Image

ട്രഷററെ കുഴിച്ചുമൂടരുതെന്ന്‌ ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌

വിന്‍സെന്റ്‌ ഇമ്മാനുവേല്‍ Published on 29 June, 2014
ട്രഷററെ കുഴിച്ചുമൂടരുതെന്ന്‌ ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: 2014-ലെ ഫോമാ കണ്‍വന്‍ഷന്‍ സമാപന ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പിന്‌ ഒന്നു മാത്രമാണ്‌ ഫോമാ അംഗങ്ങളെ ഓര്‍മിപ്പിക്കുവാനുണ്ടായിരുന്നത്‌. അഹോരാത്രം ഫോമ എന്ന സംഘടനയ്‌ക്കുവേണ്ടി സത്യസന്ധമായി ജോലി ചെയ്‌ത തന്നെ ഓര്‍മ്മകളില്‍ കുഴിച്ചുമൂടരുതെന്ന്‌. എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച്‌ അമേരിക്കയിലെത്തിയ വര്‍ഗീസ്‌ ഫിലിപ്പിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട്‌ പട്ടാള ചിട്ടയോടെ തന്നെയായിരുന്നു. ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുത്ത വര്‍ഗീസ്‌ ഫിലിപ്പ്‌ അതേ ചിട്ടയോടെ തന്നെയാണ്‌ ഫോമാ ട്രഷറര്‍ സ്ഥാനവും കൈകാര്യം ചെയ്‌തത്‌. പിളര്‍പ്പിനു മുമ്പ്‌ ഫൊക്കാനയില്‍ കേള്‍ക്കാനുണ്ടായിരുന്ന സ്ഥിരം പല്ലവിയായിരുന്നു കണക്കുകള്‍ പൂര്‍ത്തിയായില്ലെന്ന്‌.

മികച്ച സംഘാടകനും സാമ്പത്തിക വിദഗ്‌ധനുമായ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു ആവശ്യപ്പെടുന്ന പണമിടപാടുകള്‍ പോലും, കൃത്യമായ രേഖകളില്ലാതെ വര്‍ഗീസ്‌ ഫിലിപ്പ്‌ കൈകാര്യം ചെയ്യാറില്ലായിരുന്നു എന്ന്‌ സമാപന വേദികളിലൊന്നില്‍ വെച്ച്‌ ജോര്‍ജ്‌ മാത്യു തന്നെ
പറഞ്ഞു.

എന്നാല്‍ കാലയവനികയ്‌ക്കുള്ളില്‍ മറയുമ്പോള്‍ തന്റെ പ്രവര്‍ത്തനവും ഓര്‍മ്മിക്കണം എന്നദ്ദേഹം അടിവരയിട്ട്‌ ഓര്‍മിപ്പിച്ചു.

സാധാരണ സംഘടനാ ചരിത്രങ്ങളില്‍ പ്രസിഡന്റ്‌, സെക്രട്ടറി എന്നിവരുടെ പേരുകളാണ്‌ പൊതുവെ പരാമര്‍ശിക്കപ്പെടാറ്‌. ശശിധരന്‍ നായര്‍, അനിയന്‍ ജോര്‍ജ്‌ ടീം എന്നതുപോലെ തന്നെ തന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊണ്ടുകൊണ്ട്‌ ഇനിമുതല്‍ ചരിത്രം പരാമര്‍ശിക്കപ്പെടുമ്പോള്‍ ജോര്‍ജ്‌ മാത്യു, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌ ടീം എന്നു സൂചിപ്പിക്കാന്‍ സൗമനസ്യം കാട്ടണമെന്ന്‌ അദ്ദേഹം പറഞ്ഞു.

പൊതുവെ മാനസീക സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളാതെ പൊതു കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വര്‍ഗീസ്‌ ഫിലിപ്പ്‌
വികാരഭരിതനായി.

എട്ടും മൂന്നും കൂടിയാല്‍ പത്തേല്ലേ, കണക്ക്‌ ഇത്രയ്‌ക്കല്ലേ ഉള്ളൂ എന്നുവരെ അദ്ദേഹം പറഞ്ഞു. കണക്കുകളില്‍ മാത്രമല്ല പ്രവര്‍ത്തനശൈലിയില്‍ പോലും പൊതുവെ പ്രത്യേക ചിട്ട പാലിക്കുന്നയാളാണ്‌ വര്‍ഗീസ്‌ ഫിലിപ്പ്‌.

പൊതു സംഘടനകള്‍ ട്രഷറര്‍മാരുടെ പ്രവര്‍ത്തനം എടുത്തുപറയാറില്ല. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്റെ തിക്താനുഭവങ്ങള്‍ അറിയുന്നത്‌ ട്രഷറര്‍മാരാണ്‌. ഏതായാലും കാലം അദ്ദേഹത്തോട്‌ നീതി കാട്ടട്ടെ.

ജോര്‍ജ്‌ മാത്യു, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നീ പേരുകള്‍ ചരിത്രത്തിന്റെ സ്വര്‍ണ്ണലിപികളില്‍ സ്ഥാനംപിടിക്കട്ടെ.
ട്രഷററെ കുഴിച്ചുമൂടരുതെന്ന്‌ ഫോമാ ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക