Image

ലോകകപ്പ്‌ ആരു നേടും? (ലേഖനം: സുനില്‍ എം.എസ്‌)

Published on 28 June, 2014
ലോകകപ്പ്‌ ആരു നേടും? (ലേഖനം: സുനില്‍ എം.എസ്‌)
ബ്രസീലില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിയ്‌ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏതു ടീം ജയിയ്‌ക്കും എന്നൊരു പ്രവചനം നടത്തുകയാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം. എങ്കിലും, ഏതു ടീം ജയിയ്‌ക്കണമെന്നാണ്‌ എന്റെ ആഗ്രഹം എന്ന്‌ ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ബ്രസീല്‍ ജയിയ്‌ക്കണം എന്നാണെന്റെ ആഗ്രഹം. അങ്ങു ദൂരെ, ഭൂഗോളത്തിന്റെ മറുവശത്തുള്ള ബ്രസീല്‍ ജയിയ്‌ക്കണം എന്നു ഞാനാഗ്രഹിയ്‌ക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യമുയര്‍ന്നേയ്‌ക്കാം. ഫുട്‌ബോളിനെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ കേട്ടിട്ടുള്ള പേരാണ്‌, പെലെ. പെലെ ബ്രസീലുകാരനായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിയ്‌ക്കുന്ന കാലത്ത്‌ പന്തു തട്ടിക്കളിച്ചിരുന്നവരെല്ലാം പെലെയെപ്പോലെയാകണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്‌. പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ ബ്രസീല്‍ മൂന്നു തവണ ലോകകപ്പു നേടി: 1958, 62, 70 എന്നീ വര്‍ഷങ്ങളില്‍. 1966ലെ കപ്പില്‍ പ്രഥമ റൗണ്ടില്‍ത്തന്നെ പുറത്തായ ബ്രസീല്‍ വീരോചിതമായ പ്രകടനത്തോടെ 1970ല്‍ വീണ്ടും കിരീടം നേടി. അതോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളൊന്നടങ്കം ബ്രസീലിന്റെ ആരാധകരായി മാറി. അന്ന്‌ അവരുടെ ക്യാപ്‌റ്റനായിരുന്ന ജേര്‍സിഞ്ഞോ ആകെ ഏഴു ഗോളടിച്ചു. ജേര്‍സിഞ്ഞോ ആയിരുന്നു, ടോപ്‌ സ്‌കോറര്‍. പെലെ നാലും.

1958ല്‍ ഒരു ഗറിഞ്ചയുണ്ടായിരുന്നു. പില്‍ക്കാലത്തു വന്ന ഒരു സിനിമയില്‍ പെലെയേക്കാള്‍ ഒരല്‌പം കൂടി ആകര്‍ഷകമായി കളിച്ചത്‌ ഗറിഞ്ചയല്ലേ എന്നു പോലും തോന്നിച്ചിരുന്നു. ബ്രസീലില്‍ എക്കാലവും പ്രസിദ്ധരായ കളിക്കാരുണ്ടായിരുന്നു. സോക്രട്ടീസ്‌, സീക്കോ, റൊമാറിയോ, ബെബറ്റോ, പിന്നെ ലോകകപ്പില്‍ ഏറ്റവുമധികം ഗോളടിച്ച റൊണാള്‍ഡോ (ഈയ്യിടെ ജര്‍മ്മനിയുടെ ക്ലോസെ ആ റെക്കോര്‍ഡിനൊപ്പമെത്തി), റിവാള്‍ഡോ, റൊണാള്‍ഡിന്യോ, റോബര്‍ട്ടോ കാര്‍ലോസ്‌, ഡുംഗ...അങ്ങനെ നീളുന്നു ആ ലിസ്റ്റ്‌. ബ്രസീല്‍ ആകെ അഞ്ചു തവണ കപ്പു നേടിയതിനേക്കാള്‍ പ്രാധാന്യം ഞാന്‍ കല്‌പിയ്‌ക്കുന്നത്‌ അവര്‍ നാലു തവണ ഫെയര്‍ പ്ലേ അവാര്‍ഡു വാങ്ങിയതിനാണ്‌. മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും ഒരൊറ്റ കളിയില്‍ പോലും കാണേണ്ടി വരാഞ്ഞതിനാണ്‌ ആ അവാര്‍ഡ്‌. മറ്റൊരു ടീമിനും ആ റെക്കോര്‍ഡു ഭേദിയ്‌ക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനകം നാലു തവണ മഞ്ഞക്കാര്‍ഡു കണ്ടു കഴിഞ്ഞതിനാല്‍ ഈ അവാര്‍ഡ്‌ ഇത്തവണ ബ്രസീലിനു കിട്ടുകയില്ലെങ്കിലും ഫൌളിലല്ല, കളിയിലാണ്‌ ബ്രസീല്‍ ശ്രദ്ധയൂന്നാറ്‌. ഒരിയ്‌ക്കല്‍ ബ്രസീലിന്‌ `മോസ്റ്റ്‌ എന്റര്‍ടെയിനിംഗ്‌' ടീമിനുള്ള അവാര്‍ഡും ലഭിച്ചു. ഒരു `ജെന്റില്‍ ജയന്റ്‌' ആണ്‌ ബ്രസീല്‍. ശാന്തനായ രാക്ഷസന്‍!

ബ്രസീല്‍ കഴിഞ്ഞാല്‍ അര്‍ജന്റീനയാണ്‌ എന്റെ അടുത്ത ഇഷ്ട ടീം. മാറഡോണയുടെ കാലത്താണ്‌ അര്‍ജന്റീനയെ ശ്രദ്ധിച്ചു തുടങ്ങിയത്‌. മാറഡോണ എന്റെ ആരാധനാപാത്രമായിരുന്നു. 1986ല്‍ ഇംഗ്ലണ്ടിനെതിരേയുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറഡോണ നേടിയ രണ്ടാമത്തെ ഗോള്‍ ഞാനൊരിയ്‌ക്കലും മറക്കില്ല. ഇംഗ്ലണ്ടിന്റെ ഗോളിയുള്‍പ്പെടെ അഞ്ചു കളിക്കാരെ ഒറ്റയ്‌ക്കു വെട്ടിച്ചു മുന്നേറിയ ശേഷം മാറഡോണ അടിച്ചുകയറ്റിയതുപോലൊരു ഗോള്‍ പിന്നീടു ഞാന്‍ കണ്ട ഒരു ലോകകപ്പു മാച്ചിലും കാണാനിട വന്നിട്ടില്ല. അത്ര അതുല്യമായിരുന്നു, ആ ഗോള്‍. അതുകൊണ്ടു തന്നെ ആ ഗോള്‍ ഈ നൂറ്റാണ്ടിലെ ഗോളായി അറിയപ്പെടുകയും ചെയ്‌തു. എന്നാല്‍, ആ ഗോളടിയ്‌ക്കുന്നതിന്‌ അല്‌പം മുന്‍പ്‌ മാറഡോണ മറ്റൊരു ഗോളടിച്ചിരുന്നു. ഹെഡ്ഡു ചെയ്‌ത്‌. പക്ഷേ, കുറേ നാള്‍ കഴിഞ്ഞപ്പോള്‍ മാറഡോണ കുമ്പസാരം നടത്തി, ഹെഡ്ഡു ചെയ്യുന്നതിനിടയില്‍ തന്റെ കൈയും പന്തില്‍ സ്‌പര്‍ശിച്ചിരുന്നെന്ന്‌. `എന്റെ ശിരസ്സ്‌ അല്‌പവും ദൈവത്തിന്റെ കൈ അല്‌പവും' എന്നാണ്‌ മാറഡോണ അതിനെ വിശേഷിപ്പിച്ചത്‌. `ഹാന്റ്‌ ഓഫ്‌ ഗോഡ്‌ ഗോള്‍' എന്ന പേരില്‍ അതു പിന്നീട്‌ കുപ്രസിദ്ധമായി. അക്കാരണത്താല്‍ മാറഡോണയോട്‌ എനിയ്‌ക്കുണ്ടായിരുന്ന ആരാധന വളരെക്കുറഞ്ഞു. എന്നാലിപ്പോള്‍ ലയണല്‍ മെസ്സിയെന്ന ഒരൊറ്റ കളിക്കാരന്‍ മൂലം അര്‍ജന്റീനയെ വീണ്ടും എനിയ്‌ക്കിഷ്ടമായി. മാറഡോണയുടെ ഡ്രിബ്ലിങ്ങിലുള്ള പാടവവും റോബര്‍ട്ടോ കാര്‍ലോസിന്റെ ഷോട്ടുകള്‍ക്കുള്ള കഴിവും ഇവര്‍ രണ്ടു പേര്‍ക്കുമില്ലാത്ത സ്‌പീഡും കൂടിച്ചേര്‍ന്നതാണു മെസ്സി. ഇവയ്‌ക്കൊക്കെപ്പുറമേ മുഖത്തെ കുസൃതിച്ചിരിയും. (ഈ അവസാനം പറഞ്ഞ ഗുണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മുഖത്തു ഞാന്‍ കണ്ടിട്ടില്ല.)

മുകളില്‍ പറഞ്ഞിരിയ്‌ക്കുന്നത്‌ എന്റെ ആശകളാണ്‌. എന്നാല്‍ ഗ്രൂപ്പു മത്സരങ്ങളില്‍ ടീമുകള്‍ കാഴ്‌ച വച്ച പ്രകടനങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഒരു പ്രവചനത്തിലേയ്‌ക്ക്‌ നമുക്കെത്താന്‍ ശ്രമിയ്‌ക്കാം. ഫുട്‌ബോളിലെ വിജയം കണക്കാക്കുന്നത്‌ ഗോളുകളുടെ എണ്ണമാണ്‌. മിഡ്‌ഫീല്‍ഡില്‍ പല ടീമുകളും കസര്‍ത്തുകള്‍ പലതും കാണിച്ചെന്നു വരും. പക്ഷേ തങ്ങളുടെ കഴിവു മുഴുവനും ഉപയോഗിച്ച്‌ ഗോളുകള്‍ അടിച്ചു കയറ്റുന്നില്ലെങ്കില്‍ മിഡ്‌ഫീല്‍ഡിലെ കസര്‍ത്തുകള്‍ കൊണ്ട്‌ പ്രയോജനമില്ലാതെ പോകും. ഗോളടിയ്‌ക്കുക മാത്രമല്ല, ഗോള്‍ വഴങ്ങാതെ ഇരിയ്‌ക്കുകയും വേണം. പ്രീക്വാര്‍ട്ടറില്‍ കടന്നിരിയ്‌ക്കുന്ന ടീമുകള്‍ എത്ര ഗോളുകള്‍ വീതം അടിച്ചെന്നും വഴങ്ങിയെന്നും അവയുടെ വ്യത്യാസമെത്രയെന്നും നമുക്കൊന്നു പരിശോധിയ്‌ക്കാം:

അടിച്ചത്‌ -വഴങ്ങിയത്‌ - വ്യത്യാസം

നെതര്‍ലന്റ്‌സ്‌ : 10 - 3-  7
കൊളമ്പിയ : 9- 2 - 7
ഫ്രാന്‍സ്‌ : 8 -2 -6
ജര്‍മ്മനി : 7 -2 -5
ബ്രസീല്‍ : 7 -2 -5
അര്‍ജന്റീന : 6 -3 -3
കോസ്റ്റാറിക്ക : 4 -1 -3
ബെല്‍ജിയം : 4 -1 -3
മെക്‌സിക്കോ : 4 -1 -3
ചിലി : 5 -3 -2
സ്വിറ്റ്‌സര്‍ലന്റ്‌ : 7 -6 -1
അള്‍ജീരിയ : 6 -5 -1
നൈജീരിയ : 3 -3 -0
ഉറുഗ്വായ്‌ : 4 -4 -0
യു എസ്‌ എ : 4 -4 -0
ഗ്രീസ്‌ : 2 -4 -2

മുകളില്‍ കൊടുത്തിരിയ്‌ക്കുന്ന ടേബിളനുസരിച്ച്‌ നെതര്‍ലന്റ്‌സും കൊളമ്പിയയുമാണ്‌ ഏറ്റവും നല്ല പ്രകടനം കാഴ്‌ച വച്ചിരിയ്‌ക്കുന്ന ടീമുകള്‍. വ്യത്യാസം ഏഴു ഗോളുകള്‍ വീതം. തുടര്‍ന്നു വരുന്നു, ഫ്രാന്‍സ്‌. ഈ മൂന്നു ടീമുകളുടെ പുറകില്‍ വരുന്ന ജര്‍മ്മനിയും ബ്രസീലും ഒരേ നിലയിലാണുള്ളത്‌. ഈ അഞ്ചു ടീമുകളുടേയും പിന്നിലാണ്‌ അര്‍ജന്റീന. സ്വിറ്റ്‌സര്‍ലന്റ്‌ ഏഴു ഗോളുകളും അള്‍ജീരിയ ആറു ഗോളുകളും അടിച്ചിരിയ്‌ക്കുന്നതും വിസ്‌മരിയ്‌ക്കുക സാദ്ധ്യമല്ല. സ്വിറ്റ്‌സര്‍ലന്റ്‌ അര്‍ജന്റീനയേക്കാള്‍ ഒരു ഗോള്‍ കൂടുതലടിച്ചപ്പോള്‍ അള്‍ജീരിയ അര്‍ജന്റീനയുടേതിനു തുല്യമായ ഗോളുകളടിച്ചു. എങ്കിലും ആഫ്രിക്കയില്‍ നിന്നുള്ള ഒരു ടീം കപ്പു നേടുന്ന കാര്യം ആലോചിയ്‌ക്കാവുന്ന സ്ഥിതിയില്‍ ആഫ്രിക്കന്‍ ഫുട്‌ബാള്‍ എത്തിയിട്ടില്ല.


ക്വാര്‍ട്ടര്‍ ഫൈനലിലെ ലൈനപ്പ്‌ ഒന്നൂഹിച്ചു നോക്കാം.

(1) ബ്രസീല്‍ X കൊളമ്പിയ
(2) ഫ്രാന്‍സ്‌ X ജര്‍മ്മനി
(3) നെതര്‍ലന്റ്‌സ്‌ X കോസ്റ്റാറിക്ക
(4) അര്‍ജന്റീന X ബെല്‍ജിയം

സെമിഫൈനല്‍ ലൈനപ്പിന്റെ കാര്യമോര്‍ക്കുമ്പോള്‍ ഭയാശങ്കകളുണ്ടാകുന്നുണ്ട്‌. കാരണം, ബ്രസീലിനെ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ല. കൊളമ്പിയയെന്ന കടമ്പ ബ്രസീല്‍ കടക്കുമോയെന്ന കാര്യം സംശയമാണ്‌. താഴെപ്പറയുന്നതായിരിയ്‌ക്കാം.

സെമി ലൈനപ്പ്‌:

(1) കൊളമ്പിയ
X ഫ്രാന്‍സ്‌
(2) നെതര്‍ലന്റ്‌സ്‌
X അര്‍ജന്റീന

ഫൈനല്‍:

കൊളമ്പിയ
X നെതര്‍ലന്റ്‌സ്‌: നെതര്‍ലന്റ്‌സ്‌ ജയിയ്‌ക്കുന്നു.

ഇതിനു മറ്റൊരു കാരണം കൂടി ഞാന്‍ കാണുന്നുണ്ട്‌. ഗ്രൂപ്പുതലത്തിലുള്ള കളികളില്‍ ഏറ്റവുമധികം ഫൌളുകള്‍ ചെയ്‌തിരിയ്‌ക്കുന്നത്‌ നെതര്‍ലന്റ്‌സാണ്‌. 68 തവണ. അവര്‍ അഞ്ചു തവണ മഞ്ഞക്കാര്‍ഡു കാണുകയും ചെയ്‌തു. (കൊളമ്പിയ രണ്ടു തവണ മാത്രം.) ഇത്രയധികം ഫൌളുകള്‍ ചെയ്‌തു കൂട്ടുന്ന ഒരു ടീമില്‍ ഗോളടിയ്‌ക്കാനുള്ള കഴിവും (ആകെ പത്തു ഗോളുകള്‍) ഗോളുകള്‍ വഴങ്ങാതിരിയ്‌ക്കാനുള്ള കഴിവും (മൂന്നു ഗോളുകള്‍ മാത്രം) കൂടി ഒത്തു ചേരുമ്പോള്‍ ജയിയ്‌ക്കാനുള്ള സാദ്ധ്യത അവര്‍ക്കു കൂടുതലായിരിയ്‌ക്കും.

ബ്രസീലിന്റെ നാട്ടില്‍ വച്ചുള്ള കളിയായതുകൊണ്ട്‌ സ്വന്തം ജനതയുടെ പിന്തുണ ടീമിന്‌ ആവേശം പകരുമെങ്കിലും, ആ ആവേശം ബ്രസീലിന്റെ ഗ്രൂപ്പുതലത്തില്‍ നടന്ന കളികളില്‍ കാര്യമായി പ്രതിഫലിച്ചു കണ്ടില്ല. മെക്‌സിക്കോയുമായുള്ള കളി ഗോള്‍രഹിത സമനിലയിലെത്തുകയാണുണ്ടായത്‌. ക്വാര്‍ട്ടര്‍ഫൈനലില്‍ കൊളമ്പിയയേയും സെമിയില്‍ ഫ്രാന്‍സിനേയും തോല്‍പ്പിയ്‌ക്കാന്‍ ബ്രസീലിന്നാകുമോ? സംശയമാണ്‌. ബ്രസീല്‍ ഫൈനലില്‍ കടന്നു കൂടിയെന്നിരിയ്‌ക്കട്ടെ. എതിരാളി നെതര്‍ലന്റ്‌സായിരിയ്‌ക്കും. ബ്രസീലിനു നെതര്‍ലന്റ്‌സിനെ തോല്‍പ്പിയ്‌ക്കാനാകുമോ? സംശയമാണ്‌. ബ്രസീലിനു കപ്പു കിട്ടാനുള്ള സാദ്ധ്യത കാണുന്നില്ല. നെയ്‌മറുണ്ടായിട്ടും.

ഗ്രൂപ്പു തലത്തിലേതില്‍ നിന്നും വിശേഷപ്പെട്ട പ്രകടനം നോക്ക്‌ ഔട്ട്‌ റൌണ്ടില്‍ ടീമുകള്‍ കാഴ്‌ച വച്ച ചരിത്രമുണ്ട്‌. ഇത്തരം ചരിത്രമാവര്‍ത്തിച്ചാല്‍ മുന്നോട്ടു വരാന്‍ സാദ്ധ്യതയുള്ള ഒരു ടീമാണ്‌ ജര്‍മ്മനി. ജര്‍മ്മനി മുന്നോട്ടു വന്നാല്‍, ഫ്രാന്‍സ്‌ പിന്‍തള്ളപ്പെടും. ജര്‍മ്മനി കൊളമ്പിയയെ തോല്‍പ്പിച്ചാല്‍ പ്രയാസമാണ്‌, എങ്കിലും ഫൈനല്‍ നെതര്‍ലന്റ്‌സും ജര്‍മ്മനിയും തമ്മിലാകാം. ജര്‍മ്മനിയ്‌ക്ക്‌ നെതര്‍ലന്റ്‌സിനെ പരാജയപ്പെടുത്താന്‍ കഴിയുമോ? സംശയമാണ്‌.

നെതര്‍ലന്റ്‌സിനു തന്നെയാണ്‌ കപ്പു നേടാനുള്ള സാദ്ധ്യത കൂടുതല്‍.
ലോകകപ്പ്‌ ആരു നേടും? (ലേഖനം: സുനില്‍ എം.എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക