Image

ഡാം നിര്‍മ്മാണം: നിയമനിര്‍മ്മാണത്തിന്‌ നിയമസഭാ സമ്മേളനം വിളിക്കും

Published on 29 November, 2011
ഡാം നിര്‍മ്മാണം: നിയമനിര്‍മ്മാണത്തിന്‌ നിയമസഭാ സമ്മേളനം വിളിക്കും
ന്യൂഡല്‍ഹി: കേരളത്തില്‍ മുല്ലപ്പെരിയാറിന്‌ പകരം പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുന്നതിന്‌ നിയമ നിര്‍മ്മാണം നടത്തുന്നതിന്‌ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ തീരുമാനമായി. ഇന്നലെ ന്യൂഡല്‍ഹിയില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പി.ജെ. ജോസഫും അറിയിച്ചതാണിത്‌. ഇവര്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമാണ്‌ പ്രത്യേക സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്‌.

ഇന്ന്‌ മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്‌ച നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തെയും ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെയും കണ്ട ശേഷം സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ഹരീഷ്‌ സാല്‍വെയുമായി വിഷയം ചര്‍ച്ച ചെയ്‌തു.

അണക്കെട്ടിന്‍െറ നിയന്ത്രണം തമിഴ്‌നാടില്‍നിന്ന്‌ കേരളം ഏറ്റെടുക്കണമെന്നാണ്‌ ഹരീഷ്‌ സാല്‍വെ നല്‍കിയ പ്രധാന നിയമോപദേശം. ജലം സംസ്ഥാന വിഷയമായതിനാല്‍ പുതിയ അണക്കെട്ടിന്‍െറ കാര്യത്തില്‍ നടപടി എടുക്കേണ്ടത്‌ പ്രാഥമികമായി കേരളമാണ്‌. ഇതിന്‌ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച്‌ ഏകകണ്‌ഠമായി പ്രമേയം പാസാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചതായാണ്‌ സൂചന.
പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്നും നിലവിലുള്ള അണക്കെട്ടിലെ ജല നിരപ്പ്‌ 120 അടിയായി കുറയ്‌ക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരത്തിനും ജല വിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനും നിവേദനം നല്‍കിയെന്നും ഇരുവരും പറഞ്ഞു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അംഗീകരിച്ചിട്ടുണ്ട്‌.

ഇതിനിടെ എന്ത്‌ വില കൊടുത്തും മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കുമെന്ന്‌ ധനമന്ത്രി കെ.എം. മാണി. കേരളത്തിലെ 40 ലക്ഷം പേരുടെ ജീവനും അഞ്ച്‌ ജില്ലകളുടെ നിലനില്‍പ്പും രക്ഷിക്കാനായി ഈ സര്‍ക്കാര്‍ ഏതറ്റം വരെയും പോകും. ഡാമില്‍ നിലവിലുള്ള വെള്ളത്തിന്‍െറ അളവ്‌ 136ല്‍ നിന്ന്‌ 120 ഘന അടിയായി കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. ആര്‌ വേണമെങ്കിലും എതിര്‍ത്തോട്ടെ, സര്‍ക്കാര്‍ മുന്നോട്ടുപോകും കോഴിക്കോട്ട്‌ പാര്‍ട്ടി പരിപാടിക്കെത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക