Image

ഫോമയുടെ അരങ്ങുണര്‍ന്നു; ആയിരങ്ങളെത്തി

(ചിത്രങ്ങള്‍: അരുണ്‍ കോവാട്ട്) Published on 27 June, 2014
ഫോമയുടെ അരങ്ങുണര്‍ന്നു; ആയിരങ്ങളെത്തി
വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: വാലിഫോര്‍ജ് കാസിനോ റിസോര്‍ട്ടിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ ദീപം തെളിയിച്ചതോടെ മൂന്നുദിവസത്തെ കണ്‍വന്‍ഷന് ഔപചാരിക തുടക്കമായി.

സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് എത്താന്‍ വൈകിയതിനാല്‍ ഉദ്ഘാടനം നിര്‍വഹിച്ച മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് എം.പി ഇന്ത്യയിലെ ജനവിധിയും സുഗമമായ അധികാര കൈമാറ്റവും പരാമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മാതൃകയായ ഭാരതം മാറുന്ന കാഴ്ചയാണ് അതുവഴി ലോകം കണ്ടത്.

വിദൂരത്തിരുന്നും ഇന്ത്യയുടെ ഓരോ ചലനവും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നവരാണ് പ്രവാസികള്‍. ആയിരക്കണക്കിന് മൈല്‍ അകലെ നിന്നു ജീവിതത്തിനുള്ള വഴിതേടി വര്‍ഷങ്ങള്‍ക്കു മുമ്പ് കടന്നുവന്നവരാണ് മലയാളികളും അവരുടെ പിന്‍മുറക്കാരും. തങ്ങളുടെ സംസ്കാരവും സാമൂഹിക പശ്ചാത്തലവും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ എക്കാലവും അമേരിക്കന്‍ ജീവിതരീതിയുമായി രമ്യപ്പെട്ട് നല്ല ജീവിതം കെട്ടിപ്പെടുത്തിരിക്കുന്നു.

മലയാളികളുടെ സംഘടനാ പാടവത്തിനുള്ള തെളിവാണ് ഈ സമ്മേളനം. മലയാളികളുടെ സ്വതസിദ്ധമായ കഴിവുകള്‍ ഏറെയാണെങ്കിലും പലപ്പോഴും ഒന്നിച്ചുപോകുവാന്‍ ആകുന്നില്ല. അതുമൂലം നമ്മുടെ ശക്തിയും ഐക്യവും കുറച്ചെങ്കിലും നഷ്ടമാകുന്നു. ഇത്തരം സമ്മേളനങ്ങളുടെ വിവിധ സംഘടനകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആശംസിച്ചു.

സ്വാഗതം ആശംസിച്ച ജോര്‍ജ് മാത്യു താന്‍ സ്ഥാനമേറ്റപ്പോള്‍ 52 സംഘടനകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 59 ആയി എന്നു പറഞ്ഞു. അഞ്ചുലക്ഷം മലയാളികളെ ഉള്‍ക്കൊള്ളുന്ന കരുത്തുറ്റ പ്രസ്ഥാനമായി ഫോമ. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. രജിസ്‌ട്രേഷന്റെ തിരക്കും മറ്റും കാരണം പലര്‍ക്കും റൂം കിട്ടാന്‍ വൈകിയെന്നദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും അവാസന നിമിഷം രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരുന്നതാണ് ഇതിനു കാരണം. ഈ പാരമ്പര്യം എന്തായാലും മാറേണ്ടതുണ്ട്.

രണ്ടുവര്‍ഷത്തെ പ്രയത്‌നവും കഷ്ടപ്പാടുകളും പിന്നിട്ടാണ് നല്ല കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. അതിന്റെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാതെ മുറികളില്‍ തങ്ങിയാല്‍ അത് തങ്ങള്‍ക്ക് വലിയ വിഷമമാകും. അതിനാല്‍ കഴിയുന്നത്ര എല്ലാ പരിപാടികളും കാണുകയും ആസ്വദിക്കുകയും ചെയ്യുക.

ഞായറാഴ്ച പുതുതായി ഒരു ക്ലോസിംഗ് സെറിമണിയാണ്. അതുകൂടി കഴിഞ്ഞേ എല്ലാവരും പോകാവൂ. വോളിബോള്‍, ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റുകള്‍, യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് എന്നിവയൊക്കെ ഈവര്‍ഷത്തെ പുതുമയാണ്.

ആമുഖ പ്രസംഗം നടത്തിയ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അന്തരിച്ച ഫോമാ നേതാവ് തോമസ് എം. തോമസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാഷയ്‌ക്കൊരുപിടി ഡോളറിന്റെ ചുമതലക്കാരനായിരുന്ന തോമസ് എം. തോമസിന്റെ പേരിലായിരിക്കും ഇനി ആ ഫണ്ട് അറിയപ്പെടുകയെന്ന് ഗ്ലാഡ്‌സണ്‍ പറഞ്ഞു.

മുപ്പതുവര്‍ഷം കുവൈറ്റില്‍ ജീവിച്ചശേഷമാണ് ജീവിച്ചശേഷമാണ് തനിക്ക് എം.എല്‍.എ ആയി മത്സരിക്കാന്‍ ചാന്‍സ് കിട്ടിയതെന്ന് തോമസ് ചാണ്ടി എം.എല്‍.എ പറഞ്ഞു. പക്ഷെ മത്സരിക്കണമോ എന്നു സംശയമുണ്ടായിരുന്നു. മുന്‍ സമ്മേളനത്തിനു വന്ന ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍ ശേഷനോട് അക്കാര്യം ചോദിച്ചു. ഇന്ത്യന്‍ പൗരനാണോ എന്നും, വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ മത്സരിക്കണമെന്നദ്ദേഹം പറഞ്ഞു. എവിടെ ജീവിക്കുന്നുവെന്നതല്ല പ്രശ്‌നം. ഒരു മഹാസമുദ്രവും മരുഭൂമിയും കടന്നാണ് താന്‍ കുവൈറ്റിലെത്തിയത്. നിങ്ങളും കടലുകളും മരുഭൂമിയും താണ്ടിയാണ് അമേരിക്കയിലെത്തിയത്. അവരെയെല്ലാം ഒന്നിപ്പിക്കുന്ന ഫോമ മലയാളികളുടെ ഐക്യസംഘടനയാണ്. ശശിധരന്‍ നായരിലൂടെ തുടക്കമിട്ട സംഘടന ജോണ്‍ ടൈറ്റസും, ബേബി ഊരാളിലും കടന്ന് ജോര്‍ജ് മാത്യുവിലെത്തി നില്‍ക്കുന്നു. കൂടുതല്‍ വളര്‍ച്ച നേടി എന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്- അദ്ദേഹം പറഞ്ഞു.

തനിക്ക് തിരക്കൊന്നുമില്ലെങ്കിലും സദസ്യര്‍ക്ക് തിരക്കുള്ളതുകൊണ്ട് ദീര്‍ഘമായ പ്രസംഗവുമായി ജനങ്ങളെ പിന്നീട് നേരിട്ടുകൊള്ളാമെന്ന് എറണാകുളം പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നമ്പള്ളി പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി. അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ, അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍, ഗുരു ജ്ഞാനരത്‌നം, സന്തോഷ് ജോര്‍ജ് ജേക്കബ് (മനോരമ), ജോര്‍ജ് കള്ളിവയലില്‍ (ദീപിക) തുടങ്ങിയവരും ഹ്രസ്വമായ ആശംസകള്‍ നേര്‍ന്നു.

ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുടെ റേമോസ്, നേഴ്‌സിംഗില്‍ മാത്രമല്ല മറ്റ് ബിരുദങ്ങള്‍ നേടാനും യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ചൂണ്ടിക്കാട്ടി. ഫോമയുമായുള്ള നല്ല ബന്ധവും അതിനു വഴിയൊരുക്കിയ ഭാരവാഹികളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു.

ഫോമാ വൈസ് പ്രസിഡന്റ് രാജു ഫിലിപ്പ് നന്ദി പറഞ്ഞു. അനുദിനം വളരുന്ന ഫോമ മലയാളികളുടെ നിത്യജീവിതത്തിലെ ഒരു ഭാഗമായി മാറിയതായി അദ്ദേഹം പറഞ്ഞു.

നടന്‍ മനോജ് കെ. ജയന്‍, നടി മംമ്താ മോഹന്‍ദാസ്, വിജയ് യേശുദാസ്, ഫോമാ ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി റീനി പൗലോസ്, ജോയിന്റ് ട്രഷറര്‍ സജീവ് വേലായുധന്‍, ലളിതകലാ അക്കാഡമി ചെയര്‍മാനും മനോരമ വീക്ക്‌ലി എഡിറ്ററുമായ കെ.എ. ഫ്രാന്‍സീസ്, നോവലിസ്റ്റ് ബെന്യാമിന്‍, മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായര്‍, ബേബി ഊരാളില്‍, കല പ്രസിഡന്റ് കുര്യന്‍ മത്തായി, മാപ്പ് പ്രസിഡന്റ് രാജു സ്കറിയ, സൗത്ത് ജേഴ്‌സി അസോസിയേഷന്‍ പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം തുടങ്ങിയവര്‍ വേദിയില്‍ ഉപവിഷ്ടരായിരുന്നു.

ലാലി കളപ്പുരയ്ക്കല്‍ ദേശീയ ഗാനം ആലപിച്ചു.
കഴിഞ്ഞ തവണ കപ്പലില്‍ വച്ച്‌ വിവാഹിതരായ ജോസഫ് ഔസോയും, ഭാര്യ സുജയും കണ്‍വന്‍ഷന്‍ കൂടാനെത്തി.

മുറികള്‍ നേരത്തെ തന്നെ സോള്‍ഡ് ഓട്ടായത് കുറച്ച് കണ്‍ഫ്യൂഷന്‍ സൃഷ്ടിച്ചു എങ്കിലും തൊട്ടുതന്നെ ഹോട്ടലുകളുടെ ഒരു ശൃംഖല തന്നെ അടുത്തുണ്ട്. അതിനാല്‍ ഇനിയും വാക് ഇന്‍ രജിസ്‌ട്രേഷന് പ്രശ്‌നമില്ലെന്ന് കണ്‍വന്‍ഷന്‍ ചെയര്‍ അനിയന്‍ ജോര്‍ജ് പറ­ഞ്ഞു.
ഫോമയുടെ അരങ്ങുണര്‍ന്നു; ആയിരങ്ങളെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക