Image

ജാക്‌സന്റെ ഡോക്ടറെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും(അങ്കിള്‍സാം വിശേഷങ്ങള്‍)

Published on 28 November, 2011
ജാക്‌സന്റെ ഡോക്ടറെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും(അങ്കിള്‍സാം വിശേഷങ്ങള്‍)


ലോസ് ഏയ്ഞ്ചല്‍സ് : പോപ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ പങ്കുണ്‌ടെന്ന് തെളിഞ്ഞ ഡോക്ടര്‍ കോണ്‍റാഡ് മുറെയുടെ ശിക്ഷ ഇന്നു പ്രഖ്യാപിക്കും. മുറെയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനു പുറമെ ജാക്‌സന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും മുറെയോട് നിര്‍ദേശിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ഏഴിനാണ് കേസില്‍ മുറെ കുറ്റക്കാരനെന്ന് ലോസ് ആഞ്ചലസിലെ സുപ്പീരിയര്‍ കോടതി കണ്‌ടെത്തിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് കോണ്‍റാഡിനെതിരെ ചുമത്തിയിട്ടുള്ളത്.

ആറാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവിലായിരുന്നു ഡോ. കോണ്‍റാഡ് കുറ്റക്കാരനാണെന്ന് കോടതി കണ്‌ടെത്തിയത്. ജാക്‌സണ്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രോപോഫോള്‍ എന്ന മയക്കുമരുന്ന് നല്‍കിയതായി ജോക്ടര്‍ സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജാക്‌സന്റെ മരണത്തില്‍ മുറെയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നും കുറ്റം മറ്റുള്ളവരുടെ മേല്‍ കെട്ടിവക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും പ്രോസിക്യൂട്ടര്‍മാരായ ഡേവിഡ് വാല്‍ഗ്രെനും ഡെബോറ ബ്രസീലും ചൂണ്ടിക്കാട്ടി.

ജാക്‌സണ്‍ തന്നെയാണ് അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദിയെന്നു പോലും മുറെ പറഞ്ഞിരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. വിചാരണ ആരംഭിച്ച ശേഷവും മുറെ മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖങ്ങളില്‍ ഈ നിലപാടായിരുന്നു സ്വീകരിച്ചതെന്നും ഇത് വ്യക്തമാക്കുന്നതിനായി അഭിമുഖങ്ങളുടെ ഡിവിഡി സുപ്പീരിയര്‍ കോടതി ജഡ്ജി മൈക്കല്‍ പാസ്റ്റര്‍ക്ക് കൈമാറുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. 2009 ജൂണ്‍ 25 നാണ് ജാക്‌സണ്‍ മരിച്ചത്.

അംഗങ്ങളുടെ വിവരം ചോര്‍ന്നു, ഫെയ്‌സ്ബുക്കിനെതിരെ യൂറോപ്പ് നടപടിക്ക്

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിനെതിരെ യൂറോപ്പില്‍ നടപടി വന്നേക്കും. അംഗങ്ങളുടെ രഹസ്യവിവരങ്ങള്‍ പരസ്യക്കാര്‍ക്കു കൈമാറുന്ന നടപടിയാണ് യൂറോപ്യന്‍ കമ്മിഷന്റെ പരിഗണനയില്‍ വന്നിട്ടുള്ളത്. അംഗങ്ങളുടെ അനുമതി വാങ്ങാതെ അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ഫെയ്‌സ്ബുക്ക് പരസ്യക്കാര്‍ക്കു നല്‍കുകയും അതനുസരിച്ച് ഓരോ അംഗത്തിനും താല്‍പര്യമുള്ള പരസ്യങ്ങള്‍ അവര്‍ ഫെയ്‌സ്ബുക്കിനു നല്‍കുകയുമാണ് ചെയ്യുന്നത്.

ഓരോ അംഗത്തിന്റെയും വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്ക് ശേഖരിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരോപണം ഫെയ്‌സ്ബുക്ക് നിഷേധിച്ചു.

ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും വീണ്ടും കുട്ടിയെ ദത്തെടുക്കുന്നു

ന്യൂയോര്‍ക്ക്: ഹോളിവുഡ് താരദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും വീണ്ടുമൊരു കുട്ടിയെകൂടി ദത്തെടുക്കാന്‍ ഒരുങ്ങു
ന്നതായി റിപ്പോര്‍ട്ട്. എത്യോപ്യയില്‍ നിന്നാണ് ഇത്തവണ താരദമ്പതികള്‍ കുട്ടിയെ ദത്തെടുക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ഇവര്‍ മൂന്ന് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. പത്തു വയസുകാരന്‍ മാഡോക്‌സ്, എഴുവയസുള്ള പാക്‌സ്, ആറു വയസുകാരി സഹാറ എന്നിവരെയാണ് താരദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തുന്നത്. ഇവരില്‍ സഹാറയെ എത്യോപ്യയില്‍ നിന്നാണ് ദത്തെടുത്തത്. അന്ന് സഹാറയ്ക്ക് നല്‍കിയാ വാക്കാണ് ഇവിടെനിന്ന് ഒരാളെ കൂടി ദത്തെടുക്കുമെന്ന്. ആ വാക്കു പാലിക്കാനാണ് താര ദമ്പതികള്‍ വീണ്ടും ദത്തെടുക്കലിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

സ്റ്റ്ണ്ടിന് ഡ്യൂപ്പ് വേണ്‌ടെന്ന് ഷ്വാസ്‌നെഗര്‍
ന്യൂയോര്‍ക്ക് : വയസ് 64 ആയെങ്കിലും തനിക്ക് സ്റ്റ്ണ്ടു നടത്താന്‍ ഡ്യൂപ്പിന്റെ ആവശ്യമില്ലെന്ന് ഹോളിവുഡ് താരവും കാലിഫോര്‍ണിയ മുന്‍ ഗവര്‍ണറുമായ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍. 'ലാസ്റ്റ് സ്റ്റാന്‍ഡ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രണ്ടു മാസമായി മെക്‌സിക്കോയിലാണ് ഷ്വാസ്‌നെഗര്‍ ഇപ്പോള്‍ . സ്റ്റണ്ടു രംഗങ്ങളില്‍ നിര്‍മാതാക്കള്‍ ഡ്യൂപ്പിന്റെ സേവനം വാഗ്ദാനം ചെയ്‌തെങ്കിലും താന്‍ തന്നെ ചെയ്താലെ കൂടുതല്‍ വിശ്വാസ്യതയുണ്ടാവൂ എന്നു പറഞ്ഞ് വാഗ്ദാനം സ്‌നേഹപൂര്‍വം ഷ്വാസ്‌നെഗര്‍ നിരസിച്ചു. കാര്‍ ചേസ് അടക്കം ഒട്ടേറെ അപകടകരമായ രംഗങ്ങളുള്ള ചിത്രമാണ് ലാസ്റ്റ് സ്റ്റാന്‍ഡ് എന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിലിരുന്ന് അശ്ലീലചിത്രം കണ്ടയാളെ പോലീസ് അറസ്റ്റു ചെയ്തു

ബോസ്റ്റണ്‍: വിമാനത്തിലിരുന്ന് അശ്ലീലചിത്രം കണ്ടയാളെ പോലീസ് അറസ്റ്റു ചെയ്തു. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള ആഭ്യന്തര വിമാന സര്‍വീസിലാണ് സംഭവം. 47കാരനായ മാസാചുസെറ്റ്‌സ് സ്വദേശി ഗ്രാന്റ് സ്മിത്ത് ആണ് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. വിമാനത്തില്‍ ഫസ്റ്റ്ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഗ്രാന്റ് സ്മിത്തിന്റെ ലാപ്‌ടോപ്പില്‍ ബാല ലൈംഗികതയുടെ ദൃശ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സഹയാത്രികരാണ് ഫ്‌ളൈറ്റ് ക്രൂവിനെ വിവരമറിയിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബ്ലാക് ഫ്രൈഡേ ദിനത്തില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച യുവതി കീഴടങ്ങി

ലോസ്ഏയ്ഞ്ചല്‍സ്: ബ്ലാക് ഫ്രൈഡേ ദിനത്തില്‍ വാള്‍മാര്‍ട്ടിന്റെ വീഡിയോ ഗെയിം സ്റ്റോറില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ച യുവതി കീഴടങ്ങി. ലോസ്ഏയ്ഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഡെവോണ്‍ഷെയര്‍ സ്റ്റേഷനിലാണ് യുവതി കീഴടങ്ങിയത്. സംഭവത്തെക്കുറിച്ച് ഡിറ്റക്റ്റീവ് അന്വേഷണം നടക്കുന്നതിനാല്‍ യുവതിക്കെതിരെ നിലവില്‍ കുറ്റമൊന്നും ചുമത്തിയിട്ടില്ല. യുവതിയുടെ പേരും പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ സാക്ഷികളായ ആളുകളുടെ മൊഴി കൂടി രേഖപ്പെടുത്തിയശേഷമെ യുവതിക്കെതിരെ കുറ്റം ചുമുത്തുകയുള്ളൂവെന്ന് പോലീസ് വക്താവ് പറഞ്ഞു. ലോസ്ഏയ്ഞ്ചല്‍സിന് സമീപമുള്ള പോര്‍ട്ടര്‍ റാഞ്ചിലെ വാള്‍മാര്‍ട്ട് സ്റ്റോറിലാണ് വെള്ളിയാഴ്ച യുവതി പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. എക്‌സ്‌ബോക്‌സ് വീഡിയോ ഗെയിം സ്വന്തമാക്കാനുള്ള തിക്കിനും തിരക്കിനുമിടെയായിരുന്നു യുവതിയുടെ പെപ്പര്‍ സ്‌പ്രേ പ്രയോഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക