Image

ഒബാമയുടെ പാക്‌ നയത്തിന്‌ വിമര്‍ശനം (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 23 November, 2011
ഒബാമയുടെ പാക്‌ നയത്തിന്‌ വിമര്‍ശനം (അങ്കിള്‍സാം വിശേഷങ്ങള്‍)
വാഷിംഗ്‌ടണ്‍: പാക്കിസ്‌ഥാനോടുള്ള അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ നയത്തിന്‌ റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ വിമര്‍ശനം. പാക്കിസ്‌ഥാന്‍ ലോകത്തിലെ ഏറ്റവും കലുഷിതവും അസ്‌ഥിരവുമായ രാജ്യങ്ങളിലൊന്നാണെന്ന്‌ അമേരിക്കയിലെ റിപബ്ലിക്കല്‍ പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു.

തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമെന്നാണ്‌ പ്രതിനിധി സഭയിലെ രഹസ്യാനേഷണ കമ്മിറ്റി അംഗം മിഷല്‍ ബാച്ച്‌മാന്‍ പാക്കിസ്‌ഥാനെ വിശേഷിപ്പിച്ചത്‌. `തെറ്റായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും അതേ സമയം അമേരിക്കയ്‌ക്ക്‌ അല്‍ക്വയ്‌ദെ സംബന്ധിച്ച്‌ രഹസ്യവിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന രാജ്യമാണ്‌ പാക്കിസ്‌ഥാന്‍. പാക്കിസ്‌ഥാനില്‍ തീവ്രവാദ സംഘടനകള്‍ പരിശീലന കേന്ദ്രങ്ങളുണ്‌ട്‌. പാക്കിസ്‌ഥാനിലെ 15 ആണവ കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ക്ക്‌ നുഴഞ്ഞുകയറാവുന്ന നിലയിലാണ്‌- മിഷല്‍ ബാച്ച്‌മാന്‍ പറഞ്ഞു.

അല്‍ക്വയ്‌ദയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കാര്യമായ സഹായമൊന്നും നല്‍കാത്ത പാക്കിസ്‌ഥാന്‌ അമേരിക്ക സാമ്പത്തിക സഹായം നല്‍കുന്നത്‌ തെറ്റാണെന്ന്‌ ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്‌ പെറി പറഞ്ഞു. പാക്കിസ്‌ഥാനിലുള്ള തീവ്രവാദ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച്‌ അക്രമണം നടത്തുന്നതിനെ ജോണ്‍ ഹണ്‍സ്‌മാനും ന്യൂട്ട്‌ ഗിന്‍ജ്‌റിച്ചും അനുകൂലിച്ചു. പാക്കിസ്‌ഥാനെ 21-ാം നൂറ്റാണ്‌ടിലെത്തിക്കുന്നതിന്‌ അമേരിക്കയുടെ സാമ്പത്തിക സഹായം സഹായിക്കുമെന്നും മിറ്റ്‌്‌ റോമ്‌നെ പറഞ്ഞു. ഇറാനു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയ ബറാക്‌ ഒബാമയുടെ തീരുമാനത്തെ അംഗങ്ങള്‍ പിന്തുണച്ചു. വിദേശ നയം സംബന്ധിച്ച്‌ പത്തു ദിവസത്തിനിടെ നടന്ന രണ്‌ടാമത്തെ ചര്‍ച്ചയില്‍ തീവ്രവാദ വിരുദ്ധ നിയമം, പാക്കിസ്‌ഥാന്‍, അഫ്‌ഗാനിസ്‌ഥാന്‍ എന്നീ വിഷയങ്ങളാണ്‌ മുന്നിട്ടു നിന്നത്‌.

വൈറ്റ്‌ ഹൗസ്‌ വെടിവയ്‌പ്‌: ഒര്‍ട്ടേഗ ഹെര്‍ണാണ്‌ടസിനെ കോടതിയില്‍ ഹാജരാക്കി

വാഷിംഗ്‌ടണ്‍: യുഎസ്‌ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിനു സമീപം നടന്ന വെയിവെയ്‌പ്പുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഓസ്‌കര്‍ ഒര്‍ട്ടെഗ ഹെര്‍ണാണ്‌ടസിനെ(21)തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കി. വാഷിംഗ്‌ടണിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ ഹെര്‍ണാണ്‌ടസിനെ ഹ്രസ്വമായ വിചാരണയ്‌ക്കുശേഷം വീണ്‌ടും ജയിലിലേക്ക്‌ അയച്ചു. കാലുകള്‍ ചങ്ങല കൊണ്‌ട്‌ ബന്ധിച്ചും കൈകളില്‍ വിലങ്ങണിയിച്ചുമാണ്‌ ഹെര്‍ണാണ്‌ടസിനെ കോടതിയില്‍ ഹാജരാക്കിയത്‌. വിചാരണ നടപടകള്‍ 15 മിനുട്ട്‌ മാത്രമെ ദീര്‍ഘിച്ചുള്ളു. പ്രതിയ്‌ക്ക്‌ മാനസിക വൈകല്യമുണ്‌ടെന്ന പരാതിയെത്തുടര്‍ന്ന്‌ ഇയാളെ പ്രാഥമിക മാനസിക പരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ ഉത്തരവിട്ട ജഡ്‌ജി അലന്‍ കേ കേസില്‍ തുടര്‍വാദം അടുത്ത തിങ്കളാഴ്‌ചത്തേക്ക്‌ മാറ്റി.

വൈറ്റ്‌ ഹൗസിനുനേരെ വെടിവെയ്‌പ്പ്‌ നടത്തിയ കേസില്‍ പെനിസില്‍വാനിയയിലെ ഒരു ഹോട്ടലില്‍ നിന്നാണ്‌ ഹെര്‍ണാണ്‌ടസിനെ കഴിഞ്ഞ ആഴ്‌ച പോലീസ്‌ അറസ്റ്റു ചെയ്‌തത്‌. ഒക്‌ടോബര്‍ 31 മുതല്‍ ഓസ്‌കര്‍ ഒര്‍ട്ടെഗ ഹെര്‍ണാണ്‌ടസിനെ കാണാനില്ലെന്ന്‌ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച വരെ ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വൈറ്റ്‌ ഹൗസിനു സമീപം വെടിവയ്‌പുണ്‌ടായ സംഭവത്തിനു ശേഷം ഇവിടെ നിന്ന്‌ അപ്രത്യക്ഷനായി. പിന്നീടച്‌ തിരിച്ചെത്തിയ ഹെര്‍ണാണ്‌ടസിനെ തിരിച്ചറിഞ്ഞ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ക്രിമിനല്‍ പശ്‌ചാത്തലമുള്ള ആളാണ്‌ ഹെര്‍ണാണ്‌ടസെന്ന്‌ പൊലീസ്‌ നേരത്തെ അറിയിച്ചിരുന്നു. ലഹരിമരുന്നു കേസുകള്‍ ഈ യുവാവിനെതിരെ നിലവിലുണ്‌ട്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമയോടുള്ള വിദ്വേഷമാണ്‌ വെടിവയ്‌പിനു പ്രേരിപ്പിച്ചതെന്നാണ്‌ പൊലീസ്‌ നിഗമനം.

സ്വവര്‍ഗാനുരാഗിയായ മുന്‍ സൈനികയെ വംശീയമായി അധിക്ഷേപിച്ചെന്ന്‌ പരാതി

ഡാളസ്‌: സ്വവര്‍ഗാനുരാഗിയായ മുന്‍ സൈനികയെ ഇന്ത്യന്‍ വംശജയായ നഴ്‌സ്‌ വംശീയമായി അധിക്ഷേപിച്ചെന്ന്‌ പരാതി. മാനസിക ചികിത്സയ്‌ക്കായി ഡാളസിലെ വിഎ മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടിയെത്തിയ മുന്‍ മറൈന്‍ ലാന്‍സ്‌ കോര്‍പറല്‍ എസ്‌തര്‍ ഗരറ്റൈ ആണ്‌ ഇന്ത്യന്‍ വംശയജയായ ലിന്‍സി പാണ്‌ഡിദുരൈക്കെതിരെ വിഎ മെഡിക്കല്‍ സെന്ററിനും ടെക്‌സാസ്‌ ബോര്‍ഡ്‌ ഓഫ്‌ നഴ്‌സിംഗിനും പരാതി നല്‍കിയത്‌. പാണ്‌ഡിദുരൈയെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഗാരറ്റൈയും സുഹൃത്ത്‌ ജെസീക്ക ജെഴ്‌സണും ഓണ്‍ലൈന്‍ വഴിയും പരാതി നല്‍കിയിട്ടുണ്‌ട്‌.

ന്യൂ ഓര്‍ലിയന്‍സ്‌ സ്വദേശിയായ ഗരറ്റൈ ഈവര്‍ഷമാദ്യമാണ്‌ ഡാളസിലേക്ക്‌ കുടിയേറിയത്‌. ഈ മാസം 12നാണ്‌ വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണത അടക്കമുള്ള മാനസിക സമ്മര്‍ദ്ദത്തിനും ചികിത്സ തേടി വിഎ മെഡിക്കല്‍ സെന്ററിലെത്തിയത്‌. താന്‍ ലെസ്‌ബിയാനാണെന്ന്‌ മെഡിക്കല്‍ സെന്ററിലെ നഴ്‌സായ ലിന്‍സി പാണ്‌ഡിദുരൈയെ അറിയിച്ചപ്പോള്‍ തന്നെ പാപിയെന്നും ഇപ്പോഴത്തെ തന്റെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം ഇതാണെന്നും പാണ്‌ഡിദുരൈ പറഞ്ഞതായി ഗരറ്റൈ പരാതിയില്‍ പറയുന്നു.

പാണ്‌ഡിദുരൈയുടെ അധിക്ഷേപങ്ങള്‍ കേട്ട്‌ ഒരുഘട്ടത്തില്‍ താന്‍ യുഎസ്‌ പൗരയല്ല വെറുമൊരു സ്വവര്‍ഗാനുരാഗി മാത്രമാണെന്ന്‌ തോന്നിപ്പോയെന്നും ഗരറ്റൈ പറയുന്നു. താങ്കള്‍ ഇരുട്ടിലാണ്‌ കഴിയുന്നതെന്നും ഇതില്‍ നിന്ന്‌ തിരിച്ചുവന്നില്ലെങ്കില്‍ നശിച്ചുപോകുമെന്നും പാണ്‌ഡി ദുരൈ പറഞ്ഞതായി ഗരറ്റൈ പരാതിയില്‍ പറയുന്നു. ആഗ്രഹിക്കുന്നുവെങ്കില്‍ തന്റെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറ്റിത്തരാമെന്നും പാണ്‌ടിദുരൈ വാഗ്‌ദാനം ചെയ്‌തുവെന്നും ഗരറ്റൈ മൂന്നു പേജുള്ള പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌. പരാതി ലഭിച്ചതായി വിഎ മെഡിക്കല്‍ സെന്റര്‍ വക്താവ്‌ പെന്നി കെര്‍ബി പറഞ്ഞു. ഇത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങള്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പരാതിയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായും കെര്‍ബി വ്യക്തമാക്കി.

കടം പരിശോധനാസമിതി റിപ്പോര്‍ട്ട്‌: റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കെതിരെ ഒബാമ

വാഷിംഗ്‌ടണ്‍: സാമ്പത്തികമാന്ദ്യ ഭീഷണിയെത്തുടര്‍ന്ന്‌ രൂപവത്‌കരിച്ച കടം പരിശോധനാ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ കമ്മി കുറയ്‌ക്കുന്നതിനായി മുന്നോട്ടുവെച്ചതിന്റെ ലക്ഷ്യത്തിന്റെ തൊട്ടടുത്തുപോലും എത്താതിന്‌ പിന്നാലെ സമിതിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമ രംഗത്തെത്തി. ഡെമോക്രാറ്റിക്ക്‌, റിപ്പബ്ലിക്കന്‍ കക്ഷികളുള്‍പ്പെടെയുള്ള 12 അംഗ സമിതിയാണ്‌ ദേശീയകമ്മി കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെ രൂപവത്‌കരിക്കപ്പെട്ടത്‌. എന്നാല്‍ കഴിഞ്ഞദിവസം പുറത്തുവന്ന സമിതി റിപ്പോര്‍ട്ടനുസരിച്ച്‌ കമ്മി കുറയ്‌ക്കുന്നതിന്റെ പ്രഖ്യാപിതലക്ഷ്യത്തിന്‌ അടുത്തുപോലും എത്തിയിട്ടില്ല. ഇതേത്തുടര്‍ന്നാണ്‌ സമിതിയിലെ റിപ്പബ്ലിക്കന്‍ അംഗങ്ങളെ ഒബാമ ശക്തമായ ഭാഷയില്‍ ശകാരിച്ചത്‌. സമിതിയില്‍ അഭിപ്രായ വ്യത്യാസമുണെ്‌ടന്ന്‌ നേരത്തേതന്നെ റിപ്പോര്‍ട്ടുകളുണ്‌ടായിരുന്നു. ഇതാണ്‌ സമിതി പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാതിരുന്നതിന്‌ കാരണമെന്ന്‌ പറയപ്പെടുന്നു.

രാജ്യത്ത്‌ നടപ്പാക്കാന്‍ ഉദേശിക്കുന്ന 60,000 കോടി ഡോളറിന്റെ ചെലവുകുറയ്‌ക്കല്‍ പദ്ധതിക്കെതിരെ നിയമനിര്‍മാണവുമായി സഭയില്‍ എത്തിയാല്‍ വോട്ടിലൂടെ എതിര്‍ക്കുമെന്നതില്‍ സംശയമില്ലെന്ന്‌ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍പാര്‍ട്ടിക്ക്‌ ഒബാമ മുന്നറിയിപ്പു നല്‍കി. പ്രതിരോധമേഖലയിലും പൊതു രംഗത്തും ചെലവഴിക്കേണ്‌ട തുകയാണ്‌ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ചെലവുചുരുക്കല്‍ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളില്‍ പലരും വിമുഖത കാട്ടുകയാണ്‌.

രണ്‌ടുശതമാനം വരുന്ന രാജ്യത്തെ പണക്കാരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്‌ടിയുള്ള നികുതികുറയ്‌ക്കല്‍ നിര്‍ദേശങ്ങളാണ്‌ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന്‌ ഒബാമ കുറ്റപ്പെടുത്തി. മാസങ്ങളുടെ പരിശ്രമത്തിനും കൂടിയാലോചനകള്‍ക്കും ശേഷം രൂപവത്‌കരിക്കപ്പെട്ട കടംപരിശോധനാ സമിതിയുടെ കണെ്‌ടത്തലുകള്‍ പ്രതീക്ഷിച്ച ഫലം കണ്‌ടില്ലെന്ന്‌ സമിതിയുടെ സഹചെയര്‍മാന്‍ കൂടിയായ കോണ്‍ഗ്രസ്‌ അംഗം ജെബ്‌ ഹെന്‍സര്‍ലിങ്‌ പറഞ്ഞു.2013 ജനവരിയോടെ നടപ്പാക്കേണ്‌ട 1.2 ലക്ഷം കോടി ഡോളറിന്റെ ചെലവുചുരുക്കല്‍പദ്ധതികളുടെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്‌ പദ്ധതിനടത്തിപ്പിനെ ബാധിക്കുമെന്നാണ്‌ കരുതുന്നത്‌.

ഇന്ത്യയുടെ വിവാദമാപ്പ്‌ അമേരിക്ക വെബ്‌സൈറ്റില്‍ നിന്ന്‌ നീക്കി

വാഷിംഗ്‌ടണ്‍: അതിര്‍ത്തിയും ഭൂപ്രദേശങ്ങളും തെറ്റായി രേഖപ്പെടുത്തിയ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഭൂപടം അമേരിക്കന്‍ ആഭ്യന്തരവകുപ്പ്‌ വെബ്‌സൈറ്റില്‍ നിന്ന്‌ നീക്കി. മാപ്പില്‍ പാക്‌ അധീന കശ്‌മീര്‍ പാക്കിസ്ഥാന്റെ ഭാഗമായാണ്‌ കാണിച്ചിരിക്കുന്നത്‌. ഇത്‌ വിവാദമായതിനെത്തുടര്‍ന്ന്‌ ഇന്ത്യാ അമേരിക്കന്‍ ആഭ്യന്തരവകുപ്പിനോട്‌ പ്രതിഷേധമറിയിച്ചിരുന്നു.

ഭൂപടം വരച്ചതിന്റെ പിഴവാണ്‌ കൃത്യതയില്ലായ്‌മയ്‌ക്ക്‌ കാരണമെന്ന്‌ വ്യക്തമാക്കിയ ആഭ്യന്തരവകുപ്പിന്റെ വക്താവ്‌ വിക്ടോറിയ നുലാന്‍ഡ്‌, മാപ്പ്‌ എവിടെനിന്ന്‌ ലഭിച്ചതാണെന്ന്‌ വ്യക്തമാക്കാന്‍ തയ്യാറായില്ല. തെറ്റായ മാപ്പ്‌ ചേര്‍ത്തത്‌ ബോധപൂര്‍വമല്ലെന്നും പിഴവില്ലാത്തതെന്ന്‌ ബോധ്യപ്പെടുന്ന മാപ്പ്‌ ലഭിക്കുന്ന പക്ഷം അത്‌ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക