Image

കുരിശുമലയിലെ ആത്മീയനിര്‍വൃതിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -25: ജോര്‍ജ്‌ തുമ്പയില്‍)

Published on 05 July, 2014
കുരിശുമലയിലെ ആത്മീയനിര്‍വൃതിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -25: ജോര്‍ജ്‌ തുമ്പയില്‍)
വാഹനം മെല്ലെ കുരിശുമലയുടെ അടിവാരത്തേക്ക്‌ നീങ്ങി. ദൂരെ ആകാശവും മൊട്ടക്കുന്നുകളും ചേര്‍ന്നു നിന്നു കിന്നരിക്കുന്നതായി തോന്നി. പ്രകൃതിയുടെ വികൃതി പോലെ ആകാശത്ത്‌ മേഘങ്ങള്‍ക്ക്‌ പലവിധ ആകൃതി. ഞാന്‍ ജെറോമിനോട്‌ കേരളത്തില്‍ ഇതു പോലെ മറ്റേതെങ്കിലും സ്ഥലമുണ്ടോയെന്ന്‌ അന്വേഷിച്ചു. ഇല്ലെന്നായിരുന്നു മറുപടി. കേരളത്തിനു മറ്റൊരു പ്രത്യേകതയുണ്ട്‌. കേരളത്തിന്റെ ഓരോ ടൂറിസ്റ്റ്‌ ഡെസ്റ്റിനേഷനും ഏതെങ്കിലും കാരണത്താല്‍ മറ്റൊന്നില്‍ നിന്നും വ്യത്യസ്‌തപ്പെട്ടു തന്നെ നില്‍ക്കും. ഒരു പോലെ തോന്നിക്കുമെങ്കിലും കേരളത്തിലെ ബീച്ചുകളുടെ കാര്യം തന്നെയെടുത്താല്‍ ഇതു മനസ്സിലാവും. ഓരോന്ന്‌ ആലോചിച്ച്‌ വെറുതെ വാഹനത്തിന്റെ പുറത്തേക്ക്‌ നോക്കിയിരിക്കവേ, കുരിശുമല എന്നൊരു വലിയ ബോര്‍ഡ്‌ കണ്ടു.

ചെറു കുളിരുള്ള അന്തരീക്ഷത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ പ്രകൃതി വര്‍ണ്ണഭംഗി പൊഴിച്ച്‌ നില്‍ക്കുന്നതു പോലെ തോന്നി. കുരുവിളയും ഞാനും അമേരിക്കയില്‍ തണുപ്പിന്റെ അഗ്രഗണ്യതയില്‍ താമസിക്കുന്നവരാണ്‌, എന്നിട്ടും ഈ ചെറുകുളിര്‌ ഒരു തണുപ്പ്‌ പോലെ ഞങ്ങള്‍ക്ക്‌ തോന്നാന്‍ തുടങ്ങി. അതാണ്‌ കേരളത്തിന്റെ, പ്രത്യേകിച്ച്‌ വാഗമണ്ണിന്റെ മാജിക്ക്‌ എന്ന്‌ ജെറോം തമാശ മട്ടില്‍ പറയുകയും ചെയ്‌തു.

കുരിശുമലയിലേക്കുള്ള കവാടത്തില്‍ നിന്നും മുകളിലേക്ക്‌ സ്റ്റെപ്പ്‌ നീണ്ടു കിടക്കുന്നു. കയറിച്ചെല്ലും തോറും യേശുക്രിസ്‌തുവിന്റെ ചെറു കോണ്‍ക്രീറ്റ്‌ പ്രതിമകള്‍ കാണാം. ഇതെല്ലാം `കുരിശിന്റെ വഴിയിലെ` പ്രസിദ്ധങ്ങളായ `14 സ്ഥലങ്ങള്‍` സ്‌മരിക്കുന്ന നിര്‍മ്മിതികളാണെന്നു ജെറോം പറഞ്ഞു. സന്ദര്‍ശകര്‍ കുറവായിരുന്നു. എല്ലാവരും മൊട്ടക്കുന്നുകളിലും പൈന്‍മരക്കാടുകളിലുമായിരിക്കും. ഞങ്ങള്‍ മെല്ലെ മുകളിലേക്ക്‌ കയറിത്തുടങ്ങി. കുട്ടികള്‍ ഓടിക്കയറി. ഓരോ സ്റ്റെപ്പും കയറിച്ചെല്ലുമ്പോള്‍ അദ്ദേഹം നമ്മോടു പറഞ്ഞ വേദ വാക്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്‌, അതെല്ലാം വായിച്ച്‌ പതിയെ ഓരോ ചെറിയ പാറ കുന്നുകളും നടന്നു കയറുമ്പോള്‍ വേറൊരു ലോകത്തേക്ക്‌ കയറുകയാണോ എന്ന്‌ തോന്നും. മല കയറിയിട്ട്‌ ഇടയ്‌ക്ക്‌ ഒന്നു താഴേയ്‌ക്ക്‌ നോക്കി. വാഹനം ചെറു ആകൃതിയില്‍ താഴെ കിടപ്പുണ്ട്‌. മുകളില്‍ നിന്നുള്ള ചുറ്റുപാടും നിറഞ്ഞ വ്യൂ കണ്ടപ്പോള്‍ സുന്ദരവും ചേതോഹരവുമായ പ്രകൃതിയെ ഒരു നിമിഷം നമിച്ചു പോയി. വാട്ടര്‍ കളറില്‍ ഒരു ചിത്രകാരന്‍ പെയിന്റ്‌ ചെയ്‌തതു പോലെ. ഇതു മിഥ്യയോ, സത്യമോ എന്നു പോലെയുള്ള അനുഭവം. ഹൈ ഓള്‍ട്ടിട്യൂഡിലേക്ക്‌ കയറുന്നതിന്റെ വിഷമം ബാധിക്കുന്നുണ്ട്‌. എങ്കിലും ഒരു കാര്യം ഉറപ്പിച്ചു, കണ്ടതിനേക്കാള്‍ മനോഹരമാണ്‌ കാണാനിരിക്കുന്നത്‌. അതേ വാഗമണിലെ ഏറ്റവും സുന്ദരമായ സ്ഥലം ഇതു തന്നെ... വാഗമണ്‍ പോകുന്നവര്‍ കുരിശുമല കയറാതെ തിരിച്ചു പോകരുതെന്നെ പറയാനുള്ളൂ. കാരണം വാഗമണിലെ സുഖശീതളമായ കാറ്റും തണുപ്പും ഏറ്റവും അനുഭവ ഹൃദ്യമാകുന്നത്‌ ഈ കുന്നുകള്‍ കയറിയെത്തുമ്പോഴാണ്‌.

നാല്‌ ദിക്കിലും മേഘാവൃതമായ ആകാശവും അനന്തതയും മാത്രം. ചെറിയ ഇടെവേളകള്‍ എടുത്തു നടന്നു കയറിയാല്‍ കുരിശുമലയുടെ ഏറ്റവും മുകളിലെത്താന്‍ വലിയ ബുദ്ധിമുട്ടില്ല. ജറോമും കുരുവിളയും സ്‌ത്രീജനങ്ങളുമെല്ലാം അല്‍പ്പം വിഷമിക്കുന്നുണ്ട്‌. ഞാന്‍ അവര്‍ കൂടെ എത്താനായി കാത്തു നിന്നു. ഒറ്റത്തവണ കയറുന്നതിന്റെ കുഴപ്പമാണ്‌. മെല്ലെ കയറിയാല്‍ മുകളിലെത്താം. ജീവിതത്തിലും ഇങ്ങനെ തന്നെയല്ലേ എന്ന്‌ ഒരു നിമിഷം ഓര്‍ത്തു പോയി. പെട്ടെന്നു വിജയിക്കാനായി ഓടിക്കയറിയാല്‍ പാതിവഴിയില്‍ തളര്‍ന്നു പോവുന്ന കാഴ്‌ച. അതു തന്നെ യാണ്‌ പ്രതീകാത്മകമായി ഈ കുരിശുമലയും ഓര്‍മ്മിക്കുന്നത്‌. പ്രകൃതിയോടൊപ്പം ദാര്‍ശനികമായ ഉള്‍വിളിയും ആത്മീയമായനിര്‍വൃതിയും ചൂഴ്‌ന്നു നിന്നു. ഞാന്‍ ഇതു പോലെയുള്ള കയറ്റങ്ങള്‍ അപ്പോസ്‌തോലന്മാര്‍ നടന്നു കയറിയ വഴിയിലൂടെ ടര്‍ക്കിയില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായിരുന്നതിനെക്കുറിച്ചും ഒരു നിമിഷം ഓര്‍ത്തു പോയി.

ജറോമിനോടും കുരുവിളയോടുമൊപ്പം അല്‍പ്പം വിശ്രമിച്ചു, കൈയില്‍ കരുതിയിരുന്ന കുപ്പിവെള്ളം ഒരു ഇറക്ക്‌ ഇറക്കി മെല്ലെ കയറി. കുട്ടികള്‍ മുകളില്‍ നിന്നു വിളിച്ചു കൂവുന്നു. അവരവിടെ ചെന്നിട്ട്‌ സമയം കുറെയായി. ഒടുവില്‍ പ്രശാന്തിയുടെ ആത്മീയാന്വേഷണം പൂര്‍ത്തിയായതും പോലെ മലയുടെ മുകള്‍ത്തട്ടില്‍ എത്തി. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്‌ച വാക്കുകള്‍ക്കതീതമായിരുന്നു. ഭൂമിയുടെ നെറുകയില്‍ കയറി ആകാശത്തെ തൊടാന്‍ ചെന്നെത്തിയ ഒരു കൊച്ചു കുട്ടിയെ പോലെ പെട്ടെന്നു മനസ്സും ശരീരവും തരളിതമായതു പോലെ. തേടി നടന്നത്‌ എന്തോ പെട്ടെന്നു നമ്മിലേക്ക്‌ തിരിച്ചു വന്നതു പോലെ. ചുമ്മാതല്ല, കുട്ടുകള്‍ കിടന്നു ബഹളം വച്ചത്‌. കയറ്റം കയറി കിതച്ചെത്തുന്ന സഞ്ചാരിയെ ഇവിടുത്തെ പ്രകൃതിമനോഹര കാഴ്‌ചകള്‍ ശാന്തമാക്കുമെന്നുറപ്പ്‌. ഞാന്‍ ചിന്തിച്ചതു തന്നെ ജറോമും കുരുവിളയും തിരിച്ചു പറഞ്ഞു. അവരുടെ ചിന്തകളും മനസ്സും ശാന്തമായിരിക്കണം. ലാളിത്യത്തിന്റെ പ്രതീകം പോലെ ഒരു ചെറിയ പള്ളി ഏറ്റവും മുകളില്‍, ചുറ്റും ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെയും മറ്റും പ്രതിമകള്‍... ആ മലമുകളില്‍ നില്‍ക്കുമ്പോള്‍; ഈ അനന്തതയില്‍ മനുഷ്യന്‍ എത്രയോ നിസ്സാരനെന്നു തോന്നി. ചെറു കാറ്റ്‌ വീശി കൊണ്ടിരുന്നു. എന്നിട്ടും ദേവാലയത്തിന്‌ മുന്‍പില്‍ ആരോ കത്തിച്ചുവച്ച മെഴുകുതിരികള്‍ അണഞ്ഞതേയില്ല.

പ്രകൃതിയുടെ മാസ്‌മരിക സൗന്ദര്യവും, വാഗമണ്‍ മലനിരയിലെ തണുപ്പും, സഹ്യനെ തഴുകിയൊഴുകി വരുന്ന കുളിര്‍ കാറ്റുമേറ്റ്‌ എത്രനേരം ഇവിടെയിരുന്നാലും സമയം പോകുന്നതറിയില്ല. െ്രെകസ്‌തവ മത വിശ്വാസികളായ ഒരു കൂട്ടം സന്യാസിമാര്‍ താമസിക്കുന്ന ആശ്രമം ഉണ്ട്‌ ഈ മലമുകളില്‍, ഇവിടം പരിപാലിക്കുന്നതും ഇവരാണ്‌. സാധാരണയായി വിനോദ സഞ്ചാരികള്‍ ആണ്‌ കുരിശുമലയില്‍ കൂടുതലും വരുന്നതെങ്കിലും ഈസ്റ്റര്‍ ദിനത്തില്‍ വലിയ മരക്കുരിശും തോളിലേന്തി അനേകം മതവിശ്വാസികള്‍ ഈ മല കയറുന്നുണ്ട്‌. ദൂരെ മുരുകന്‍മല കണ്ടു. വാഗമണ്ണിനെ ഇഷ്ട്‌ടപ്പെടുന്നവര്‍ക്ക്‌ ഇനിയുമുണ്ട്‌ ഇതുപോലുള്ള ഉയരങ്ങള്‍ ഇവിടെ. ഡിസംബര്‍ ജനുവരി മാസമാണ്‌ വാഗമണ്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. പലരും ഒരു ദിവസത്തെ യാത്രയില്‍ ഒതുക്കി തിരികെ വരുന്ന ഇടമാണ്‌ ഇവിടെ, പക്ഷെ ഇനി പോകുമ്പോള്‍ ഒരു രാത്രിയെങ്കിലും അവിടെ തങ്ങണമെന്നു തന്നെ ഉറപ്പിച്ചു. ഞങ്ങള്‍ തിരിച്ചിറങ്ങി.

വഴിയില്‍ മഞ്ഞ്‌ നിറഞ്ഞു നിന്നിരുന്നു.
പ്രകൃതി ഉപചാരം ചൊല്ലി ഞങ്ങളെ യാത്രയാക്കുന്നു.
ഞാന്‍ വാഗമണ്ണിന്‌ സ്വസ്‌തി നേര്‍ന്നു !

(തുടരും)

എങ്ങിനെ ഇവിടെ എത്തിച്ചേരാം ?

തൃശൂരില്‍ നിന്നും വരുന്നവര്‍ അങ്കമാലിയില്‍ നിന്നും ഇടത്തേക്ക്‌ തിരിഞ്ഞ്‌ പെരുമ്പാവൂര്‍ വഴി മൂവാറ്റുപുഴയില്‍ എത്തുക.

(എറണാകുളത്ത്‌ നിന്നും വരുന്നവര്‍ തൃപ്പൂണിതുറ-കോലഞ്ചേരി വഴി മൂവാറ്റുപുഴയില്‍ എത്തുക.) മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയിലെത്തി ഈരാറ്റുപേട്ട വഴി വാഗമണില്‍ എത്തിച്ചേരാം.

ദൂരം : തൃശൂര്‍ > വാഗമണ്‍ 140 കിലോമീറ്റര്‍

ദൂരം : എറണാകുളം > വാഗമണ്‍ 102 കിലോമീറ്റര്‍
കുരിശുമലയിലെ ആത്മീയനിര്‍വൃതിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -25: ജോര്‍ജ്‌ തുമ്പയില്‍)കുരിശുമലയിലെ ആത്മീയനിര്‍വൃതിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -25: ജോര്‍ജ്‌ തുമ്പയില്‍)കുരിശുമലയിലെ ആത്മീയനിര്‍വൃതിയില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -25: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക