Image

സംവിധാനം ശശികുമാര്‍ - സന്തോഷ് പിള്ള, ഡാളസ്സ്

സന്തോഷ് പിള്ള, ഡാളസ്സ് Published on 25 July, 2014
സംവിധാനം ശശികുമാര്‍ - സന്തോഷ് പിള്ള, ഡാളസ്സ്
ബസ്റ്റ് സ്റ്റോപ്പിനടുത്ത് പ്രദേശമാകെ തണല്‍ വിരിച്ച് നില്‍ക്കുന്ന വാകമരത്തിലാണ്, നാട്ടുമ്പുറത്തെ സിനിമ കൊട്ടകയുടെ പോസ്റ്റര്‍, വലിയ ബോര്‍ഡില്‍ കെട്ടി വച്ചിരിക്കുന്നത്. കല്ലുപെന്‍സിലും, സ്ലേറ്റും പിടിച്ച് വിദ്യാലയത്തിലേക്ക് പോകുന്ന വഴിക്ക് മണിയന്‍ ചേട്ടന്‍ പുതിയ സിനിമാ പോസ്റ്റര്‍ ബോര്‍ഡില്‍ ഒട്ടിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. മലയാളം കൂട്ടി വായിക്കാന്‍ പഠിക്കുന്ന ആ ബാല്യകാലത്തില്‍ പോസ്റ്ററിലെ അക്ഷരങ്ങള്‍ ഓരോന്നായി “കാ…വാ…ലം…ചു…ണ്ട…ന്‍” എന്ന് വായിച്ചെടുത്തു. പക്ഷെ സംവിധാനം ശശികുമാര്‍ എന്ന് വയിക്കുവാന്‍ എളുപ്പം കഴിഞ്ഞിരുന്നു. പല പോസ്റ്ററുകളില്‍ വായിച്ച് മനസ്സില്‍ പതിഞ്ഞ അക്ഷരങ്ങള്‍.

പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ കൂടെ പഠിച്ച കത്രീനയെ “വെളുത്ത കത്രീന“യെന്ന് എല്ലാ കുട്ടികളും വിളിക്കുമായിരുന്നു. അവളുടെ അപ്പന്‍ പേര്‍ഷ്യയില്‍ നിന്നും കൊണ്ടുവന്ന അത്തറും പൂശി കത്തീന സ്‌ക്കൂളിലെത്തുമ്പോള്‍ ആണ്‍കുട്ടികള്‍ 1975 ല്‍ റിലീസായ “പിക്‌നിക്ക്” എന്ന ചിത്രത്തിലെ കസ്തൂരി മണക്കുന്നല്ലോ കാറ്റോ, നീ വരുമ്പോള്‍ എന്റെ കണ്‍മണിയെ കണ്ടുവോ എന്ന ഗാനം പാടുമായിരുന്നു.

1986 ല്‍ ഇറങ്ങിയ “കുഞ്ഞാറ്റക്കിളികള്‍” എന്ന ഗാനം പാടുമായിരുന്നു.
1986 ല്‍ ഇറങ്ങിയ “കുഞ്ഞാറ്റക്കിളികള്‍” എന്ന സിനിമ കണ്ടതിനുശേഷമാണ് ശശികുമാര്‍ എന്ന സംവിധായകന്റെ സംവിധാന സപര്യയെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചത്. 1966 ല്‍ സംവിധാനം ചെയ്ത “കുടുംബിനി” യിലൂടെ ശ്രദ്ധേയനായ ഈ കഥാകൃത്ത് 141 ചിത്രങ്ങളാണ് കൈരളിക്ക് കാഴ്ചവച്ചത്.

ക്യാമറ ചലിപ്പിച്ച 80 ശതമാനത്തിലധികം ചിത്രങ്ങളും സാമ്പത്തിക വിജയത്തില്‍ കലാശിച്ചതുകൊണ്ട് സിനിമാ ലോകം അദ്ദേഹത്തിന് “ഹിറ്റ് മേക്കര്‍” എന്ന സ്ഥാനം ചാര്‍ത്തികൊടുത്തു. 1993 ല്‍ ഒരുക്കിയ “ഡോളര്‍” ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം. ജയഭാരതി, ജഗതി ശ്രീകുമാര്‍, വിന്‍സന്റ്, കുഞ്ചന്‍, വിജയശ്രീ എന്നീ കലാകാരന്‍മാരെ വെള്ളിത്തിരയില്‍ എത്തിച്ചത് ശശികുമാറാണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ചില ചിത്രങ്ങള്‍, തുറുപ്പുഗുലാന്‍, മിനിമോള്‍, സഖാക്കളെ മുന്നോട്ട്, ഇത്തിക്കര പക്കി, വിഷുക്കണി, ആട്ടക്കലാശം എന്നിവ ആകുന്നു. 84 സിനിമകളില്‍ പ്രേംനസീറിനെ നായകനാക്കിയ ശശികുമാര്‍ തന്റെ ജീവിതത്തില്‍ ഏറെ സമയം നിത്യ ഹരിത നായകനുമായിട്ടാണ് ചിലവഴിച്ചത്. മലയാള ചലച്ചിത്ര ലോകത്തെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരം 2012 ല്‍ അദ്ദേഹത്തിന് ലഭിച്ചപ്പോള്‍ സമ്മാനമായി കിട്ടിയ മുഴുവന്‍ തുകയും സഹോരതുല്യനായ പ്രേംനസീറിന്റെ സ്മാരക നിര്‍മ്മാണത്തിന് സംഭാവന നല്‍കി.

മലയാള മനസ്സിനെ തൊട്ടറിഞ്ഞ് പ്രേക്ഷക ലക്ഷങ്ങളെ ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിറുത്തുന്ന കഥകള്‍ മെനഞ്ഞെടുത്ത ഈ കഥാകൃത്ത് തന്റെ സിനിമകള്‍ വാണിജ്യപരമായി വന്‍ വിജയമാക്കുവാന്‍ സിനിമയുടെ എല്ലാ വശങ്ങളിലും അതീവ ശ്രദ്ധപുലര്‍ത്തിയിരുന്നു. അര്‍ജ്ജുനന്‍ മാഷിന്റെ സംഗീത സംവിധാനത്തിലാണ് “കസ്തൂരി മണക്കുന്നല്ലോ കാറ്റേ” എന്ന ഗാനം പിറന്നത്. ഇരുപതു വ്യത്യസ്ത ഈണങ്ങള്‍ കൊടുത്തിട്ടും ശശികുമാറിന് ഈ ഗാനം തൃപ്തിവന്നില്ല. ഇനി ഒരു ഈണം കൂടി കൊടുക്കുവാന്‍ എനിക്ക് സാധിക്കില്ല എന്നു പറഞ്ഞ് പിണങ്ങി പിരിഞ്ഞ മാഷിനെ അനുനയത്തില്‍ തിരികെ കൊണ്ടുവന്ന് പുതിയ ഈണത്തില്‍ ചിട്ടപ്പെടുത്തിയതാണ്, മലയാളികളുടെ മനസ്സില്‍ ഇന്നും മധുരസ്മരണകളുണര്‍ത്തുന്ന ഈ ഗാനം.

ആലപ്പുഴയുടെ ഗുരുനാഥന്‍ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന കല്ലേല്ലി രാഘവന്‍ പിള്ള സാറിനോടൊപ്പം എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ ശശികുമാര്‍ എന്ന ജോണ്‍ വര്‍ക്കി നാടക അഭിനേതാവായിരുന്നു. രാജ്യസ്‌നേഹിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അന്ന് കെട്ടിയത്. ഈ കലാകാരനിലെ അത്ഭുത പ്രതിഭ തിരിച്ചറിഞ്ഞ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് കുഞ്ചാക്കോയാണ് ജോണ്‍ വര്‍ക്കിയെ സിനിമയിലെത്തിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത് ലോക റിക്കാഡിനുടമയായ ശശികുമാറിന്റെ ജന്മ സ്ഥലം ആലപ്പുഴ പട്ടണത്തിനടുത്ത് പൂന്തോപ്പിലാണ്. ചലച്ചിത്ര ലോകത്തിന്റെ നിറുകയില്‍ ശശികുമാര്‍ നിലയ്ക്കുമ്പോഴും രാഘവന്‍ പിള്ളസാറിന് അദ്ദേഹം സതീര്‍ത്ഥ്യനായ വക്കച്ചന്‍ മാത്രമായിരുന്നു.

കഴിഞ്ഞമാസം അവധിക്ക് നാട്ടിലെത്തിയപ്പോള്‍ തത്തമ്പള്ളി സെന്റ്‌മൈക്കിള്‍സ് പള്ളിയിലേക്ക് പോകുന്ന ഒരു വിലാപയാത്ര കാണുവാനിടയായി. മൃതദേഹം വഹിച്ചുകൊണ്ട് സ്വകാര ആശുപത്രിയുടെ പേരെഴുതിയ ഒരു ആംബുലന്‍സും അതിനു പിന്നിലായി നടന്നു നീങ്ങുന്ന ദുഃഖാര്‍ത്തരായ ബന്ധുമിത്രാദികളും. പഴയകാലത്ത്, മദ്ധ്യാഹ്നത്തിലാണ് പെരുമ്പറമുട്ടുന്നത് കേട്ടിരുന്നത്. ആദ്യത്തെ മുഴക്കം കേള്‍ക്കുമ്പോള്‍ തന്നെ മരണമുട്ടാണെന്ന് അറിയാവുന്നതുകൊണ്ട് ഹൃദയമിടിപ്പ് ഇരട്ടിക്കാറുണ്ടായിരുന്നു. വിലാപയാത്രക്ക് മുന്നിലായി അങ്കിവസ്ത്രം ധരിച്ച് മരക്കുരിശ്ശ് ഉയര്‍ത്തിപിടിച്ച് നടക്കുന്ന കൈക്കാരനെ കാണാമായിരുന്നു. വലിയ ചക്രങ്ങളുള്ള കറുത്ത വണ്ടിക്കു മുകളിലായി നീര്‍ക്കുമിള പോലെ ലോലമായ മനുഷ്യ ജീവന്‍ എത്ര ക്ഷണികമാണെന്ന് വിളിച്ചറിയിക്കുന്ന, “ഇന്നു ഞാന്‍ നാളെ നീ” എന്ന വാക്യം കുറിച്ചിട്ടുണ്ടാവും. “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു, എന്‍ സ്വദേശം കാണ്മതിനായ് ഞാന്‍ തനിയെ പോകുന്നു” എന്ന ഗാനം ഈണത്തില്‍ പാടുന്ന ഗായകസംഘവും വിലാപയാത്രയിലും നീളം കണ്ടിരുന്നു.

ശശികുമാറിന്റെ അഭിലാഷമനുസരിച്ച് സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ അദ്ദേഹത്തിന്റെ അപ്പന്റെ കല്ലറക്കടുത്തുതന്നെയാണ് അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തത്. 2014 ജൂലൈ 19 ശനിയാഴ്ച ഉച്ചക്കു ശേഷമുണ്ടായ വിലാപയാത്രയില്‍ വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നിരിക്കാം. ആചാരവെടിമുഴക്കി, സാഹിത്യ, സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ശശികുമാര്‍ എന്ന മഹാനായ കലാകാരന് വിട ചൊല്ലിയപ്പോള്‍ മലയാള സിനിമയിലെ ഒരുയുഗം  തന്നെയാണ് അവസാനിച്ചത്. അന്ത്യകര്‍മ്മങ്ങളുടെ തുടക്കം അറിയിക്കുന്ന പള്ളിയിലെ മണിമുഴക്കം അലിഞ്ഞലിഞ്ഞ് അന്തരീക്ഷത്തില്‍ ലയിച്ചില്ലാതാകുമ്പോള്‍ ജോണ്‍ വര്‍ക്കി എന്ന കഥാകൃത്തേ, അസുലഭമായി വീണുകിട്ടിയ മനുഷ്യജന്മം അങ്ങ് അതിന്റെ സമ്പൂര്‍ണതയില്‍ എത്തിച്ചല്ലോ എന്നോര്‍ത്ത് അങ്ങയുടെ ആരാധകര്‍ക്ക് സമാശ്വസിക്കാം. ഒരു ദിവസം തന്നെ ഒന്നിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലൂടെ അങ്ങ് നടത്തിയ “ജൈത്രയാത്ര” ഞാന്‍ “ജയിക്കാനായ് ജനിച്ചവന്‍” ആണെന്നും ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്റെ ലോകറിക്കാര്‍ഡ് “എന്റെ എന്റേതുമാത്രം” ആണെന്നും  അങ്ങേക്ക് അവകാശപ്പെടാം.


സംവിധാനം ശശികുമാര്‍ - സന്തോഷ് പിള്ള, ഡാളസ്സ്
Join WhatsApp News
Hari Pillai 2014-07-28 13:17:16
Great and very informational article
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക