Image

ഫോമയും ഫൊക്കാനയും കൂടി നേടിത്തന്നത്‌ (അഡ്വ. മോനച്ചന്‍ മുതലാളി)

Published on 15 July, 2014
ഫോമയും ഫൊക്കാനയും കൂടി നേടിത്തന്നത്‌ (അഡ്വ. മോനച്ചന്‍ മുതലാളി)
2014-ലെ സമ്മര്‍ പറന്നകലുമ്പോള്‍, മലയാളിക്ക്‌ അഭിമാനിക്കാനും അപഗ്രഥിക്കാനും ഫോമയും ഫൊക്കാനയും സമ്മാനിച്ചത്‌ കൊട്ടിഘോഷിച്ചു കൊണ്ടാടിയ രണ്ടു കണ്‍വെന്‍ഷനുകള്‍. 1000 പേര്‍ പങ്കെടുത്തുവെന്ന ഒരു കൂട്ടരുടെ അവകാശവാദം മറ്റേ കൂട്ടര്‍ ഖണ്‌ഡിക്കുന്നു. തങ്ങളുടെ സമ്മേളനങ്ങളില്‍ പത്തു പേര്‍ കൂടുതലുണ്ടായിരുന്നുവെന്നു സമര്‍ത്ഥിക്കുമ്പോള്‍ ഓരോരുത്തരും മല്‍സരിക്കുന്നു. പോരാത്തതിന്‌, വിജയപരാജയങ്ങളുടെ വാദമുഖങ്ങളോടൊപ്പം ആരോപണ പ്രത്യാരോപണങ്ങളും ടെലിവിഷന്‍ ചാനലുകള്‍ മുതല്‍ ഫേസ്‌ബുക്ക്‌ താളുകള്‍ വരെ നിറഞ്ഞു നില്‍ക്കുന്നു. മന്ത്രിയുടെയും, മമതയുടെയും, മാതുവിന്റെയും, മനോജിന്റെയും ഒപ്പം നില്‍ക്കുന്ന സ്വന്തം സൗന്ദര്യം മറ്റുള്ളവര്‍ ആസ്വദിക്കുന്നുവെന്ന ധാരണ പരത്തുന്ന, ഒട്ടേറെ ചിത്രങ്ങളും പത്രത്താളുകളില്‍ നിറയുന്നു, കവിയുന്നു, കവിഞ്ഞൊഴുകുന്നു.

ഈ രണ്ടു കണ്‍വെന്‍ഷനുകളും ആഘോഷമായി നടത്തി സന്തോഷിച്ചു, സായൂജ്യമടയുന്ന സംഘടനാ സാരഥികളോടും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളോടും പണ്ടെങ്ങോ ചോദിച്ചു മടുത്ത ഒരു പഴയ ചോദ്യം ഒന്നു ചോദിച്ചു കൊള്ളട്ടെ !

സംഘടന പിറന്നിട്ട്‌ സംവത്സരങ്ങള്‍ പലതു കഴിഞ്ഞിട്ടും ഈ രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടോ മൂന്നോ ലക്ഷം ഡോളര്‍ മുടക്കി പത്തോ പന്ത്രണ്ടോ ലക്ഷം മലയാളികള്‍ക്കിടയില്‍ നിന്ന്‌ ആയിരം പേരെ തട്ടിക്കൂട്ടിയെടുത്ത്‌ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നതിനപ്പുറം, തലമുറകളായി ഇവിടെ എത്തി കച്ചമുറുക്കിയോ, കട്ടെടുത്തോ വീടിനും കാറിനും പണമടയ്‌ക്കുന്ന, ഉപജീവനം നയിക്കുന്ന സാദാ മലയാളിക്ക്‌ ഈ ഫൊക്കാനാ-ഫോമാ സംഘടനകള്‍ കൊണ്ട്‌ എന്തു പ്രയോജനമാണുണ്ടായിട്ടുള്ളത്‌ ? അമേരിക്കയിലെയോ, കേരളത്തിലേയോ മലയാളികളുടെ സാധാരണ ജീവിതത്തില്‍ എടുത്തു പറയത്തക്ക എന്തെങ്കിലും സ്വാധീനം ചെലുത്തുവാന്‍ നാളിതുവരെ ഈ സംഘടകള്‍ക്കു കഴിഞ്ഞിട്ടുണ്ടോ?

മീശ നരച്ചിട്ടും ആശ നശിക്കാത്ത കുറെ തൈക്കിളവന്മാര്‍ക്ക്‌ കോട്ടും ടൈയും കെട്ടി തങ്ങളുടെ കോടികളുടെ പ്രൗഢി കാട്ടാനല്ലാതെ കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ വേദികളിലെ തിരുത്തല്‍ ശക്തികയാകാനോ, ആ രംഗത്ത്‌ ആരോഗ്യകരമായ സാമൂഹ്യ പ്രസക്തമായ ഒരു ചര്‍ച്ച തുടങ്ങി വയ്‌ക്കുവാനോ ഈ കടലാസ്‌ സംഘടനകള്‍ക്കു കഴിയുന്നുണ്ടോ?  സ്വന്തം സംസ്ഥാനത്ത്‌ റോഡു വികസനം പോലും വോണ്ടായെന്ന്‌ ഭരണ-
പ്രതിപക്ഷവും ഒരേ സ്വരത്തില്‍ പ്രധാനമന്ത്രിക്ക്‌ നിവേദനം സമര്‍പ്പിക്കുന്ന ഒരു പറ്റം രാഷ്‌ട്രീയ ദുഷ്‌പ്രഭുക്കളെ തുറന്നുകാട്ടുവാനുള്ള ധൈര്യം കാട്ടുന്നതിനു പകരം അവരുടെ ശിങ്കിടികളായി മാറുന്ന സംഘടനകള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെയുള്ള പ്രവാസികള്‍ക്ക്‌ മുഴുവന്‍ നാണക്കേടായി മാറുകയല്ലേ ? ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ലഭിക്കേണ്ട അവസരങ്ങള്‍ കവിയരങ്ങും തെറിയരങ്ങും ചിരിയരങ്ങുമായി കളഞ്ഞു കുടിക്കുകയാണിവിടെ.

ഫോമായും ഫൊക്കാനയും ഒരു കാര്യം ഓര്‍ക്കുന്നതു നന്നായിരിക്കും. ഇനി 10-20 മാസത്തെ വിശ്രമവും ഇടവേളയും കഴിഞ്ഞ്‌ 2016-ല്‍ ഒരു പക്ഷേ നിങ്ങള്‍ രണ്ടു കൂട്ടരും എല്ലാം മറന്ന്‌ പൊട്ടിക്കരഞ്ഞ്‌ കെട്ടിപ്പിടിടച്ച്‌ ഒരു സംയുക്ത കണ്‍വെന്‍ഷന്‍ അങ്ങു തട്ടിക്കൂട്ടിയാലും ഇവിടെയുള്ള സാധാരണ മലയാളികളുടെ ദൈനംദിന ജീവിതത്തിലോ ജാതകത്തിലോ ഒരു മാറ്റവുമുണ്ടാകില്ല. ഉറപ്പ്‌. (എന്നാല്‍, മലയാളിയുടെ, കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍, ഇനി മൂന്നാമതൊരു സംഘടനകൂടി ഉണ്ടാകാന്‍ തന്നെയാണ്‌ സാധ്യത. വളരുന്തോറും പിളരുകയും പിളരുമ്പോഴും വളരുകയും ചെയ്യുന്നതാണല്ലോ നമ്മുടെ ഒരു ഹിസ്റ്ററി).

ഇനി ഒരു പക്ഷേ ഈ സംഘടനകള്‍ തന്നെ അങ്ങു പിരിച്ചുവിടുകയോ അറ്റ്‌ലാന്റിക്‌ സമുദ്രത്തിലോ അറബിക്കടലിലോ ഒഴുക്കിക്കളയുകയോ ചെയ്‌താലും അമേരിക്കന്‍ മലയാളികള്‍ക്കോ കേരളീയര്‍ക്കോ ഒരു ചുക്കും സംഭവിക്കില്ല. അത്രയ്‌ക്കുണ്ട്‌ ഈ സംഘടനകളുടെ സ്വധീനം. ഇത്രയും പറഞ്ഞുകൊണ്ട്‌ രെു അടിക്കുറിപ്പ്‌ കൂടി, ഫൊക്കാനാ ഒന്നായിരുന്ന കാലഘട്ടത്തില്‍ മിക്ക സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുള്ളയാളാണ്‌ ഈ ലേഖകന്‍. സംഘടനയെപ്പറ്റി പ്രതീക്ഷയുണ്ടായിരുന്ന കാലത്ത്‌ , 2004 -ലെ ന്യൂജേഴ്‌സി സമ്മേളനത്തില്‍ കേരള വികസനവുമായി ബന്ധപ്പെട്ട ചില പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പ്രബന്ധം തയ്യാറാക്കി അവതരിപ്പിക്കുവാന്‍ അന്നത്തെ ഫൊക്കാന, ജനറല്‍ സെക്രട്ടറി ശ്രീ. മാത്യൂ ചെരുവിലിന്റെ അനുമതി തേടിയിരുന്നു. പക്ഷേ , സെമിനാറില്‍ രാഷ്‌ട്രീയക്കാരെയും മറ്റു വി.ഐ.പി.കളെയും കെട്ടി എഴുന്നള്ളിക്കുന്നതിനിടയില്‍ എനിക്ക്‌ പ്രസംഗിക്കാന്‍ 10 മിനിട്ടെ തന്നുള്ളൂ. അക്കാരണത്താല്‍ , പ്രബന്ധം വിഴുങ്ങുവാനും പൂഴ്‌ത്തിവയ്‌ക്കുവാനും ഞാന്‍ നിര്‍ബന്ധിതനായി. ആരോഗ്യകരമായ ഒരു ചര്‍ച്ചപോലും ആര്‍ക്കും വേണ്ടായെന്നര്‍ത്ഥം.

തുടര്‍ന്ന്‌, 2006-ലെ ഓര്‍ലാന്റോ സമ്മേളനത്തിലെ തെരഞ്ഞെടുപ്പ്‌ കോപ്രായങ്ങളും പിളര്‍പ്പും തകര്‍പ്പും കൂടി കണ്ടപ്പോള്‍ ഇനിയൊരിക്കലും ഇത്തരം പരിപാടികള്‍ക്കായി സ്വന്തം പണം മുടക്കി പങ്കെടുക്കില്ലായെന്ന്‌ തീര്‍ച്ചപ്പെടുത്തുകയായിരുന്നു. എന്നെപ്പോലെ ധാരാളം പേര്‍ ഇങ്ങനെ ചിന്തിക്കുന്നൂ എന്നതല്ലേ സത്യം ?

ഫോമയും ഫൊക്കാനയും കൂടി നേടിത്തന്നത്‌ (അഡ്വ. മോനച്ചന്‍ മുതലാളി)
Join WhatsApp News
Sreekumar Purushothaman 2014-07-16 11:26:24
Well said...
JOE 2014-07-16 11:44:31
If somebody doesn't get invited they talk garbage all are same stay with your family
പാപ്പൻ 2014-07-16 12:26:17
നമ്മൾക്ക് ഇത് പിളർക്കണം ചേട്ടാ. ഫോമയുടെ തലവെട്ടി ഫൊക്കാനയുടെ നാട് വെട്ടി നമ്മൾക്ക് അല്ല്പം കള്ളടിച്ചു 'ഫൊക്കാട്ടെ' എന്ന സ്മ്ഘടനയുണ്ടാണം . പ്രസംഗിക്കാനും സ്ഥാനമാനങ്ങൾക്കായും കറങ്ങി നടക്കുന്നവരും, വീട്ടിൽ നിന്ന് ഭാര്യമാർ ഇറക്കി വിട്ടിട്ടുള്ളവരം ഒക്കെ ചേർന്ന് ഒരു സംഘടന ഉണ്ടാക്കണം. പത്തു മിനിട്ട് എന്ന് പറഞാൽ പതിനഞ്ചു മിനിട്ട് സംസാരിക്കണം. ഇങ്ങോട്ട് വരാൻ പറഞ്ഞാൽ പോകണം. തെറി പറഞ്ഞാൽ മുരിപത്തൽകൊണ്ട് ഉത്തരം. കൂടുതൽ കളിച്ചാൽ തുണി പൊക്കി കാണിക്കണം. എന്നാൽ പിന്നെ കാണാം
Thomas 2014-07-16 15:28:53
Congratulations Monachan Muthalaly!! Truth and you said NOTHING but the truth. These are simply paper organizations with NO effective leadership. So-called "leaders" are some people with some extra cash and extra time because their wives are doing double and triple duty. Reason why there is no impact after 30 or 35 years in existence. It is a real shame and there must be a REAL DEBATE as to the motto and the future of Malayalee organizations.
അനാഥൻ ഹസ്ബെന്റ് 2014-07-16 12:31:26
ജോചേട്ടൻ ചൂടാകാതെ. വീട്ടിൽ ഭാര്യ ഇരുത്താത്തത് കൊണ്ടല്ലേ മീറ്റിങ്ങിനു വരുന്നത്? അപ്പോൾ ചേട്ടൻ വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ എങ്ങനാ ശരിയാകുന്നത്? അവളുടെ തൊഴികൊണ്ട് മടുത്തു.
Sudhir Panikkaveettil 2014-07-16 19:20:47
ഫോമയിൽ നിന്നും ഫൊക്കാനയിൽ നിന്നും അമേരിക്കൻ മലയാളികൾ എന്ത് പ്രതീക്ഷിക്കുന്നു
എന്ന് അതിന്റെ ഭാരവാഹികൾ ചോദിച്ചാൽ സ്വന്തം പേരിൽ എത്ര പേർ മറുപടി പറയും.  രണ്ടു കൊല്ലം കൂടുമ്പോൾ താൽപ്പര്യമുള്ളവർക്ക് ഒത്തുകൂടാൻ
ഒരു വേദി എന്ന് വിചാരിച്ചാൽ പ്രശ്നം തീർന്നു. ആരെങ്കിലും സന്തോഷിക്കെന്നെങ്കിൽ അതിനു എന്തിനു വിലങ്ങ് തടിയാകുന്നു.      മരുനാടാൻ മലയാളികൾ അന്യനാട്ടിലെ പൌരത്വം സ്വീകരിച്ചപ്പോൾ പാസ്സ്പോര്ട്ട് ക്യാൻസൽ ചെയ്യതിരുന്ന്തിനു  വന്തുക ഈടാക്കാൻ ഭാരത സർക്കാർ
നോക്കിയപ്പോൾ ഫോമയും ഫൊക്കാന്യുമൊക്കെ അതിനെതിരെ പ്രവർത്തിച്ചതായി പത്രങ്ങളിൽ കണ്ടു. ഇവിടത്തെ ഒരു മലയാളി സംഘടനക്ക്
നാട്ടിലെ രാഷ്ട്രീയക്കാർ കാശുണ്ടാക്കൻ കൊണ്ടുവരുന്ന നിയമങ്ങല്ക്കെതിരെ ഒന്നും ചെയ്യാനാവില്ല. ധാരാളം സംഘടനകൾ ഉണ്ടാകട്ടെ അവരൊക്കെ അവരുടെ ഇഷ്ടത്തിനു പരിപാടികൾ നടത്തി ആനന്ദിക്കട്ടെ.  അത് കൊണ്ട് ആര്ക്കും നഷ്ടമില്ലല്ലോ.   നേരത്തെ സൂചിപ്പിച്ചപോലെ ഫൊക്കാനയും ഫോമയും ഇന്നത് ചെയ്യണമെന്ന് ആര്ക്കെങ്കിലും രൂപമുണ്ടെങ്കിൽ അവർ ഫൊക്കാനയും, ഫോമയുമായി നേരിട്ട് ബന്ധപ്പെടുന്നത് നല്ലതാണ്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക