Image

സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 17 July, 2014
സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കൊച്ചി മറൈന്‍ ഡ്രൈവിലെ പാര്‍ക്ക്‌ അവന്യൂ റോഡില്‍ ഇങ്ങനെയൊരു കലാലയമുണ്ടെന്ന്‌ ആര്‍ക്കും തോന്നില്ല. തിരക്കിട്ട ബ്രോഡ്‌വേയ്‌ക്കടുത്ത്‌ കപ്പലും വിമാനവും എത്തുന്ന നഗരത്തില്‍ വിമാനവാഹിനിക്കപ്പല്‍ വരെ നിര്‍മിക്കുന്ന ഷിപ്‌യാര്‍ഡിനും ലോകമാസകലം കണ്ടെയ്‌നര്‍ ചരക്കുകള്‍ കൊണ്ടുപോകുന്ന ടെര്‍മിനലിനും നടുവില്‍ ഒരു നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുന്ന സെന്റ്‌ തെരേസാസ്‌ കോളജിന്‌ ഒരു സര്‍വകലാശാലയുടെ പ്രൗഢിയുണ്ട്‌. 2500 വിദ്യാര്‍ഥിനികള്‍, 130 അധ്യാപകര്‍, 50 അനധ്യാപകര്‍... പക്ഷേ, അവരുടെ ശബ്‌ദവും വെളിച്ചവും ആ കൂറ്റന്‍ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്നു.

വനിതകള്‍ക്കുവേണ്ടി മാത്രം ആരംഭിച്ച കേരളത്തിലെ രണ്ടാമത്തെ കോളജാണ്‌ സെന്റ്‌ തെരേസാസ്‌. ആദ്യത്തേത്‌ തിരുവനന്തപുരത്തെ വിമന്‍സ്‌ കോളജ്‌. ഇന്നു പലയിടങ്ങളിലും വനിതകള്‍ക്കു മാത്രമായി കോളജുകള്‍ ഉണ്ടെന്നതു ശരിതന്നെ. പക്ഷേ, എല്ലാവര്‍ക്കും ആദ്യത്തേതാകാന്‍ പറ്റില്ലല്ലോ. 1925ല്‍ സി.എസ്‌.എസ്‌.ടി എന്ന കാര്‍മലൈറ്റ്‌ സിസ്റ്റേഴ്‌സ്‌ ഓഫ്‌ സെന്റ്‌ തെരേസാസ്‌ ആരംഭിച്ച വിദ്യാലയം കോളജ്‌ ആയപ്പോള്‍ മദ്രാസ്‌ സര്‍വകലാശാലയുടെ കീഴിലായിരുന്നു. പിന്നീട്‌ കേരള സര്‍വകലാശാലയുടെയും ഒടുവില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും കീഴിലെത്തി.

പഠനത്തിലും പാഠ്യേതര രംഗത്തും റാങ്കുകള്‍ വാരിക്കൂട്ടുന്ന തെരേസിയന്മാര്‍ തുടര്‍ച്ചയായി സര്‍വകലാശാലാ യുവജനോത്സവത്തില്‍ ഓവറോള്‍ കിരീടം നേടുന്നവരാണ്‌. കേരളത്തിലെ ആദ്യത്തെ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടീമിന്റെ ഈറ്റില്ലവും തെരേസാസ്‌ തന്നെയാണെന്ന്‌ അതിന്‌ ഊടും പാവും നെയ്‌ത മുന്‍കാലത്തെ പ്രശസ്‌ത അത്‌ലറ്റ്‌ മായാ മാത്യൂസ്‌ അഭിമാനപൂര്‍വം ഓര്‍ക്കുന്നു.

സെന്റ്‌ തെരേസാസ്‌ ഒരു ആഗോള പ്രസ്ഥാനമാണ്‌. ഇന്റര്‍നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌തു നോക്കൂ. ഡസന്‍കണക്കിന്‌ സെന്റ്‌ തെരേസാസ്‌ കോളജുകളുണ്ട്‌. അമേരിക്കയിലും ഓസ്‌ട്രേലിയയിലും ബ്രസീലിലും സ്‌പെയിനിലും ഫിലിപ്പൈന്‍സിലുമൊക്കെ. പക്ഷേ, കേരളത്തില്‍ ഒരേയൊരു സെന്റ്‌ തെരേസാസ്‌ കോളജേ ഉള്ളൂ. അത്‌ എറണാകുളംതുറമുഖ പട്ടണത്തിലാണ്‌.

രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ബ്രിട്ടീഷ്‌ പട്ടാളം കോളജ്‌ പിടിച്ചെടുത്ത്‌ മിലിറ്ററി ഹോസ്‌പിറ്റലാക്കിയ കഥ പഴയത്‌. ബ്രിട്ടീഷുകാര്‍ രാജ്യംവിട്ട ശേഷമാണ്‌ തെരേസാസ്‌ വളര്‍ച്ചയുടെ പടവുകള്‍ ചാടിക്കയറിയത്‌. എന്നെന്നും തെരേസാ സിസ്റ്റര്‍മാരായിരുന്നു പ്രിന്‍സിപ്പല്‍മാര്‍. ബിയാട്രീസിനും അന്റോയ്‌നെറ്റിനും ശേഷം വന്ന ഡിഗ്‌നയാണ്‌ സ്വാതന്ത്ര്യാനന്തരം പ്രിന്‍സിപ്പലായത്‌. ഏറ്റവും ദീര്‍ഘകാലം - 28 വര്‍ഷം - സേവനം ചെയ്‌തു. കണ്‍സെപ്‌റ്റ, സെരാഫിയ, മേരി സെസില്‍, എമിലിന്‍, ടെസ, ക്രിസ്റ്റബല്‍ എന്നിവര്‍ക്കു ശേഷം ഇക്കൊല്ലം പതിനൊന്നാമത്തെ പ്രിന്‍സിപ്പലായി സിസ്റ്റര്‍ വിനീത ചുമതലയേറ്റു.

കൊല്ലം ഇരവിപുരത്തു ജനിച്ച വിനീത ഇംഗ്ലീഷ്‌ അധ്യാപികയായാണ്‌ സെന്റ്‌ തെരേസാസിലേക്കു കടന്നുവന്നത്‌. കഥയും കവിതയും എഴുതും. കുറേ പുസ്‌തകങ്ങളുടെ രചയിതാവാണ്‌. ഒന്നിന്റെ പേര്‌ റോബര്‍ട്ട്‌ ഫ്രോസ്റ്റിന്റെ പ്രശസ്‌ത കവിതയിലെ ഒരു വരിയാണ്‌ - `റോഡ്‌ ലെസ്‌ ട്രാവല്‍ഡ്‌'. ആധുനിക ജീവിതപരിഛേദങ്ങളില്‍ കണ്ടുമുട്ടുന്ന അനുഭവങ്ങളെ ഭാവനയുടെ മൂശയില്‍ വാര്‍ത്തെടുക്കുന്ന കൊച്ചുകൊച്ചു കഥകളാണതില്‍. സിസ്റ്റര്‍ എം.ജി സര്‍വകലാശാലയില്‍നിന്നു ഡോക്‌ടറേറ്റ്‌ നേടി. ഗവേഷണവിഷയം: ഡോറീസ്‌ ലെസിംഗിന്റെ കൃതികളിലെ മാര്‍ക്‌സിസം.

നോവല്‍, നാടകം, കവിത, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിലെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ പ്രതിഭ വ്യാപിപ്പിച്ച ഇംഗ്ലീഷുകാരിയാണ്‌ ഡോറീസ്‌ ലെസിംഗ്‌. 2007ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു; സോമര്‍സെറ്റ്‌ മോം അവാര്‍ഡും. മൂന്നു കൃതികള്‍ ചലച്ചിത്രങ്ങളായിട്ടുണ്ട്‌ - അഡോര്‍, കില്ലിംഗ്‌ ഹീറ്റ്‌, മെമ്മോയേഴ്‌സ്‌ ഓഫ്‌ എ സര്‍വൈവര്‍.

അതു മറ്റൊരു വിഷയം. സാഹിത്യത്തിലും കലയിലും കായികരംഗത്തും ഒരുപോലെ പ്രതിഭകളെ സൃഷ്‌ടിച്ച തെരേസാസിന്റെ സാരഥ്യം ഏറ്റെടുത്തതില്‍ അഭിമാനം കൊള്ളുന്ന ആളാണ്‌ പുതിയ പ്രിന്‍സിപ്പല്‍. ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്താറുള്ള ഷേക്‌സ്‌പിയര്‍ മേള ഒരുദാഹരണം. ഷേക്‌സ്‌പിയറിന്റെ വിശ്രുത നാടകങ്ങളിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ പത്തു മിനിറ്റില്‍ അവതരിപ്പിക്കുകയായിരുന്നു മേളയുടെ ഉദ്ദേശ്യം. `ടെംപസ്റ്റി'ലെ രംഗം അവതരിപ്പിച്ച തെരേസിയന്‍ ടീമിനുതന്നെ ഒന്നാം സമ്മാനം ലഭിച്ചു.

``ഷേക്‌സ്‌പിയറുടെ അനശ്വര കഥകളെയും കഥാപാത്രങ്ങളെയും കേരളീയവത്‌കരിക്കുകയാണു ഞങ്ങള്‍ ചെയ്‌തത്‌. അങ്ങനെ ചിക്കുന്‍ ഗുനിയയും ട്രാഫിക്‌ ജാമും സ്‌ത്രീധനവുമെല്ലാം അതില്‍ സന്നിവേശിപ്പിച്ചു. ഉദാഹരണത്തിന്‌ പ്രോസ്‌പറോ പറയുന്നു: ``പ്രണയമെന്നാല്‍ ആദ്യാനുരാഗമാകണം. സ്‌ത്രീധനം പ്രശ്‌നമാക്കരുത്‌, മനഃപ്രയാസവും മാറിക്കിട്ടും!'' - നാടകാവതരണത്തിനു ചുക്കാന്‍ പിടിച്ച പ്രഫ. എസ്‌. രേണുക പറയുന്നു.

കോളജില്‍ എന്തെല്ലാം `ഇന്നവേറ്റീവ്‌' പ്രോഗാമുകള്‍! വനിതാ പഠനകേന്ദ്രത്തിനു കീഴില്‍ ഫാഷന്‍ ടെക്‌നോളജിക്കും ന്യൂട്രീഷനും കോഴ്‌സുകള്‍. ഭരതനാട്യത്തില്‍ ബിരുദ-ബിരുദാനന്തര പഠനം. ഫ്രഞ്ച്‌ ഭാഷയില്‍ ബിരുദം നല്‍കുന്ന കേരളത്തിലെ ഏക കോളജാണു തെരേസാസ്‌. വെറുതെയല്ല 2014ല്‍ ഏറ്റവും മികച്ച കോളജ്‌ എന്ന നിലയില്‍ ഓട്ടോണമസ്‌ പദവി തെരേസാസിനെ തേടിയെത്തിയത്‌.

കോളജിലെ മുന്‍ അധ്യാപകര്‍ക്കു മാത്രമായി ഒരു നക്ഷത്രക്കൂട്ടമുണ്ട്‌.അതിനു കൗതു കകരമായ പേരും- STARS (St. Teresa's Association of Retired Staff). പ്രിന്‍സിപ്പലായി 12 വര്‍ഷം പ്രഗത്ഭ സേവനം ചെയ്‌തശേഷം അബുദാബിയിലും അമേരിക്കയിലെ ലിമോറിലും തെരേസിയന്‍ സ്‌കൂളുകളുടെ സാരഥ്യം വഹിച്ച സിസ്റ്റര്‍ എമിലിന്‍ ആണു പ്രസിഡന്റ്‌; പ്രഫ. സാലി ജേക്കബ്‌ സെക്രട്ടറിയും. കുട്ടനാട്ടുകാരിയാണ്‌ എമിലിന്‍. അടുത്ത ഓണാഘോഷം വിപുലമാക്കാനുള്ള തിരക്കിലാണ്‌ ഇരുവരും.

തീര്‍ന്നില്ല; തെരേസിയന്മാരുടെ കിരീടത്തില്‍ പുതിയൊരു രത്‌നമാണ്‌ `ആസ്റ്റ' എന്ന പൂര്‍വവിദ്യാര്‍ഥി സംഘടന. അസോസിയേഷന്‍ ഓഫ്‌ സെന്റ്‌ തെരേസാസ്‌ അലുംനൈ എന്നതിന്റെ ചുരുക്കപ്പേരാണ്‌ AstA. എയര്‍ ഇന്ത്യയില്‍ 17 വര്‍ഷം ഉള്‍പ്പെടെ അമേരിക്കയിലും ഇന്ത്യയിലും പ്രശസ്‌ത സേവനത്തിനു ശേഷം കൊച്ചിയില്‍ മടങ്ങിയെത്തിയ മോളി എസ്‌. മാത്യുവാണു പ്രസിഡന്റ്‌; മുന്‍ ഇംഗ്ലീഷ്‌ പ്രൊഫസര്‍ എസ്‌. രേണുക സെക്രട്ടറിയും. നവതിവര്‍ഷത്തില്‍ 90 പേര്‍ക്ക്‌ പത്തുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ്‌ ആസ്റ്റ വിഭാവനം ചെയ്യുന്നത്‌.

തെരേസാസിന്റെ പൂര്‍വവിദ്യാര്‍ഥിനികള്‍ ലോകത്തിന്റെ മിക്ക ഭൂഖണ്‌ഡങ്ങളിലും അണിനിരന്നിട്ടുണ്ടെന്ന്‌ മനോഹരമായി രൂപകല്‌പന ചെയ്‌ത കോളജ്‌ മാഗസിന്‍ - Once Upon a Time - ഉദ്‌ഘോഷിക്കുന്നു. 95 എത്തിയ കെ.ആര്‍. ഗൗരിയമ്മയാണ്‌ ഏറ്റം പ്രായംകൂടിയവരില്‍ ഒരാള്‍. നടികളും നര്‍ത്തകിമാരും ഗായകരുമുണ്ട്‌ - അസിന്‍, അമല പോള്‍, മീരാ നന്ദന്‍, സംവൃത സുനില്‍, ദിവ്യ ഉണ്ണി എന്നിങ്ങനെ...
സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)സെന്റ്‌ തെരേസാസിനു തൊണ്ണൂറിന്റെ യൗവനം, കേരളത്തിന്റെ തിളങ്ങുന്ന താരാപഥം (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക