Image

അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)

Published on 15 July, 2014
അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)
മോദി
മാനാഞ്ചിറ
മാരക്കാന
മോഹന്‍ലാല്‍
മസ്‌ക്കീന്‍
മെസ്സി
മലയാള പത്രലേഖകര്‍

ഇത്രയൊക്കെയായപ്പോള്‍ അര്‍ജന്റീനയ്‌ക്ക്‌ ശ്വാസം നേരേവീണു. തലേന്നു വരെയുണ്ടായിരുന്ന ആശങ്ക പമ്പ കടന്നു. ജയിക്കാന്‍ ഇത്രയും ചട്ടവട്ടങ്ങളായപ്പോള്‍ ഞായറാഴ്‌ച പുലര്‍ന്നതോടെ ടീമിന്‌ നല്ല ഉശിര്‌. ആന പിടിച്ചാലും നില്‍ക്കാത്ത കുതറിച്ച. ജര്‍മനിയോടു പോയി പണിനോക്കാന്‍ പറ. വരട്ടെ അവമ്മാര്‌, കാണിച്ചുകൊടുക്കാം. അല്ലാ പിന്നെ.

അങ്ങ്‌, കേരളത്തിലെ സകലമാന ചാനലുപണിക്കാരും രാപ്പകല്‍ അറഞ്ഞു പണിയുകയാണ്‌ ലോകകപ്പിനുവേണ്ടി. ഇതുകൂടി കേട്ടതും ജര്‍മന്‍ കോച്ചും, മെസ്സിയും ഇരിക്കപ്പൊറുതിയില്ലാതെ ആര്‍ത്തു തുള്ളിച്ചാടി.

സംഗതി ഉള്ളത്‌ ഉള്ളതുപോലെ പറയണമല്ലോ,

രണ്ടുദിവസമായി മലയാളത്തിലെ ചാനലുകള്‍ ഭാഷയിലെ സര്‍വപദങ്ങളും തപ്പിപ്പെറുക്കി അര്‍ജന്റീനക്കുവേണ്ടി പന്തുരുട്ടുകയാണ്‌. ചാനലിലെ നിലയവിദ്വാന്മാര്‍ വായിട്ടലച്ചു ക്ഷീണിച്ചപ്പോള്‍ നാട്‌ അരിച്ചുപെറുക്ക്‌ പന്തു കണ്ടിട്ടുള്ള സകലമാനപേരെയും വീടുകളില്‍നിന്നു പിടിച്ചിറക്കി സ്റ്റുഡിയോയിലെത്തിച്ചു.

തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ ഒരരുക്കായതോടെ രാഷ്‌ട്രീയത്തിലെ കുട്ടിനേതാക്കള്‍ മുതല്‍ പിടികിട്ടാക്കൊമ്പന്മാര്‍വരെ പണിയൊന്നുമില്ലാതെ ചൊറികുത്തി നടക്കുന്നു.പൂട്ടിയ ബാറുകള്‍, ചൂടാക്കിക്കൊണ്ടുവരുന്ന മന്ത്രിസഭാ പുനസംഘടനയെന്ന കുക്കുടസ്ഥനം തുടങ്ങി വെട്ടുമേനികുറഞ്ഞ കാര്യങ്ങളല്ലാതെ ഒന്നും ഒത്തുവരുന്നില്ല.

അതു നന്നായി. ഏത്‌ അര്‍ദ്ധരാത്രിക്കു വിളിച്ചുണര്‍ത്തിയാലും കുറേ നേതാക്കളെയെങ്കിലും കിട്ടാനുണ്ട്‌.

നമ്മള്‍ വിചാരിക്കുന്നതുപോലെ വെറും കൂതറകളൊന്നുമല്ല ഈ ശിങ്കങ്ങള്‍. പന്തുകളി അരച്ചുകലക്കി കുടിച്ചിരിക്കുന്ന അവരുടെ വെളിപാടുകള്‍ ആരെയും കോരിത്തരിപ്പിക്കും.

നടന കേസരികള്‍ കൂടിയാണ്‌ ചിലര്‍. ചാനല്‍ തുറന്നു വച്ചിരുന്നവരെ ഉണ്ണിത്താന്‍ജി ഞെട്ടിച്ചു കളഞ്ഞു. ഒട്ടും വിട്ടുകൊടുക്കുന്നവനല്ല ഷിബു തിലകന്‍.

ലോകകപ്പുഫൈനലിന്റെ ഫലം അവര്‍ക്കു നല്ല തിട്ടമാണ്‌. പന്തിന്റെ നാനാവശങ്ങളും അതടിക്കേണ്ടവിധങ്ങളും അവരുടെ വായില്‍നിന്നു നേരിട്ടു കേള്‍ക്കാന്‍ ജനത്തിനു ഭാഗ്യമുണ്‌ടായി.

അര്‍ജന്റിന ജയിക്കുമെന്ന്‌ സാഹചര്യത്തെളിവുകള്‍ നിരത്തി അവര്‍ സമര്‍ഥമായി തെളിയിക്കുമ്പോള്‍ കാണികള്‍ അത്താഴക്കഞ്ഞിപോലും വലിച്ചെറിഞ്ഞു കോരിത്തരിച്ചിരുന്നു. എത്ര ഗോളിനു ജയിക്കുമെന്ന കാര്യത്തിലാണ്‌ ലേശം സംശയമുള്ളത്‌. 3-2, 3-1 ഇങ്ങനെ പല കണക്കുകളും അവരുടെ കൈവശമുണ്ട്‌. എങ്കിലും ജര്‍മനി ജയിച്ചുകൂടാതെയില്ല. അത്ര കരുത്തന്മാരാണ്‌ അവര്‍. ഹിറ്റ്‌ലറുടെ നാട്ടുകാരല്ലെ. അതുകൊണ്ട്‌ രണ്ടുകൂട്ടര്‍ക്കും ജയസാധ്യതയുണ്ട്‌. ചാനല്‍ച്ചര്‍ച്ച ഒരു തീരുമാനവുമാകാതെ നീളുകയാണ്‌.

അറ്റ കൈയ്‌ക്ക്‌ നമ്മുടെ ജയഗീതയെ വിളിച്ചുവരുത്തിയതോടെ പ്രേക്ഷകര്‍ക്ക്‌ ശ്വാസം നേരെ വീണു. താന്‍ അര്‍ജന്റീന പക്ഷക്കാരിയാണെന്നും 2-1 ന്‌ അവര്‍ ജയിക്കുമെന്നും ദൃഢമായി വിശ്വസിക്കാനുള്ള അവകാശം സ്വന്തമാക്കിയ ആ പെണ്‍ശിങ്കം മുന്‍ജന്മത്തില്‍പ്പോലും ജര്‍മനിയുടെ ശത്രുവല്ല. അവരും ജയിച്ചെന്നു വരും. കണ്ടോ, കളിമാറിയത്‌.

പിന്നെ കൈരളിയില്‍ ഒരു പീതാംബരന്‍ അവതരിച്ചതോടെ ടെന്‍ഷന്‌ അല്‍പ്പം അയവുവന്നു.. വളരെ ആലോചിച്ചശേഷം അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്‌ തുലോം നല്ല വാര്‍ത്തയായിരുന്നു - മാരക്കാനയില്‍ എന്തും സംഭവിക്കാം. ഹൗ! അര്‍ക്കുമില്ലാതെപോയ വെളിപാട്‌. ടിവിക്കുമുന്നില്‍ ആരവമുയര്‍ന്നു. നിര്‍ത്താത്ത കയ്യടി. മാനാഞ്ചിറയില്‍ ഉത്സവമായി.

രണ്ടു ടീമുകളുടേയും വിധി പ്രത്യയശാസ്‌ത്രപരമായി, നിയോ-റിബറല്‍ അധിനിവേശത്തിന്റെ മാരകമായ പ്രത്യാഘാതങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ വിശകലത്തിനു വിധേയമാക്കിയ `അവിയലബിള്‍`പിബിയുടെ നേതാവ്‌ കുടുംബത്തോടൊപ്പം ഉപവിഷ്‌ടനായപ്പോള്‍ രംഗത്തിന്‌ സോഷ്യലിസ്റ്റ്‌ ഗൗരവം താനെ സംഭവിച്ചു.

പ്രവചനത്തിന്റെ ഒരു ഘട്ടത്തില്‍ ആത്മവിമര്‍ശനത്തിനു ധൈര്യം കാട്ടിയ ബേബിച്ചന്‍, വിംബിള്‍ഡണില്‍ തന്റെ സ്ഥാനാര്‍ഥിയുടെ തോല്‍വി കുണ്ടറത്തോല്‌വിപോലെ സ്വന്തക്കാരുടെ കാലുവാരല്‍കൊണ്ടാകാമെന്നു പറയാതെ പറയാന്‍ മടിച്ചില്ല. എന്തായാലും അര്‍ജന്റീന 3-2ന്‌ ജയിക്കുമെന്നു പ്രവചിക്കാന്‍ അദ്ദേഹത്തിനു നിയമസഭാ ഹാജര്‍ പുസ്‌തകത്തില്‍ ഒപ്പിടേണ്ട കാര്യമൊന്നുമില്ല.

മാരക്കാനയില്‍ ആളുകൂടിയതിനു തൊട്ടുമുമ്പുവരെ നീണ്ട വിപ്‌ളവകരവും വിജ്ഞാനപ്രദവുമായ ജോത്സ്യപ്രവചനങ്ങളില്‍ ഒരു കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു. ആരു ജയിക്കുമെന്ന്‌ കളി കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയൂ. എന്തൊരു ഉള്‍ക്കാഴ്‌ച.

ഗ്രഹണകാലത്ത്‌ ഞാഞ്ഞൂലും തലപൊക്കുമെന്നു പറയുന്നതു പഴങ്കഥ.

ഇതിനിടെ കേരളത്തിലെ വിവിധ മാരക്കാനകളില്‍ കുറേ പിള്ളേര്‍ തുള്ളിച്ചാടുന്നതും കരിവാരിത്തേയ്‌ക്കുന്നതും കണ്ട്‌ ചാനല്‍ക്കുട്ടികള്‍ മതിമറന്നു.

കളി കഴിഞ്ഞ പിറ്റേന്ന്‌ സര്‍വകലാകായിക വല്ലഭനായ ഒരു മന്ത്രി പറഞ്ഞ രഹസ്യം എന്തുകൊണ്ടോ പത്രങ്ങളില്‍ തലവാചകമാകാതെ പോയി. ``അര്‍ജന്റീന നന്നായി കളിച്ചു, പക്ഷെ ലെക്കൊണ്ടായില്ല.`` ഹൗ. പത്രറിപ്പോര്‍ട്ടര്‍മാര്‍ക്കു ബ്രേക്കിങ്‌ ന്യൂസ്‌.

കാല്‍പ്പന്ത്‌, അടിപ്പന്ത്‌ ഇതിഹാസങ്ങളുടെ കാറ്റുപോകാന്‍ി ഇനി താമസമില്ല. ആണ്‍പെണ്‍ ഭേദമില്ലാതെ സിനിമാസീരിയല്‍ താരങ്ങള്‍ കാല്‍പ്പന്ത്‌, ക്രിക്കറ്റടി തുടങ്ങിയ ലൈവ്‌ആയി അഭിനയിച്ചു തുടങ്ങി. ആവേശം മൂത്ത്‌ പട്ടാളക്കാരന്‍ നടന്‍ വളരെ കഷ്‌ടപ്പെട്ട്‌, കാശു കടംവാങ്ങിയോ പണ്ടം പണയംവച്ചോ ആവണം, ദുബായ്‌ വഴി മാരക്കാനയില്‍ എത്തി. പാവം (പോര്‍ച്ചുഗീസില്‍-മെസ്‌കീന്‍).കടലോരത്തെ ഒരു എളിയ റിസോര്‍ട്ടില്‍ ചെന്നുപറ്റി. കാല്‍പ്പന്തു കളിയിലെ പുതിയ ടെക്‌നിക്കുകള്‍ മനസിലാക്കി, വാര്‍ധക്യത്തിലും കട്ടിലില്‍ പിടിവിടാതിരിക്കാനാണ്‌ കാര്‍ന്നോരുടെ തന്ത്രമെന്നാണു ജനം കരുതിയത്‌.

പക്ഷെ ദാണ്ടെ കിടക്കുന്നു, മേല്‍പ്പടിയാന്‍ ഒരു പത്രത്തിനുവേണ്ടി എഴുതാന്‍ പോയതാണത്രെ. മലയാള പത്രപ്രവര്‍ത്തനത്തിന്റെ സുകൃതം. പഴയകാല പത്രപ്രവര്‍ത്തകര്‍ക്ക്‌ - പുതിയവര്‍ക്കും വേണമെങ്കില്‍ - ഇനി ധൈര്യമായി കണ്ണടക്കാം. ഒന്നും പേടിക്കാനില്ല. ചിലപത്രങ്ങള്‍ പത്രാധിപന്മാരെ ഉപേക്ഷിച്ചപ്പോള്‍, റിപ്പോര്‍ട്ടര്‍മാരെ ഔട്ടാക്കി പരീക്ഷണം നടത്തുകയാണ്‌ ചില കടലാസ്‌ മുതലാളിമാര്‍. നടന്മാരുള്ളപ്പോള്‍ റിപ്പോര്‍ട്ടര്‍മാരെന്തിന്‌.

മാരക്കാന എന്നത്‌ മരക്കൊമ്പോ ആനക്കൊമ്പോ എന്നു പാവം ജനത്തിനു പറഞ്ഞുകൊടുക്കാന്‍, കാരുണ്യനിധിക്കുവേണ്ടി ടന്‍ റുപ്പിസ്‌ കരഞ്ഞു യാചിച്ചു ചോദിക്കുന്ന പരമദരിദ്രനും ബുര്‍ജ്‌ ദുബായിയുടെ മണപ്പുറത്ത്‌ കിടന്നുറങ്ങുന്നവനും വേണ്ടിവന്നല്ലോ എന്റെ ആറാം തമ്പുരാനെ. ഇനിയെന്തിനു പേടി. ഒരു സംവിധായകന്‍ മാരക്കാനായില്‍ മൈക്കുപിടിച്ച്‌ പത്രത്തിനു വരിക്കാരെ കൂട്ടാന്‍ ഓടി നടന്ന പത്രപ്രവര്‍ത്തനം കലക്കീട്ടോ.

ഏതായാലും സ്‌പോര്‍ട്‌സ്‌ റിപ്പോര്‍ട്ടര്‍മാര്‍ ഇനി ഔട്ട്‌. അടുത്തതവണ ഈ സൂപ്പര്‍താരങ്ങള്‍ മാരക്കാനകളില്‍ അവതരിക്കുന്നത്‌ ഏതെങ്കിലും മാധ്യമത്തിന്റെ സിഇഒ ആയോ ചീഫ്‌ റിപ്പോര്‍ട്ടറായോ ആവാം.

ഇപ്പോള്‍ മനസിലായില്ലേ, മലയാള പത്രപ്രവര്‍ത്തനം മാരക്കാനയിലാണ്‌ യഥാര്‍ഥത്തില്‍ ആരംഭിക്കുന്നതെന്ന്‌. നിലവിലുള്ള പത്രപ്രവര്‍ത്തകര്‍ക്ക്‌ ഡ്യൂപ്പ്‌ ആകാന്‍ അവസരം കിട്ടിയേക്കും. അല്ലെങ്കില്‍ കട്ടപ്പൊഹ.

***

അതിനിടെ നാട്ടില്‍നിന്നു വിഐപികളുടെ ഒരു സംഘം ബ്രസീലിലേയ്‌ക്കു പോയതായി കേട്ടു. കളികാണാം, താളിയുമൊടിക്കാം. ഭാഷ ഒരു പ്രശ്‌നമാകുമെന്നു കരുതി മടിച്ചിരുന്നതാണ്‌. അപ്പൊഴാണ്‌, ബ്രസീല്‍ കേരളം പോലെയാണെന്നും മലയാളത്തില്‍ എന്തുപറഞ്ഞാലും മനസിലാക്കാന്‍ ബുദ്ധിയുള്ളവരാണ്‌ ബ്രസില്‍കാരെന്നും ഒരു മലയാളപത്രം വച്ചുകാച്ചിയത്‌. ഇനിയെന്തിനു പേടിക്കണം. ആരവിടെ, ടിക്കറ്റടുത്തോ, വിടാം.

ബ്രസിലിറങ്ങിയതും കയ്യില്‍ കരുതിവച്ചിരുന്ന കടലാസു തുണ്ടെടുത്ത്‌ വഴിയില്‍ കണ്ട ആദ്യത്തെ `ബ്രസൂക്ക`യോടു ചോദ്യം, കാപ്പി, കാപ്പി ? സ്വാറസ്‌, സ്വാറസ്‌.

കാപ്പിക്കട അയാള്‍ കാണിച്ചുകൊടുത്തു. അകത്തു കടന്നു ചോദിച്ചപ്പോള്‍ സപ്‌ളയര്‍ കാപ്പികൊണ്ടുവന്നു.

സ്വാറസ്‌, സ്വാറസ്‌. കിധര്‍ ഹൈ സ്വാറസ്‌. കേരളസംഘത്തിന്റെ ഡപ്യൂട്ടി ലീഡര്‍ അലറി. അദ്ദേഹത്തിനു കേരള നിയമസഭയില്‍ ഈയിടെപോലും ഹിന്ദി പറഞ്ഞ്‌ നല്ല പരിചയമാണ്‌.. ഹിന്ദിയാണല്ലോ, പോര്‍ച്ചുഗീസ്‌. അതുതതന്നെയായാണല്ലോ മലയാളം.

സപ്‌ളയര്‍ കണ്ണു മിഴിച്ചു.

സ്വാറസ്‌, സ്വാറസ്‌, നഹി മാലും? ശ്രേഷ്‌ഠമലയാളിക്കു ദേഷ്യം വന്നു.

സ്വാറസ്‌, സ്വാറസ്‌, കടി, കടി.. വട, പഴംപൊരി, മുളകുബജി..

ഒന്നും കിട്ടുന്ന ലക്ഷണമില്ല. സംഘം കാപ്പികുടിച്ചു കലി മാറ്റി.

കൊച്ചിയിലെ പപ്പടവട എന്ന ഹോട്ടലില്‍പോലും കിട്ടും സ്വാറസ്‌. വെറും 15 രൂഫാക്ക്‌. ഇറ്റലിയിലെ പന്തുകളിക്കാരന്‍ ജോര്‍ജിയോ ചിയേലിനിയെ ഉള്‍പ്പെടെ പലരേയും കടിച്ചുപറിച്ച ഉറുഗ്വേകളിക്കാരന്‍ സ്വാറസ്‌ അനശ്വരമാക്കിയ ചെറുകടികള്‍ ബ്രസിലില്‍ കിട്ടാനില്ലെന്നോ. ച്ഛെ. ഛെ, വരേണ്ടിയിരുന്നില്ല. വിവരം കെട്ട വര്‍ഗം.!

ഇങ്ങനെ കലി പൂണ്ടിരിക്കുമ്പോഴാണ്‌, രണ്ടുപേര്‍ ചായക്കടയിലേയ്‌ക്കു പതുങ്ങി കയറിവരുന്നത്‌. വന്നപാടെ അതിലൊരാള്‍ കേരള സംഘം നേതാവിനോട്‌ -

കേരളത്തില്‍ നിന്നാണ്‌ അല്ലേ.

അതെ. ഇവിടെ..?

എനിക്കിവിടെ ചില്ലറ ബിസിനസാണ്‌. പേരു പീതാംബരന്‍.

എന്നുവച്ചാല്‍?

അല്ലസ്വല്‌പം ക്വട്ടേഷന്‍, ഭുമികയ്യേറ്റം, ചിട്ടി, സോളാര്‍, റേഷനരി മറിച്ചുവില്‍പ്പന, വാളയാര്‍..പത്രപ്രവര്‍ത്തനം അങ്ങനെ..

കേരളീയ പാരമ്പര്യ കലകളെല്ലാം..അല്ലേ.പത്രപ്രവര്‍ത്തനവും? നന്നായി.

അതേയതേ.. പിന്നേയ്‌ സാറിനോട്‌ ഒരു കാര്യം സ്വകാര്യമായി പറയാനുണ്ട്‌. ഇരു ചെവിയറിയരുത്‌.

ആഗതന്‍ കസേര അല്‍പ്പം മാറ്റിയിട്ട്‌ ലീഡറെ അടുത്തുവിളിച്ചിരുത്തി എന്തോ ഒക്കെ കുശുകുശുത്തു.

എന്നാല്‍ ഒകെ സാര്‍. എല്ലാം പറഞ്ഞപോലെ..

ഞാന്‍ വാക്കൊന്നും തരുന്നില്ല.. ഹൈക്കമാന്‍ഡിന്റെ അനുമതികൂടി വേണം.

സാറു വിചാരിച്ചാല്‍ നടക്കാത്ത കാര്യമൊണ്ടോ. എല്ലാം ഓക്കെയാകും..

ഒരു വളിച്ച ചിരിചിരിച്ച്‌ അയാള്‍ പുറത്തേയ്‌ക്കു പാഞ്ഞു.

അല്‍പ്പം കഴിഞ്ഞ്‌ അയാള്‍വന്ന്‌ ലീഡറെ മാത്രം കൂട്ടിക്കൊണ്ട്‌ ഒരു ഹോട്ടല്‍ മുറിയിലേയ്‌ക്കുപോയി. അവിടെയാണ്‌ ജര്‍മന്‍ ടീം തമ്പടിച്ചിരുന്നതെന്ന്‌ അവിടത്തെ ആള്‍പ്പെരുമാറ്റം കണ്ടാല്‍ മനസിലാകും.

ലീഡര്‍ മടങ്ങിവന്ന്‌ കടുത്ത മൗനത്തിലായി. കൂടെയുള്ളവര്‍ എന്തുചോദിച്ചിട്ടും കമാന്ന്‌ ഒരക്ഷരം മിണ്ടുന്നില്ല.

അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ ബിസിനസുകാരന്‍ മലയാളി വീണ്ടും പ്രത്യക്ഷതെലകാണിച്ചു. ഞാന്‍ ഇപ്പൊ വരാമെന്നു പറഞ്ഞ്‌ ലീഡര്‍ അയാളുടെ കൂടെ ഒറ്റപ്പോക്ക്‌.സംഘത്തിന്‌ ഉള്ളില്‍ത്തീയായി. പരിചയമില്ലാത്ത നാട്‌. എല്ലാത്തരക്കാരും സ്ഥലം കാണും.

ഇപ്പോ വരുമെന്നു പറഞ്ഞുപോയയാള്‍ വരുന്നത്‌ രാത്രി ഒരു മണിക്ക്‌. പോരേ പൂരം. എവിടെയായിരുന്നു ഇത്രനേരം എന്നു ചോദിച്ചിട്ട്‌ മന്‍മോഹന്‍സിങ്ങിനെപ്പോലെ മൗനം.

ഒറങ്ങിക്കോ, ഒറങ്ങിക്കോ നാളെ കളിയുള്ളതല്ലേ, കാണണ്ടേ.

ജര്‍മനി ജയിക്കുന്നതു കണ്ടിട്ടുവേണ്ടേ പോകാന്‍. അതിനു ജര്‍മനി ജയിക്കുമെന്ന്‌ ആരു പറഞ്ഞു.

അല്ലാ..പിന്നെ..പിന്നെ.. എനിക്കു തോന്നിയതാ.

ലോകം മുഴുവന്‍ അര്‍ജന്റീനയുടെ പക്ഷത്തുനിന്നപ്പോള്‍, കേരള്‍ കാ നേതാ മാത്രം, പിറ്റേന്നു കളികണ്ടുകൊണ്ടിരിക്കെ കൂടെയുള്ളവര്‍ എന്തൊക്കെ കമന്റു പറഞ്ഞിട്ടും ഒരക്ഷരം മിണ്ടുന്നില്ല. അര്‍ജന്റീനക്ക്‌ ഇടക്കിടെ ഗോള്‍ പിഴക്കുന്നതുകണ്ട്‌ അദ്ദേഹം ചിരിയടക്കുന്നത്‌ ചിലര്‍ ശ്രദ്ധിച്ചു.

കവമടക്കു കഴിഞ്ഞ്‌ ഗാലറി വിട്ടിറങ്ങുമ്പോഴും അദ്ദേഹം ഒറ്റ വാക്കിലേ പ്രതികരിച്ചുള്ളൂ. ``കളിച്ചവര്‍ ജയിച്ചു, പിന്നെ ഭാഗ്യവും വേണമല്ലോ.``

തിരിച്ചുനാട്ടിലേയ്‌ക്കു വണ്ടികയറുമ്പോഴാണ്‌ കൂട്ടാളികള്‍ കാര്യം മനസിലാക്കുന്നത്‌.

പലവിധത്തില്‍ ശ്രമിച്ചുനോക്കിയിട്ടും അര്‍ജന്റിനയുടെ മെസ്സി വഴങ്ങുന്ന ലക്ഷണം കണ്ടില്ല. കേരളത്തില്‍നിന്ന്‌ ഇത്രടം വന്നതല്ലേ. പിന്നെ പീതാംബരന്‍ രക്ഷപ്പെടുന്നെങ്കില്‍ രക്ഷപെടട്ടെ. ഒരു മലയാളിയല്ലേ എത്ര മലയാളികളെ നമ്മള്‍ ഇറാക്കില്‍നിന്നു രക്ഷപ്പെടുത്തി..

പക്ഷെ അര്‍ജന്റിന എങ്ങനെ തോറ്റു.

അതല്ലെ കളത്തിനു പുറത്തെ കളി. എന്‌തെല്ലാം പറഞ്ഞിട്ടും എത്ര തുക ഓഫര്‍ ചെയ്‌തിട്ടും മെസ്സി വഴങ്ങുന്നില്ല. ഒരു മാതിരി ധിക്കാരം. മനുഷ്യരെ കണ്ടിട്ടില്ലാത്തപോലെ.

എന്നിട്ട്‌? കൂട്ടുകാര്‍ക്ക്‌ ഉത്സാഹം. നേതാവിന്റെ തന്ത്രവൈഭവം കേക്കട്ടെ,കേക്കട്ടെ.ണമല്ലോ.

എന്നിട്ടെന്താകാന്‍. ഞാന്‍ പോക്കറ്റില്‍നിന്ന്‌ നീണ്ട ഒരു കടലാസ്‌ ഊരി അവന്റ നേര്‍ക്കി നീട്ടി. നോക്ക്‌, ഇതെന്തൊവാടാ?

മെസ്സി കൈമലര്‍ത്തി. ഇതാണ്‌ മൊഴിപ്പകര്‍പ്പ്‌. അതില്‍ പുല്ലേ നിന്റെ പേരുണ്ട്‌. പത്രസമ്മേളനം വിളിച്ച്‌ ഞാനിതു പുറത്തുവിടണോ, അതോ..

ആരുടെ മൊഴിയെന്നോ. പറയട്ടോ. സരിതാ നായരുടെ മൊഴി. ചെറുക്കാ, അതിന്‍ നിന്റെ പേരുണ്ട്‌. അതോടെ നിന്റെ കളി കഴിയും കഴുതേ..

അന്തംവിട്ടു നിന്നുപോയ മെസ്സി ലീഡറുടെ കാലില്‍വീണുകെട്ടിപ്പിടിച്ചു. ചതിക്കല്ലേ..ചതിക്കല്ലേ..

കളിക്കളത്തില്‍ മെസ്സിയും കൂട്ടരും ഉന്നം തെറ്റിച്ചു പന്തടിക്കുന്നതു കണ്ടാല്‍ ഞാന്‍ പിന്നെ കരയണോ.

സംഘാംഗങ്ങള്‍ മത്സരിച്ചു ലീഡറുടെ കാലില്‍ വീണു.

മടക്കയാത്രയില്‍ ബാഗിനു കനം കൂടുതലുണ്ടായിരുന്നോ എന്നു ചിലര്‍ക്ക്‌ അസ്ഥാനത്തു ഒരു സംശയം. ലീഡര്‍ക്കു ചിരിക്കാനല്ലേ കഴിയൂ.

ലീഡര്‍ക്കു പിന്നെയാണ്‌ സുപ്രധാനമായ ഒരു വീണ്ടുവിചാരമുണ്ടായത്‌. ഈ ബുദ്ധി ഗൗഡയോടു കാണിച്ചിരുന്നെങ്കില്‍ ഇന്നു കേരളത്തില്‍ തീവണ്ടികളുടെ പ്രളയമായിരുന്നേനെ.

***

പക്ഷെ അതിനിടെയാണ്‌ പ്രധാനമന്ത്രി മേദി ബ്രിക്‌സ്‌ മാമാങ്കത്തിന്‌ ബ്രസിലിലേക്കു വിമാനം കയറിയത്‌. അവിടെ തെക്കേ അമേരിക്കയിലെ പല രാജ്യത്തലവന്മാരുമായും അദ്ദേഹം സംഭാഷണം നടത്തുമത്രെ. സ്വാഭാവികം. കൊച്ചു രാജ്യമായ ഭൂട്ടാനു പുറത്തേയ്‌ക്കുള്ള ആദ്യത്തെ പ്രധാനയാത്രയാണ്‌.

പക്ഷെ അതുതന്നെയാണ്‌ പ്രശ്‌നം.

ഇംഗ്‌ളീഷ്‌ നന്നേ വശമാണെങ്കിലും വിദേശത്ത്‌ ഹിന്ദി മാത്രമേ സംസാരിക്കൂവെന്ന്‌ ശാഠ്യമുള്ള മോദിയുടെ കൂടെപ്പോകാന്‍ ദ്വിഭാഷികളെ കിട്ടാനില്ലാത്തതാണ്‌ വിദേശമന്ത്രാലയത്തിനും മറ്റും തലവേദനയായത്‌.

റഷ്യ, സൗത്ത്‌ ആഫ്രിക്ക, ബ്രസില്‍, ചൈന തുടങ്ങിയ രാജ്യത്തലവന്മാരുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്ന വഴിപാടുണ്ടല്ലോ. ഇതില്‍ സൗത്ത്‌ ആഫ്രിക്കയുടെ പ്രസിഡന്റ്‌ ജേക്കബ്‌ സുമയൊഴികെ ആരും ഇംഗ്‌ളീഷില്‍ സംസാരിക്കില്ലെന്നു വ്രതത്തിലാണ്‌. റഷ്യന്‍ പ്രസിഡന്റ്‌ പുടിന്‍ വെള്ളം പോലെ ഇംഗ്‌ളീഷ്‌ പറയും. ചൈനയുടെ നേതാവ്‌ സി ജിന്‍പിങ്‌ ചൈനക്കു പുറത്ത്‌ മന്‍ഡാറില്‍ അല്ലാതെ ഒന്നും പറയില്ല.ബ്രസില്‍ പ്രസിഡന്റ്‌ ദില്‍മ റൂസഫിനു പോര്‍ച്ചുഗീസേ അിറയൂ.

നമ്മുടെ വിദേശവകുപ്പിലാകട്ടെ ദ്വീഭാഷികള്‍ക്കു കടുത്ത ക്ഷാമവും. അത്യാവശ്യത്തിന്‌ പാര്‍ലമെന്റ്‌ സെക്രട്ടേറിയറ്റില്‍നിന്ന്‌ ചോദിച്ചുകിട്ടുന്ന ദ്വിഭാഷികളെക്കൊണ്ടാണ്‌ തട്ടിമുട്ടി കാര്യങ്ങള്‍ ഓടിക്കുന്നത്‌.

പാര്‍ലമെന്റ്‌ കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ ആരെയും വിട്ടുകൊടുക്കാനില്ലെന്നാണ്‌ സെക്രട്ടേറിയററിന്റെ വാദം. ഒരാളെ വിട്ടുകൊടുത്തതുതന്നെ മതിയായി. ഭൂട്ടാന്‍ യാത്രക്കു മോദിയുടെ കൂടെയയച്ച ദ്വീഭാഷിക്കു കണക്കിനു കിട്ടിയതോടെയാണ്‌ അവരുടെ വാശി മുറുകിയത്‌. ഭൂട്ടാന്‍ പാര്‍ലമെന്റില്‍ മോദി എഴുതിവായിക്കാതെക്കാതെ നടത്തിയ പ്രസംഗം വള്ളിപുള്ളി വ്യത്യാസമില്ലാതെ ദ്വിഭാഷി തര്‍ജുമചെയ്‌തതിന്‌ അവരെ വച്ചിട്ടില്ല. ഊടുപാട്‌ അലക്കി. ഇതാണ്‌ പാര്‍ലമെന്റ്‌ സെക്രട്ടേറിയറ്റ്‌ ഇനി ആളെ അയക്കാന്‍ മടി.

ലാറ്റിന്‍ അമേരിക്കയിലെ നയതന്ത്രകാര്യാലങ്ങളിലുള്ള ദ്വിഭാഷികളെക്കൊണ്ട്‌ മുട്ടുശാന്തി വരുത്താനാണത്രെ ഇപ്പോള്‍ തീരുമാനം. മോദിയുടെ ആദ്യത്തെ വിപുലമായ വിദേശയാത്ര എങ്ങനെ കലാശിക്കുമോ? ഹൂസ്‌ ഇസ്‌ അഫ്രെയ്‌ഡ്‌ ഓഫ്‌ വെള്ളായണി അര്‍ജുന്‍ ?
അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)അര്‍ജന്റീനയെ വീഴ്‌ത്തി: കേരളത്തിനു ചിരി സഹിക്കാമ്മേലേ. (വൈക്കം മധു)
Join WhatsApp News
jep 2014-07-15 12:40:00

ലേഖകൻ എഴുതിയ തു പോലെ "സരിതാ വിചാര " ഭാഷ  എല്ലാ രാജ്യത്തും ഒരു പോലയാണ് .

RAJAN MATHEW DALLAS 2014-07-15 14:35:36
  
  ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ! 
ഒരു സംശയം ...ജർമ്മനി മൂന്നു ഗോളെഗ്ഗിലും അടിക്കുമെന്ന് വിചാരിച്ചിട്ട് ഒന്നായിപ്പോയി ! സരിത ജർമ്മനി ക്കിട്ട് പണിതോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക