Image

പൈന്‍മരക്കാടുകള്‍ക്കുള്ളില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 24 - ജോര്‍ജ്‌ തുമ്പയില്‍)

Published on 28 June, 2014
പൈന്‍മരക്കാടുകള്‍ക്കുള്ളില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 24 - ജോര്‍ജ്‌ തുമ്പയില്‍)
വാഗമണ്‍ കേരളത്തിന്റെ പറദീസയാണെന്ന്‌ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. എത്രമാത്രം വൈവിധ്യങ്ങളാണ്‌ ഓരോ വളവിലും പ്രകൃതി സഞ്ചാരിക്കായി ഒരുക്കിവച്ചിരിക്കുന്നത്‌. ഓരോന്നും ഒന്നിനൊന്ന്‌ വ്യത്യസ്‌തം. കാഴ്‌ചകളുടെ പൂരപ്പറമ്പായി മാറുകയാണ്‌ വാഗമണ്‍ എന്നു ഒരു നിമിഷം പോയി. ഇതു കാണാന്‍ ഇത്ര വൈകിയതിലാണ്‌ ഗദ്‌ഗദം തോന്നിയത്‌. അതു തന്നെ കുരുവിളയും പറഞ്ഞു. അനിര്‍വചനീയമായ അനുഭൂതി പോലെ, ഇടയ്‌ക്ക്‌ ചെറു തണുപ്പും, കോടമഞ്ഞും. ഒപ്പം, സഞ്ചാരത്തിന്റെ പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖവും ഞങ്ങളെ പൊതിഞ്ഞു നിന്നു.

വാഹനം മെല്ലെയായിരുന്നു നീങ്ങിയത്‌. പൈന്‍മരക്കാട്ടിലേക്കാണ്‌ ഞങ്ങളുടെ യാത്ര. പൈന്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടെ ഈ ഭാഗത്തു മാത്രമാണേ്രത പൊക്കമേറിയ മരങ്ങള്‍ വളര്‍ന്നിട്ടുള്ളത്‌. മരങ്ങള്‍ എല്ലായിടത്തും വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും പ്രകൃതി അതിനു തടസ്സം നില്‍ക്കുകയായിരുന്നുവെന്ന്‌ ജറോം പറഞ്ഞു. മൊട്ടക്കുന്നുകളെ സംരക്ഷിച്ചു, ഷെയ്‌പ്പ്‌ ഒപ്പിച്ചു നിര്‍ത്താന്‍ താഴ്‌ന്നു പറക്കുന്ന കാറ്റുകള്‍ വന്മരങ്ങളെ പിഴുതു കളയുകയാണ്‌ ചെയ്യുന്നത്‌. ഓരോയിടത്തുമുണ്ട്‌ പ്രകൃതിയുടെ ഈ സംരക്ഷണകവചം.

വണ്ടി പാര്‍ക്ക്‌ ചെയ്‌ത്‌ ഞങ്ങള്‍ പൈന്‍മരക്കാടുകളിലേക്ക്‌ ഇറങ്ങി. കുട്ടികളാണ്‌ ഉത്സാഹത്തോടെ താഴേയ്‌ക്ക്‌ ഓടിയിറങ്ങിയത്‌. ഞാനും ജറോമും കുരുവിളയും അടങ്ങുന്ന പുരുഷനിര പിന്നാലെയിറങ്ങി. ഒരു വന്യമായ അനുഭൂതിയായിരുന്നു ഞങ്ങളെ കാത്ത്‌ അവിടെയുണ്ടായിരുന്നത്‌. കടുത്ത ചൂടില്‍ നിന്നും പെട്ടെന്ന്‌ ഫുള്‍ സ്വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന എ.സി മുറിയിലേക്ക്‌ കടന്നു വന്നാലെങ്ങനെയിരിക്കും ? ഏതാണ്ട്‌ അതു പോലൊരു കാലാവസ്ഥാ മാറ്റം ഞങ്ങള്‍ അനുഭവിച്ചു. എല്ലാ മരത്തിനും ഏതാണ്ട്‌ ഒരേ ആകൃതി. അടിവാരത്ത്‌ നല്ല ഭംഗിയുള്ള ഒരു ജലനിരപ്പ്‌. അവിടം വരെ ഇറങ്ങിയില്ല. തിരിച്ച്‌ കയറ്റം കയറണമല്ലോ എന്നായിരുന്നു മനസ്സില്‍. ഞങ്ങള്‍ ഇരിക്കാന്‍ പാകത്തിനുള്ള ഒരു തട്ടു നോക്കി ഇരുന്നു. പൈന്‍മരക്കാടുകളില്‍ ഇരുന്ന്‌ മുകളിലേക്ക്‌ നോക്കിയാല്‍ മാനം കാണുകയില്ല. എന്നാല്‍ സൂര്യരശ്‌മികള്‍ പൈന്‍ ഇലകളെ കബളിപ്പിച്ച്‌ താഴേയ്‌ക്ക്‌ അരിച്ചിറങ്ങുന്നു. സഞ്ചാരികള്‍ ഏറെയുണ്ടായിരുന്നു കാടിനുള്ളില്‍. ചിലര്‍ ശബ്ദം മുഴക്കി എക്കോ പരീക്ഷിക്കുന്നു. ഞങ്ങള്‍ അല്‍പ്പം കൂടി താഴേയ്‌ക്ക്‌ ഇറങ്ങി. കരിങ്കല്ല്‌ പാകിയിട്ടുണ്ട്‌. മഴക്കാലത്ത്‌ അല്ലെങ്കില്‍ നല്ല വഴുക്കല്‍ ഉണ്ടായേക്കാം. അത്രയ്‌ക്ക്‌ മൃദുവായ മണ്ണാണിവിടെയുള്ളത്‌. മണ്ണില്‍ മെത്തവിരിച്ചിട്ടുള്ളതു പോലെ പൈന്‍മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു കിടക്കുന്നു. ചിലയിടത്ത്‌ മരങ്ങള്‍ തൊലി പൊഴിച്ചിട്ടിരിക്കുന്നതും കണ്ടു. വാസ്‌തവത്തില്‍ പൈന്‍മരങ്ങള്‍ കേരളത്തിന്റെ സ്വന്തമല്ല. ഇത്‌ യൂറോപ്യന്മാര്‍ കപ്പലില്‍ കൊണ്ടു വന്നതാണ്‌. തീരപ്രദേശങ്ങളിലെ കടലാക്രമണത്തിനും ശക്തിയായ കാറ്റ്‌ ഉള്ളിടത്തുമൊക്കെയാണ്‌ ആദ്യം ഇത്‌ വളര്‍ത്തിയെങ്കിലും പിന്നീടിത്‌ പേപ്പര്‍ നിര്‍മ്മാണത്തിനു വേണ്ടി വ്യാപകമാക്കിയിട്ടുണ്ട്‌. ഹൈറേഞ്ച്‌ മേഖലയില്‍ പ്രത്യേകിച്ച്‌ അപ്പര്‍ മൂന്നാര്‍ പ്രദേശങ്ങളിലെ വനമേഖലയില്‍ പൈന്‍മരങ്ങള്‍ ധാരാളമായി കാണാമെന്നു ജറോം പറഞ്ഞു. എന്നാല്‍ അതിനൊന്നും ഇത്ര ഭംഗിയുമില്ല, വൃത്തിയുമില്ല, സഞ്ചാരികള്‍ക്ക്‌ അപ്രാപ്യവുമല്ല. അതു തന്നെയാണ്‌ വാഗമണ്‍ പൈന്‍മരക്കാടുകളുടെ പ്രത്യേകതയും.

തണുപ്പിനു കട്ടി കൂടി വരുന്നതു പോലെ തോന്നി. താഴേയ്‌ക്ക്‌ ഇറങ്ങും തോറും മൂടല്‍ മഞ്ഞ്‌ നിറഞ്ഞ കോട മുകളിലേക്ക്‌ ഞങ്ങളെ സ്വീകരിക്കാന്‍ എത്തുന്നതും കണ്ടു. ആവശേത്തോടെ, കുട്ടികള്‍ മുകളിലേക്ക ്‌കയറി വരുന്നു. ഇതാണ്‌ സ്വര്‍ഗം, കേരളത്തിന്റെ സ്വന്തം സ്വര്‍ഗമെന്ന്‌ കുരുവിള പറഞ്ഞു. ഇത്തരം സ്ഥലങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടാണല്ലോ, നമ്മള്‍ കാണാതെ പോയതെന്നായിരുന്നു ജറോമിന്റെ കമന്റ്‌. എനിക്കും അതു തന്നെ തോന്നി. എത്രയോ സ്ഥലങ്ങള്‍ കേരളത്തിനുള്ളില്‍ തന്നെയുണ്ട്‌. ഇതൊന്നും കാണാതെയാണ്‌ എല്ലാവരും ബാംഗ്ലൂര്‍ക്കും കൊടൈക്കനാലിനും ഊട്ടിക്കും വണ്ടികയറുന്നത്‌. കണ്ടിട്ടും കണ്ടിട്ടും മതിവരാത്തതു പോലെ. ഇത്തിരി നേരം, മാനം നോക്കി അവിടെ മലര്‍ന്നു കിടന്നു. അപ്പോഴേയ്‌ക്കും മുകളില്‍ നിന്നും സ്‌ത്രീജനങ്ങളുടെ വിളി വന്നു. മുകളിലേക്ക്‌ കയറുമ്പോള്‍ ജറോം പറഞ്ഞു, ഈ കാണുന്ന പൈന്‍ മരത്തിന്റെ പള്‍പ്പ്‌ ഉപയോഗിച്ചാണ്‌ കറന്‍സി നോട്ടുകള്‍ നിര്‍മിക്കുന്നതത്രെ!

ഞങ്ങളെ മറി കടന്ന്‌ ഒരു ഷൂട്ടിങ്‌ സംഘം താഴേയ്‌ക്ക്‌ ഇറങ്ങിപ്പോകുന്നതു കണ്ടു. നമ്മള്‍ ഊട്ടിയെന്ന മട്ടിലൊക്കെ കാണുന്ന പാട്ടു സീനുകളുടെ പല ലൊക്കേഷനും ഒരു പക്ഷേ ഇതൊക്കെ തന്നെയായിരിക്കുമെന്നു കുരുവിള പറഞ്ഞു. മുകളില്‍ നിന്നു നോക്കുമ്പോള്‍ ഒരു പ്രത്യേക ഭംഗി, ഉള്ളിലേക്ക്‌ കയറി നോക്കുമ്പോള്‍ അതിനേക്കാള്‍ ഭംഗി, പിന്നെ സുഖശീതളിമയുടെ മറ്റൊരു അനിര്‍വചനീയമായ അനുഭൂതിയും.

ഈ മനോഹരമായ ഭൂപ്രദേശങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പെടാതെ കിടക്കുകയായിരുന്നു, അല്‍പ്പകാലം മുന്‍പു വരെ എന്നതായിരുന്നു വാസ്‌തവം. ആകെ ഉണ്ടായിരുന്നത്‌ ഇന്‍ഡോസ്വിസ്‌ പ്രോജക്ടിന്റെ കന്നുകാലി വളര്‍ത്തു കേന്ദ്രം മാത്രമായിരുന്നു. വിനോദസഞ്ചാര മാപ്പില്‍ വാഗമണ്‍ സ്ഥാനം പിടിക്കുകയും പത്ര മാധ്യമങ്ങളിലൂടെ പ്രശസ്‌തി മനസ്സിലാക്കുകയും ചെയ്‌തതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക്‌ വര്‍ദ്ധിച്ചു. പൈന്‍ മരക്കാടുകള്‍ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ്‌. 20 വര്‍ഷത്തില്‍ ഒരിക്കല്‍ വെട്ടിമാറ്റുന്ന ഇതിന്റ പള്‍പ്പ്‌ ഉപയോഗിച്ചാണ്‌ കറന്‍സി അച്ചടിക്കാനുളള പേപ്പര്‍ നിര്‍മ്മിക്കുന്നത്‌. പൈന്‍ മരക്കാടുകള്‍ക്കടുത്താണ്‌ നേരത്തെ ഇന്‍ഡോസ്വിസ്‌ പ്രോജക്ട്‌ സ്ഥിതി ചെയ്‌തിരുന്നത്‌. ഇപ്പോള്‍ ഈ കെട്ടിടങ്ങള്‍ ടൂറിസ്റ്റ്‌ റിസോര്‍ട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി കാര്‍ഷികകോളേജും സ്ഥാപിതമായി.

ഞങ്ങള്‍ പൈന്‍മരക്കാടുകള്‍ക്ക്‌ മുകളില്‍ വന്നു. ഞങ്ങളെയും പ്രതീക്ഷിച്ച്‌ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്‌തു നിര്‍ത്തിയിരിക്കുന്നു. കയറ്റം കയറിയതിന്റെ ചെറുക്ഷീണം മനോഹരമായ കാലാവസ്ഥയില്‍ അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെ പോയി. ചെറു കാറ്റിനെ കടന്ന്‌ ഞങ്ങള്‍ ഇന്‍ഡോസ്വിസ്‌ പ്രൊജെക്‌റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക്‌ തിരിഞ്ഞെങ്കിലും അവിടെ ആരോഗ്യ പ്രതിരോധ പ്രശ്‌നങ്ങളുടെ ഭാഗമായി സന്ദര്‍ശനം വിലക്കപ്പെട്ടിരിക്കുകയാണെന്നു സെക്യൂരിറ്റി പറഞ്ഞു. പിന്നെ ഞങ്ങള്‍ ആദ്യം കണ്ട നാടന്‍ ചായകടയ്‌ക്കു മുന്നില്‍ വാഹനം നിര്‍ത്തി. നല്ല പഴം പൊരിയും ചായയും കുരുവിളയുടെ വക സ്‌പോണ്‍സേര്‍ഡ്‌. നാടന്‍ വിറകില്‍ തിളച്ചു മറിയുന്ന എണ്ണയില്‍ പൊന്തികിടക്കുന്ന പഴം പൊരിയുടെ മണം രണ്ടെണ്ണം കൂടി അകത്താക്കാന്‍ പര്യാപ്‌തമായിരുന്നു. കൊളസ്‌ട്രോള്‍ കൊടി പൊക്കിയേക്കുമെന്നു ഭയന്ന്‌ ഒരെണ്ണത്തില്‍ നിര്‍ത്തിക്കളഞ്ഞു.

ഇനി കുരിശുമല കയറ്റമാണ്‌, ശേഷം കോലാഹലമേട്ടിലെ തങ്ങള്‍പാറയും കണ്ട്‌ ഒരു മടക്കം. എല്ലാവരും ഉന്മേഷഭരിതരായി. വണ്ടി കുരിശുമലയ്‌ക്ക്‌ അരികിലേക്ക്‌ നീങ്ങി.

(തുടരും)
പൈന്‍മരക്കാടുകള്‍ക്കുള്ളില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി: 24 - ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക