Image

വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ പത്തനംതിട്ട ജില്ല: തോമസ് ഏബ്രഹാം

പി.പി.ചെറിയാന്‍ Published on 26 November, 2011
വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ പത്തനംതിട്ട ജില്ല: തോമസ് ഏബ്രഹാം
വിസന കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ ഒന്നാണ് പത്തനംതിട്ട. ജില്ലാ രൂപീകരണത്തിന് ശേഷം സമീപ ജില്ലകള്‍ വളരെ മുന്നില്‍ പോയെങ്കിലും പത്തനംതിട്ട ജില്ലയില്‍ പരാധീനതകളുടെ കഥകള്‍മാത്രം. ആദ്യമായി റോഡുകളുടെ കാര്യം എടുക്കുകയാണെങ്കില്‍ ഇടുങ്ങിയ റോഡുകളും, വാഹനകുരുക്കും. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും വീതികൂട്ടി നല്ല നിലവാരമുള്ളതാക്കി തീര്‍ക്കുക. ഇതിനായി റാന്നി-പത്തനംതിട്ട, അടൂര്‍ - പത്തനംതിട്ട, കൂടാതെ തിരുവല്ല-കുമ്പഴ റോഡ് നാലുവരിപാതയാക്കുക, ഈറോഡ്, നാലുവരിയായി ആലപ്പുഴ ഹൈവേയുമായി ബന്ധിപ്പിക്കുക. എല്ലാ ശബരിമല റോഡുകളും നല്ല നിലവാരത്തിലേക്ക് ഉയര്‍ത്തുക. റോഡുകളുടെ നല്ല നിലവാരം വ്യവസായികളുടെ കൂടുതല്‍ നിക്ഷേപങ്ങള്‍ വിളിച്ചു വരുത്തുക.

ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയുടെ സ്ഥിതി ശോചനീയമാണ്. ദീര്‍ഘദൂര ട്രെയിനുകളുള്‍പ്പെടെ എല്ലാ ട്രെയിനുകള്‍ക്കും തിരുവല്ലായില്‍ സ്റ്റോപ്പ് അനുവദിക്കുക, കൂടുതല്‍ റിസര്‍വേഷന്‍ , ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കുക, റിസര്‍വേഷന്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, കൂടുതല്‍ ലൈനുകളോടുകൂടി തിരുവല്ലയെ ജംഗഷന്‍ ആക്കുക, റെയില്‍വേ ബഡ്ജററില്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവല്ലാ-തകഴി ലിങ്ക് റെയില്‍വേയുടെ സര്‍വ്വേ ഉടന്‍ ആരംഭിക്കുക. ഇത് യാഥാര്‍ത്ഥ്യമായാല്‍ മദ്ധ്യതിരുവിതാംകൂര്‍ , പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആലപ്പുഴ, എറണാകുളം, കൊച്ചി തുടങ്ങിയ പ്രധാന നഗരങ്ങളുമായി വേഗത്തില്‍ എത്തിച്ചേരുവാന്‍ ഇടയാക്കും. ഇതോടൊപ്പം തിരുവല്ലാ-റാന്നി-പമ്പാ, തിരുവല്ലാ-പുനലൂര്‍ തുടങ്ങിയ നിര്‍ദിഷ്ട റെയില്‍വേ പാതയുടെ സര്‍വ്വേയും ഉടന്‍ ആരംഭിക്കണം.

പത്തനംതിട്ട ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്ന മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കുക, കേന്ദ്രസര്‍വ്വകലാശാല ജില്ലയില്‍ അനുയോജ്യമായ സ്ഥലത്ത് തുടങ്ങുക, തിരുവല്ലയില പുതിയ സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജും, ഗവണ്‍മെന്റ് വെറ്റിനറി കോളേജു തുടങ്ങുക ഇതിനായി തിരുവല്ല മന്നാടിയില്‍ ഉള്ള ഗവണ്‍മെന്റ് സ്ഥലം ഉപയോഗപ്പെടുത്തുക, തുടങ്ങിയ കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നതിന് വികസനത്തിന് ആക്കം കൂട്ടും.

കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതും, ഭരണാനുമതി ലഭിച്ചിട്ടുള്ളതുമായ വെണ്ണിക്കുളം-പടുതോട്ട് പാലം, മല്ലപ്പള്ളി-കാവനാല്‍ കടവ് പാലം, കീഴ്വായൂരിനെയും- മല്ലപ്പള്ളിയേയും ബന്ധിപ്പിക്കും പാറക്കടവില്‍ പാലം, പേരൂച്ചാല്‍ പാലം, ഇവയെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.
കൂടുതല്‍ ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ജില്ലയിലെ എല്ലാ കെ.എസ്.ആര്‍ . ടി.സി. ബസ് സ്റ്റേഷനുകളിലും കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുകയും, പുതിയ റൂട്ടുകള്‍ ആരംഭിക്കേണ്ടതുമാണ്. മല്ലപ്പള്ളി, റാന്നി, കോന്നി തുടങ്ങിയ സ്ഥലങ്ങളില്‍ നിലവിലുള്ളതും, ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതുമായ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനുകളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തണം.

ശബരിമല സീസണ്‍ സമയത്ത് തീര്‍ത്ഥാടകരുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുക, കൂടുതല്‍ ബസ്സുകള്‍ പമ്പയിലേക്ക് ആരംഭിക്കുക, മെഡിക്കല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയെ ഒരു പുതിയ ഇടതാവളമായി പ്രഖ്യാപിച്ച് പമ്പയിലേക്ക് തിരുവല്ലയില്‍ നിന്ന് കൂടുതല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ആരംഭിക്കുക.

ഈ ലേഖനത്തില്‍ പ്രതിപാദിച്ച എല്ലാ കാര്യങ്ങളിലും ഗവണ്‍മെന്റുകള്‍ എടുത്തിട്ടുള്ള കാര്യങ്ങളില്‍ അഭിനന്ദിക്കുന്നു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതി ത്വരിതപ്പെടുത്തും എന്ന പ്രതീക്ഷയോടെ,
തോമസ് ഏബ്രഹാം, കീഴ് വായൂര്‍,
ഡാലസ്, ടെക്‌സാസ്, യുഎസ്എ.
thomask19@gmail.com
വികസന പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ പത്തനംതിട്ട ജില്ല: തോമസ് ഏബ്രഹാം
തോമസ് ഏബ്രഹാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക