Image

പ്രക്ഷോഭകര്‍ തിങ്കളാഴ്‌ചയ്‌ക്കകം സിറ്റി ഹാള്‍ വിടണമെന്ന്‌ മേയര്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 26 November, 2011
പ്രക്ഷോഭകര്‍ തിങ്കളാഴ്‌ചയ്‌ക്കകം സിറ്റി ഹാള്‍ വിടണമെന്ന്‌ മേയര്‍ (അങ്കിള്‍സാം വിശേഷങ്ങള്‍)
ലോസ്‌ഏയ്‌ഞ്ചല്‍സ്‌: ഒക്യുപൈ ലോസ്‌ ഏയ്‌ഞ്ചല്‍സ്‌ പ്രക്ഷോഭകര്‍ തിങ്കളാഴ്‌ചയ്‌ക്കം പ്രക്ഷോഭസ്ഥലമായ സിറ്റി ഹാള്‍ വിടണമെന്ന്‌ മേയര്‍ അന്റോണിയോ വില്ലാറൈഗോസ മുന്നറിയിപ്പു നല്‍കി. ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ്‌ മേയറുടെ മുന്നറിയിപ്പ്‌. പ്രക്ഷോഭകരോട്‌ സഹതാപമുണ്‌ടെന്നും പോലീസ്‌ മേധാവി ചാര്‍ളി ബെക്കിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ പറഞ്ഞു.

പ്രക്ഷോഭകര്‍ തമ്പടിച്ചതുമൂലും സിറ്റി ഹാളിന്റെ ലോണിലെ പുല്‍ത്തകിടി നാശമായതായും ഇത്‌ എത്രയും വേഗം പുനഃസ്ഥാപിക്കേണ്‌ടതുണ്‌ടെന്നും മേയര്‍ വ്യക്തമാക്കി. സിറ്റി ഹാളില്‍ 485 ടെന്റുകളാണ്‌ പ്രക്ഷോഭകര്‍ കെട്ടിയുയര്‍ത്തിയിരിക്കുന്നത്‌. ആരോഗ്യ, സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത്‌ ഇത്‌ എത്രയും വേഗം പൊളിച്ചുമാറ്റണമെന്നും മേയര്‍ പറഞ്ഞു. അതേസമയം തിങ്കളാഴ്‌ചയ്‌ക്കകം സിറ്റി ഹാള്‍ വിടണമെന്ന മേയറുടെ ഉത്തരവ്‌ പാലിക്കില്ലെന്നാണ്‌ പ്രക്ഷോഭകരുടെ നിലപാട്‌.

ഒബാമ അധികാരമൊഴിയുന്നതുവരെ പുതിയ നിയമനമില്ലെന്ന്‌ യുഎസ്‌ വ്യവസായി

ജോര്‍ജിയ: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ അധികാരമൊഴിയുന്നതുവരെ തന്റെ സ്ഥാപനങ്ങളില്‍ പുതിയ നിയമനങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി യുഎസ്‌ വ്യവസായി രംഗത്ത്‌. വാക്കോയിലെ യുഎസ്‌ ക്രെയിന്‍സ്‌ എല്‍എല്‍സി ഉടമ ബില്‍ ലൂമാനാണ്‌ വിവാദ പ്രസ്‌താവനയുമായി രംഗത്തുവന്നത്‌. പ്രസ്‌താവന മാത്രമല്ല തന്റെ കമ്പനിയുടെ ട്രക്കുകളുടെ പുറത്ത്‌ ഇക്കാര്യം ലൂമാന്‍ എഴുതി വെയ്‌ക്കുകയും ചെയ്‌തു. ` കമ്പനിയുടെ പുതിയ നയം, ഒബാമ പുറത്തു പോവുന്നതുവരെ പുതിയ നിയമനമില്ല' എന്നായിരുന്നു കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്കുകളില്‍ ലൂമാന്‍ എഴുതിവെച്ചത്‌.

ഇതു വായിച്ച ജനങ്ങള്‍ ഇപ്പോള്‍ ലൂമാനെ വിളിയോട്‌ വിളിയാണ്‌. വിളി അധികമായതോടെ തന്റെ ഫോണ്‍ താല്‍ക്കാലികമായി സ്വിച്ച്‌ ഓഫ്‌ ചെയ്‌ത ലൂമാന്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും തല്‍ക്കാലം നിര്‍ത്തലാക്കിയിരിക്കുകയാണെന്ന്‌ ഒരു ടെലിവിഷന്‍ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചമൂലമാണ്‌ തനിക്ക്‌ പുതിയ നിയമനങ്ങള്‍ നടത്താന്‍ കഴിയാത്തതെന്നും ഇതിന്‌ കാരണം ഇപ്പോള്‍ ഭരിക്കുന്നവരാണെന്നും ലൂമാന്‍ പറഞ്ഞു.

സഹയാത്രികന്റെ പൊണ്ണത്തടി: വിമാനത്തില്‍ 7 മണിക്കൂര്‍ നിന്ന്‌ യാത്ര ചെയ്യേണ്‌ടിവന്നതായി പരാതി

ന്യൂയോര്‍ക്ക്‌: പൊണ്ണത്തടിയനായ സഹയാത്രികന്‍ സീറ്റ്‌ തട്ടിയെടുത്തതിനാല്‍ ഏഴുമണിക്കൂര്‍ വിമാനത്തില്‍ നിന്ന്‌ യാത്ര ചെയ്യേണ്‌ടി വന്നതായി യാത്രക്കാരന്റെ പരാതി. യുഎസ്‌ എയര്‍വേയ്‌സ്‌ വിമാനത്തില്‍ യാത്രചെയ്‌ത്‌ വ്യവസായിയായ ആര്‍തര്‍ ബെര്‍ക്കോവിറ്റ്‌സാണ്‌ പരാതിയുമായി രംഗത്തുവന്നത്‌. 181 കിലോ ഭാരമുള്ള പൊണ്ണത്തടിയനായ സഹയാത്രികന്‍ തന്റെ സീറ്റുകൂടി കൈയേറിയതുമൂലമാണ്‌ ആങ്കറേജില്‍ നിന്ന്‌ ഫിലാഡല്‍ഫിയയിലേക്കുള്ള വിമാനയാത്രയില്‍ ഏഴുമണിക്കൂര്‍ ദൂരം തനിക്ക്‌ വിമാനത്തില്‍ നിന്ന്‌ യാത്ര ചെയ്യേണ്‌ടി വന്നതെന്ന്‌ ബെര്‍കോവിറ്റ്‌സ്‌ യുഎസ്‌ എയര്‍വേയ്‌സിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

അവസാന യാത്രക്കാരനായാണ്‌ അയാള്‍ വിമാനത്തില്‍ കയറിയത്‌. കയറിയപ്പോള്‍ അയാള്‍ പറഞ്ഞു നിങ്ങള്‍ നിര്‍ഭാഗ്യവനാണ്‌. കാരണം ഞാനാണ്‌ നിങ്ങളുടെ സഹയാത്രികന്‍. മാന്യനായ വ്യക്തിയാണെങ്കിലും തന്റെ സീറ്റിന്റെ പകുതിയും വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ സീറ്റിന്റെ പകുതിയും ഇയാള്‍ അപഹരിച്ചു. ടേക്‌ ഓഫ്‌ സമയത്തും ലാന്‍ഡിംഗ്‌ സമയത്തും തനിക്ക്‌ സീറ്റ്‌ ബെല്‍റ്റ്‌ പോലും ധരിക്കാനായില്ലെന്നും ബെര്‍കോവിറ്റ്‌സ്‌ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ യുഎസ്‌ എയ്‌ര്‍വേയ്‌സ്‌ മാപ്പു പറഞ്ഞിട്ടുണ്‌ട്‌.

യുഎസ്‌ ശാസ്‌ത്രജ്ഞ ലിന്‍ മാര്‍ഗുലിസ്‌ അന്തരിച്ചു

മസാചുസറ്റ്‌സ്‌: പരിണാമ വിജ്ഞാനീയത്തിന്‌്‌ നിര്‍ണായക സംഭാവനകള്‍ നല്‍കിയ പ്രമുഖ അമേരിക്കന്‍ ജൈവശാസ്‌ത്രജ്ഞ ലിന്‍ മാര്‍ഗുലിസ്‌ (73) അന്തരിച്ചു. ആംഹെസ്റ്റിലെ മസാചൂസറ്റ്‌സ്‌ സര്‍വകലാശാലയിലെ ജിയോസയന്‍സ്‌ വിഭാഗം പ്രഫസറായിരുന്ന മാര്‍ഗുലിസ്‌ യൂകാരിയോട്ടിക കോശങ്ങളുടെ പരിണാമത്തെക്കുറിച്ച്‌ 1960കളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ്‌ ശാസ്‌ത്രലോകത്ത്‌ ശ്രദ്ധേയയാകുന്നത്‌. ജൈവശരീരത്തില്‍ മാറ്റങ്ങള്‍ പ്രകടമാകുന്നത്‌ മ്യൂട്ടേഷന്‍ വഴിയാണെന്ന നവ ഡാര്‍വിനിസ്റ്റുകളുടെ വാദത്തിന്‌ എതിരായിരുന്നു ഇവരുടെ കണെ്‌ടത്തല്‍.

ആവാസകേന്ദ്രത്തിലുപരിയായി ഭൂമിതന്നെയും ഒരു സജീവ വസ്‌തുവായി പ്രവര്‍ത്തിക്കുന്നുവെന്ന്‌ സിദ്ധാന്തിക്കുന്ന ഗയാ പരികല്‍പനയുടെ വക്താക്കളിലൊരാളാണ്‌ മാര്‍ഗുലിസ്‌. നാഷനല്‍ മെഡല്‍ ഓഫ്‌ സയന്‍സ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്‌ട്‌. 18ാം വയസ്സില്‍തന്നെ ഷികാഗോ സര്‍വകലാശാലയില്‍നിന്ന്‌ ബിരുദം നേടിയ ഇവര്‍ വിസ്‌കോസിന്‍ സര്‍വകലാശാലയില്‍ നിന്നാണ്‌ ഗവേഷണ ബിരുദം നേടിയത്‌.

ഈജിപ്‌തില്‍ അറസ്റ്റിലായ യുഎസ്‌ വിദ്യാര്‍ഥികള്‍ രാജ്യം വിട്ടു

കെയ്‌റൊ: ഈജിപ്‌ത്‌ തലസ്ഥാനമായ കെയ്‌റോവില്‍ പ്രതിഷേധത്തിനിടെ അറസ്റ്റിലായ മൂന്നു യുഎസ്‌ വിദ്യാര്‍ഥികള്‍ രാജ്യം വിട്ടതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ലുക്ക്‌ ഗേറ്റ്‌, ഡെറിക്‌ സ്വീനെ, ഗ്രിഗറി പോര്‍ട്ടര്‍ എന്നിവരെ വിട്ടയയ്‌ക്കാന്‍ ഈജിപ്‌ഷ്യന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ്‌ മൂവരും. തെഹ്‌റീര്‍ സ്‌ക്വയറില്‍ പ്രതിഷേധം നടക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നില്‍ക്കുകയായിരുന്നു ഇവര്‍. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നാരോപിച്ചാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക