Image

മുല്ലപ്പെരിയാര്‍: കേന്ദ്ര ഗവണ്‍മെന്റ്‌ അടിയന്തിര നടപടി സ്വീകരിക്കണം- പ്രവാസി കേരളാ കോണ്‍ഗ്രസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
മുല്ലപ്പെരിയാര്‍: കേന്ദ്ര ഗവണ്‍മെന്റ്‌ അടിയന്തിര നടപടി സ്വീകരിക്കണം- പ്രവാസി കേരളാ കോണ്‍ഗ്രസ്‌
ഡാളസ്‌: മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച്‌ ജനങ്ങളുടെ ഇടയില്‍ ഉണ്ടായിട്ടുള്ള അഭ്യൂഹങ്ങള്‍ക്കും, ഭീതിക്കും അറുതി വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ്‌ അടിയന്തര നടപടി കൈക്കൊള്ളണമെന്ന്‌ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നേതാക്കള്‍ ഒരു അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജലവിഭവ വകുപ്പ്‌ മന്ത്രി പി.ജെ. ജോസഫ്‌ ഡല്‍ഹിയിലെത്തി കേന്ദ്ര വകുപ്പ്‌ മന്ത്രിയുമായി ചര്‍ച്ച നടത്താനിരിക്കെ, മന്ത്രിയുമായും, മന്ത്രിയുടെ സെക്രട്ടറിയുമായും പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി.സി. മാത്യു ചര്‍ച്ചകള്‍ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രവാസികളുടെ മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും ജീവന്‍ അപകടത്തിലായേക്കാമെന്ന ആശങ്ക പി.സി. മാത്യു മന്ത്രിയെ നേരിട്ട്‌ അറിയിച്ചു.

മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്റെ നില 120 അടിയായി താഴ്‌ത്തുന്നതിനുള്ള അനുമതി കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചാല്‍ പ്രശ്‌നത്തിന്‌ താത്‌കാലികമായ പരിഹാരമാകുമെന്നും, ഭൂചലനങ്ങളെ അതിജീവിക്കത്തക്ക രീതിയില്‍ ഏറ്റവും പുതിയ ഡാം പണിയുകയാണ്‌ ശാശ്വതമായ പരിഹാരമെന്നും മന്ത്രി പി.ജെ. ജോസഫ്‌ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായും മന്ത്രി ചര്‍ച്ച നടത്തും.

പ്രവാസി കേരളാ കോണ്‍ഗ്രസ്‌ നാഷണല്‍ സെക്രട്ടറി തോമസ്‌ ഏബ്രഹാം അടിയന്തര പ്രമേയം അവതരിപ്പിച്ചു. അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ സഖറിയാ കരുവേലി, നാഷണല്‍ കോര്‍ഡിനേറ്റര്‍ മാത്തുക്കുട്ടി ആലുംപറമ്പില്‍, ജനറല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി, വൈസ്‌ പ്രസിഡന്റുമാരായ സോനിത്ത്‌ ഇള്ളങ്കില്‍, ജോസ്‌ ചാഴികാടന്‍, നാഷണല്‍ സെക്രട്ടറിമാരായ സണ്ണി കരീക്കല്‍, ഫിലിപ്പ്‌ മഠത്തില്‍, ആന്റോ രാമപുരം എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.

നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ 27-ന്‌ കൂടിയ ടെലി കോണ്‍ഫറന്‍സില്‍ കേരളാ കോണ്‍ഗ്രസ്‌ നേതാക്കളായ ജോസ്‌ കെ. മാണി എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ മുതലായ നേതാക്കള്‍ നടത്തുന്ന സമരത്തിന്‌ യോഗം സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ സി. വര്‍ഗീസ്‌, ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഫ്രാന്‍സീസ്‌ ചെറുകര, ബാബു പടവത്തില്‍, ബേബിച്ചന്‍ ചാമക്കാല, വര്‍ഗീസ്‌ കോയിപ്പുറം, ഷിക്കാഗോ യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ജോണ്‍സണ്‍ മൂഴയില്‍ (ന്യൂയോര്‍ക്ക്‌) എന്നിവര്‍ പ്രശ്‌നത്തെ വിലയിരുത്തി സംസാരിച്ചു.

നാഷണല്‍ പ്രസിഡന്റ്‌ ജെയ്‌ബു കുളങ്ങര കേരളത്തിലെത്തി നേതാക്കന്മാരെ സന്ദര്‍ശിച്ച്‌ കൂടുതലായി ഈ പ്രശ്‌നത്തെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ കേരളത്തിലേക്ക്‌ യാത്രതിരിച്ചു. ഒപ്പം ഡാമും പരിസര പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിക്കും.
മുല്ലപ്പെരിയാര്‍: കേന്ദ്ര ഗവണ്‍മെന്റ്‌ അടിയന്തിര നടപടി സ്വീകരിക്കണം- പ്രവാസി കേരളാ കോണ്‍ഗ്രസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക