Image

ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)

Published on 27 June, 2014
ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)
ഓര്‍മയുണ്ടാവില്ല, പലര്‍ക്കും.

ഓര്‍ക്കാന്‍ അതൊരു സംഭവമേ ആയിരിക്കില്ല ഇന്ന്‌.

ആരവങ്ങള്‍ക്കെല്ലാം അകലെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു രാജ്യത്ത്‌, എന്നോ ഒരിക്കല്‍, ആരോ ഒരാള്‍ ഒരു ഗോളടിച്ചത്‌ എന്താണിത്ര ഓര്‍ക്കാന്‍.

ഫുട്‌ബോള്‍ പ്രേമികളുടെ ആവേശപ്പട്ടികയിലോ, ലോക ഫുട്‌ബോളിനെ സ്വാധീനിച്ച ഉന്നതരായ കളിക്കാരുടെ സംഭാവനാസ്‌തുതികളിലോ ഉള്‍പ്പെടാതെപോയ ഒരാള്‍. ലോകകപ്പിന്റെ ചരിത്രത്തിന്‌, ആദ്യത്തെ ഗോളടിച്ച്‌, തുടക്കമിട്ടയാള്‍. ഇതിന്റെ പേരില്‍ ഒന്നും ഒരിക്കലും അവകാശപ്പെട്ടിട്ടില്ലാത്ത ആള്‍.

ലൂസിയന്‍ ലോറന്റ്‌. ഒരു സാധാരണ ഫാക്‌ടറി തൊഴിലാളി. എവിടേയും ആരും പരാമര്‍ശിച്ചു കേട്ടിട്ടിട്ടില്ലാത്ത ഒരു ഫ്രഞ്ചുകാരന്‍.

താന്‍ ഒരു ചരിത്രനിമിഷത്തിനു കാരണക്കാരനായെന്ന്‌, വളരെ പിന്നീട്‌, ഒരിക്കല്‍ അഭിമുഖത്തില്‍ ഒരു പത്രലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ്‌ അദ്ദേഹം ഓര്‍ക്കുന്നതുതന്നെ. ഓ, അതെയോ, എന്നൊരു നിര്‍വികാര പ്രതികരണത്തിനപ്പുറം അതേപ്പറ്റി അദ്ദേഹത്തിന്‌ വിശേഷിച്ചൊന്നും തോന്നിയതുമില്ല.

കാലമിത്രയും കടന്ന്‌, 85 വര്‍ഷത്തിനിപ്പുറം, ഫുട്‌ബോള്‍ ലോകത്തിനും അദ്ദേഹത്തെക്കുറിച്ച്‌ അതേ നിസംഗത.

ഫ്രാന്‍സില്‍ പ്യൂഷോ കാര്‍ കമ്പനി തൊഴിലാളിയും യുദ്ധകാലത്ത്‌ നാസി പട്ടാളത്തിന്റെ തടവുകാരനുമായിരുന്ന അദ്ദേഹം ആരാലും ശ്രദ്ധിക്കപ്പെടാതെ, ചരിത്രത്തിന്റെ ഓരം ചേര്‍ന്നു നടന്നകന്നു.

1930 ജൂലൈ. തെക്കെ അമേരിക്കന്‍ രാജ്യമായ യുറഗ്വേയുടെ തലസ്ഥാനമായ മോണ്ടിവിഡിയോയിലെ കളിപ്പറമ്പില്‍ കഷ്‌ടിച്ച്‌ 1000 പേരു കൂടിയിട്ടുണ്ടാവും. അവിടെ ലോകത്തിലെ ആദ്യത്തെ ലോകകപ്പ്‌ പെറ്റുവീഴാന്‍ ഈറ്റുനോവു തുടങ്ങിയിരിക്കുന്നു. കളി തുടങ്ങി 19 മിനിറ്റ്‌ ആകുന്നു.

കൂട്ടുകളിക്കാരന്‍ ഏണസ്റ്റ്‌ ലിബറാറ്റി, പെനാല്‍റ്റി ബോക്‌സിനപ്പുറത്തുനിന്ന്‌ ഉരുട്ടിക്കൊടുത്ത പന്ത്‌, ഫ്രഞ്ചുകാരന്‍ ഫോര്‍വേഡ്‌ അതിശീഘ്രം കാലടക്കി, ഗോളി ഒസ്‌കര്‍ ബോണ്‍ഫിജിലിയോയെ അമ്പരിപ്പിച്ച്‌ മെക്‌സിക്കന്‍ ഗോള്‍മുഖം പിളര്‍ന്ന്‌ അടിച്ചുകയറ്റുന്നു. കാണികളുടെ ഇടയിന്‍നിന്ന്‌ ചിലരുടെ ഒറ്റപ്പെട്ട കയ്യടി. ഒരു സിനിമാക്കൊട്ടകയില്‍ നസീര്‍, ജോസ്‌പ്രകാശിനെ തൊഴിച്ചിടുമ്പോഴുള്ള ആവേശക്കയ്യടി. അത്രമാത്രം.

മെക്‌സിക്കന്‍ ഗോള്‍മുഖത്തൂടെ അന്ന്‌ ഇരച്ചുപാഞ്ഞത്‌, ലോകകപ്പ്‌ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യഗോള്‍ ആയിരുന്നെന്നോ അതിന്റെ ഉടമ ഒരു ലൂസിയന്‍ ലോറന്റ്‌ എന്ന ഫ്രഞ്ചുകാരന്‍ ആയിരുന്നെന്നോ ഇന്ന്‌ എത്രപേര്‍ ഓര്‍ക്കുന്നുണ്ടാവും.

``ഓ, അതിലെന്തിരിക്കുന്നു`` - 1998 ല്‍ ഒരു ബ്രിട്ടീഷ്‌ പത്രവുമായി നടത്തിയ അഭുമുഖത്തില്‍ 91-കാരനായ ലൂസിയന്റ്‌ തികഞ്ഞ നിസംഗതയോടെ പറയുമ്പോള്‍ ഫുട്‌ബോള്‍ ഭ്രാന്ത്‌, ലോകമാകെ കീഴടക്കിക്കഴിഞ്ഞിരുന്നു.

അതു ചരിത്രമാകുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. മാത്രമല്ല, ലോകകപ്പ്‌ അതിനുശേഷവും തുടരുമെന്നൊന്നും ഞങ്ങള്‍ക്ക്‌ വിശ്വാസമില്ലായിരുന്നു. മാത്രവുമല്ല, മത്സരമെല്ലാം കഴിഞ്ഞ്‌ ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത്‌ അവിടെ പത്രത്തിന്റെ ഒരു മൂലയ്‌ക്കു ചെറിയൊരു വാര്‍ത്തയായിരുന്നു, ഈ കളിവിവരം. ഫുട്‌ബോള്‍ അന്നു മുട്ടിലിഴയുന്ന പ്രായം.

അന്ന്‌ മെക്‌സിക്കോയുമായുള്ള കളിയില്‍ ഫ്രാന്‍സ്‌ 4-1 നു ജയിച്ചെങ്കിലും, തുടര്‍ന്ന്‌ അര്‍ജന്റിനയോടും ചിലിയോടുമുള്ള രണ്ടു കളിയിലും തോറ്റ്‌ നാട്ടിലേയ്‌ക്കു മടങ്ങേണ്ടിവന്നു.

അന്നത്തെ ഗോള്‍ നേട്ടവും മെക്‌സിക്കോയുമായുള്ള കളിയുമായിരുന്നു ലൂസിയന്റിന്‌ തന്റെ നേട്ടമായി മനസില്‍ സൂക്ഷിക്കാനുണ്ടായിരുന്നത്‌. അര്‍ജന്റിനയുമായുള്ള കളിയില്‍ ല്യൂസിറ്റോ മോണ്ടിയില്‍നിന്നേറ്റ പരുക്കുമൂലം കളിയിലൂടനീളം പിന്നീട്‌, മുടന്തന്‍ കാലുമായി വേണ്ടിവന്നു, ``കുട്ടി ലുലു `` എന്ന ഓമനപ്പേരുവീണ, ഉയരക്കുറവുകാരനായ ലൂസിയന്റിനു, കളിക്കാന്‍. പകരക്കാരന്‍ (സബ്‌സിസ്റ്റ്യൂട്ട്‌) ഏര്‍പ്പാടേ ഇല്ലായിരുന്ന കാലം. ചിലിയുമായുള്ള അവസാന കളിയിലും ഇങ്ങനെ മുടന്തിത്തന്നെ കളിക്കേണ്ടിവന്നതായി അദ്ദേഹം ഓര്‍ക്കുന്നു.

അന്നത്തെ പരുക്ക്‌ 1934-ല്‍ ഇറ്റലി ലോകകപ്പില്‍ മത്സരിക്കുന്നതിനും അദ്ദേഹത്തെ അശക്തനാക്കി. ഫ്രാന്‍സിനുവേണ്ടി 10 മത്സരങ്ങളില്‍ കളിച്ചു. അതില്‍ ഇംഗ്‌ളണ്ടി നെതിരെയുള്ള പോരാട്ടത്തില്‍ രണ്ടാമത്തെ അന്താരാഷ്‌ട്ര ഗോള്‍ നേടുകയും ചെയ്‌തു.

പാരിസിനടുത്ത്‌ വാല്‍ ദെ മാണെയില്‍ 1907-ല്‍ ജനിച്ച ലോറന്റ്‌, പാരിസിലെ സെര്‍ക്കിള്‍ അത്‌ലിറ്റിക്‌ ഡി പാരീസില്‍ 1921-ല ആരംഭിച്ച ഫുട്‌ബോള്‍ ജീവിതം ഒന്‍പതാണ്ടിനുശേഷം ഗതിമാറി, താന്‍ ജോലിചെയ്‌ത പ്യൂഷെ കാര്‍ കമ്പനിയുടെ വക ക്‌ളബിവല്‍ ലയിച്ചു. അതേ വര്‍ഷം തന്നെ ഫ്രാന്‍സിനുവേണ്ടി ആദ്യ ലോക കപ്പില്‍ കളിക്കാന്‍ ഉറുഗ്വായിലേയ്‌ക്കു കപ്പല്‍ കയറേണ്ടിവന്നു.

അന്ന്‌ രണ്ടാഴ്‌ച കപ്പല്‍യാത്ര ചെയ്യണം ഉറുഗ്വായിലെത്താന്‍. യാത്രക്കും അവിടത്തെ ചെലവിനും അത്യാവശ്യമുള്ള കാശുമാത്രമേ കളിക്കാര്‍ക്കു കൊടുത്തിരുന്നുള്ളൂ. കളിക്കു പ്രതിഫലമെന്ന സംഗതി കേട്ടിട്ടേയി#്‌ലല. മാത്രമല്ല കളിക്കാലത്ത്‌ കമ്പനിയില്‍നിന്നു ശമ്പളം പോലുമില്ല.

ദിവസവും രാവിലെ കപ്പലിലെ ഡക്കില്‍ കളിപ്രാക്‌ടീസുണ്ടാവും. റുമേനിയയുടേയും ബല്‍ജിയത്തന്റെയും ടീമുകളും അതേ കപ്പലിലായിരുന്നു യാത്ര.

ലോക കപ്പില്‍ ആദ്യ ഗോളടിക്കാന്‍ ചരിത്രഭാഗ്യമുണ്ടായെങ്കിലും ഫ്രാന്‍സിനു കളി തോറ്റേണ്ടി മടങ്ങേണ്ടിവന്നു. പിന്നിടു പല ക്‌ളബുകളിലും കളിച്ച്‌ ഒടുവില്‍ സ്‌ട്രാസ്‌ബര്‍ഗില്‍ രണ്ടുവര്‍ഷമായപ്പോഴേക്കും പട്ടാളസേവനത്തിനു നിര്‍ബന്ധിതനായി. രണ്ടാം ലോകയുദ്ധകാലം.

അവിടെ രണ്ടുഷം പിന്നിടുംമുമ്പ്‌ ജര്‍മന്‍ പട്ടാളം പിടികൂടി സാക്‌ണിലെ ജയിലിലിട്ടു. മൂന്നു വര്‍ഷത്തിനുശേഷം പുറത്തിറങ്ങി ബെസാന്‍കണ്‍ ക്‌ളബിനുവേണ്ടി കളിച്ച്‌ 1946-ല്‍ ബൂട്ടഴിച്ച്‌, പരിശീലകന്റെ ഉടുപ്പിട്ടു. ബെസാന്‍കനില്‍ ബാര്‍ തുറന്ന്‌ സ്വസ്ഥജീവിതത്തിനു തുടക്കമിട്ടെങ്കിലും പന്തും കളിക്കളവും ലോറന്റിനെ വിടാതെ പിന്‍തുടര്‍ന്നു. ബെസാന്‍കണിലെ ഫുട്‌ബോള്‍ കളിക്കാരെ വിളിച്ചു കൂട്ടി ആഴ്‌ചയിലൊരിക്കല്‍ ഒരു മത്സരം പതിവാക്കി. 86 വയസെത്തുംവരെ പാദം പന്തുതൊടാതെ ആ പന്തുവരാളിക്ക്‌ ഉറക്കം വരില്ലായിരുന്നു.

തന്റെ ജീവിതത്തിലെ സംതൃപ്‌ത നിമിഷം പിറക്കുന്നതു കാണാന്‍ ലോറന്റിന്‌ 91 വയസുവരെ കാത്തിരിക്കേണ്ടിവന്നു. 1998-ല്‍ പാരിസില്‍ നടന്ന ഫ്രാന്‍സ്‌-മെക്‌സിക്കോ ഫൈനലില്‍ സ്വന്തം രാജ്യം 3-1 ന്‌ വിജയിച്ച്‌ ആദ്യമായി ലോകകപ്പുനേടുന്ന നിമിഷത്തിന്റെ ആത്മഹര്‍ഷം നേരില്‍ കണ്ട്‌ അനുഭവിക്കാന്‍ ആ വൃദ്ധ കാല്‍പ്പന്തുയോദ്ധാവിനു ഭാഗ്യമുണ്ടായി.

ഉറുഗ്വായില്‍ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി 1930-ല്‍ താന്‍ ഗോളടിച്ച ഫ്രഞ്ചു ടീമിലെ അംഗങ്ങളില്‍ ഈ അനുഭൂതിയില്‍ അഭിരമിക്കാന്‍ കാലം ബാക്കിവച്ചത്‌ 91 വയസായ ലോറന്റിനെ മാത്രം.

ചരിത്രം സൃഷ്‌ടിച്ച്‌, ലോറന്റ്‌ ലോകകപ്പില്‍ ആദ്യത്തെ ഗോളിന്റെ ഉടമയായെന്നു മാത്രമല്ല, സ്വന്തം ടിം 75 വര്‍ഷത്തിനുശേഷം സ്വന്തം നാട്ടില്‍ ലോകജേതാവായ കാഴ്‌ചക്കു സാക്ഷിയാകുകകൂടി ചെയ്‌തു എന്നത്‌ അസാധാരണ സംഭവം.

താന്‍ ദത്തുപാര്‍ത്ത നഗരമായ ബെസാണ്‍കോണില്‍ ലൂസിയന്‍ ലോറന്റിന്‌ 97-ാംവയസില്‍ അവസാന വിസില്‍ മുഴങ്ങി. 2005-ല്‍.

ബ്രസിലിലെ കളിക്കങ്ങളിലോ, കളിഭ്രാന്തില്‍ മുങ്ങിപ്പോയ ഫുട്‌ബോള്‍ പ്രേമികളുടെഓര്‍മകളിലെവിടെയെങ്കിലുമോ ലോറന്റ്‌ ഇന്ന്‌ ഓര്‍മിക്കപ്പെടുന്നുണ്ടോ. ഫുട്‌ബോള്‍ ചരിത്രത്തിന്റെ എഴുതാത്താളുകളില്‍, കാണാമഷിപ്പാടായി, ലോറന്റ്‌ മറഞ്ഞു.
ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)ചരിത്രത്തിലെ ആദ്യ ഗോള്‍; പിന്നെ നാടിന്റെ വിജയത്തിന്‌ ഏക സാക്ഷി (വൈക്കം മധു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക