Image

ഫൊക്കാനാ സെക്രട്ടറി സ്ഥാനാര്‍ഥി ഫിലിപ്പോസ് ഫിലിപ്പ്‌: മികവ്‌ തെളിയിച്ച പ്രവര്‍ത്തന പാരമ്പര്യം

Published on 24 June, 2014
ഫൊക്കാനാ സെക്രട്ടറി സ്ഥാനാര്‍ഥി ഫിലിപ്പോസ് ഫിലിപ്പ്‌: മികവ്‌ തെളിയിച്ച പ്രവര്‍ത്തന പാരമ്പര്യം
വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച കര്‍മ്മകുശലനാണ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌. അദ്ദേഹത്തെപ്പോലൊരാള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക്‌ വന്നാല്‍ അതു ഫൊക്കാനയ്‌ക്ക്‌ മാത്രമല്ല അമേരിക്കന്‍ മലയാളികള്‍ക്കും മുതല്‍ക്കൂട്ടാകും. (ഫോമക്കാര്‍ ശ്രദ്ധിക്കുക!)

എന്‍ജിനീയര്‍, മികച്ച വാഗ്മി തുടങ്ങി പല നേട്ടങ്ങളുടെ ഉടമയാണ്‌ ഈ അടൂര്‍ സ്വദേശി. മഹാരാഷ്‌ട്ര സ്റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ്‌ എന്‍ജിനീയറായിരിക്കെ 1989-ല്‍ യു.എസിലേക്ക്‌ കുടിയേറിയ ഫിലിപ്പോസ്‌ ഫിലിപ്പിന്റെ ആദ്യനടപടികളിലൊന്ന്‌ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷനില്‍ അംഗത്വമെടുക്കുക എന്നതായിരുന്നു.

പഠിച്ച ടി.കെ.എം. എന്‍ജിനീയറിംഗ്‌ കോളജിലെ യൂണിയന്‍ ചെയര്‍മാനായിരുന്ന പാരമ്പര്യം ഇവിടെയും തുടര്‍ന്നുവെന്നര്‍ത്ഥം. തുടര്‍ന്ന്‌ അസോസിയേഷനില്‍ പ്രസിഡന്റ്‌ പദം അടക്കം വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചു. ആല്‍ബനിയില്‍ നടന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു. കേരളാ എന്‍ജിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കയുടെ (KEAN) സ്ഥാപക സെക്രട്ടറി, പ്രസിഡന്റ്‌ സ്ഥാനങ്ങള്‍ വഹിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഉന്നതാധികാര സമിതിയായ സഭാ മാനേജിംഗ്‌ കമ്മിറ്റിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച ഫിലിപ്പോസ്‌ ഇപ്പോള്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗവും, ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗവുമാണ്‌. കൂടാതെ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ പബ്ലിക്‌ എംപ്ലോയീസ്‌ ഫെഡറേഷന്റെ ഡിവിഷന്‍ 312-ന്റെ സെക്രട്ടറിയും.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ പണ്ടത്തെപ്പോലെ ഇപ്പോഴും സജീവമാണെന്നു ഫിലിപ്പോസ്‌ ചൂണ്ടിക്കാട്ടുന്നു. അവയൊക്കെ കൊട്ടിഘോഷിച്ച്‌ നടക്കുന്നില്ല. കുറച്ചൊക്കെ കമ്യൂണിക്കേഷന്‍ ഗ്യാപ്പും ഉണ്ട്‌. അതു പരിഹരിക്കും. അതുപോലെ അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. ഇതിനായി ന്യൂസ്‌ ലെറ്റര്‍ തുടങ്ങിയ സംവിധാനം ഉണ്ടാക്കും.

ഫൊക്കാന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌ ഫോമയും നടത്തുന്നത്‌. ഓരോ സാരഥിയും ഓരോ പുതിയ പദ്ധതി കൊണ്ടുവന്നു. ഭാഷയ്‌ക്കൊരു ഡോളര്‍, കേരളത്തിലേക്ക്‌ മെഡിക്കല്‍ സപ്ലൈസ്‌ അയച്ചത്‌, കാന്‍സര്‍ പ്രൊജക്‌ട്‌, ജില്ലയ്‌ക്കൊരു കാല്‍ തുടങ്ങിയവ. കൂടാതെ വിസ-ഒ.സി.ഐ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.

എങ്കിലും സംഘന
കളില്‍ പഴയ ആവേശവും ഉത്സാഹവുമില്ല. പള്ളികളും സംഘടനകളും കൂടിയതാണ്‌ കാരണം.

സംഘടനയിലെ പിളര്‍പ്പ്‌ ഒഴിവാക്കാമായിരുന്നു എന്ന പക്ഷക്കാരനാണ്‌ ഫിലിപ്പോസ്‌. തുടക്കത്തിലെ നിയമാനുസൃതമല്ലാത്ത കാര്യങ്ങള്‍ നടന്നു. കോടതി വിധി വന്നപ്പോള്‍ ഇലക്ഷന്‍ നടത്തി ഒന്നിച്ചുപോകാമായിരുന്നു. സെക്രട്ടറി ആയാല്‍ യോജിപ്പിനുവേണ്ടി സ്ഥാനം ഉപേക്ഷിക്കാന്‍ വരെ തയാറാണ്‌ താനും. ഒന്നാകുന്നെങ്കില്‍ ഒന്നാകാം. ഫൊക്കാന എന്ന പേര്‌ സ്വീകരിക്കുന്നതാണ്‌ പ്രധാനം. ഐക്യത്തിനുവേണ്ടി കുറച്ചു ത്യാഗങ്ങള്‍ ചെയ്യണം. പക്ഷെ കൂടുതല്‍ പേര്‍ക്ക്‌ നേതാവാകാന്‍ സാധ്യത കിട്ടുന്നത്‌ ആരും ഇല്ലാതാക്കുമെന്നു തോന്നുന്നില്ല. എന്തായാലും സംഭവിക്കാനുള്ളത്‌ സംഭവിച്ചു.

അടുത്ത പ്രസിഡന്റ്‌ കാനഡയില്‍ നിന്ന്‌ ആകുന്നതുകൊണ്ട്‌ പ്രശ്‌നമൊന്നും വരാനില്ല. രണ്ടു രാജ്യങ്ങളിലും രണ്ടുതരം പ്രശ്‌നങ്ങളുണ്ടെങ്കിലും പ്രവാസികള്‍ എന്ന നിലയില്‍ ഒരേതൂവല്‍ പക്ഷികളാണ്‌ നാം. ഇവിടുത്തെ പ്രശ്‌നങ്ങള്‍ നോക്കാന്‍ ഇവിടെ നേതാക്കളുണ്ടല്ലോ.

നാടിനെ മറക്കുന്നില്ലെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇവിടെ കൂടുതലായി ചെയ്യേണ്ട സ്ഥിതിയുണ്ട്‌. നാട്ടിലുള്ളവര്‍ക്ക്‌ അമേരിക്കക്കാരെപ്പറ്റി വലിയ പ്രതീക്ഷകളുണ്ടെന്നത്‌ മറക്കുന്നില്ല. സഹായത്തിന്‌ സ്ഥിരം പദ്ധതിയും സ്ഥിരം ഫണ്ടും വേണം. ഇവിടെ 100 കൊടുക്കുന്ന സ്ഥാനത്ത്‌ നാട്ടില്‍ പത്തു മതിയെന്ന ഗുണമുണ്ട്‌. അല്ലറ ചില്ലറ സഹായത്തിനു പകരം കുറച്ചുപേരുടെ ജീവിതമെങ്കിലും ഉയര്‍ത്താന്‍ മാത്രമുള്ള സഹായമാണ്‌ നല്‍കേണ്ടത്‌.

കീന്‍ 40 എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മുഴുവന്‍ സ്‌കോളര്‍ഷിപ്പും നല്‍കുന്നുണ്ട്‌. മുമ്പ്‌ ഫൊക്കാനയും എസ്‌.എ.ടിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയവരെ ആദരിച്ചിരുന്നു.

ഒച്ചപ്പാടൊന്നുമില്ലെങ്കിലും ചിക്കാഗോ കണ്‍വന്‍ഷന്‍ അവിസ്‌മരണീയമായ അനുഭവമായിരിക്കുമെന്ന്‌ ഫിലിപ്പോസ്‌ പറഞ്ഞു. മികച്ച പ്രോഗ്രാമുകളാണ്‌ ഒരുങ്ങുന്നത്‌.

സംഘടനാ നേതൃത്വത്തില്‍ വരുന്നവര്‍ സമയവും കുറച്ചൊക്കെ പണവും വ്യയം ചെയ്യാന്‍ തയാറുള്ളവരായിരിക്കണം. അല്ലെങ്കില്‍ സംഘടന ശുഷ്‌കമായിപ്പോകും.

നേതൃത്വത്തില്‍ വന്നാല്‍ ഇപ്പോഴത്തെ നല്ല പദ്ധതികളൊക്കെ തുടരും. പുതിയവ ആവിഷ്‌കരിക്കും. എംബസി-കോണ്‍സുലേറ്റുകളുമായി നിരന്തര ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. അധികൃതര്‍ സംഘടനാ നേതാക്കളുമായി ഇടയ്‌ക്ക്‌ ആശയവിനിമയം നടത്തിയാല്‍ തന്നെ പല പ്രശ്‌നങ്ങളും തീരും. അമേരിക്കയിലെ മുഖ്യധാരാ രാഷ്‌ട്രീയക്കാരുമായി ബന്ധപ്പെടാനുള്ള വേദിയൊരുക്കുകയാണ്‌ മറ്റൊന്ന്‌. അതിനു യുവതലമുറയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌.

യുവജനതയ്‌ക്കായി സെമിനാറുകളും ജോബ്‌ ഫെയറുമൊക്കെ അത്യാവശ്യമാണ്‌. കീന്‍ വഴി പലരും ജോലി സമ്പാദിച്ചിട്ടുണ്ട്‌. അതില്‍ കൂടുതല്‍ ചെയ്യാന്‍ ഫൊക്കനയ്‌ക്കാകും.

പ്രവാസി പ്രശ്‌നങ്ങളെ നേരിടാന്‍ മുന്‍നിരയിലുണ്ടാകുമെന്ന്‌ ഫിലിപ്പോസ്‌ ഉറപ്പു പറയുന്നു. ഒളിച്ചോടിയതുകൊണ്ട്‌ കാര്യമില്ല.

ഫൊക്കാന പല കാര്യങ്ങളിലും മാതൃക കാട്ടിയത്‌ ഫിലിപ്പോസ്‌ എടുത്തുപറഞ്ഞു. യുവാവിനെ ജനറല്‍ സെക്രട്ടറിയും, വനിതയെ പ്രസിഡന്റും ആക്കിയതു തന്നെ തെളിവ്‌. സമൂഹത്തിലെ എല്ലാ വിഭാഗത്തിനും ഫൊക്കാനാ നേതൃത്വത്തില്‍ സ്ഥാനമുണ്ട്‌ എന്നതും ശ്രദ്ധേയം. വെറുതെയല്ല കേരളത്തില്‍ പരീക്ഷയ്‌ക്ക്‌ വരെ ഫൊക്കാനയെപ്പറ്റി ചോദ്യം വരുന്നത്‌. അതില്‍ താന്‍ അഭിമാനം കൊള്ളുന്നു.

ബ്രൂക്ക്‌ലിനിലെ പോളിടെക്‌നിക്ക്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ അലക്‌ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ്‌ ബിരുദമുള്ള ഫിലിപ്പോസ്‌ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിലെ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷനില്‍ ഉദ്യോഗസ്ഥനാണ്‌. ഭാര്യ ലിസി സ്റ്റേറ്റില്‍ പ്രൊഫഷണല്‍ എന്‍ജിനീയര്‍. രണ്ടു പുത്രന്മാര്‍. ഒരാള്‍ എന്‍ജിനീയറും ഒരാള്‍ ഡോക്‌ടറും.
ഫൊക്കാനാ സെക്രട്ടറി സ്ഥാനാര്‍ഥി ഫിലിപ്പോസ് ഫിലിപ്പ്‌: മികവ്‌ തെളിയിച്ച പ്രവര്‍ത്തന പാരമ്പര്യം
Join WhatsApp News
Aniyankunju 2014-06-25 14:09:20
The article fails to mention Philipose's [C.P.Philip] oratorical skills in Marathi language. Philip used to deliver speeches in Marathi in public meetings conducted in the remote towns of Maharashtra State while working as AE in MSEB in 1980s. What baffles me is 'how he finds time to prosecute all these multi-tasking activities'!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക