Image

അസൂയ (ലേഖന പരമ്പര-1: കൊല്ലം തെല്‍മ ടെക്‌സസ്‌)

Published on 25 July, 2014
അസൂയ (ലേഖന പരമ്പര-1: കൊല്ലം തെല്‍മ ടെക്‌സസ്‌)
അസൂയ എല്ലാ മനുഷ്യരുടേയും പ്രശ്‌നമാണ്‌, മനുഷ്യസഹജമായ ഒരു പാപ ഇച്ഛയാണ്‌ അസൂയ. ആ വികാരം ഇല്ലാത്തവരായി ഈ ഭൂമിയില്‍ ആരും തന്നെ ഇല്ല.

ആദിയില്‍ വചനമുണ്ടായിരുന്ന കാലം മുതലേ തുടങ്ങിയതാണ്‌ ഈ പാപവികാരം. ഇത്‌ നമ്മളില്‍ എന്തുകൊണ്ട്‌ വ്യാപരിക്കുന്നു? .ഈ പാപ വികാരത്തില്‍ നിന്ന്‌ മോചിതരാകുവാന്‍ മനുഷ്യനു കഴിയുമോ? മനുഷ്യ സഹജമായ ഈ വികാരം എന്തെല്ലാം കെടുതികള്‍ വരുത്തി വക്കുന്നു?

ഹൈന്ദവ പുരാണത്തിലും, ക്രൈസ്‌തവ മത ഗ്രന്ഥങ്ങളിലും ഉടനീളം കാണാന്‍ സാധിക്കും അസൂയയും അതു വരുത്തിവച്ചിട്ടുള്ള വിനകളും.

ക്രൈസ്‌തവ ചരിത്രത്തില്‍ മനുഷ്യ സൃഷ്ട്‌ടിക്കു മുന്‍പ്‌ തന്നേ ഈ പാപം ഉളവായത്‌ ലുസിഫെര്‍ എന്ന ദൈവദൂതനില്‍ ആയിരുന്നു.

ആ ദൈവദൂതന്‌ ദൈവത്തിന്റെ മഹത്വവും ശക്തിയും ആധിപത്യവും കാണുമ്പോള്‍ സഹിച്ചിരുന്നില്ല. തനിക്കും ദൈവത്തെപ്പോലെ അതി മാഹാത്മ്യമുള്ളവനാകണം എന്ന ഒരേ ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ. അത്തരം അസൂയ ചിന്തകള്‍ മനസ്സില്‍ ഉടലെടുത്തതോടെ ആ ദൈവദൂതന്റെ അധ:പതവും സംഭവിച്ചൂ.

ആ ദൈവദൂതനാണ്‌ ലുസിഫെര്‍ എന്ന പിശാചു അഥവാ ചെകുത്താന്‍, എന്ന്‌ ക്രൈസ്‌തവ മതസ്‌തര്‍ വിശ്വസിച്ചു വരുന്നത്‌. ചെകുത്താന്‍ ലോകത്തിന്റെ പ്രഭുവായി മാറി. തീര്‌ച്ചയായും അവന്‍ നമ്മളില്‍ ഓരോരുത്തരിലും പ്രവര്‍ത്തിച്ച്‌, സ്വാധീനിച്ച്‌ ഇതേ പാപ വികാരത്തില്‍ ജീവിക്കുവാന്‍ പഠിപ്പിക്കുന്നു. അവന്റെ തന്ത്രങ്ങളെ മനസ്സിലാക്കാതെ നാമെല്ലാവരും അസൂയ എന്ന പാപം ചെയ്‌തു ജീവിക്കുന്നു. അതു മനുഷ്യ സഹജമാനെന്നും, അതൊരു പാപമേ അല്ല എന്നുമാണ്‌ അവന്‍ നമ്മെ പ്രജോതിപ്പിക്കുന്നത്‌. അതുകൊണ്ടാണ്‌ ക്രൈസ്‌തവ ഗ്രന്ഥത്തില്‍ പാപബോധമുളവാക്കുവാന്‍ പറയുന്നത്‌, `പിശാചിന്റെ തന്ത്രങ്ങളെ അറിയാതവരല്ലല്ലോ നിങ്ങള്‍'.

ആദി മനുഷ്യന്റെ പുസ്‌തകത്തിലെ ആദ്യ കൊലപാതകം നടന്നത്‌ അസൂയ എന്ന വികാരത്തെ തുടര്‍ന്നാണ്‌. അതും ഒരു സഹോദരനെ. അതേപ്പറ്റി അധികം ആര്‍ക്കും അറിയില്ല. ആബേലും കായിനുമാണ്‌ കഥാപാത്രങ്ങള്‍. ഇതില്‍ ഒരാള്‍ ദൈവത്തിന്റെ പ്രീതി നേടിയിരുന്നു. മറ്റേ സഹോദരന്‌ ഉടനേ അസൂയ തുടങ്ങി. എങ്ങനേയും സഹോദരനെ വധിക്കണമെന്ന, ചുവപ്പ്‌ നിറമുള്ള മഞ്ചാടി കുരുക്കള്‍ അയാളുടെ മനസ്സില്‌ പൊട്ടി മുളച്ചു.പിന്നീടെല്ലാം വേഗം കഴിഞ്ഞു.....

യാകോബിന്റെ മൂത്ത ആണ്‍മക്കള്‍ക്ക്‌ അവരുടെ കൊച്ചനുജനോടായിരുന്നു അസൂയ. കാരണം വെറും നിസ്സാരം, പക്ഷെ പ്രശ്‌നം ഗുരുതരം ആയി മാറി. ആ കഥ എല്ലാവര്‍ക്കും മനപ്പാഠം അറിയാവുന്നതു കൊണ്ട്‌ ഇവിടെ വിവരിച്ചു സമയം വൃഥാ കളയുന്നില്ല.

ഞാനെന്തിനാണ്‌ അല്ലെങ്കിലും ഈ വിഷയം എഴുതി മറ്റുള്ളവരുടെയും എന്റേയും വിലപിടിപ്പുള്ള സമയം വൃഥാ കളയുന്നു എന്ന്‌ നിങ്ങളില്‍ പലരും ആശ്ചര്യപ്പെടുന്നുണ്ടാകാം. എന്നാല്‍ അസൂയയാണ്‌ എല്ലാ കെടുതികള്‍ക്കും ലോക മഹാ യുദ്ധങ്ങള്‍ക്കു പോലും കാരണം എന്നു നാം മനസ്സിലാക്കുന്നില്ല.
കുടുംബാംഗങ്ങള്‍ തമ്മില്‍, അയല്‍വക്കക്കാര്‍, സുഹൃത്തുക്കള്‍ , പള്ളികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍,സംഗീതജ്ഞര്‍ ,ചലച്ചിത്ര താരങ്ങള്‍ എന്ന്‌ വേണ്ട ജീവിതത്തിന്റെ ഏതു മേഖലകളില്‍ തിരിഞ്ഞാലും എവിടെയും അസൂയ കാരണം തമ്മില്‍ തല്ലും പാര വയ്‌പ്പും മാത്രമേ കാണാനാകുന്നുള്ളൂ...

ദാവീദ്‌ രാജാവ്‌, രാജാവാകുന്നതിനു മുന്‍പ്‌ സൗള്‍ രാജാവിന്റെ വെറും ഒരു പടയാളി മാത്രമായിരുന്നു. പക്ഷെ ഓരോ യുദ്ധവും ജയിച്ച്‌ വിജയശ്രീലാളിതനാനായ്‌ ദാവീദ്‌ വരുമ്പോഴും, സന്തോഷിക്കേണ്ടതിനു പകരം സൌള്‍ രാജാവ്‌ അസൂയപ്പെട്ടു. കാരണം ജനങ്ങള്‍ ദാവീദിനെ അനുമോദിക്കുകയും ആരാധിക്കുകയും ചെയ്യ്യുമ്പോള്‍, ദാവീദിനാനല്ലൊ ജനങ്ങളുടെ ശ്രദ്ധ കൂടുതല്‍ ലഭിക്കുന്നത്‌ എന്ന അസൂയ. അസൂയ മൂത്ത്‌ ദാവീദിനെ വധിക്കാന്‍ സൗള്‍ രാജാവ്‌ തീരുമാനിച്ചൂ. അതു കഴിഞ്ഞുള്ള കഥകള്‍ നമുക്കേവര്‍ക്കും അറിവുള്ളതാണല്ലോ?

ഒന്നാലോചിച്ചു നോക്കൂ,ഒരു തെറ്റും ചെയ്യാത്ത ദാവീദിനെ കൊല്ലാന്‍ രാജാവ്‌ കിണഞ്ഞു പരിശ്രമിച്ചത്‌ വെറും അസൂയ എന്ന വികാരത്തെ തുടര്‌ന്നല്ലേ? അതും നന്മ മാത്രം ചെയ്‌തിരുന്ന ദാവീദിനെ.

ഇതു പോലെയാണ്‌ ഇന്ന്‌ നാമെല്ലാം ജീവിക്കുന്നത്‌. ആരും ഒരു കുറ്റവും ചെയ്യേണ്ട, പക്ഷെ അസൂയയുടെ കാഞ്ഞിരത്തിന്‍ കുരു മനസ്സില്‍ പൊട്ടി മുളച്ചാല്‍ പിന്നെ നമുക്ക്‌ കണ്ണും മൂക്കും കാണുകയില്ല . ഒന്നുകില്‍ അപവാദം പറഞ്ഞു പരത്തുക, അതല്ലെങ്കില്‍ പാര പണിയുക, അതുമല്ലെങ്കില്‍ കണ്ണുവെയ്‌ക്കുക (നശിപ്പിക്കണേ). വേണ്ടി വന്നാല്‍ ക്ഷുദ്രം ചെയ്‌ത്‌ ആ ജീവിതത്തെ നശിപ്പിച്ചു കളയുക. ഇതെല്ലാം ഇന്നു സര്‍വ്വ സാധാരണയായി ലോകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. യാതോരതിശയോക്തിയും പ്രകടിപ്പിക്കണ്ട, മൂക്കത്ത്‌ വിരല്‍ വക്കുകയും വേണ്ട, ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുകയും വേണ്ട. പണ്ടേ സത്യം അംഗീകരിക്കുവാന്‍ നമുക്ക്‌ മടിയാണ്‌, കാരണം സത്യത്തിന്റെ മുഖം വികൃതമാണ്‌.

പറഞ്ഞു പറഞ്ഞു കാടു കയറിയപ്പോള്‍ കാര്യത്തിലേക്കു തിരിച്ചു വരാന്‍ വൈകി. ഇനി കാര്യത്തിലേക്കു കടക്കാം.

ക്രിസ്‌തു മത ഗ്രന്ഥങ്ങളില്‍ നിന്ന്‌ ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചൂ. ഇനി ഹൈന്ദവ മത ഗ്രന്ഥങ്ങളിലെ ചില ഉദാഹരണങ്ങളാകട്ടെ.

മാവേലി എന്നൊരു അസുര ചക്രവര്‍ത്തി, നാടു വാണിരുന്ന കാലത്ത്‌ ജനങ്ങള്‍ സന്തുഷ്ട്‌ടരായിരുന്നു, സംതൃപ്‌തരായിരുന്നു `ആപത്തെങ്ങാര്‍ക്കും ഒട്ടില്ല താനു.' ദേവഗണം സന്തോഷിക്കേണ്ടതിനു പകരം, അവരില്‍ അസൂയയുടെ വിഷ വിത്തുകള്‍ മുള പൊട്ടി. പിന്നീടുണ്ടായ കെടുതികലെക്കുറിച്ചു പ്രത്യേകിച്ചു പറഞ്ഞു സമയം കളയേണ്ടതില്ലല്ലോ. അദ്ദേഹം അസുരനായിരിക്കേ, നന്മ മാത്രം ചെയയ്‌തിട്ടും, അസൂയയുടെ കരാളഹസ്‌തങ്ങള്‍ അദ്ദേഹത്തെ വിഴുങ്ങിക്കളഞ്ഞു.

അസൂയ ഹസ്‌തങ്ങളല്ല, കരാള പാദങ്ങള്‍ അദേഹത്തെ പാതങ്ങളിലേക്ക്‌ തള്ളി താഴ്‌ത്തി..
ഇതൊരു ഐതീഹ്യ കഥകഥയാണെങ്കിലും ഇതില്‍ നിന്നും ഗുണപാഠം പഠിക്കാമല്ലോ. നേരുത്തേ സൂചിപ്പിച്ചതു പോലെ `ആരും തെറ്റ്‌ ചെയ്യേണ്ട', മഹാബലി ചക്രവര്‍ത്തി എന്തു തെറ്റു ചെയ്‌തു? ദാവീദ്‌ എന്തു തെറ്റ്‌ ചെയ്‌തു? പഴയ നിയമത്തിലെ യാകോബിന്റെ പുത്രന്‍ ജോസഫ്‌ എന്തു തെറ്റ്‌ ചെയ്‌തു? ആദാമിന്റെ നല്ല പുത്രന്‍ ആബേല്‍ എന്തു തെറ്റ്‌ ചെയ്‌തു?

ഇവരൊക്കെ നല്ലവരില്‍ നല്ലവരായിരുന്നു, ഇവര്‍ കഷ്‌ടത അനുഭവിച്ചത്‌ തെറ്റു ചെയ്‌തിട്ടല്ല. വെറും അസൂയക്ക്‌ ഇരയായവര്‍.....ഈ ലോകം ഇന്ന്‌ അസൂയ കൊണ്ടു നിറഞ്ഞിരിക്കുന്നു. ആരെങ്കിലും മറ്റൊരാളെക്കാള്‍ മെച്ചമാണെങ്കില്‍ ആ നന്മയെ മഹത്വപ്പെടുത്തുന്നതിനു പകരം അസൂയപ്പെടുകയും, അതേത്തുടര്‍ന്ന്‌ ഏതു തരത്തില്‍ പാര പണിയാം എന്നുമായിരിക്കും അടുത്ത ചിന്ത.

ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ, ഇതിപ്പോള്‍ എന്തിനു വച്ചു വിളമ്പുന്നു എന്ന ചോദ്യം ഉയര്‍ന്നേക്കാം . കാരണമുണ്ട്‌. ഈ ലക്കം തുടരുകയാണല്ലോ, അപ്പോള്‍ അതിന്റെ കാരണം, കാര്യ സഹിതം വിവരിക്കുന്നതായിരിക്കും. ഒന്നാം ഭാഗം ഇവിടെ അവസാനിപ്പിക്കുന്നതിനു മുന്‍പ്‌ രസകരമായ ഒരു ചെറിയ കഥ പറയാന്‍ ആഗ്രഹിക്കുന്നു.

രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പരസ്‌പ്പരം ഇഷ്ട്‌ടമായിരുന്നെങ്കിലും ഒരാള്‍ക്ക്‌ തന്നേക്കാള്‍ മറ്റേയാള്‍ നന്നാകുന്നത്‌ ഇഷ്ട്‌ടമാല്ലായിരുന്നു. കാരണം അറിയാമല്ലോ? `അസൂയ'. ഒരു ദിവസം ദൈവം പ്രക്ത്യഷപ്പെട്ടു, രണ്ടുപേരോടും പറഞ്ഞു, `നിങ്ങളെ അനുഗ്രഹിക്കുവാനാണ്‌ ഞാന്‍ വന്നത്‌, എന്തു വേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളൂ, അതു ഞാന്‍ തരും. പക്ഷെ ഒരു വ്യവസ്ഥ, അതായത്‌ ഒന്നാമന്‍ ഒരു വരം ആവശ്യപ്പെട്ടാല്‍ അത്‌ അയാള്‍ക്ക്‌ നല്‌കും, പക്ഷെ അതിന്റെ ഇരട്ടി രണ്ടാമന്‌ നല്‌കും. അതുപോലെ
രണ്ടാമന്‍ ഒരു വരം ചോദിച്ചാല്‍ അത്‌ അയാള്‍ക്കു നല്‌കും, പക്ഷെ അതിന്റെ ഇരട്ടി ഒന്നാമനു നല്‌കും. ഇതാണു വ്യവസ്ഥ.'

ഈ വ്യവസ്ഥ കേട്ടപ്പോള്‍ രണ്ടു സുഹൃത്തുക്കളും ധര്‍മ്മസങ്കടത്തിലായിപ്പോയി .കാരണം, ഒന്നാമന്‍ ദൈവത്തോട്‌ ചോദിക്കുവാന്‍ ഭാവിച്ചത്‌ അമ്പതു മില്യന്‍ ഡോളറായിരുന്നു. പക്ഷെ തന്റെ കൂട്ടുകാരന്‌ അതു നിമിത്തം നൂറു മില്യണ്‍ ഡോളര്‍ കിട്ടുമല്ലോ എന്ന മനോവിഷമം. (അസൂയ) രണ്ടാമനും ഇതു തന്നെയായിരുന്നു ചോദിക്കുവാനാഗ്രഹിച്ചത്‌, പക്ഷെ അയാളേയും അസൂയ എന്ന മനോ വിഷമം പിടികൂടി. ഒടുവില്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ ദൈവത്തോടു പറഞ്ഞു, `ഞങ്ങള്‌ക്ക്‌ ഒരനുഗ്രഹങ്ങളും വേണ്ടേ വേണ്ട.` ദൈവം അപ്രത്യക്ഷനാകുകയും ചെയ്‌തു. അതായത്‌, മറ്റേയാള്‍ തന്നേക്കാള്‍ മെച്ചത്തിലായെക്കുമോ എന്ന വിഭ്രാന്തിയില്‍ സ്വന്തം അനുഗ്രഹത്തെ ത്യജിച്ചൂ കളഞ്ഞു. ...
അസൂയ വരുത്തി വയ്‌ക്കുന്ന വിനകളേ..... എന്തെന്തു വിനകള്‍....

(തുടരും)
അസൂയ (ലേഖന പരമ്പര-1: കൊല്ലം തെല്‍മ ടെക്‌സസ്‌)
Join WhatsApp News
mathew 2014-07-26 08:41:31
Very good Topic. Congratulations!! Mathew Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക