Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-11

Published on 28 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-11
ജോര്‍ദ്ദാനിലെ സ്‌നാപക ജോണിനെപ്പോലെ യേശുവും മാനസാന്തരപ്പെടുന്നവര്‍ക്ക് ദൈവരാജ്യത്ത് സ്ഥാനം കിട്ടുമെന്ന് ജനങ്ങളോട് വ്യക്തമായി പറഞ്ഞിരുന്നു. എന്നാലതിലൊന്നിലും എനിക്കന്ന് താല്‍പ്പര്യം തോന്നിയിരുന്നില്ല. മാനസാന്തരത്തിന്റെയോ, മറ്റ് ആത്മീയത ചിന്തകളുടെയോ അര്‍ത്ഥം അന്വേഷിക്കതെ, വിഷയസുഖങ്ങളിലും ഭൗതിക സൗകര്യങ്ങളിലും ലയിച്ച് നശ്വരമായ ഒരു ജീവിത പന്ഥാവിലൂടെ യായിരുന്നല്ലോ അന്നത്തെ സഞ്ചാരം. എന്റെ അപ്പാഴത്തെ അവസ്ഥയില്‍ ഈശ്വരചിന്ത ആശ്വാസകരമായിട്ടാണ് തോന്നിയത്. യേശു എന്ന പ്രവാചകനെ കാണാന്‍ സന്ദര്‍ഭം കിട്ടിയതില്‍ ഞാന്‍ സന്തോഷിച്ചു.

സബദും അല്‍ക്കയും എന്റെകൂടെ യേശുവിന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നിരുന്നു. പള്ളിനിറച്ച് ജനങ്ങള്‍, അവരുടെ പിറകിലായിട്ടാണ് ഞങ്ങള്‍ നിന്നിരുന്നത്.

അല്‍പ്പം ഉയര്‍ന്ന ഒരു പീഠത്തിലിരുന്നാണ് യേശു അവിടെ കൂടിയിരുന്ന ജനങ്ങളോട് സംസാരിച്ചത്. സ്വരം വ്യക്തമായിരുന്നെങ്കിലും അതില്‍ ശാന്തിയും ഗാംഭീര്യവും സ്ഫുരിച്ചിരുന്നു. നിരക്ഷരരായ ശ്രോതാക്കളെ പല ഉപമകള്‍ പറഞ്ഞ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. യേശുവിന്റെ സംഭാഷണത്തിന് ഒരു വശ്യശക്തിയുള്ളതയെനിക്കു തോന്നി.

യഹൂദര്‍ക്ക് ദൈവം നല്‍കിയ പ്രമാണങ്ങളും കല്‍പ്പനകളും അദ്ദേഹം ഒരിക്കലും ചോദ്യം ചെയ്യുകയില്ലെന്ന് ആദ്യമേ പറഞ്ഞു. എന്നു മാത്രമല്ല; ഇതെല്ലാം അദ്ദേഹത്തിന്റെ ആത്മീയോപദേശത്തിന്റെ അടിസഥാനപ്രമാണങ്ങളാണെന്നു കൂടി സമര്‍ത്ഥിച്ചു. ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ആ ചന്ദ്രതാരം ഒട്ടും വ്യത്യാസമില്ലാതെ അനുഷ്ഠിക്കുമെന്നും മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി എന്നേക്കും നിലകൊള്ളുമെന്നും യേശു ഉറപ്പിച്ചു പറഞ്ഞു. പ്രഭാഷണം അരമണിക്കൂര്‍ നീണ്ടുനിന്നു.

യേശു എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയപ്പോഴാണ് ജേക്കബ്ബ് എന്നെ കൂട്ടിക്കൊണ്ടുപോയി അദ്ദേഹത്തിന്റെ മുന്നില്‍ നിര്‍ത്തി. “ഇതാ ഈ സഹോദരിയെ അനുഗ്രഹിക്കൂ” എന്നു പറഞ്ഞത്.

യേശുവിനെ അടുത്തു കണ്ടപ്പോള്‍ എനിക്കുണ്ടായ വികാരങ്ങള്‍ എങ്ങനെ രേഖപ്പെടുത്താനാണ്? ഒരു ദിവ്യദര്‍ശനം കിട്ടിയാലെന്നപോലുള്ള അനുഭൂതിയാണെനിക്കുണ്ടായത്. സാമാന്യം പൊക്കമുള്ള കൃശഗാത്രം. പ്രസന്നമായ മുഖം. തലമുടി വളര്‍ത്തി പിന്നിലേക്കിട്ടിരിക്കുന്നു. നല്ല തിളക്കവും ആജ്ഞാശക്തിയുമുള്ള കണ്ണുകള്‍ .

എന്റെ കൂപ്പുകൈകള്‍ സ്വീകരിച്ചശേഷം തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.

പിന്നീട് തിരിഞ്ഞ് ജേക്കബ്ബിനോട് പറഞ്ഞു: അതെ, ഇപ്പോള്‍ ഞാനോര്‍ക്കുന്നു, മേരി, നിങ്ങളിന്നലെ പറഞ്ഞ സ്ത്രീയല്ലേയിത്?

“അതെ” ജേക്കബ്ബ് പ്രതിവചിച്ചു.

“ഇന്നെന്റെ ഉപവാസ ദിവസമാണ്. അതുകൊണ്ട് ഇപ്പോഴെന്നെ പോകാന്‍ അനുവദിക്കണം. നാളെ മേരിയുടെ വീട്ടില്‍ വന്നു കണ്ടു കൊള്ളാം.” എന്ന് എന്നോട് സൗമ്യനായി പറഞ്ഞു.

ആ വാക്കുകളില്‍ സ്‌നേഹവും ആത്മാര്‍ത്ഥതയും നിറഞ്ഞിരുന്നു. നിരാശാപൂര്‍ണ്ണമായ ജീവിതത്തിന്റെ വഴിത്താരയില്‍ ആകസ്മികമായി കണ്ടെത്തിയ ഓരാശാ കേന്ദ്രം. എനിക്കങ്ങനെയാണ് അദ്ദേഹത്തെപ്പറ്റി തോന്നിയത്.

യേശു നടന്നകന്നുപോയി!

ഞാനും സബദും അല്‍ക്കയും വീട്ടിലേക്ക് മടങ്ങി.

പറഞ്ഞിരുന്നതുപോലെ അടുത്തദിവസം രാവിലെ യേശു ഞങ്ങളെ സന്ദര്‍ശിച്ചു. രണ്ടോ മൂന്നോ ശിഷ്യന്മാര്‍ കൂടെയുണ്ടായിരുന്നെങ്കിലും അവര്‍ പുറത്തേ തളത്തില്‍ ഇരുന്നതേയുള്ളൂ. അദ്ദേഹം നേരെ വീട്ടിനുള്ളിലേക്ക് വന്ന് പ്രധാന മുറിയിലിട്ടിരുന്ന ഒരു കസാലയിലിരുന്നു. അല്‍ക്കയേയും സബദിനേയും അതിഥികള്‍ക്കുവേണ്ട ഭക്ഷണവും മറ്റും തയ്യാറാക്കാന്‍ ഏര്‍പ്പാടു ചെയ്തിട്ട് ഞാന്‍ യേശുവിന്റെ അടുത്തുചെന്ന് നിലത്ത് വിരിച്ചിരുന്ന കമ്പളത്തിലിരുന്നു.

എന്നെ കുറച്ചുകൂടെ അടുത്തിരിക്കാന്‍ ആംഗ്യം കാണിച്ചിട്ട് മുറിയിലെ വലിയ ജനാലയില്‍ക്കൂടി വിദൂരതയിലുള്ള അക്കേഷ്യാമരത്തോപ്പിലേക്ക് ഒട്ടുനേരം നോക്കിയിരുന്നു. നോക്കെത്താത്ത ദൂരത്തില്‍ കടും പച്ച നിറത്തിലുള്ള ഇലകളോടുകൂടിയ അക്കേഷ്യാമരങ്ങള്‍. അതിന്റെ പാര്‍ശ്വഭാഗത്ത് ഒരു മൊട്ടക്കുന്ന്. കുന്നിന്റെ ഉച്ചിയിലൂടെ ഒരു കാട്ടരുവി.

“മേരിയെ ഇവിട വന്നു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.” എന്നു പറഞ്ഞുകൊണ്ടാണ് യേശു സംഭാഷണം ആരംഭിച്ചത്.

“അവിടുന്ന് എന്റെ വീട് സന്ദര്‍ശിച്ചതുകൊണ്ട് ഞാന്‍ ധന്യയായിരിക്കുന്നു:” എന്ന് ഉപചാരമായി ഞാനും പറഞ്ഞു.

“നിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഞാന്‍ ചിലതെല്ലാം അറിഞ്ഞിരിക്കുന്നു. എന്നാല്‍ നീ ഒന്നുകൊണ്ടും അധൈര്യപ്പെടരുത്. ദൈവരാജ്യത്തില്‍ നിനക്കും ഒരു സഥാനമുണ്ടാകും.” സ്‌നേഹവാത്സ്യലത്തോടെയാണ് അദ്ദേഹം പ്രതിവചിച്ചത്.

എനിക്ക് പറയാനുള്ളതെല്ലാം വെളിവായി പറയാന്‍ സങ്കോചമുണ്ടായിരുന്നെങ്കിലും ആത്മഹത്യക്ക് ശ്രമിച്ചതിനുള്ള കാരണങ്ങള്‍ സത്യസന്ധമായി തന്നെ അദ്ദേഹത്തെ അിറയിച്ചു. മാതാപിതാക്കന്മാരുടെ ലാളനയില്ലാതെ വളര്‍ന്ന ബാല്യം, ഇളയമ്മയുടെ മരണശേഷം കിട്ടിയ അമിതമായ സ്വാതന്ത്ര്യം, അതിരുവിട്ടു ചെലവഴിക്കാനുള്ള സമ്പത്ത്, അത് ധൂര്‍ത്തടിച്ച് നടത്തിയ ജീവിതം ഇതെല്ലാം ഞാന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ചുരുളഴിച്ചുകാണിച്ചു. പറഞ്ഞതെല്ലാം ക്ഷമയോടും കരുണയോടുമാണദ്ദേഹം കേട്ടത്.

ഇടയ്ക് ചോദ്യമൊന്നും ചോദിച്ചില്ല. എല്ലാം മനസ്സിലാക്കിയതുപോലെ നിശബ്ദനായിരുന്നു.
ഹൃദയഭാരം മുഴുവന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

യേശു എന്റെ രണ്ടു കൈയ്യിലും പിടിച്ച് എഴുന്നേല്‍പ്പിച്ചു എന്നെ അടുത്തുനിര്‍ത്തി. എന്റെ കണ്ണുകളില്‍ അല്പനേരം നോക്കിയിട്ട്, സ്‌നേഹപൂര്‍വ്വം പറഞ്ഞു.

മേരീ, നീ എന്നേക്കും ദുഃഖിതയായി കഴിയാന്‍ ജനിച്ചവളല്ല, ഓരോരുത്തരുടെയും ജീവിതത്തില്‍ നിശബ്ദമായ പരിവര്‍ത്തനങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നതു പ്രകൃതി നിയമമാണ്. നിന്നെ ബാധിച്ചിരിക്കുന്ന ദുഷ്ഭൂതങ്ങളെ ഞാന്‍ ഒഴിപ്പിച്ചു തരാം.”

യേശുകൈവിരലുകള്‍കൊണ്ട് എന്റെ തല തടവി. പിന്നീട് അധികാരസ്വരത്തിലാണ് പറഞ്ഞത്.
“ദുഷ്ഭൂതമേ നീ പുറത്തുവരൂ!”

എന്റെ ആന്തരാവയവങ്ങള്‍ക്ക് സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നതുപോലെ തോന്നി. ശ്വാസം വിടാന്‍ തടസ്സം. ഒരു നിമിഷം കഴിഞ്ഞെല്ലാം പൂര്‍വ്വസ്ഥിതിയിലായി.

“നിന്റെ പേരെന്ത്?” യേശു ചോദിച്ചു.

“പസൂസ്” അയാളുടെ ശബ്ദം ഇടറിയിരുന്നു.

“അടുത്തത്, വൃത്തിയില്ലാത്ത ഭൂതമേ നീ പരിശുദ്ധനായ ഈ സ്ത്രീയേ വിട്ടുപോ!” യേശു കല്‍പ്പിച്ചു.

എന്തൊക്കെയോ നിരന്തരം പിറുപിറുത്തുകൊണ്ട് രണ്ടാമത്തെ ഭൂതം വെളിയില്‍ ചാടി.

“നീ ഹെക്കട്ട്, പോകൂ പുറത്ത്” ഹെക്കട്ട് യേശുവിന്റെ ആജ്ഞയനുസരിച്ചു.
അങ്ങനെ ഏഴാമത്തേതായിട്ടാണ് മലാര്‍ച്ച് വന്നത്.

“മേരിയെ എപ്പോഴും സ്വപ്നത്തില്‍ അലട്ടിയിരുന്നത് ഞാനാണ്. അവര്‍ കള്ളദൈവമായ യഹോവയെ പ്രാര്‍ത്ഥിക്കുന്നതുകൊണ്ട്, എനിക്കൊരിക്കലും അവളെ സൈ്വരമായി വിടാന്‍ കഴിയുന്നില്ല”

“നീയും പുറത്തുപോ!” യേശു ദൃഢസ്വരത്തില്‍ പറഞ്ഞു. മലാര്‍ച്ചും പുറത്തുചാടി.

“ഏഴു ഭൂതങ്ങളാണെന്നെ സദാ അലട്ടിക്കൊണ്ടിരുന്നത്” ഞാനെന്റെ മനസ്സ് തുറന്നു.

“അതെ, എനിക്കറിയാം, ഏഴെണ്ണവും ഇപ്പോള്‍ നിന്നെ വിട്ടു പോയിരിക്കുന്നു. നീയിപ്പോള്‍ സ്വതന്ത്രയാണ്” ഇത്രയും പറഞ്ഞ് യേശു എന്നെ ആലിംഗനം ചെയ്തനുഗ്രഹിച്ചു.

എനിക്കൊരു പുതിയ ജീവന്‍ കൈവന്നതുപോലുള്ള അനുഭവമാണുണ്ടായത്.

യേശുവും ശിഷ്യരും പിന്നീട് അധികസമയം തങ്ങളുടെ കൂടെ കഴിഞ്ഞില്ല. അല്‍ക്ക കൊണ്ടുവന്ന ഭോജ്യവസ്തക്കള്‍ കഴിച്ച് അവര്‍ യാത്രയായി.

പുറപ്പെടുന്ന സമയം മഗ്ദനലില്‍ അപൂര്‍വ്വമായേ താമസിക്കാറുള്ളൂവെന്നും മിക്കവാറും യാത്രയിലായിരിക്കുമെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു; എന്നാല്‍ ആതുരസേവയില്‍ പങ്കെടുക്കാന്‍ എപ്പോഴെങ്കിലും ആഗ്രഹം തോന്നുന്നുണ്ടെങ്കില്‍ തന്നെ അിറയിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

യേശുവിന്റെ സാരോപദേശങ്ങള്‍ കൂടുതല്‍ പഠിക്കാന് ഞാന്‍ ആഗ്രഹിച്ചു. ഇതേപറ്റി അദ്ദേഹത്തിന്റെ ജ്ഞാനപ്രമാണങ്ങള്‍ കേട്ടിട്ടുള്ളവരുമായി സംഭാഷണം നടത്തി. അവരുടെ അിറവിന്റെ വെളിച്ചത്തില്‍ യേശുവിന്റെ ശാസനങ്ങള്‍ എത്രത്തോളം സാധുവാണെന്നും മനുഷ്യരാശിയുടെ ഉദ്ഗതിക്ക് അവ എത്രമാത്രം ഉപകരിക്കുമെന്നും മനസ്സിലാക്കാനായിരുന്നു എന്റെ പരിശ്രമം.

സാധാരണ ജനങ്ങളുടെ യഥാര്‍ത്ഥ സ്ഥിതി അറിയിക്കാന്‍ കുറച്ചുമാസം അവരുമായി അടുത്തുപെരുമാറാന്‍ തീരുമാനിച്ചു. ഇതിന് സമുദായത്തിലെ എല്ലാ തട്ടിലുള്ളവരുമായി ഞാന്‍ ഇടപഴകി.

ആഴ്ചതോറും മഗ്ദലനിലുള്ള പത്തോ പതിനഞ്ചോ പാവപ്പെട്ടവരെ ഞാന്‍ വീട്ടിലേക്ക് ക്ഷണിക്കും. അവര്‍ കൃഷിക്കാരോ ആട്ടിടയരോ ഒക്കെയായിരിക്കും. കൂട്ടത്തില്‍ സ്ത്രീകളും പുരുഷന്മാരും കാണും. ചിലപ്പോള്‍ കുട്ടികളേയും കൂടെ കൊണ്ടുവന്നിരുന്നു. അവരുമായി കുറേനേരം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും. ഇടയ്ക്ക് അവരുടെ കഷ്ടപ്പാടുകളേക്കുറിച്ച് ഞാനും അന്വേഷിക്കും. രോഗം, ദാരിദ്ര്യം, മതപുരോഹിതന്മാരുടെ അഹന്ത, റോമന്‍ സൈനികരില്‍നിന്നും ചുങ്കം പിരിവുകാരില്‍ നിന്നും നേരിടുന്ന പീഡനം, ഇങ്ങനെ പറയാന്‍ അവര്‍ക്ക് പലതുമുണ്ടായിരുന്നു.

ഞാനെല്ലാം ക്ഷമയോടെ കേട്ടുകൊണ്ടിരിക്കും. ജീവിതം വെറും ശൂന്യതയായിട്ടനുഭവപ്പെട്ടിരുന്ന അവരുടെ കഷ്ടപ്പാടുകള്‍ കേള്‍ക്കാനെങ്കിലും ഒരാളെ കിട്ടിയതില്‍ അവര്‍ക്ക് ആശ്വാസം തോന്നിയിരിക്കണം. ഇങ്ങനെ ആഴ്ചതോറും വീട്ടില്‍ വരുന്ന ഗ്രാമീണരെപറ്റി അല്‍ക്ക മേരി ചേച്ചിയുടെ “കൂട്ടം” എന്നാണ് പറഞ്ഞിരുന്നത്. കൂട്ടം പിരിയുമ്പോള്‍ അവര്‍ക്ക് ആഹാരം കൊടുക്കാനും ഞാന്‍ മറന്നിരുന്നില്ല. അതിന് സബദിനെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്.

കൂട്ടത്തില്‍നിന്നു ലഭിച്ച അറിവുകൂടാതെ പാലസ്തീനില്‍ അന്നു നിലവിലിരുന്ന രാഷ്ട്രീയ-സാമൂഹ്യ കാര്യങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഞാന്‍ ശേഖരിച്ചുപഠിച്ചു. യഹൂദസമുദായത്തില്‍ മതപുരോഹിതന്മാര്‍ക്കുള്ള സ്വാധീനവും, അവരുടെ പ്രവര്‍ത്തനരീതികളും മനസ്സിലാക്കന്‍ ഞാന്‍ പ്രത്യകം ശ്രദ്ധിച്ചിരുന്നു. ജനങ്ങളുടെ സാമ്പത്തികനിലവാരവും, രാഷ്ട്രീയ ഘടകങ്ങള്‍ക്ക് അതിലുള്ള പ്രാധാന്യവും വളരെ നാളത്തെ നിരീക്ഷണം കൊണ്ട് ഒട്ടാക്കെ ഞാന്‍ മനസ്സിലാക്കി.

യേശുവിന്റെ ഗലീലിയിലെ ആതുരസേവയും അതിന്റെ മാഹാത്മ്യവും ഞങ്ങളുടെ സമുദായത്തില്‍ അന്ന് നിലവിലിരുന്ന പ്രത്യേക സാഹചര്യത്തിലെ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അതേപ്പറ്റി ഇവിടെ അല്‍പ്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

അക്കാലത്ത് ഗലീലിയും അതിനോടുചേര്‍ന്ന പെരിയയും ഹാരോഡ് ആന്റിപസ് എന്നൊരു യഹൂദരാജാവാണ് ഭരിച്ചിരുന്നത്. മഹാനായ ഹാരോഡ് രാജാവിന്റെ മകന്‍ ആന്റിപസ് കൗശലബുദ്ധിക്കാരനും, ജനക്ഷേമത്തില്‍ ഒട്ടും താല്‍പ്പര്യമില്ലാത്തയാളുമായിരുന്നു. ജൂഡിയയിലെ ഭരണം നടത്തിയിരുന്നത് അയാളുടെ മൂത്ത ജ്യേഷ്ഠന്‍ ആര്‍ച്ചിലാസും. രണ്ടുപേരും റോമന്‍ ചക്രവര്‍ത്തിയുടെ സാമന്തന്മാരായിട്ടാണ് രാജ്യഭരണം നടത്തിയിരുന്നത്. അവര്‍ ഗ്രീക്ക്- റോമന്‍ മോധാവിത്വത്തോട് അതിയയി കൂറുപുലര്‍ത്തിയിരുന്നു.

അഹങ്കാരിയും, സ്വാര്‍ത്ഥ മൂര്‍ത്തിയുമായിരുന്ന ആര്‍ച്ചിലാസിന്റെ ദുര്‍ഭരണം ജനങ്ങള്‍ വെറുത്തു. അവരുടെ വളരെക്കാലത്തെ പ്രതിഷേധത്തിന്റെ ഫലമായി ചക്രവര്‍ത്തി അയാളെ അധികാരസ്ഥാനത്തുനിന്ന് നീക്കി ജൂഡിയ അവരുടെ നേരിട്ടുള്ള ഭരണത്തിലാക്കി.

പോണ്‍ടിയസ് പിലേട്ട് എന്ന ഒരധികാരപ്രമത്തനാണ് അക്കാലത്ത് റോമിന്റെ പ്രതിനിധിയായി ജൂഡിയായില്‍ താമസിച്ചിരുന്നത്. ജനങ്ങള്‍ അയാളെ മജിസ്‌ട്രേട്ട് എന്നാണ് വിളിച്ചിരുന്നത്. നീതിപാലകനായി ചക്രവര്‍ത്തി നിയമിച്ചിരുന്ന പലേട്ട് ക്രൂരനും, രാഷ്ട്രീയലാഭത്തിനുവേണ്ടി എന്തുചെയ്യാനും മടിക്കാത്ത ഒരധാര്‍മ്മികനുമായിരുന്നു.

പാലസ്തീനില്‍ റോമാക്കാര്‍ കരം പിരിച്ചിരുന്നത് യഹൂദര്‍ മുഖേനയാണ്. ഇതിനുവേണ്ടി രാജ്യത്തെ ചെറിയ ചെറിയ ഭരണകേന്ദ്രങ്ങളായി വിഭജിച്ചിരുന്നു. ഓരോ കേന്ദ്രത്തിലും പ്രമാണിയായി ഒരു യഹൂദനെ നിയമിക്കും. അയാള്‍ ഒരു നിശ്ചിത തുക കരമായി പിരിച്ച് റോമന്‍ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കണം. അതില്‍ കൂടുതല്‍ പിരിഞ്ഞുകിട്ടുന്നത് യഹൂദപ്രമാണിക്കാണ്. അയാള്‍ക്ക് എത്ര പണം വേണമെങ്കിലും പിരിച്ചെടുക്കാം. അതില്‍ റോമന്‍ മജിസ്‌ട്രേട്ട് ഇടപെടില്ല. സാധാരണക്കാരെ ഞെക്കിപ്പിഴിഞ്ഞുള്ള ഇത്തരം കരംപിരിവുകൊണ്ട് അവര്‍ക്കുണ്ടായിരുന്ന കഷ്ടപ്പാടുകള്‍ക്കതിരില്ലായിരുന്നു എന്നുതന്നെ പറയാം.

യഹൂദരായ ഞങ്ങളുടെ സമുദായത്തില്‍ മൂന്നു ശ്രേണികളില്‍പ്പെട്ട ആളുകളാണുണ്ടായിരന്നത്. ഏറ്റവം ഉയര്‍ന്ന ശ്രേണിയില്‍ കഴിഞ്ഞിരുന്നവരാണ് പരീശര്‍. മോശയുടെ കല്‍പ്പനകളും, ന്യാനപ്രമാണങ്ങളും അക്ഷരം പ്രതി അനുസരിച്ചിരുന്നതുകൂടാതെ മറ്റുള്ളവരെ അവ പഠിപ്പിക്കുന്നതിലും അവര്‍ അതീവ തല്‍പ്പരരായിരുന്നു. ഇവരെയാണ് 'വെള്ളതേച്ച ശവക്കല്ലറ' എന്ന് യേശു ഒരിക്കല്‍ പരിഹസിച്ചത്.

ന്യായശാസ്ത്രികള്‍ എന്ന പേരിലറിയപ്പെട്ടിരുന്നവരെ രണ്ടാം ശ്രേണിയില്‍ പെടുത്താം. സമുദായത്തിലെ മേലേക്കിടയില്‍ തന്നെ വര്‍ത്തിച്ചിരുന്ന ഇക്കൂട്ടര്‍ ഔന്നത്യമുള്ള പുരോഹിത കുടുംബത്തില്‍പ്പെട്ടവരായിരുന്നു. റോമന്‍ അധികൃതരുമായി യോജിപ്പില്‍ കഴിയണമെന്നും അവരുടെ രാഷ്ട്രീയാധിപത്യം നിലനിര്‍ത്തണമെന്നുമായിരുന്നു ന്യായശാസ്ത്രികളുടെ അഭിപ്രായം.

മണ്ണിന്റെ മക്കള്‍ എന്നറിയപ്പെട്ടിരുന്ന മൂന്നാമത്തെ വിഭാഗം ഏറ്റവും താഴ്ന്ന നിലയില്‍ കഴിഞ്ഞിരുന്നു. നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ഇക്കൂട്ടത്തില്‍ പെട്ടവരായിരുന്നു. രാഷ്ട്രീയമായി മണ്ണിന്റെ മക്കള്‍ പരീശരോട് ചേര്‍ന്നാണ് നിന്നിരുന്നത്. മതകാര്യങ്ങളില്‍ അത്യാസ്‌ക്തരായ മണ്ണിന്റെ മക്കള്‍ പരീശരെ അവരുടെ പാണ്ഡിത്യം കൊണ്ട് ബഹുമാനിച്ചിരുന്നെങ്കിലും പരീശരില്‍ തെന്നെയുണ്ടായിരുന്ന ചുങ്കം പിരിവുകാരെ കഠിനമായി വെറുത്തു.

പൊതുവെ എല്ലാ വിഭാഗക്കാരുമായും ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും നിശബ്ദരായി മോക്ഷം ആശിച്ചുകഴിഞ്ഞിരുന്ന മണ്ണിന്റെ മക്കളോടായിരുന്നു യേശുവിന്റെ അനുകമ്പ. കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതും അവരോടായിരുന്നു. ദൈവരാജ്യത്തെപ്പറ്റി അദ്ദേഹം അവരുടെ ഇടയില്‍ നടത്തിയ ഓജസ്സും പുതുമയുമുള്ള പ്രഭാഷണങ്ങള്‍ ജനങ്ങളില്‍ പ്രതീക്ഷയുടെ ദീപനാളം കൊളുത്തി.

Novel link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-11
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക