Image

പ്രീതി സജീവ്‌ പൈനാടത്ത്‌ ഫൊക്കാനാ മലയാളി മങ്ക

Published on 06 July, 2014
പ്രീതി സജീവ്‌  പൈനാടത്ത്‌ ഫൊക്കാനാ മലയാളി മങ്ക
ചിക്കാഗോ: സദസിന്റെ മനംകവര്‍ന്ന ഫൊക്കാനാ മലയാളി മങ്ക മത്സരത്തില്‍ ടെക്‌സസില്‍ നിന്നുള്ള പ്രതീ സജീവ്‌ പൈനാടത്ത്‌ കിരീടമണിഞ്ഞു. സൂസന്‍ ഇടമല ഫസ്റ്റ്‌ റണ്ണര്‍ അപ്പും, താരാ കോശി സെക്കന്‍ഡ്‌ റണ്ണര്‍അപ്പുമായി.

ഒന്നാം സമ്മാനാര്‍ഹയായ പ്രതീ
സജീവ്‌ ടെക്‌സസിലെ ഓസ്റ്റിനടുത്തുള്ള ടെമ്പിളില്‍ താമസിക്കുന്നു. നേഴ്‌സായ പ്രീതിയുടെ ഭര്‍ത്താവ്‌ സജീവ്‌ ഐ.ടി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. നാലര വയസും പതിനൊന്ന്‌ മാസം പ്രായവുമുള്ള രണ്ടു മക്കള്‍.

മുന്‍ മിസ്‌ കേരള സുവര്‍ണ്ണാ മാത്യു പ്രീതിയെ കിരീടമണിയിച്ചു. വിജയികള്‍ക്ക്‌ സാജ്‌ റിസോര്‍ട്ടിന്റെ സമ്മാനം മിനി സാജു നല്‌കി.

പതിനൊന്നു പേരാണ്‌ പങ്കെടുത്തത്‌. സ്റ്റേജിനെ വര്‍ണ്ണാഭമാക്കിയ പ്രകടനം അത്യാകര്‍ഷകമായി. തമ്പി ആന്റണി, സുവര്‍ണ്ണാ മാത്യു, സാബു ചെറിയാന്‍ എന്നിവരായിരുന്നു ജഡ്‌ജിമാര്‍. നടിമാരായ മാത്യു, മന്യ എന്നിവര്‍ സദസിലുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്ക്‌ ഓരോരുത്തരും നല്‍കിയ ഉത്തരമായിരുന്നു ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്‌. വിവാഹാനന്തര ജീവിതവും പ്രണയമധുരമാക്കാം എന്നതായിരുന്നു ഒരു ഉത്തരം. സിനിമയിലേക്ക്‌ ക്ഷണം ലഭിച്ചാല്‍ ആരെ നായകനാക്കുമെന്ന ചോദ്യത്തിന്‌ അത്‌ സംവിധായകന്‍ തീരുമാനിക്കുമെന്നും, താന്‍ തന്നെ തീരുമാനിക്കണമെന്നു പറഞ്ഞാല്‍ സുരേഷ്‌ ഗോപി വേണമെന്നു പറയുമെന്നും മത്സരാര്‍ത്ഥിയായ ബിന്‍സി പറഞ്ഞു.

നമ്മള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം യുവതലമുറകളെപ്പറ്റിയുള്ള ആശങ്കകളാണെന്ന്‌ റോക്ക്‌ലാന്റില്‍ നിന്നു വന്ന ട്രീസ പറഞ്ഞു. അടുത്തയിടയ്‌ക്കുണ്ടായ സംഭവങ്ങള്‍ തന്നെ ഉദാഹരണം. പുതിയ തലമുറ സാങ്കേതികതയില്‍ ബഹുദൂരം മുന്നില്‍. നാം പഴഞ്ചന്‍ രീതികളുമായി നില്‍ക്കുന്നു ഇത്‌ മാറണം.

നമ്മുടെ സംസ്‌കാരം അടുത്ത തലമുറയിലേക്ക്‌ കൈമാറാന്‍ ഫൊക്കാന പോലുള്ള സംഘടനകള്‍ ഉപകാരപ്രദമാണെന്നു സുജ പറഞ്ഞു.

സ്‌ത്രീകള്‍ക്ക്‌ എതിരായ പീഡനം തടയാന്‍ സ്‌ത്രീകള്‍ മാന്യമായ വസ്‌ത്രധാരണം നടത്തണമെന്ന്‌ മേരി പറഞ്ഞു. പുരുഷന്മാരെ പ്രലോഭിപ്പിക്കുന്ന വസ്‌ത്രധാരണരീതി അരുത്‌.

വിവാഹത്തോടെ സ്വപ്‌നങ്ങള്‍ എല്ലാം തീരുമെന്ന്‌ പറയുന്നതു ശരിയോ എന്ന ചോദ്യത്തിന്‌ അതു ശരിയെന്നും തെറ്റെന്നും പറയാമെന്ന്‌ ഒരു മത്സരാര്‍ത്ഥി പറഞ്ഞു. ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്‌ നിന്ന്‌ പ്രവര്‍ത്തിച്ചാല്‍ അനുഗ്രഹകരമായ ജീവിതം നയിക്കാനാകും.

ലളിതമായ ജീവിതം എന്നാല്‍ വസ്‌ത്രധാരണത്തില്‍ മാത്രമല്ല എന്ന്‌ മറ്റൊരാള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക്‌ സാന്ത്വനമേകുന്ന പ്രവര്‍ത്തികളും ഇതില്‍പ്പെടുന്നതാണ്‌.

മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്ന്‌ ജഡ്‌ജിമാര്‍ വിലയിരുത്തി. ലൈസി അലക്‌സ്‌, ആര്‍ദ്ര എന്നിവരായിരുന്നു കോര്‍ഡിനേറ്റര്‍മാര്‍.
പ്രീതി സജീവ്‌  പൈനാടത്ത്‌ ഫൊക്കാനാ മലയാളി മങ്ക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക