Image

ചെങ്ങന്നൂരില്‍ റെയില്‍വേ മെഡിക്കല്‍ കോളജ്‌ സ്ഥാപിക്കണം

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
ചെങ്ങന്നൂരില്‍ റെയില്‍വേ മെഡിക്കല്‍ കോളജ്‌ സ്ഥാപിക്കണം
ന്യൂയോര്‍ക്ക്‌: സതേണ്‍ റെയില്‍വേ കേരളത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റെയില്‍വേ മെഡിക്കല്‍ കോളജ്‌ ചെങ്ങന്നൂരിനടുത്ത സ്ഥലമായ ചെറിയനാട്‌ സ്ഥാപിക്കണമെന്ന്‌ ചെങ്ങന്നൂര്‍ അസോസിയേഷന്‍ യു.എസ്‌.എയുടെ പ്രസിഡന്റ്‌ അഡ്വ. ചെറിയാന്‍ സാമുവേല്‍ സതേണ്‍ റെയില്‍വേയോട്‌ അഭ്യര്‍ത്ഥിച്ചു. മെഡിക്കല്‍ കോളജിനുവേണ്ടി ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ തിരുവനന്തപുരവും ചെങ്ങന്നൂരുമാണ്‌.

ചെറിയനാട്‌ തെരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണം ഈ സ്ഥലത്ത്‌ സതേണ്‍ റെയില്‍വേയുടെ വക 36 ഏക്കര്‍ സ്ഥലം കിടപ്പുണ്ടെന്നുള്ളതാണ്‌. യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമില്ലാതെ കാടുപിടിച്ച്‌ കിടക്കുകയാണ്‌ ഈ സ്ഥലം. ഈ സാഹചര്യത്തില്‍ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളജ്‌ മദ്ധ്യ തിരുവിതാംകൂറില്‍ തന്നെ സ്ഥാപിക്കുവാന്‍ സതേണ്‍ റെയില്‍വേ തയാറാകണം.

ഒരു മെഡിക്കല്‍ കോളജിന്‌ ആവശ്യമായ 25 ഏക്കര്‍ സ്ഥലം ഇവിടെ ലഭ്യമായപ്പോള്‍ കോടികളുടെ അധിക ചെലവ്‌ റെയില്‍വേയ്‌ക്ക്‌ ലാഭിക്കുവാന്‍ കഴിയും. കൂടാതെ ബാക്കിയുള്ള 11 ഏക്കര്‍ മറ്റ്‌ അനുബന്ധ സ്ഥാപനങ്ങള്‍ക്ക്‌ ഉപയോഗിക്കുവാനും സാധിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ ചെങ്ങന്നൂര്‍ എന്നും മുമ്പന്തിയിലാണ്‌. കഴിഞ്ഞ തവണ മണ്‌ഡല കാലത്ത്‌ ചെങ്ങന്നൂരില്‍ നിന്നും അഞ്ചര കോടിയുടെ അധിക വരുമാനം സതേണ്‍ റെയില്‍വേയ്‌ക്ക്‌ ലഭിച്ചു.

എന്തുകൊണ്ടും ലാഭകരമായും പൊതുജനങ്ങള്‍ക്ക്‌ പ്രയോജനകരമായും തീരാവുന്ന മെഡിക്കല്‍ കോളജ്‌ ചെങ്ങന്നൂരില്‍ ആരംഭിക്കുവാന്‍ കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ സഹകരണങ്ങള്‍ ലഭിക്കുവാന്‍ സ്ഥലം എം.പി കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എ പി.സി. വിഷ്‌ണുനാഥ്‌ എന്നിവരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാവണമെന്ന്‌ അഡ്വ. ചെറിയാന്‍ സാമുവേല്‍ അഭ്യര്‍ത്ഥിച്ചു.
ചെങ്ങന്നൂരില്‍ റെയില്‍വേ മെഡിക്കല്‍ കോളജ്‌ സ്ഥാപിക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക