Image

മടങ്ങാന്‍ ഒരുപിടി മണ്ണുള്ളവന്‍ പ്രവാസിയല്ല: ബന്യാമിന്‍

(ചിത്രങ്ങള്‍: അരുണ്‍ കോവാട്ട്‌) Published on 28 June, 2014
മടങ്ങാന്‍ ഒരുപിടി മണ്ണുള്ളവന്‍ പ്രവാസിയല്ല: ബന്യാമിന്‍
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: തിരിച്ചുപോകാന്‍ സ്വന്തമായ ഒരു നാടില്ലാത്തവനാണ്‌ പ്രവാസി. അത്തരം മനുഷ്യരെ താന്‍ ഗള്‍ഫില്‍ കണ്ടിട്ടുണ്ട്‌. അമേരിക്കയിലും ഗള്‍ഫിലുമുള്ള ആളുകള്‍ക്കൊക്കെ തിരിച്ചുചെല്ലാന്‍ ഒരുപിടി മണ്ണ്‌ കേരളത്തിലുണ്ട്‌. നാമൊക്കെ നാടുവിട്ടത്‌ ജീവിതത്തില്‍ ഉയര്‍ച്ച തേടിയാണ്‌- പ്രശസ്‌ത നോവലിസ്റ്റ്‌ ബന്യാമിന്‍ പറഞ്ഞു.

ഫോമാ സാഹിത്യ സമ്മേളനത്തില്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ നാട്ടിന്‍പുറത്തെ സാധാരണക്കാരന്റെ മനസ്‌ സൂക്ഷിക്കുന്ന കഥാകാരനെയാണ്‌ കണ്ടത്‌. വേഷത്തിലും ഭാവത്തിലും നാട്ടിന്‍പുറത്തിന്റെ ലാളിത്യം നിറഞ്ഞ മലയാളി.

സാഹിത്യമാണ്‌ തന്റെ ജീവിത നിയോഗം എന്നു മനസിലാക്കിയപ്പോള്‍ ഒന്നര വര്‍ഷം മുമ്പ്‌ ജീവിതോപാധിയായ ജോലി ഉപേക്ഷിച്ചു. അപകടകരമായ ഒരു തീരുമാനമാണെന്നറിയാം. എഴുത്തുകൊണ്ട്‌ മലയാളത്തില്‍ ജീവിക്കുക എളുപ്പമല്ല. പക്ഷെ മക്കളുടെ കാര്യമെല്ലാം കഴിഞ്ഞ്‌ എല്ലാം സ്വസ്ഥമായിക്കഴിഞ്ഞ്‌ എഴുതാമെന്നു കരുതിയാല്‍ അത്‌ നടക്കുകയില്ല.

മനോരമയുടെ ഗള്‍ഫ്‌ എഡിഷനില്‍ `ശത്രു' എന്ന കഥയാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌. അതിനു മുമ്പ്‌ സുഹൃത്തുക്കള്‍ക്ക്‌ അയയ്‌ക്കുന്ന കത്തുകളിലൂടെയാണ്‌ തന്റെ സാഹിത്യസപര്യ ആരംഭിക്കുന്നത്‌.

പത്തനംതിട്ടക്കാരനായ തനി നസ്രാണിയായ തന്റെ വീട്ടില്‍ സാഹിത്യത്തിന്റെ ലാഞ്ചന പോലുമില്ലായിരുന്നു. ഗള്‍ഫില്‍ ചെന്നശേഷമാണ്‌ ആഴത്തിലുള്ള വായനയിലേക്കും സാഹിത്യത്തിലേക്കും തിരിഞ്ഞത്‌.

ആദ്യകഥ മനോരമ വീക്ക്‌ലിക്കു പകരം ഭാഷാപോഷിണിയില്‍ വരണമെന്നു ആഗ്രഹിക്കാനാവില്ല. ഒരു കഥ പ്രസിദ്ധീകരിച്ചാല്‍ ജുബ്ബാ ഇട്ട്‌, എഴുത്തുകാരനായി എന്നു ഭാവിച്ച്‌ സ്വയം മുരടിക്കുന്നതും നന്നല്ല. ആദ്യ കഥയ്‌ക്കുശേഷം താനയച്ച കഥകളെല്ലാം അതേപടി തിരിച്ചെത്തി. ഒരു കഥ തിരിച്ചയച്ച മാതൃഭൂമി പത്രാധിപരായിരുന്ന സി. രാധാകൃഷ്‌ണന്റെ ഒരു കുറിപ്പും ഉണ്ടായിരുന്നു. `നിങ്ങളുടെ ഉള്ളില്‍ ഒരു കഥാകാരന്‍ ഉണ്ട്‌. നല്ല കഥയിലൊക്കെ പറയപ്പെടാത്ത ഒരു കഥ ഒളിച്ചിരിപ്പുണ്ട്‌. അതു മറക്കരുത്‌' ഇതാണ്‌ തനിക്ക്‌ ലഭിച്ച ഏറ്റവും വലിയ ഉപദേശം.

കഥകള്‍ തിരിച്ചുവരുന്നതില്‍ പരിതപിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്റെ കഥയ്‌ക്ക്‌ എന്തോ കുഴപ്പമുണ്ടെന്നാണ്‌ ഞാന്‍ കരുതിയത്‌. അതുകൊണ്ടുതന്നെ മെച്ചമായി എഴുതാന്‍ ശ്രമിക്കും. ഒരു പത്രാധിപരുമായും തനിക്ക്‌ ചങ്ങാത്തമില്ല. സാഹിത്യ അക്കാഡമി കാണുന്നതുപോലും അവാര്‍ഡ്‌ വാങ്ങാന്‍ ചെന്നപ്പോഴാണ്‌. അന്ന്‌ അക്കാഡമി ചെയര്‍ ആയിരുന്ന പി. വത്സല ചോദിച്ചത്‌ തൃശൂരില്‍ വീട്‌ എവിടെയാണെന്നാണ്‌. പത്തനംതിട്ടയിലെ റബ്ബര്‍പാല്‍ മണക്കുന്ന പരിതസ്ഥിതിയില്‍ നിന്നാണെന്നവര്‍ അറിഞ്ഞില്ല.

ഓരോ എഡിറ്ററും ഏറ്റവും നല്ല കഥ പ്രസിദ്ധീകരിക്കാന്‍ കാത്തിരിക്കുന്നവരാണ്‌. നമ്മുടെ കഥ പത്രാധിപരെ ത്രസിപ്പിക്കുന്നതായാല്‍ അതാണ്‌ വിശിഷ്‌ട കൃതി. കുറുക്കുവഴിയിലൂടെ സാഹിത്യകരാനാകാന്‍ ആര്‍ക്കും കഴിയില്ല. താത്‌കാലിക പ്രശസ്‌തി നേടാമെന്നുമാത്രം- ബന്യാമിന്‍ പറഞ്ഞു.

മലയാള മനോരമ ആഴ്‌ചപ്പതിപ്പ്‌ പത്രാധിപര്‍ കെ.എ. ഫ്രാന്‍സീസ്‌ ആടു ജീവിതം പോലെ ജീവിതാനുഭവങ്ങളില്‍ക്കൂടി കടന്നുപോയ സാഹിത്യകാരനാണ്‌ ബന്യാമിന്‍ എന്നു ചൂണ്ടിക്കാട്ടി. ഒരു ഇരട്ട നോവലിന്റെ പണിപ്പുരയിലാണ്‌ താനെന്നും അദ്ദേഹം പറഞ്ഞു.

ജോയ്‌സിയെപ്പോലെ ജനപ്രിയനായ ഒരു എഴുത്തുകാരന്‍ കേരളത്തിലില്ല. അദ്ദേഹത്തിന്റെ `മഴതോരും മുമ്പ്‌' കാല്‍പനികതയുടെ അപൂര്‍വ ഭാവങ്ങള്‍ ആവിഷ്‌കരിക്കുകയാണ്‌. അത്‌ വായനക്കാരനെ പിടിച്ചിരുത്തുന്നു. മുഖ്യാധാര അംഗീകരിച്ചില്ലെങ്കിലും ജനം അംഗീകരിച്ചു എന്നതാണ്‌ ജോയ്‌സിയുടെ സൃഷ്‌ടികളുടെ പ്രത്യേകത.

കെ. ആര്‍. മീരയുടെ ആരാച്ചാറും പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്‌ടിക്കുന്ന നോവലാണ്‌. പ്രിന്‍സ്‌ മാര്‍ക്കോസ്‌ കോര്‍ഡിനേറ്ററായിരുന്നു.
മടങ്ങാന്‍ ഒരുപിടി മണ്ണുള്ളവന്‍ പ്രവാസിയല്ല: ബന്യാമിന്‍മടങ്ങാന്‍ ഒരുപിടി മണ്ണുള്ളവന്‍ പ്രവാസിയല്ല: ബന്യാമിന്‍
Join WhatsApp News
manju 2014-06-28 09:55:52
അതൊരു പുതിയ  അർഥം ആണല്ലോ?തിരിച്ചു പോകാൻ ഒരു പിടി മണ്ണ് ഇല്ലാത്തവനെ ദരിദ്രവാസി എന്നെ പറയുള്ളൂ'.സ്വന്തം എന്ന് പറയാൻ എന്തെങ്ങിലും ആഗ്രഹിക്കുന്ന പാവം മാനുഷരേ വഴി തെറ്റിക്കാൻ ആണോ ഇവരെ ഒക്കെ മൈക്ക് കൊടുത്തു നിർത്തുന്നത്.സംഭവാമി യുഗേ യുഗേ.പാവം പ്രവാസി !



 
Kunjunni 2014-06-28 21:53:21
"തിരിച്ചു പോവാൻ സ്വന്തമായി ഒരു നാടില്ലാത്തവനാണ്‌", പ്രവാസിയെന്നും "മടങ്ങാൻ ഒരു പിടി മണ്ണുള്ളവൻ പ്രവാസിയല്ലെന്നും", പറയുന്നത് ശരിയായി തോന്നുന്നില്ല. 'പ്രവാസി'യുടെ അർത്ഥം എഴുതിയിരിക്കുന്നതും അങ്ങനെയല്ല. തിരിച്ചു മടങ്ങാൻ നാടില്ലാതെ, ഉറ്റവരും, ഉടയോനുമില്ലാതെയും ഒറ്റപ്പെട്ടുപോയ അവസ്ഥയിൽ കുടുങ്ങിയവർ ഗൾഫിൽ മാത്രമല്ല അമേരിക്കയിലും ധാരാളം ഉണ്ട്. ജന്മനാട്ടിൽത്തന്നെയുണ്ട്‌! കേരളത്തിൽ നിന്നുണ്ട്, ഇന്ത്യയിൽ നിന്നുതന്നെ മറ്റു ഭാഗങ്ങളിൽ നിന്നുണ്ട്, അനേക രാജ്യങ്ങളിൽ നിന്നുണ്ട്.

ആരാരുമില്ലാത്ത അവസ്ഥയിൽ തള്ളപ്പെട്ട കുഞ്ഞുങ്ങളെ സംരക്ഷിക്കാനെന്നു പറഞ്ഞു കൊണ്ടുവന്നു, പിന്നീട്‌ വലിച്ചെറിയപ്പെട്ടു (രക്ഷപെട്ടു) എന്നാൽ തിരിച്ചു മടങ്ങാൻ നിവൃത്തിയില്ലാത്ത മേൽപ്പറഞ്ഞ സാഹചര്യത്തിൽപ്പെട്ട വരെ അറിയാം. അവർ അമേരിക്കയിൽ ഉണ്ട്, ഇന്ത്യയിൽ ഉണ്ട്.

സ്വന്തമായി ഭൂമിയില്ല, എന്നാൽ മെച്ചമായ, ഉയർന്ന സാമ്പത്തിക സൗകര്യത്തിൽ ജീവിക്കുന്ന, രണ്ടുമൂന്നു 'ഗേൾ ഫ്രണ്ടുകൾ' ഒഴിച്ചാൽ വേറെ ആരുമില്ലാത്ത, കൂടെ ജോലി ചെയ്യുന്ന ഒരാഫ്രിക്കൻ-അമേരിക്കൻ സുഹൃത്തിനു ആഫ്രിക്കയിൽ ആരുമില്ല. അങ്ങോട്ടു പോകാനേ
അയാൾക്കു താല്പ്പര്യമില്ല!

അമേരിക്കയിലേക്ക് വിസയില്ലാതെ കടന്ന സൗത്ത് അമേരിക്കൻ - ഇല്ലീഗൽ - സ്പാനിഷ് യുവതിയുടെ രണ്ടു വയസ്സ് പ്രായമുണ്ടായിരുന്ന മകൾ, മാതാവ് ആകസ്മികമായി മരണമടഞ്ഞപ്പോൾ, സന്താപം തോന്നി ആ കുഞ്ഞിനെ രക്ഷിക്കാൻ അതിനെ ഏറ്റെടുത്തു വളർത്തി ഒരമേരിക്കൻ കുടുംബം. പക്ഷെ, ആ കുട്ടി പിന്നീടു പ്രായപൂർത്തിയായപ്പോൾ കേസു നടത്തേണ്ടി വന്നു അവരിൽ നിന്ന് വിടുതൽ കിട്ടാൻ! സ്വതന്ത്രയാവാൻ! ലോക പരിജ്ഞാനമില്ലാതെ പുറത്തു ചാടിയ ചെറുപ്പക്കാരിയായ അവൾ തുടർന്നു പലവിധ യുവാക്കളുടെ ഇരയായി, താറുമാറായി. ഒരു സർക്കാർ ജോലി കിട്ടിയതുകൊണ്ട് കഷ്ടിച്ചൊരു പുനർജീവിതം നേടി ഏതാണ്ട് സുഖമായി ജീവിച്ചു പോരുന്നതു ഇപ്പോഴും ഞാൻ കാണുന്നു! (സ്വയം യാതൊരു മടിയും കാട്ടാതെ കൂടെ ജോലി ചെയ്യുന്നവരോടു പറഞ്ഞ കഥ!) പ്രവാസി തന്നെ ഒരു മ ണ്ണൂമില്ലാ, കുടുംബവമുമില്ല! അമേരിക്കാ... മുകളിൽ ആകാശം, താഴെ ഭൂമി...അതൊരു ജീവിതമല്ലാ?

എന്തിനാണ് ഒരു പിടി സ്വന്തം മണ്ണ് ഒരിടത്ത്? എന്തിനാണ് വാസ്തവത്തിൽ മാഞ്ഞുമറയുന്ന കുടുംബ ബന്ധങ്ങൾ? ദയവായി, ചിന്തിക്കാൻ കഴിവുള്ളവർ മാത്രം മറുപടി പറയൂ... ദൈവത്തെ പിടിക്കൂ എന്നു പറയരുത്... അതറിയാം.    

ചുരുക്കത്തിൽ, വീടും കുടുംബവും എന്നതു വെറും സങ്കൽപ്പം മാത്രം! മരിക്കുമ്പോൾ, ജനിച്ചു വന്നപോലെ, മരിക്കുമ്പോൾ എവിടെയോ മറയുന്നു മനിതൻ!  മണ്ണു വേണോ, പെണ്ണു വേണോ, മനോഹരമായിപ്പറയുന്ന ജീവിതം വേണോ എന്നതെല്ലാം ഒരു മിഥ്യ മാത്രം!

Truth man 2014-06-29 14:35:59
Bennyamen is a good writer I agreed with that but the definition of pravasi is wrong
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക