Image

ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്

Published on 24 June, 2014
ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്

മരുക്കാറ്റിനെ അതിജീവിക്കുന്ന എഴുത്തുകള്‍

മലയാള സാഹിത്യലോകത്ത് തേജാമയ സാന്നിദ്ധ്യമായി കടന്നുവന്ന് വായനക്കാരുടെ ഹൃദയത്തില്‍ ഒരു ഇരിപ്പിടം കണ്ടെത്തിയ എഴുത്തുകാരനാണഅ ബന്യാമിന്‍. ആടുജീവിതം എന്ന ഒരൊറ്റ നോവല്‍ മാത്രം മതി ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ കരുത്ത് അറിയാന്‍. എന്നാല്‍ അതുമാത്രമല്ല അദ്ദേഹത്തെ മലയാളത്തിലെ മികച്ച എഴുത്തുകാരുടെ പട്ടികയില്‍ പെടുത്താനുള്ള കാരണം. ആദ്യകാലാസമാഹാരമായ യൂത്തനേസിയ മുതല്‍ അവസാനം പുറത്തിറങ്ങിയ മനുഷ്യന്‍ എന്ന സഹജീവി വരെയുള്ള കഥകളും നോവലുകളും അദ്ദേഹത്തിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. മലയാളസാഹിത്യത്തില്‍ നിന്നും വായനയില്‍ നിന്നും അകന്നുപോയ അനേകരെ പുസ്തകങ്ങളിലേക്ക് മടക്കിക്കൊണ്ടുവന്നത് ബെന്യാമിനും ആടുജീവിതവുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് അത് എല്ലാ റിക്കോര്‍ഡുകളെയും ഭേദിച്ച് അതിന്റെ എഴുപത്തിയഞ്ചാം പതിപ്പിലാണ് എത്തിനില്‍ക്കുന്നത്. ലാളിത്യവും ആഖ്യാനചാരുതയുമാണ് വായനക്കാരെ ആടുജീവിതത്തിലേക്ക് അടുപ്പിച്ചത്.ബെന്യാമിന്റെ എല്ലാകഥകളിലും മനുഷ്യസ്‌നേഹത്തിന്റെ ഒരു അന്തര്‍ധാര പ്രവഹിക്കുന്നുണ്ട്. ജീവിതത്തെ വാറ്റിയെടുത്ത കഥകള്‍ എന്നുവേണമെങ്കില്‍ ബെന്യാമിന്റെ രചനകളെ ഒറ്റവാചകത്തില്‍ വിലയിരുത്താം.

സാഹിത്യപരമായ പാരമ്പര്യമോ പിന്തുടര്‍ച്ചയോ ഇല്ലാത്ത ഒരു ജീവിതസാഹചര്യത്തില്‍ നിന്നാണഅ. ബെന്യാമിന്‍ കഥാലോകത്തേക്ക് എത്തുന്നത്. സര്‍ഗ്ഗാത്മകതയെ എരിച്ചുകളയുന്നത് എന്ന് എപ്പോഴും പഴിപറയുന്ന പ്രവാസജീവിത്തിന്റെ ഭാരത്തിലാണ് അദ്ദേഹം ഏറെനാള്‍ കഴിഞ്ഞത്. പക്ഷേ ഇവയൊന്നും ഒരു എഴുത്തുകാരന്റെ പ്രതിഭയെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ലെന്ന് ബന്യാമിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. യൂത്തനേസിയ, പെണ്‍മാറാട്ടം, ഇ.എം.എസും പെണ്‍കുട്ടിയും എന്നിങ്ങനെ മൂന്ന് പ്രധാന കഥാസമാഹാരങ്ങളാണ് ബെന്യാമിന്റേതായി പുറത്തു വന്നിട്ടുള്ളത്. ഇപ്പോള്‍ ഇവയെല്ലാം ഒന്നുചേര്‍ന്ന് ഒരു സമ്പൂര്‍ണ്ണ സമാഹാരമായി ഡി.സി. ബുക്‌സ് പുറത്തിറക്കുകയും ചെയ്തിരിക്കുന്നു. പ്രണയം, രാഷ്ട്രീയം, പ്രവാസം എന്നിവയാണ് ബെന്യാമിന്റെ ചെറുകഥകളില്‍ കടന്നുവരുന്ന പ്രധാന പ്രമേയം വിദേശങ്ങളിലേക്ക് കുടിയേറിയ മലയാളിയുടെ ജീവിതം ഒരിക്കലും പ്രവാസമല്ലെന്നും അത് കുടിയേറ്റം മാത്രമാണെന്നും സമര്‍ത്ഥിക്കാനുള്ള ഒരു ശ്രമം ബെന്യാമിന്റെ കഥകളില്‍ കാണാം. മലയാളീ ജീവിതത്തിനു പുറത്തുള്ള ജീവിതങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ബന്യാമിന്‍ ഇത് സാധൂകരിക്കുന്നത്. ഗസാന്റെ കല്ലുകള്‍, കുമാരിദേവി, ആഡിഡ് അബാബ, ഇ.എം.എസും പെണ്‍കുട്ടിയും, ജാവേദ് എന്ന മുജാഹിദ് തുടങ്ങിയ കഥകള്‍ ഒക്കെയും ഈ വാദം അംഗീകരിക്കുന്നുണ്ട്. അതേ സമയം മനുഷ്യനന്മയില്‍ ഊന്നുന്ന നെടുമ്പാശ്ശേരി, ശത്രു, സറ്റയറിന്റെ മേമ്പൊടി കലര്‍ന്ന വാസ്തുപുരുഷന്‍, താവോ മനുഷ്യന്‍, കഴുതക്കഥ, രാഷ്ട്രീയ നിരീക്ഷണമുള്ള ലോംഗ് മാര്‍ച്ച്, അര്‍ജന്റീനയുടെ ജേഴ്‌സി, രണ്ട് പട്ടാളക്കാര്‍ ഒരു അറബിക്കഥയില്‍ പ്രണയത്തിന്റെ സിന്ദൂരം കലര്‍ന്ന പ്രണയസന്ധ്യകള്‍, അരുന്ധതി തുടങ്ങിയവ ബെന്യാമിന്‍ കഥകളിലെ വൈവിധ്യം എടുത്തുകാട്ടുകയും ചെയ്യുന്നു.

ബൈബിളിലെ ഒരു ചെറുകഥാസന്ദര്‍ഭത്തെ മനോഹരമായ ഒരു പ്രണയകാവ്യമാക്കി മാറ്റിയിരിക്കുന്ന കൃതിയാണ് ബെന്യാമിന്റെ ആദ്യ നോവല്‍ 'അബീശഗിന്‍' ശലോമോന്റെ അനശ്വരമായ ഒരു പ്രണയം ബൈബിളിന്റെ ഭാഷാചാതുരികൊണ്ട് ലേബനോനിലെ ദേവാദാരുപോലെ അലങ്കരിച്ചതിലൂടെ മലയാളത്തിന് എക്കാലത്തെയും മികച്ച ഒരു പ്രണയപുസ്തകമാണ്. ബെന്യാമിന്‍ സമ്മാനിച്ചത്.
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എന്ന നോവല്‍ ആക്ടടെ ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളുടെ വെളിച്ചത്തില്‍ ബൈബിളിലെ ക്രിസ്തുവിനെ മാറ്റിപ്പണിയുന്ന ഒരു നോവലാണ്. ഇതിലൂടെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലാത്ത മറ്റൊരു ക്രിസ്തുവിനെയും  യുദാസിനെയും പത്രോസിനെയും  തോമായെയും നാം കണ്ടുമുട്ടുന്നു.

വിഷയത്തിലെയും  ഭാഷയിലെയും വൈവിധ്യമാണ് ബന്യാമിന്റെ നോവലുകളുടെ അമ്പരിപ്പിക്കുന്ന ചാരുത. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലില്‍ എത്തുമ്പോള്‍ നാം അത് അതിന്റെ പൂര്‍ണ്ണതിയില്‍ ദര്‍ശിക്കുന്നു. ക്രിസ്ത്യന്‍ സഭയ്ക്കുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങളും പള്ളി വഴക്കുകളും മദ്ധ്യതിരുവിതാംകൂര്‍ ജീവിതത്തിന്റെ മൊഴിവഴക്കങ്ങളും വളരെ ഹാസ്യാത്മകമായ ഒരു ഭാഷയുടെ തെളിമയില്‍ എഴുതിയിരിക്കുന്ന നോവലാണത്.

ആടുജീവിതം ഇന്ന് ഓരോ മലയാളിക്കും മനപാഠമാണ്. അത്രത്തോളം ആ നോവല്‍ മലയാളി മനസിന്റെ ഭാഗമായിമാറിക്കഴിഞ്ഞിരിക്കുന്നു. ബന്യാമിന്‍ എന്ന എഴുത്തുകാരന്റെ സര്‍ഗ്ഗസിദ്ധിയത്രയും വെളിച്ചത്തുകൊണ്ടുവന്ന നോവലാണത്. പളപളപ്പിന്റെയും സുഖലോലുപതയുടെയും പര്‍ദയ്ക്കുള്ളില്‍ കിടന്നിരുന്ന ഗള്‍ഫ് മലയാളിയുടെ യഥാര്‍ത്ഥ ജീവിതകഥ പുറത്തുകൊണ്ടുവന്നു എന്നതാണഅ അതിന്റെ രാഷ്ട്രീയ പ്രധാന്യം. നമുക്ക് കെട്ടുകഥ എന്നു തോന്നുന്ന തരം ചില ജീവിതങ്ങള്‍  ഈ ഭൂമിയില്‍ ഉണ്ടെന്ന് അത് നമ്മോടു പറഞ്ഞു. നമ്മെക്കാള്‍ ദുരിതമനുഭവിക്കുന്നവര്‍ ഇവിടെയുണ്ടെന്ന് അത് നമുക്ക് കാണിച്ചു തന്നു. നിരവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളുമാണ് ആടുജീവിതം ബന്യാമിന് സമ്മാനിച്ചത്. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, നോര്‍ക്ക റൂട്ട്‌സ് പ്രവാസി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ് തുടങ്ങി പതിനഞ്ചോളം പുരസ്‌കാരങ്ങള്‍ ഈയൊരു നോവല്‍ നേടി. അത് ഇപ്പോള്‍ പത്താംക്ലാസ്സിലും കേരള, കാലിക്കറ്റ്, പോണ്ടിച്ചേരി, ഭാരതിയാര്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റികളും പാഠപുസ്തകമാണ്. ഇംഗ്ലീഷ്, തമിഴ്, കന്നട അറബിക് പരിഭാഷകള്‍ പുറത്തുവന്നു. അരഡസനിലധികം ഭാഷകളിലേക്കുള്ള വിവര്‍ത്തനങ്ങള്‍ നടക്കുന്നു. മലയാളഭാഷയുടെ കീര്‍ത്തി ലോകത്തിന്റെ  അതിരുകളോളം എത്തിക്കുന്നതിലും ആടുജീവിതം മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ മാന്‍ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രൈസിന്റെ പുരസ്‌കാരപ്പട്ടികയിലും ജെയ്പൂര്‍ സാഹിത്യോത്സവത്തില്‍ വച്ച് സമ്മാനിതമാകുന്ന ഡി.എസ്.സി. പ്രൈസ് ഫോര്‍ സൗത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അന്തിമപട്ടികയിലും പെടാന്‍ ആടുജീവിത്തിനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

കീര്‍ത്തികളും ബഹുമതികളും സമ്മാനിച്ച ഒരു കൃതിയ്ക്കുശേഷം എന്ത് എന്നതാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി. ഒരു യഥാര്‍ത്ഥ പ്രതിഭയ്ക്കു മാത്രമേ ആ വെല്ലുവിളി അതിജീവിക്കുവാന്‍ കഴിയൂ. നിഷ്പ്രയാസമാണ് ബന്യാമിന്‍ ആ വെല്ലുവിളിയെ മിറകടന്നത്. ആടുജീവിതം വന്ന് മൂന്നുവര്‍ഷം കഴിയും മുന്‍പേ ഭാഷയിലും വിഷയത്തിലും അവതരണത്തിലും ഒക്കെ ആടുജീവിതത്തെ മറികടക്കുന്നതും മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത പുതുമയുള്ളതുമായ മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ പുറത്തുവന്നു. ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ സ്വഭാവത്തില്‍ സമകാലിക ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളെ ഒപ്പിയെടുക്കുന്ന ഭാവസാന്ദ്രതയാണ് മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍.

അതിനുശേഷമാണ് കുറുംകഥകളുടെ സമാഹാരമായ മനുഷ്യന്‍ എന്ന സഹജീവി വരുന്നത്. അതിനിടെ അനുഭവം ഓര്‍മ്മ യാത്ര, ഇരുണ്ട വനസ്ഥലികള്‍ എന്നിങ്ങനെയുള്ള ലേഖനസമാഹാരങ്ങളും പുറത്തുവന്നു. ജീവിതത്തിന്റെ ഞെട്ടിക്കുന്ന നേര്‍ക്കാഴ്ചകളാണഅ ഈ സമാഹാരങ്ങള്‍ ഒക്കെയും നമുക്ക് മുന്നില്‍ വയ്ക്കുന്നത്.

വളരെക്കുറച്ച് പറഞ്ഞ് ഏറെ അനുഭവിപ്പിക്കുന്ന എഴുത്തുകാരനാണഅ ബന്യാമിന്‍. അദ്ദേഹത്തിന്റെ കഥകളിലെയും ഭാഷയിലേയും വൈവിധ്യം അമ്പരിപ്പിക്കുന്നതാണ്.

നാടോടിയെപ്പോലെ പുതിയ കഥാഭൂമികള്‍ തേടുന്നതാണ് ഈ എഴുത്തുകാരന്റെ നിര്‍വൃതി. ആധുനികതയുടെ വരണ്ട കാറ്റേറ്റ് മങ്ങിക്കിടന്നിരുന്ന മലയാള സാഹിത്യത്തെ വായനാവസന്തത്തിന്റെ പുല്‍മേടുകളിലേക്ക് നയിച്ച ഈ എഴുത്തുകാരന്‍ ഇപ്പോഴും തന്റെ സര്‍ഗ്ഗവൃത്തിയില്‍ മുഴുകിയിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ കുളനടസ്വദേശിയാണ് ബന്യാമിന്‍. ഏറെക്കാലം ബഹ്‌റൈനിലായിരുന്നു ജോലി. പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും തന്റെ സര്‍ഗ്ഗാത്മകത കണ്ടെത്താനും പരിപോഷിപ്പിക്കാനും കഴിഞ്ഞ ബന്യാമിന്‍ സമയരാഹിത്യത്തെക്കുറിച്ച് വിലപിക്കുന്ന ഈ ലോകത്തിനു ഒരു നല്ല പാഠപുസ്തമാണ്.


ഫോമാ സമ്മേളനത്തിലെ വിശിഷ്ടാതിഥി ബന്യാമിന്റെ കൃതികളിലേക്ക് ഒരെത്തിനോട്ടം: പ്രിന്‍സ് മാര്‍ക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക