Image

അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പെരുമാറ്റചട്ടങ്ങള്‍ (ലേഖനം: ജോണ്‍ ഇളമത)

Published on 12 July, 2014
അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പെരുമാറ്റചട്ടങ്ങള്‍ (ലേഖനം: ജോണ്‍ ഇളമത)
`സത്യം എന്നും അപ്രിയം' തന്നെ. കടലുകള്‍ക്കപ്പുറത്ത്‌, പ്രത്യാശയുടെ വെളിച്ചംതേടി പോകുന്ന നാം സ്‌നേഹപുരസരം പരസ്‌പരം, ബഹുമാനിക്കേണ്ടതാണ്‌. `ആരും ആരേക്കാളും ചെറുതല്ല,വലുതുമല്ല' എന്ന സത്യമാണ്‌, നമ്മേ ഈ ബോധത്തിലേക്ക്‌ കൊണ്ടുവരേണ്ടത്‌. ജനാധിപത്യം സ്വപ്‌നംകണ്ട്‌ മനസ്സില്‍ താലോലിച്ച്‌ നടന്നിരുന്ന ഒരു പ്രവാസിക്ക്‌, പ്രത്യാശയുടെ കിരണങ്ങള്‍ ചിതറി അസ്‌തമിക്കുന്ന കാഴ്‌ച അരോചകം തന്നെ'. സ്വാര്‍ത്ഥത, അധികാരം, പ്രതികാരം, എന്നീ പ്രത്യയ ശാസ്‌ത്രങ്ങളുടെ ഇരകളായി പ്രവാസി മലയാളികള്‍, രൂപാന്തരീകരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്‌ പറയാതെവയ്യ.

സ്വന്തം ജന്മനാട്ടില്‍ നിന്നകലെയകലെ സ്വപ്‌നങ്ങളുടെ മുത്തും പവിഴവും തേടിവന്നവരാണ്‌ നാം എന്നാല്‍ മേല്‍പ്പറഞ്ഞ ചിന്താഗതി നമ്മെ അവസരവാദികളും, കാക്കപിടുത്തക്കാരുമായി മാറ്റി കൊണ്ടിരിക്കുന്നു. പറഞ്ഞു പ്രലോഭിപ്പിച്ച്‌്‌, സ്വന്തം മാളത്തില്‍ വരുത്തി നാണം കെടുത്തുന്നത്‌, ഇന്ന്‌ ഇവിടുത്തെ സാംസ്‌ക്കാരിക സംഘടനകളില്‍ അസധാരണമല്ല. ഫ്യൂഡല്‍ വ്യവസ്‌ഥിതിയുടെ കാലംകഴിഞ്ഞുഎന്ന്‌ ആരെങ്കിലും ചിന്തിച്ചാല്‍ ശുദ്ധ അബദ്ധം! അതു പൂര്‍വ്വധികം ശക്‌തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. എവിടയും, ഈ പ്രവാസി മലയാളികള്‍ക്കിടയിലും സ്‌ഥാനമാനങ്ങള്‍ക്കുവേണ്ടി അടരാടുന്ന `വരേണ്യവര്‍ഗ്ഗം' ധര്‍മ്മത്തേയും,നീതിയേയും കാറ്റില്‍ പറത്തുന്നു. സമ്പന്നതയുടെയും, നാണയകിലുക്കത്തിന്‍െറയും, അല്ലെങ്കില്‍ മറ്റുംവിലക്കുവാങ്ങാവുന്ന ബന്ധങ്ങളിലൂടെയും, വാക്കുമാറ്റവും, കൂറുമാറ്റവും നടത്തി, സ്വയം രാജാക്കന്മാരായി അവരോധിക്കപ്പെടുന്ന കാഴ്‌ച ഏവരേയും മണ്ടന്മാരാക്കുന്നു. (കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍).

ഇത്രയും വാസ്‌തവമല്ലേ, എന്ന്‌ ബുദ്ധിജീവികളും, സാധാരണക്കാരും ചിന്തിക്കുന്നത്‌ ഉചിതം. ഇവിടെ അര്‍ഹതയുള്ളവര്‍, ഏതെങ്കിലും തട്ടകത്തില്‍ അര്‍ഹരായിട്ടുണ്ടോ? (സാംസ്‌ക്കാരികം,സാഹിത്യം, മൂല്യാധിഷ്‌ഠിത വിചാരങ്ങള്‍ എന്നിവയില്‍. `പറച്ചില്‍ ഒന്ന്‌, പ്രവര്‍ത്തി മറ്റൊന്ന്‌'.എന്ന ഹീനമായ ചിന്തയില്‍ നിന്ന്‌ മലയാളികള്‍ വിടുതല്‍ പ്രാപിക്കുന്നില്ലെങ്കില്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടായിട്ടോ, അല്ലെങ്കില്‍ അമേരിക്ക എന്നപരിഷ്‌കൃതരാജ്യത്ത്‌ കുടിയേറിയിട്ടോ എന്തുനേട്ടം? ഇപ്പറഞ്ഞുവരുന്നത്‌, ഇവിടെ ആകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരവസ്‌ഥയെപറ്റി തന്നെ.

സാംസ്‌ക്കാരിക തലത്തിലുള്ള ഉന്നത നേതാക്കളെ തികച്ചും കുറ്റപ്പെടുത്താനാവില്ല. അവര്‍ക്കു ചുറ്റും നൃത്തം ചെയ്യുന്ന ചെറുനക്ഷത്രങ്ങളാണ്‌ ഇക്കണ്ട വിനകള്‍ക്കൊക്കെ കാരണം. വിശ്വാസപൂര്‍വ്വം അധികാരം ഇരന്നുവാങ്ങി, സ്വന്തമായി അധികാരം കയ്യാളുന്നവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെ. അവര്‍ ഉള്ളതിനെ ഇല്ലാതാക്കുകയും, ഇല്ലാത്തതിനെ ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നു.

നമ്മുടെ സാംസ്‌ക്കാരിക സംഘടനകളുടെ പരിപാടികള്‍ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്‌. സ്റ്റേജ്‌ നിറയെ പ്രഭാഷകര്‍.കേള്‍ക്കാന്‍ കുറേ അല്‌പ്പബുദ്ധികളും. കേള്‍ക്കാന്‍ വരുന്നവര്‍ക്ക്‌ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനവസരമില്ല. എന്നാല്‍ സ്‌റ്റേജിലെ പ്രഭാഷകരോ നിര്‍ത്താത്ത വാഗ്‌ധോരണി അറിവുള്ളവര്‍, അറിവില്ലാത്തവരോട്‌ സുദീര്‍ഘം സംവാദിക്കുന്ന സമ്പ്രദായം. ഇതിനുപകരം ഒന്നോരണ്ടോ പ്രശസ്‌തരെ സ്‌റ്റേജില്‍ ഇരുത്തിപറയാന്‍ കഴിവുള്ള എല്ലാവരെയും പങ്കെടുപ്പിക്കുന്നതല്ലേ അഭികാമ്യം. ആഘോഷങ്ങളില്‍ എവിടെയും പ്രസംഗമണ്ഡപങ്ങള്‍! മണ്ഡപങ്ങള്‍ നിറയെ പ്രശസ്‌തര്‍ കേള്‍ക്കാന്‍ കുറേ വിവരദോഷികളും മതസൗഹാര്‍ദ്ദത്തില്‍, സാഹിത്യത്തില്‍,ചിരി അരങ്ങില്‍, പൊതുസമ്മേളനങ്ങളില്‍ അങ്ങനെ എല്ലാ അരങ്ങുകളിലുമീ ദുരവസ്‌ത!

നാട്ടിലെ പ്രശസ്‌ത സാഹിത്യകാര്‍ പ്രസംഗിക്കുന്നതു കേട്ടു. നാട്ടില്‍സാഹിത്യ സെമിനാറുകള്‍ക്ക്‌ ഇതിന്‍െറ പത്തിലൊന്ന്‌ ജനംപോലുംകൂടാറില്ലെന്ന്‌! നിങ്ങള്‍ക്കു തെറ്റിപോയി ഇ ടെയും സാഹിത്യം, കമ്പോളത്തില്‍ വിലക്കുറഞ്ഞ ചരക്കുതന്നെ. ഇവിടെ സിനിമാ സീരിയല്‍, പിന്നെ രാഷ്‌ട്രീയ നേതാക്കള്‍ക്കുമേ മാാര്‍ക്കറ്റുള്ളൂ. അവരെ കാണാന്‍ വന്നവര്‌ നിങ്ങളെ കൂടിഒന്നു കാണുന്നു അത്രമാത്രം! അല്ലെങ്കില്‍ തന്നെ ഇവിടത്തെ എഴുത്തുകാരെപ്പറ്റിയോ, സാഹിത്യത്തെപ്പറ്റിയോ നിങ്ങള്‍ക്ക്‌ എന്തുധാരണ. അര്‍ഹതഉള്ളവരെ നിങ്ങളറിയുന്നില്ല, അര്‍ഹിക്കാത്തവരെ നിങ്ങള്‍ കൊട്ടിഘോഷിക്കുന്നു.
അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്കിടയിലെ പെരുമാറ്റചട്ടങ്ങള്‍ (ലേഖനം: ജോണ്‍ ഇളമത)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക