Image

മുല്ലപ്പെരിയാറിന്റെ ആശങ്കകളുമായി ഡാം999

Published on 27 November, 2011
മുല്ലപ്പെരിയാറിന്റെ ആശങ്കകളുമായി ഡാം999
മുല്ലപ്പെരിയാര്‍ ഡാം വലിയ ആശങ്കയും, ഭീതിയുമായി നില്‍ക്കുന്ന അവസരത്തില്‍ ഡാം എന്ന വാട്ടര്‍ ബോംബിനെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഡാം 999 എന്ന ചിത്രവും സജീവ ചര്‍ച്ചയാകുന്നു. വര്‍ഷങ്ങളായി പരിഹാരമില്ലാതെ കിടക്കുന്ന മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഒരു അവബോധം സൃഷ്‌ടിക്കാന്‍ ഡാം 999 കഴിഞ്ഞേക്കുമെന്നതാണ്‌ ആദ്യമേ എടുത്തു പറയേണ്ടത്‌. മുല്ലപ്പെരിയാര്‍ കാലങ്ങളായി നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണെങ്കിലും ഒരു ഡാം ദുരന്തം വരുത്തിവെക്കാവുന്ന ജീവഹാനിയെക്കുറിച്ച്‌ ഇന്നും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ പൂര്‍ണ്ണമായും ബോധ്യപ്പെട്ടിട്ടില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്‌ ഇന്നും ചര്‍ച്ചകളും നിവേദനങ്ങളുമായി കേന്ദ്രത്തിന്‌ മുമ്പില്‍ നില്‍ക്കുന്ന കേരളാ ഭരണകൂടത്തിന്റെ അവസ്ഥയും തമിഴ്‌നാടിനെ പിണക്കാന്‍ കഴിയാതെ സമദൂരം പാലിച്ച്‌ നില്‍ക്കുന്ന കേന്ദ്രത്തിന്റെ നയവും.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്ന കേരത്തിന്റെ ആവശ്യം കൃത്യമായ അജണ്ടയോടെ തമിഴ്‌നാട്‌ എതിര്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ പലപ്പോഴും നിസഹയാരാണ്‌. ഇവിടെയാണ്‌ ഡാം 999 എന്ന ചിത്രത്തിന്റെ പ്രസക്തി. ഡാം 999 മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയുടെ അവതരണം തന്നെയാണ്‌.

ഒരു സിനിമയെന്ന നിലയില്‍ നോക്കുമ്പോള്‍ നവാഗതനായ സോഹന്‍ റോയ്‌യുടെ സംരംഭത്തില്‍ പരിമിതികള്‍ ഒരുപാടുണ്ട്‌. പ്രേക്ഷകനെ ഒരു ചലച്ചിത്രാനുഭവത്തിലേക്ക്‌ വലിച്ചടുപ്പിക്കുന്ന സിനിമാറ്റിക്ക്‌ സൗന്ദര്യം ഡാം999ല്‍ പൂര്‍ണ്ണമായും കാണാന്‍ സാധിച്ചെന്നു വരില്ല. നവരസങ്ങള്‍ക്ക്‌ ഓരോ കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിക്കൊണ്ട്‌ പുത്തന്‍ ചലച്ചിത്രവീക്ഷണത്തിന്‌ ശ്രമിച്ചിരിക്കുന്ന സംവിധായകന്റെ പരീക്ഷണം ഒരുപക്ഷെ പൊതുവില്‍ ഒരു സിനിമ ആസ്വാദകന്‌ വഴങ്ങിയെന്നും വരില്ല. പക്ഷെ മലയാളിയെ സംബന്ധിച്ചിടത്തോളം വെറുമൊരു ചലച്ചിത്രം എന്ന നിലയില്‍ ഡാം 999നെ നോക്കി കാണാന്‍ കഴിയില്ല എന്നതാണ്‌ സത്യം.

ഇത്‌ മലയാളിക്ക്‌ മുമ്പില്‍ ഭീതി വിടര്‍ത്തുന്ന ഒരു സത്യമാണ്‌. ഒരു മണിക്കൂറിന്റെ ദൈര്‍ഘ്യത്തിനുള്ളില്‍ സര്‍വ്വതും നഷ്‌ടപ്പെടാവുന്ന, ജീവന്‍ പോലും നഷ്‌ടപ്പെടുന്ന ദുരന്തം കേരളത്തിലെ നാല്‌ ജില്ലകള്‍ക്ക്‌ മുമ്പില്‍ വാപിളര്‍ന്നു നില്‍ക്കുന്നു എന്നത്‌ ബോധ്യപ്പെടുത്തുന്ന എന്നതാണ്‌ ഡാം 999 എന്ന ചിത്രം.

മറൈനറായ വിനയ്‌യുടെയും, ബാല്യകാല സഖി മീരയുടെയും പ്രണയത്തിലൂടെയാണ്‌ ഡാം999ന്റെ കഥ ഇതള്‍ വിരിയുന്നത്‌. മീരയുമായി അകലേണ്ടി വന്ന വിനയ്‌യുടെ ജീവിതത്തിലേക്ക്‌ പിന്നീട്‌ കടന്നു വന്ന സാന്ദ്രയും അവരുടെ മകന്‍ സാമും. ഏറെക്കാലത്തിനു ശേഷം സാന്ദ്രയില്‍ നിന്നും മാനസികമായി അകന്ന വിനയ്‌ മീരയെ തേടി തന്റെ ഗ്രാമത്തിലേക്ക്‌ തിരിച്ചെത്തുന്നു. ഈ ഗ്രാമത്തിലാണ്‌ പലരുടെയും ആശങ്കകള്‍ക്ക്‌ മുകളില്‍ ഡാം പണിതുയര്‍ത്തിയിരിക്കുന്നത്‌. മീരയുടെ അച്ഛന്‍ ശങ്കരന്‍ ഗ്രാമത്തില്‍ ആയുര്‍വേദ ശാസ്‌ത്രത്തിന്റെയും യോഗയുടെയും പ്രചാരകനാണ്‌. ജ്യോതിശാസ്‌ത്രത്തില്‍ ആഗാധമായ പാണ്‌ഡിത്യമുള്ളയാള്‍. രജിത്‌ കപൂറാണ്‌ ഈ വേഷം അവതരിപ്പിക്കുന്നത്‌. അണക്കെട്ട്‌ വരുത്തിവെക്കാവുന്ന ദുരന്തങ്ങള്‍ ശങ്കരന്‍ മുന്‍കൂട്ടി കാണുന്നുണ്ട്‌. ഇതിനിടയിലും വിനയ്‌, മീരി, സാന്ദ്ര എന്നിവരുടെ ത്രീകോണ പ്രണയത്തിലേക്ക്‌ സിനിമ കടന്നു പോകുന്നുണ്ട്‌.

ഒപ്പം ജ്യോതി ശാസ്‌ത്രത്തിന്റെയും, ആയുര്‍വേദത്തിന്റെയുമൊക്കെ അനന്തസാധ്യതകള്‍ നമുക്ക്‌ കാട്ടിത്തരാനും സോഹയ്‌ റോയ്‌ തന്റെ ചിത്രത്തെ ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ പല തലങ്ങളിലേക്ക്‌ തന്റെ ചിത്രത്തെ എത്തിക്കാന്‍ സോഹന്‍ റോയ്‌ക്ക്‌ കഴിയുന്നുണ്ട്‌.

അവസാനം എല്ലാവരെയും പരിഭ്രാന്തരാക്കി എല്ലാം നശിപ്പിച്ചുകൊണ്ട്‌ അണക്കെട്ട്‌ പൊട്ടുന്നു. ചിത്രത്തിന്റെ സെക്കന്റ്‌ ഹാഫില്‍ ഒരൂക്കിയിരിക്കുന്ന ഈ ദുരന്തത്തിന്റെ ദൃശ്യാവിഷ്‌കരണം ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ്‌. എപ്പോള്‍ വേണമെങ്കിലും ആസന്നമാകാവുന്ന ഒരു ദുരന്തത്തിന്റെ ഭീതി ജനിപ്പിക്കാന്‍ ഈ സിനിമയുടെ ക്ലൈമാക്‌സ്‌ രംഗങ്ങള്‍ക്ക്‌ കഴിയുന്നുണ്ട്‌. ഡാം എഞ്ചിനിയറുടെ റോളില്‍ ക്ലൈമാക്‌സ്‌ രംഗങ്ങളിലെത്തുന്ന മലയാളി താരം തമ്പി ആന്റണിയും മികച്ച അഭിനയമാണ്‌ ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്‌. അതുപോലെ തന്നെ എടുത്തു പറയേണ്ടത്‌ ഛായാഗ്രാഹകന്‍ അജയന്‍ വിന്‍സന്റിന്റെ കാമറയാണ്‌. അജയന്‍ വിന്‍സന്റിന്റെ കാമറ ദൃശ്യങ്ങള്‍ ചിലപ്പോഴൊക്കെ മറക്കാനാവാത്ത കാഴ്‌ചകള്‍ സമ്മാനിക്കുന്നുണ്ട്‌.

ചിത്രം കണ്ടിറങ്ങുമ്പോള്‍ മലയാളിക്ക്‌ മുമ്പില്‍ നടക്കുന്ന ചോദ്യ ചിഹ്നമാകുക എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തന്നെയാവും. മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീതി മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാന്‍ ചിത്രത്തിന്‌ കഴിയുന്നുണ്ട്‌. കണ്ണടച്ചു വിടാന്‍ കഴിയാത്ത ഒരു ദുരന്ത സാധ്യതയെ ഓര്‍മ്മെപ്പെടുത്താന്‍ ഒരു ചര്‍ച്ചയാക്കാന്‍ സോഹന്‍ റോയ്‌ക്ക്‌ കഴിഞ്ഞു എന്നതില്‍ തീര്‍ച്ചയായും അഭിനന്ദിക്കാം.

ഡാം999 എന്ന ചിത്രം കഴിഞ്ഞ ദിവസം ലോക്‌സഭ സ്‌തംഭിപ്പിക്കുന്നതില്‍ വരെയെത്തി. ഡാം999 പ്രദര്‍ശനത്തിന്‌ അനുവദിക്കരുതെന്നായിരുന്നു തമിഴ്‌നാട്ടില്‍ നിന്നുള്ള ലോക്‌സഭ അംഗങ്ങളുടെ ആവിശ്യം. തമിഴ്‌നാട്ടില്‍ ചിത്രത്തിന്‌ പ്രദര്‍ശന അനുമതിയുമില്ല. നേര്‍ക്ക്‌ നേര്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയുള്ള കരുണാനിധിയും ജയലളിതയും ഈ വിഷയത്തില്‍ മാത്രം ഒറ്റക്കെട്ടാവുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഡാം 999 നിരോധിക്കണമെന്ന ആവിശ്യത്തിനു പിന്നില്‍ ഒരു വികാരം മാത്രമേ തമിഴ്‌നാട്ടിലെ രാഷ്‌ട്രീയ സംഘടനകള്‍ക്കുള്ളു. അത്‌ ഈ ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പുനര്‍ നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവിശ്യത്തെ സാധൂകരിക്കുന്നു എന്നതാണ്‌.

കഴിഞ്ഞ ദിവസം ഇടുക്കി മേഖലയില്‍ ശക്തമായ ഭൂകമ്പ തുടര്‍ചലനങ്ങള്‍ കാരണം കടുത്ത ആശങ്കയിലാണ്‌ മുല്ലപ്പെരിയാല്‍ അണക്കെട്ട്‌. അണക്കെട്ടിന്‌ ബലക്ഷണം ഉണ്ടെന്ന്‌ എത്രയോ നാളുകള്‍ക്ക്‌ മുമ്പു തന്നെ തെളിയിക്കപ്പതാണ്‌. 115 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിര്‍മ്മിക്കപ്പെട്ട മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ത്ത്‌ നിര്‍മ്മിച്ചതാണ്‌. പ്രതിവര്‍ഷം 30 ടണ്‍ സുര്‍ക്കി ചോര്‍ച്ച കാരണം ഡാംമില്‍ നിന്നും ഒലിച്ചു പോകുന്നുവെന്ന്‌ വിദഗ്‌ധര്‍ പറയുന്നു. മികച്ച സാങ്കേതിക വിദ്യാ സഹായങ്ങളൊന്നുമില്ലാതെ നിര്‍മ്മിച്ച അണക്കെട്ടിന്‌ അമ്പതു വര്‍ഷം മാത്രമാണ്‌ അന്ന്‌ ആയുസ്‌ പറഞ്ഞിരുന്നത്‌. എന്നാല്‍ 115 വര്‍ഷം പിന്നിടുമ്പോള്‍ അണക്കെട്ട്‌ അതീവ അപകടാവസ്ഥയിലാണെന്ന്‌ വ്യക്തം.

എന്നാല്‍ നിലവിലുള്ള അണക്കെട്ട്‌ പൊളിച്ചു മാറ്റുന്നതോടെ 999വര്‍ഷത്തേക്ക്‌ നിലനില്‍ക്കുന്ന പാട്ടക്കരാറിന്‌ അവസാനമാകും. അതോടെ മുല്ലപ്പെരിയാറില്‍ നിന്നും നിര്‍ലോഭം വെള്ളമെടുക്കാന്‍ തമിഴ്‌നാടിന്‌ കഴിയാതെ വരും എന്നതാണ്‌ പുതിയ അണക്കെട്ട്‌ എന്ന ആശയത്തെ തമിഴ്‌നാട്‌ എതിര്‍ക്കാന്‍ കാരണം. തമിഴ്‌നാട്ടിലെ കൃഷിക്കാവശ്യമായ ജലം നഷ്‌ടപ്പെടും എന്നതാണ്‌ തമിഴ്‌നാടിന്റെ പ്രധാന ഭയം.

കേരളവും തമിഴ്‌നാടും മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ തര്‍ക്കം ആരംഭിച്ചിട്ട്‌ വര്‍ഷങ്ങളാകുന്നു. എന്നാല്‍ തര്‍ക്കത്തില്‍ കേന്ദ്രം ഇടപെട്ട്‌ ജലകമ്മീഷനെ കൊണ്ട്‌ പരിശോധിച്ചപ്പോള്‍ തീരുമാനം കേരളത്തിന്‌ എതിരായി. കേരളം പറയുന്ന പ്രശ്‌നങ്ങള്‍ മുല്ലപ്പെരിയാറില്‍ ഇല്ലെന്നായിരുന്നു കമ്മീഷന്റെ റിപ്പോര്‍ട്ട്‌. പിന്നീട്‌ സുപ്രീംകോടതിയില്‍ കേസ്‌ എത്തിയപ്പോഴും പരാജയമായിരുന്നു ഫലം

ഇപ്പോള്‍ കേരളം വീണ്ടും ഒറ്റക്കെട്ടായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്തില്‍ സമര്‍ദ്ദം ചെലുത്തുകയാണ്‌. തമിഴ്‌നാട്‌ ആവിശ്യപ്പെടുന്ന വെള്ളം ഉപാധികളില്ലാതെ നല്‍കാമെന്ന്‌ വരെ ജലവിഭവ മന്ത്രി പി.ജെ ജോസഫ്‌ പറയുന്നു. എന്നാല്‍ കേന്ദ്രത്തിന്‌ ഇടപെടാന്‍ പരിമിതികളുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം വിഷയത്തില്‍ സമദൂരം പാലിക്കുമ്പോള്‍ ആശങ്കപ്പെടാനുള്ളത്‌ കേരളത്തിന്‌ തന്നെയാണ്‌.

കേരളത്തിന്റെ പ്രശ്‌നം മുപ്പത്‌ ലക്ഷം വരുന്ന ജനങ്ങളുടെ ജീവന്‍ തന്നെയാണ്‌. അതായത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഇടുക്കി, എറണാകളും, ആലപ്പുഴ, കോട്ടയം എന്നീ നാല്‌ ജില്ലകളും ഭാഗീകമായി പത്തനം തിട്ടയും അപ്പാടെ തകര്‍ന്ന്‌ അറബിക്കടലില്‍ എത്തും. മുപ്പത്‌ ലക്ഷത്തില്‍ അധികം ജനങ്ങളുടെ ജീവന്‍ നഷ്‌ടമാകുന്ന അവസ്ഥ. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നാകുമത്‌. ദുരന്തം മൂലമുണ്ടാകാവുന്ന കോടികളുടെ നഷ്‌ടം ചിന്തിക്കാവുന്നതിനും അപ്പുറത്താണ്‌.

ഇത്രയും വലിയ അപകട സാധ്യത പ്രത്യക്ഷത്തില്‍ നില്‍ക്കുമ്പോഴും യാതൊരു അപകടവും ഇവിടെയില്ലെന്ന്‌ പുലമ്പുകയാണ്‌ തമിഴ്‌നാട്‌ ചെയ്യുന്നത്‌. ഇതിനെതിരെ ശക്തമായ മുന്നേറ്റത്തിന്‌ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോയെന്ന്‌ ചോദിച്ചാല്‍ ഇല്ലെന്ന്‌ തന്നെ പറയേണ്ടിവരും. ഉദാഹരണത്തിന്‌ മുല്ലപ്പെരിയാര്‍ കേസില്‍ 2006ല്‍ ഉണ്ടായ സുപ്രിം കോടതി വിധി കേരളത്തിന്‌ എതിരായിരുന്നു. ഒരു പക്ഷെ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാലും കുതിച്ചിറങ്ങുന്ന വെള്ളം ഇടുക്കി അണക്കെട്ട്‌ താങ്ങുമെന്നായിരുന്നു അന്ന്‌ സുപ്രിം കോടതിയില്‍ തമിഴ്‌നാട്‌ വാദിച്ചത്‌. കോടതി വിധി ഈ വാദം യാതൊരു ലോജിക്കുമില്ലാതെ അംഗീകരിച്ചുകൊണ്ടായിരുന്നു. മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ആയിരക്കണക്കിന്‌ ജനങ്ങള്‍ക്ക്‌, അവരുടെ ജീവനും സ്വത്തിനും, എന്തു സംഭവിക്കും എന്നു പോലും ആരും ചിന്തിച്ചില്ല. അണപൊട്ടിയെത്തുന്ന മുല്ലപ്പെരിയാറിനെ തടഞ്ഞു നിര്‍ത്താന്‍ കഴിയാതെ ഇടുക്കി ഡാം കൂടി തകര്‍ന്നാലുള്ള സ്ഥിതിവിശേഷത്തെക്കുറിച്ച്‌ ആരും പറഞ്ഞുമില്ല. ഇതൊക്കെ അന്ന്‌ സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിയാതെ പോയത്‌ കേരളത്തിന്റെ വീഴ്‌ചയായിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 5000 അടി ഉയരത്തിലുള്ള മുല്ലപ്പെരിയാര്‍. 1200 അടി നീളവും, 155 അടി ഉയരവും 115 വര്‍ഷം പഴക്കവമുള്ള അണക്കെട്ട്‌. സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ത്ത ചാന്ത്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച അണക്കെട്ട്‌. മുല്ലപ്പെരിയാറിന്റെ പേര്‌ പരാമര്‍ശിക്കുന്നില്ല എങ്കില്‍ തന്നെയും ഇതൊരു ജലബോംബാണ്‌ എന്ന്‌ മലയാളി മനസിലാക്കി തരുന്നിടത്താണ്‌ ഡാം999 എന്ന ചിത്രത്തിന്റ പ്രസക്തി. സോഹന്‍ റോയ്‌ അവതരിപ്പിക്കുന്ന ഡാം 999 വസ്‌തുനിഷ്‌ഠമായ ഒരു യാഥാര്‍ഥ്യമാണെന്ന്‌ ആര്‍ക്കും തര്‍ക്കവുമില്ല. ഒരു മണിക്കൂര്‍ കൊണ്ട്‌ കേരളത്തിലെ നാല്‌ ജില്ലകള്‍ തുടച്ചുമാറ്റപ്പെടുമെന്ന യാഥാര്‍ഥ്യത്തിലേക്കാണ്‌ സോഹന്‍ റോയി വിരല്‍ ചൂണ്ടുന്നത്‌. ഈ യാഥാര്‍ഥ്യം ഇനി നമ്മുടെ ഭരണകൂടങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന്‌ പ്രതീക്ഷിക്കാം.
മുല്ലപ്പെരിയാറിന്റെ ആശങ്കകളുമായി ഡാം999
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക