: ഷാജന്‍ ആനിത്തോട്ടം)
പില്‍ പ്ലാനറില്‍ ബാലചന്ദ്രന് വീക്കെന്‍ഡിലേക്കുള്ള ഗുളികള്‍ നിറയ്ക്കുമ്പോള്‍ പ്രമീള സ്വയം അഭനന്ദിച്ചു: 'എത്ര കരുതലുള്ള ഭാര്യയാണ് ഞാന്‍…. ഞാനില്ലായിരുന്നെങ്കില്‍ ബാലുവിന്റെ കാര്യം കട്ടപ്പുക തന്നെ. ഒന്നിലും ഒരു ശ്രദ്ധയുമില്ലാത്ത മനുഷ്യന്‍…… സമയത്തിന് ഭക്ഷണം കഴിയ്ക്കുമെന്നോ മരുന്നെടുക്കണമെന്നോ ഒരു ചിന്തയുമില്ല. പക്ഷേ സമയമോ കാലമോ നോക്കാതെ കള്ളുകുടിയ്ക്കാരും പറഞ്ഞുകൊടുക്കേണ്ടതുമില്ല.  പുതിയ ഏതെങ്കിലും പുസ്തകം കൂടു കിട്ടിയാല്‍ ആള്‍ക്ക് പിന്നെ മിണ്ടാട്ടവുമില്ല, ഉരിയാട്ടവുമില്ല ഞാനില്ലായിരുന്നുവെങ്കില്‍….!
ബേസ്‌മെന്റിലെ വായനാമുറിയില്‍ അക്ഷരങ്ങളുടെ ലോകത്ത് രസിച്ചങ്ങനെയിരിക്കുകയായിരുന്നു അപ്പോള്‍ ബാലചന്ദ്രന്‍. മനസ്സില്‍ കടുത്ത ടെന്‍ഷന്‍. പിന്നെങ്ങനെ ഗ്ലാസ് റീഫില്‍ ചെയ്യപ്പെടാതെയിരിക്കും? നാളെ പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റ് പിടിയ്‌ക്കേണ്ടതാണ്. പത്തുമണിയ്ക്ക് തന്നെ കണ്‍വന്‍ഷന്‍ തുടങ്ങുമെന്നാണ് സെക്രട്ടറി ഓര്‍മ്മിപ്പിച്ചിരിയ്ക്കുന്നത്. എഴുത്തുകാരുടെ സംഘടനയാണെങ്കിലും മല്ലു പരിപാടിയായതുകൊണ്ട് പത്തുമണിയെന്ന് നോട്ടീസില്‍ കണ്ടാലും തുടങ്ങുമ്പോള്‍ പതിനൊന്നെങ്കിലുമാവുമെന്ന് കളി പറഞ്ഞപ്പോള്‍ കാര്യദര്‍ശി സ്വരം കടുപ്പിച്ചു: അതൊക്കെ പണ്ടത്തെ കഥ. ഷാര്‍പ്പ് ടൈമിംഗ് ആണ് ഈ കമ്മിറ്റിയുടെ പോളിസി. ഉദ്ഘാടനസമ്മേളനത്തിന് ബാലേട്ടന്റെ ആശംസയുമുണ്ട്. അതുകഴിഞ്ഞാലുള്ള ആദ്യത്തെ സെമിനാറിന്റെ ഹൈലൈറ്റ് തന്നെ ബാലേട്ടന്റെ ചെറുകഥാ  നിര്‍ബന്ധമാണ്. അമേരിക്കയിലെ പുതിയ എഴുത്തുകാര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചേട്ടനില്‍ നിന്നും പഠിയ്ക്കാനുണ്ട്. അവിടെയുമിവിടെയുമലയാതെ നേരേ ഹാളിലേക്ക് പോന്നേക്കണം. 'കെന്നഡി' യില്‍ പിക്ക് ചെയ്യാന്‍ നമ്മുടെ ആള്‍ക്കാര്‍ രാവിലെ തന്നെയെത്തും…'
ഗ്ലാസ്സില്‍ വീണ്ടും  സിംഗിള്‍ മാള്‍ട്ടിന്റെ വീര്യം നിറച്ചുകൊണ്ട് ബാലചന്ദ്രന്‍ പുസ്തകത്തിലേക്ക് മടങ്ങി. കഥകളുടെ ലോകത്തേക്ക് പുത്തന്‍ എഴുത്തുകാരും നേര്‍വഴി നടത്തണം. നല്ല കഥ! ഈ കണ്‍വന്‍ഷനൊക്കെ സമാധാനമായിട്ടൊന്ന് ഒത്തുകൂടാനുള്ള വേദിയായിട്ടേ കാണാവൂ…. ലക്ഷ്മണരേഖകള്‍ ഭേദിച്ചുകൊണ്ട് സമാനചിന്താഗതിക്കാരുമായി സൊറ പറഞ്ഞിരുന്ന് സമയബോധമില്ലാതെ റിലാക്‌സ് ചെയ്യാനൊരു അവസരം. അതിനിടയില്‍ നാലോ അഞ്ചോ ഡ്രിങ്കൊക്കെ  എടുത്താല്‍ എന്താണിത്ര കുഴപ്പം? സര്‍ഗ്ഗബോധമില്ലാത്തൊരു സഹധര്‍മ്മിണിയ്ക്കിതു വല്ലതും മനസ്സിലാകുമോ? മരുന്ന്, മണ്ണാങ്കട്ട…. പോരാത്തതിന് സീക്രട്ട് സര്‍വ്വീസിന് ഇത്തവണ കൂട്ടിന് പത്താം ക്ലാസ്സുകാരന്‍ മകനെക്കൂടി പറഞ്ഞുവിടുകയാണവള്‍… പല്ലുഞെരിച്ചുകൊണ്ട് ബാലചന്ദ്രന്‍ കാലിയായ ഗ്ലാസ്സ് വീണ്ടും നിറച്ചു.
പ്രമീള ലഗേജ് ബാഗേജുകള്‍ ഒരിയ്ക്കല്‍ കൂടി പരിശോധിച്ചു. അപ്പുവിന്റെ ബാഗില്‍ ഒളിപ്പിച്ചു വച്ചിരുന്ന വീഡിയോ  ഗെയിംബോക്‌സ് അപ്പോഴാണവളുടെ ശ്രദ്ധയില്‍പ്പെട്ടത്. “അമ്പട ഭയങ്കരാ… അച്ഛന്റെ മോന്‍ തന്നെ…. ഒറ്റ കള്ളുകുപ്പി പോലും ബാലേട്ടന്റെ ലഗേജ് ബാഗിലില്ലെന്ന് ഉറപ്പിച്ചതിനു ശേഷമാണ് അപ്പുവിന്റെ പെട്ടി തയ്യാറാക്കിയത്. പലവട്ടം റീപ്പായ്ക്ക് ചെയ്ത് വെയിറ്റൊക്കെ അഡ്ജസ്റ്റ് ചെയ്തതാണ്. അപ്പോഴൊന്നും കാണാതിരുന്ന ഈ കുന്ത്രാണ്ടം ഇവനെപ്പോള്‍ ഇതിനിടെയില്‍ തിരുകിക്കയറ്റി? ഇതൊക്കെ കൊണ്ടുപോയാല്‍ പിന്നെ അച്ചനെ വാച്ചു ചെയ്യാനവനെവിടെ നേരം കിട്ടും? അവധി തുടങ്ങിയതിനു ശേഷം ഒറ്റ ദിവസം പോലും സമയത്തിന് ഭക്ഷണം കഴിയ്ക്കാതെ ഇതിന്റെ മുമ്പില്‍ കുത്തിയിരിക്കുന്ന അവന്‍ ഇതും കൊണ്ടുപോയാല്‍ ബാലേട്ടനെ നോക്കാന്‍ വേറെ ആളെ വെയ്ക്കണം… ഈശ്വരാ, എന്റെ വേദന ആരറിയാന്‍? രണ്ടാളെയും കൂടെ വേറെ രണ്ടെണ്ണം കുടിയിവിടെയില്ലാരുന്നുവെങ്കില്‍ ഞാന്‍ തന്നെ യങ്ങ് കൂടെപ്പോയേനേ.... ഒരു സമ്മേളനവും, കുറെ സാഹിത്യകാരന്മാരും…. പത്തു പൈസയ്ക്ക് പ്രയോജനമില്ലാത്ത പന്നപ്പരിപാടി! വീഡിയോ ഗെയിം ബോക്‌സ് കട്ടിലിനടിയിലേക്ക് ഒളിപ്പിച്ച് വച്ച് പ്രമീള വീണ്ടും അഴിച്ചുപണിയിലേയ്ക്ക് കടന്നു.
അപ്പുവിന്റെ മുറിയില്‍ അപ്പോള്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അനിയത്തിമാരുടെ നിര്‍ദ്ദേശങ്ങള്‍ അവന്‍ അര്‍ദ്ധമനസ്സോടെയാണ് കേട്ടിരുന്നത്. 'ഡൂഡ്, ഡോണ്‍ട് ഫൊര്‍ ഗെറ്റ് യുവര്‍ അസൈന്‍മെന്റ്, ഓക്കേ..? ഡാഡി ഈസ് അണ്ടര്‍ മെഡിക്കേഷന്‍. മേക്ക് ഷുവര്‍  ഹി ടേക്‌സ് നോ കള്ള്. അമ്മ ഈസ് വെരി മച്ച് കണ്‍സേണ്‍ഡ്. യൂ ബീ വിത്ത് ഹിയര്‍ ഓള്‍ ദ ടൈം, എസ്‌പെഷലി ഇന്‍ ദെയര്‍ ഈവനിംഗ് ഗെറ്റ്ടുഗദേര്‍സ്….' അപ്പുവിന് ജീവിതത്തിലാദ്യമായി സ്‌ക്കൂള്‍ ഡേയ്‌സ് മിസ് ചെയ്യുന്നതുപോലെ തോന്നി. ആറ്റുനോറ്റിരുന്ന അവധിക്കാലം വന്നെത്തിയപ്പോള്‍ കിട്ടിയ 'അസൈന്‍മെന്റ്' അവനെ വല്ലാതെ വിഷമിപ്പിച്ചു. എന്നു സ്‌കൂളുണ്ടായിരുന്നെങ്കില്‍….!
ചെറുകഥാ ശില്പശാലയില്‍ അവതരിപ്പിയ്‌ക്കേണ്ട നോട്ടുകള്‍ കുറിയ്ക്കുമ്പോഴും വരാന്‍ പോകുന്ന വാരാന്ത്യരാവുകളെക്കുറിച്ചായിരുന്നു ബാലചന്ദ്രന്റെ ആശങ്കകള്‍. എത്രയോ നാളുകളായി പ്ലാന്‍ ചെയ്യുന്നതാണ് ഇങ്ങനെയൊരു ഒത്തുചേരല്‍. പ്രമീളയുടെ ഭാഷയില്‍ ഒണക്കക്കവിതകളുടെയും പൊട്ടയെഴുത്തുകാരുടെയും സമ്മേളനമാണെങ്കിലും തന്നെ സംബന്ധിച്ചിടത്തോളം റിജുവിനേഷന്റെ കാലമാണ് ആണ്ടുത്തോറുമുള്ള അക്ഷരസ്‌നേഹികളുടെ ഈ കൂട്ടായ്മ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ താമസിയ്ക്കുന്നവരുടെയിടയില്‍ എഴുത്തിനെ ഉപാസിയ്ക്കുന്ന കുലീനരായ ഒരു പറ്റം നല്ല മനുഷ്യരുടെ ഒത്തുചേരല്‍…. മനസ്സില്‍ നവയൗവ്വനം നിറയ്ക്കുന്ന സമയം! പുസ്തകം കണ്ടാല്‍ ചിറകോട്ടുന്ന അരസികത്തിക്കിതെങ്ങിനെ മനസ്സിലാവാനാണ്?
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പൊരു  ദിവസം സ്റ്റഡി ലീവിന് മുമ്പ് കോളജ് കാമ്പസിലെ തണല്‍മരച്ചുവട്ടിലിരുന്ന് ഓട്ടോഗ്രാഫില്‍ ആശംസകളെഴുതുമ്പോള്‍ പ്രിയ സുഹൃത്ത് അനിത പറഞ്ഞ വാക്കുകള്‍ അറിയാതെ മനസ്സിലേയ്‌ക്കോടിയെത്തി: ബാലചന്ദ്രനെ ഞാനൊരിക്കലും മറക്കില്ല. അഥവാ മറക്കാന്‍ ശ്രമിച്ചാലും 'മാതൃഭൂമി' യിലും ഭാഷാപോഷിണിയിലുമൊക്കെ സ്ഥിരം പ്രത്യക്ഷപ്പെട്ടുകൊണ്ട് ബാലചന്ദ്രന്‍ എന്നും എന്റെ കൂടെയുണ്ടാവും. വെല്യ എഴുത്തുക്കാരനാവുമ്പോള്‍ പഴയ ഈ മാഗസിന്‍ എഡിറ്റര്‍ വല്ലപ്പോഴുമെങ്കിലുമോര്‍ക്കണേ…! താനൊരു വലിയ എഴുത്തുകാരനാവുമെന്നും നാട്ടിലെ എണ്ണം പറഞ്ഞ പ്രസിദ്ധീകരണങ്ങളിലൊക്കെ സജീവ സാന്നിദ്ധ്യമാവുമെന്നും വിശ്വസിച്ചിരുന്ന അനിതയും മറ്റ് നല്ല സ്‌നേഹിതരുമൊക്കെ ഇപ്പോള്‍ എവിടെയാവും? ഓര്‍ക്കുന്തോറും ബാലചന്ദ്രന് നിരാശയും സ്വയനിന്ദയും കൂടി വന്നു. വാതിലിന്റെ പൂട്ട് ഭദ്രമാണെന്ന് വീണ്ടും ഉറപ്പുവരുത്തിക്കൊണ്ട് അടുത്ത ലാര്‍ജിന്റെ ആലസ്യത്തിലേയ്ക്കയാള്‍ അമര്‍ന്നിരുന്നു.
വെളുപ്പിന് എയര്‍പ്പോര്‍ട്ടില്‍ ബോര്‍ഡിംഗ് പാസ്സുമായി ഗേറ്റിനു മുമ്പില്‍ ക്യൂ നില്‍ക്കുമ്പോള്‍ അമ്മുവിനും അച്ഛനും ഒരേ വികാരമായിരുന്നു- നിര്‍വ്വികാരത, തികഞ്ഞ നിസ്സംഗത …. അപ്പു ചുറ്റുമുള്ളവരെ നോക്കി. ഉറക്കച്ചവടോടെയാണ് നില്‍ക്കുന്നതെങ്കിലും എല്ലാവരുടെയും മുഖങ്ങളില്‍ നല്ല ആകാംക്ഷയും ഉല്‍സാഹവും. തലേവര്‍ഷം സ്‌ക്കൂളടച്ചതിന്റെ പിറ്റേന്ന് തന്നെ ഇതുപോലൊരു വെളുപ്പാന്‍ കാലത്ത് ബഹാമാസ് ക്രൂസിന് പോകാന്‍ പേരന്റ്‌സിനോടും അനിയന്‍മാരോടുമൊപ്പം മയാമി ഫ്‌ളൈറ്റിന് ക്യൂ നിന്ന കാര്യം അപ്പുവിന്റെ മനസ്സില്‍ ഓടിയെത്തി. അതിരാവിലെയുള്ള ധൃതി പിടിച്ചുള്ള ഒരുക്കം. എയര്‍പ്പോര്‍ട്ടിലേയ്ക്കുള്ള യാത്രയും ക്യൂ നില്‍ക്കലുമൊക്കെ എത്ര ആവേശകരമായിരുന്നു. ഇന്നിപ്പോള്‍, ഇവിടെ ഈ തണുത്ത വെളുപ്പാം കാലത്ത്….
കണ്‍വന്‍ഷന്റെ ആദ്യദിവസത്തെ ആദ്യമണിക്കൂറില്‍ത്തന്നെ അപ്പുവിന്റെ മൊബൈലില്‍ അമ്മയുടെ കോളെത്തി. ഉച്ചയൂണ് കഴിഞ്ഞാലുടനെ പില്‍പ്ലാനറില്‍ നിന്നും എടുത്തുകൊടുക്കേണ്ട ഗുളികയുടെ കാര്യവും വൈകിട്ടത്തെ ഇന്‍സുലിന്‍ ഇന്‍ജക്ഷന്റെ കാര്യവും പറഞ്ഞതിന്റെയൊപ്പം പ്രധാന 'ദൗത്യ' ത്തെപ്പറ്റിയും പ്രമീള ഓര്‍മ്മപ്പെടുത്തി. “അപ്പൂ, മീറ്റിംഗ് കഴിഞ്ഞാലുടനെ എന്തെങ്കിലും പറഞ്ഞ് ഡാഡിയെ റൂമിലേക്ക് കൊണ്ടുപോണം. അവിടെയുമിവിടെയും കറങ്ങിനില്‍ക്കാന്‍ സമ്മതിയ്ക്കരുത്.  യൂനോ, ഹീ ഹാസ് ടു ടേക്ക് ഓള്‍ ഹിസ് മെഡിക്കേഷന്‍സ്, ആന്റ് നീഡ്‌സ് ഇനഫ് സ് ലീപ്പ് ആനസ് വെല്‍, ഓക്കേ….?” താന്‍ ഓക്കെയാണെന്നോ കരയില്‍ പിടിച്ചിട്ട മീന്‍പോലെയിവിടെയിരിയ്ക്കുന്ന തന്റെ അവസ്ഥയെന്തെന്ന് അമ്മ ചോദിയ്ക്കാത്തതില്‍ അപ്പുവിന് നീരസം തോന്നി.
ഉച്ചയൂണ് കഴിഞ്ഞ് കണ്‍വന്‍ഷന്‍ ഹാളിലേക്ക് മടങ്ങാതെ ഹോട്ടല്‍ പരിസരത്ത് കൂടി കറങ്ങിനടന്ന അപ്പുവിനെ ഏറെ ആകര്‍ഷിച്ചത് അവിടത്തെ ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളായിരുന്നു. എഴുത്തുകാരെ അവരുടെ പാട്ടിന് വിട്ടിട്ട് അവന്‍ സ്വിമ്മിംഗ് പൂളിലേയ്ക്കിറങ്ങി അവിടെ കണ്ട കുട്ടികളോടൊപ്പം കളിച്ച് തിമിര്‍ത്താടി. മണിക്കൂറുകള്‍ കഴിഞ്ഞ് റൂമില്‍ തിരികെയെത്തിയപ്പോള്‍ മൊബൈലില്‍ കണ്ട അമ്മയുടെ മിസ്‌കോളുകളെ അപ്പു അവഗണിച്ചു. അത്താഴത്തിനു ശേഷം 'ടയേര്‍ഡ് ഡാഡീ, ഞാനുറങ്ങിക്കോട്ടെ' യെന്ന് ചോദിച്ചപ്പോള്‍ അച്ചന്റെ മുഖത്ത് കണ്ട തിളക്കം ആസ്വദിച്ചു കൊണ്ട് അവനുറങ്ങാന്‍ കിടന്നു.
മൊബൈല്‍ ഫോണ്‍ അമര്‍ത്തി ഓഫ് ചെയ്ത അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്ര്യം ആസ്വദിച്ചുകൊണ്ട് കൂട്ടുകാരുടെ മുറിയിലേക്ക് പോകുമ്പോള്‍ ബാലചന്ദ്രന്റെ മനസ്സില്‍ പ്രമീളയില്ലായിരുന്നു. വീണ് കിട്ടിയ സ്വാതന്ത്ര്യത്തിന്റെ രുചി ആവോളം ആസ്വദിച്ചുകൊണ്ട് രാവേറെ നീണ്ടുനിന്ന കാവ്യ-പാനീയ കൂട്ടായ്മയില്‍ അയാള് സജീവപങ്കാളിയായി. പിറ്റേന്ന് പകലന്തിയോളം അപ്പു സ്വിമ്മിംഗ് പൂളിലും പരിസരങ്ങളിലുമായി കറങ്ങി നടന്നു. സാഹിത്യമോ അച്ചന്റെ മെഡിക്കേഷനോ സ്വന്തം 'ദൗത്യ'മോ അമ്മയുടെ ഉത്കണ്ഠയോ അവനെ തീരെ അലട്ടിയില്ല. കളിയും കളിയുമായി രണ്ടാം ദിവസവും മൂന്നാം ദിവസവും അമ്മ ആസ്വദിച്ചു. റിജുവനേഷന്റെ നിര്‍വൃതിയില്‍ ബാലചന്ദ്രനും.
നാലാം ദിവസം രാവിലെ മടക്കയാത്രയ്ക്ക് ബാഗുകള്‍ അടുക്കിവയ്ക്കുമ്പോഴാണ് പില്‍ പ്ലാനര്‍ നിറഞ്ഞുതന്നെയിരിയ്ക്കുന്നത് അച്ഛനും മോനും ശ്രദ്ധിച്ചത്. ഒരു കുസൃതിച്ചിരിയോടെയത് ത്രാഷ് ബാഗിലേയ്‌ക്കെറിയുമ്പോള്‍ അപ്പുവിന്റെ കണ്ണുകള്‍ നിറയുന്നതും നിര്‍ത്താതെയവന്‍ തുമ്മുന്നതും ബാലചന്ദ്രന്‍ കണ്ടു. വേവലാതിയോടെയവനെ ആശ്വസിപ്പിയ്ക്കാനൊരുങ്ങുമ്പോള്‍ അപ്പു സമാധാനിപ്പിച്ചു- “ഡോണ്‍ട് വറി ഡാഡ്. ദിസീസ് ജസ്റ്റ് എ കോള്‍ഡ്. വെള്ളത്തില്‍ രണ്ട് മൂന്ന് ദിവസം അടുപ്പിച്ച് കിടന്ന് കളിച്ചതിന്റെ ഫലമാമ്. അയാം പെര്‍ഫക്ട്‌ലി ഓക്കെ…. വാല്‍സ്യലത്തോടെയവനെ വാരിപ്പുണരുമ്പോള്‍ ബാലചന്ദ്രന്‍ മകന്റെ ചെവിയില്‍ മന്ത്രിച്ചു: “അപ്പൂ അടുത്ത തവണ നമ്മള്‍ പോകുമ്പോള്‍ അമ്മയോട് പറയണം, പില്‍ പ്ലാനറില്‍ ജലദോഷത്തിനുള്ള കുറച്ച് മെഡിസിന്‍സ് കൂടി വയ്ക്കാന്‍, ഓക്കേ…!!””


പ്രമീളയുടെ വിലാപങ്ങള്‍-  (കഥ: ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക