Image

മുല്ലപ്പെരിയാര്‍: പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് പ്രധാനമന്ത്രി

Published on 26 November, 2011
മുല്ലപ്പെരിയാര്‍: പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിക്കാന്‍ കേരളത്തില്‍ നിന്നുള്ള എം.പി. മാര്‍ കക്ഷിഭേദമെന്യേ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ കണ്ടു. കേന്ദ്രമന്ത്രിമാര്‍ ഒഴികെയുള്ള കേരള എം.പി.മാരാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം എം.പി.മാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് തങ്ങള്‍ക്കുള്ള ആശങ്കയും പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന താത്പര്യവും പ്രധാനമന്ത്രി പങ്കുവെച്ചതായും എം.പി.മാര്‍ അറിയിച്ചു.

അതേസമയം, പ്രശ്‌നത്തില്‍ വൈകാരികമായി പ്രതികരിക്കരുതെന്നും ഇരു സംസ്ഥാനത്തെയും ജനങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി എം.പി.മാരോട് ആവശ്യപ്പെട്ടു. എപ്പോള്‍ വേണമെങ്കിലും ഭൂചലനം ഉണ്ടാകാവുന്ന പ്രദേശത്താണ് ഡാം. 9 മാസത്തിനിടെ 28 തവണ ഇവിടെ ഭൂചലനമുണ്ടായി. 30 ലക്ഷം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത്-എം.പി.മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

പുതിയ ഡാം നിര്‍മിച്ചാലും തമിഴ്‌നാടിന് ആവശ്യമായത്ര ജലം ഇപ്പോഴുള്ള അളവില്‍ ഒട്ടും കുറയ്ക്കാതെ തന്നെ നല്‍കാന്‍ കേരളം തയ്യാറാണെന്നും സുരക്ഷ മാത്രമാണ് കേരളം ആവശ്യപ്പെടുന്നതെന്നും എം.പി.മാര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് സംസാരിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക