Image

ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 July, 2014
ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌
ഷിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി മോണ്‍സിഞ്ഞോര്‍ ജോയി ആലപ്പാട്ടിനെ പരിശുദ്ധ പിതാവ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ നിയമിച്ചു. നിയമന ഉത്തരവ്‌ സംബന്ധിച്ചുള്ള പ്രഖ്യാപനം ജൂലൈ 24-ന്‌ വ്യാഴാഴ്‌ച വത്തിക്കാനിലും, കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടിലും, അമേരിക്കയിലെ അപ്പസ്‌തോലിക്‌ ന്യൂണ്‍ഷ്യോയുടെ ആസ്ഥാനമായ വാഷിംഗ്‌ടണിലും, ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിലും നടന്നു.

മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വ്യാഴാഴ്‌ച രാവിലെ 8.30-ന്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ നേതൃത്വത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന്‌ നടന്ന പ്രഖ്യാപന ചടങ്ങില്‍ രൂപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ സ്വാഗതം ആശംസിക്കുകയും, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ നിയമനപത്രം വായിക്കുകയും ചെയ്‌തു. മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവ്‌ നിയുക്ത മെത്രാനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിക്കുകയും ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിക്കുകയും ചെയ്‌തു. ചടങ്ങില്‍ സന്നിഹിതനായിരുന്ന തക്കല രൂപതയുടെ മെത്രാന്‍ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍ നിയുക്ത മെത്രാന്‌ അനുമോദനങ്ങള്‍ അര്‍പ്പിച്ചു. രൂപതയിലെ വൈദീകരുടേയും സന്യസ്‌തരുടേയും അത്മായരുടേയും പ്രതിനിധിയായി വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലും, കത്തീഡ്രല്‍ ഇടവകയുടെ പ്രതിനിധികളായി കൈക്കാരന്മാരായ സിറിയക്‌ തട്ടാരേട്ട്‌, ഇമ്മാനുവേല്‍ മൂലേക്കുടിയില്‍ എന്നിവരും അഭിവന്ദ്യ പിതാവിനെ ബൊക്കെ നല്‍കി ആദരിച്ചു.


ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌ റവ. ബിനോയി പി. ജേക്കബ്‌ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ അര്‍പ്പിച്ചു.

തന്നില്‍ നിക്ഷിപ്‌തമായ കടമകള്‍ ദൈവഹിതാനുസാരം പൂര്‍ത്തിയാക്കാനുള്ള ദൈവാനുഗ്രഹത്തിനായി പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച നിയുക്ത മെത്രാന്‍, അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിനെ ജ്യേഷ്‌ഠ സഹോദരനായി കണ്ട്‌ അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളോട്‌ ചേര്‍ന്നു നിന്നുകൊണ്ട്‌ തനിക്ക്‌ ഭരമേല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമെന്ന്‌ പറഞ്ഞു. കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ ധാരാളം വൈദീകരും സന്യസ്‌തരും അത്മായരും സാക്ഷികളായി. രൂപതാ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി പ്രഖ്യാപന- അനുമോദന ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.

പറപ്പൂക്കര പരേതരായ വര്‍ഗീസ്‌-റോസി ദമ്പതികളുടെ മകനായി 1956 സെപ്‌റ്റംബര്‍ 27നു ഫാ. ജോയി ആലപ്പാട്ട്‌ ജനിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ പേരാണു മാമ്മോദീസായില്‍ സ്വീകരിച്ചത്‌. പുത്തന്‍പള്ളിയിലും പറപ്പൂക്കരയിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തൃശൂര്‍ മൈനര്‍ സെമിനാരിയിലും വടവാതൂര്‍ മേജര്‍ സെമിനാരിയിലുമായിരുന്നു വൈദിക പഠനം.

1981 ഡിസംബര്‍ 31നു ബിഷപ്‌ മാര്‍ ജയിംസ്‌ പഴയാറ്റിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചാലക്കുടി, മാള, ഇരിങ്ങാലക്കുട ഇടവകകളില്‍ സഹവികാരിയായി സേവനം ചെയ്‌തു.

മംഗലപ്പുഴ സെമിനാരിയില്‍ നിന്നു ദൈവശാസ്‌ത്രത്തിലും ആന്ധ്ര യൂണിവേഴ്‌സിറ്റിയില്‍ നിന്നു സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടി. 1987 മുതല്‍ 1993 വരെ ചെന്നൈ സീറോ മലബാര്‍ മിഷനില്‍ ചാപ്ലിനായും മിഷന്‍ ഡയറക്‌ടറായും സേവനം ചെയ്‌തു.

1994 മുതല്‍ അമേരിക്കയിലെ സ്റ്റാറ്റന്‍ ഐലന്‍ഡ്‌, ന്യൂയോര്‍ക്ക്‌, ന്യൂമില്‍ഫോര്‍ഡ്‌, ന്യൂജഴ്‌സി എന്നിവിടങ്ങളില്‍ അസോസിയേറ്റ്‌ പാസ്റ്ററായിരുന്നു. ക്ലിനിക്കല്‍ പാസ്റ്ററല്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ഫാ. ജോയി വാഷിംഗ്‌ടണിലെ ജോര്‍ജ്‌ടൗണ്‍ സര്‍വകലാശാലയില്‍ ചാപ്ലിനായി സേവനം ചെയ്‌തിട്ടുണ്‌ട്‌. ഷിക്കാഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ക്ഷണപ്രകാരം 2007ല്‍ രൂപതയിലെ ഗാര്‍ഫീല്‍ഡ്‌, ന്യൂവാര്‍ക്ക്‌ എന്നിവിടങ്ങളില്‍ സേവനം ചെയ്‌തു. 2011ലാണു ഷിക്കാ ഗോ കത്തീഡ്രലില്‍ ചുമതലയേറ്റത്‌. 2013ലെ ന്യൂജേഴ്‌സി കണ്‍വന്‍ഷന്റെ കണ്‍വീനറായിരുന്നു. മികച്ച ധ്യാനപ്രസംഗകനും ഗാനരചയിതാവും കൂടിയായ ഫാ. ജോയി ആലപ്പാട്ട്‌ ഏതാനും ക്രിസ്‌തീയ ഭക്തിഗാനങ്ങളും സംഗീത ആല്‍ബങ്ങളും ഒരുക്കിയിട്ടുണ്‌ട്‌.

2001ല്‍ സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപ തയുടെ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയാത്ത്‌ കാനഡയിലെ സ്ഥിരം അപ്പസ്‌തോലിക്‌ വിസിറ്റേറ്ററുമാണ്‌.

അമേരിക്ക മുഴുവനായി വ്യാപിച്ചുകിടക്കുന്ന ഷിക്കാഗോ രൂപതയില്‍ 8,500 കുടുംബങ്ങളുണ്‌ട്‌.

പോള്‍, സിസ്റ്റര്‍ കൊള്ളറ്റ്‌ (സിഎസ്‌സി കോണ്‍ഗ്രിഗേഷന്‍, മിലാന്‍, ഇറ്റലി), ലീന, കേണല്‍ വിന്‍സന്റ്‌ (മിലിട്ടറി, ജബല്‍പൂര്‍) എന്നിവരാണ്‌ നിയുക്ത ബിഷപ്പിന്റെ സഹോദരങ്ങള്‍.
ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ഇടയദൗത്യവുമായി നിയുക്ത മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക