Image

അസൂയ (2: കൊല്ലം തെല്‍മ ടെക്‌സസ്)

കൊല്ലം തെല്‍മ ടെക്‌സസ് Published on 02 August, 2014
 അസൂയ (2: കൊല്ലം തെല്‍മ ടെക്‌സസ്)
ക്രിസ്ത്യാനികളുടെ പേരു കേട്ടാല്‍ തിരിച്ചറിയാം. കാരണം മിക്കവര്‍ക്കും വിശുദ്ധരുടെ പേരാകും കാണുക. അതുപോലെ തന്നെ ഹിന്ദുക്കള്‍ക്കും. ദേവന്മാരുടെയോ ദേവികളുടെയോ പേരാകും  സാധാരണയായി കേള്‍ക്കുക. പറഞ്ഞു വരുന്നതെന്തെന്നാല്‍, കൗസല്യ എന്നും സുമിത്ര എന്നും പേരുകള്‍ നമുക്കിടയില്‍  കേട്ടിട്ടുണ്ട്. പക്ഷെ കൈകേയി എന്ന പേര് ആര്‍ക്കെങ്കിലും ഉള്ളതായി കേട്ടിട്ടുണ്ടോ? ഇല്ല തെന്നെ. അതിന്റെ കാരണം. ഇനി വളച്ചു കെട്ടില്ലാതെ കഥ പറയാം.
ദശരഥ മഹാരാജാവിന്റെ മൂന്നു ഭാര്യന്മാരുടെ പേരുകളാണ് കൗസല്യ, കൈകേയി, സുമിത്ര. ഒന്നാം ഭാര്യ ആയിരിക്കെ റാണിപദം അലങ്കരിച്ചത് കൗസല്യ ആയിരുന്നു. കൈകേയിക്ക് എപ്പോഴും രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ റാണിപദം അലങ്കരിക്കുന്ന കൗസല്യയോടു അസൂയ ഉണ്ടായതില്‍ അത്ഭുതത്തിനെന്തവകാശം? കൗസല്യയുടെ പുത്രന്‍ ശ്രീരാമന്‍ രാജ്യഭാരം ഏറ്റെടുക്കേണ്ട അവസരം വന്നപ്പോള്‍ കൈകേയി അവസരോചിതമായി കരുക്കള്‍ നീക്കി. തന്റെ പുത്രന്‍ ഭരതനെ രാജ കിരീടം അണിയിക്കാന്‍ ദശരഥ മഹാരാജാവിനെ നിര്‍ബന്ധിതനാക്കിയ കഥ നാടാകെ പാട്ടായ സ്ഥിതിക്ക് ഇവിടെ പറഞ്ഞു സമയം വെറുതേ നഷ്ടപ്പെടുത്തേണ്ടതില്ലല്ലോ. അവസരോചിതമായിട്ടാണെങ്കിലും അതിന്റെ പിന്നിലെ വികാരം അസൂയ തന്നെയായിരുന്നു എന്നുള്ളതിന് തെളിവാണ് ഭരതനെ രാജാവായി വാഴിച്ചാലും പോര, നീണ്ട പതിനാലു വര്‍ഷങ്ങള്‍ വനവാസം അനുഷ്ഠിച്ചേ മതിയാവൂ….അതാണ് അസൂയയുടെ മൂര്‍ത്തീമത്ഭാവം. അസൂയയുടെ കൊടും വിഷമാണ് കൈകേകിയെക്കൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്നു സംശയം വിനാ നമുക്കു പറയുവാന്‍ കഴിയും.

ദ്രവ്യമോഹവും പദവി മോഹവും മാത്രമല്ല നാമവിടെ കാണുന്നത്, ശ്രീ രാമനോടും കൗസല്യയോടുമുള്ള ഒടുങ്ങാത്ത അസൂയ… നശീകരണത്തില്‍…. എല്ലാം അവസാനിച്ചു കാണാനുള്ള പൈശാചികത…

അതുകൊണ്ടാണ് നേരത്തെ സൂചിപ്പിച്ചത്, കൗസല്യ എന്നും സുമിത്ര എന്നും പേരുകളുണ്ട്. പക്ഷേ കൈകേയി എന്ന പേര് ഏതെങ്കിലും സ്ത്രീകള്‍ക്കുണ്ടെന്നു തോന്നുന്നില്ല.
ദ്രോണാചാര്യരുടെ ശിഷ്യനായിരുന്നല്ലോ ഏകലവ്യന്‍. എന്നാല്‍ ഒരു യുദ്ധം ജയിക്കാനുള്ള എല്ല തന്ത്രങ്ങളും അടവുകളും ഏകലവ്യന്‍ അനായാസേന വശമാക്കിയെന്നറിഞ്ഞപ്പോള്‍, ഗുരുവാണെങ്കില്‍പ്പോലും, അദ്ദേഹത്തിന്റെയുള്ളിലും അസൂയയുടെ പൂമൊട്ടുകള്‍ കിളിര്‍ത്തു തുടങ്ങി… ഏകലവ്യന്‍ പാണ്ഡവരുടെ ഭാഗത്തായതിനാലും, ദ്രോണാചാര്യന്‍ കൗരവരുടെ (എതിര്‍ഭാഗത്ത്) ഭാഗത്തായതിനാലും ഇനി അസൂയയുടെ പൂമൊട്ടുകള്‍ക്ക് വിരിയാതെ തരമില്ലെന്നായി. ഉടന്‍ തന്നെ ഏകലവ്യനോട് ഗുരു ദക്ഷിണ ചോദിച്ചൂ. ഗുരു ദക്ഷിണ മറ്റൊന്നുമല്ല, വെറും നിസ്സാരം, “നിന്റെ തള്ള വിരല്‍ ഒന്നു മുറിച്ചു തരൂ.” ദ്രോണര്‍ക്കു ചെറുവിരല്‍ വേണ്ട, പെരു വിരലും വേണ്ട. തള്ള വിരല്‍ മാത്രം മതിയെന്ന്. അമ്പും വില്ലും കൊണ്ടു പൊരുതണമെങ്കില്‍ തള്ളവിരല്‍ ഇല്ലെങ്കില്‍ പറ്റില്ലല്ലോ. ഏകലവ്യന്‍ വീരാളിയായി യുദ്ധത്തില്‍ പങ്കെടുക്കരുത്, അതാണ് ലക്ഷ്യം. ഏകലവ്യന്‍ വിശ്വസ്തനായതുകൊണ്ട് തള്ളവിരല്‍ മുറിച്ചു കൊടുക്കുകയും ചെയ്തു. അസൂയ തലയ്ക്കു പിടിച്ചാല്‍ കണ്ണും മൂക്കും കാണില്ല എന്നു പറയുന്നത് എത്ര വാസ്തവം….
വിശ്വാമിത്ര മഹര്‍ഷി കൊടു തപസ്സില്‍ മുഴുകിയിപ്പോള്‍ ദേവഗണങ്ങള്‍ക്കു അസൂയയായി. തപസ്സു മുടക്കാതെ ഇനി തരമില്ല അങ്ങു സ്വര്‍ഗ്ഗ ലോകത്തിലിരിക്കുന്നവര്‍ക്ക്….  മേനക എന്ന മദാലസ നര്‍ത്തകിയെ ഉടന്‍ ഏര്‍പ്പാടാക്കി…. കാര്യങ്ങളൊക്കെ വളരെ ഭംഗിയായി. വിശ്വാമിത്രന്റെ തപസ്സും മുണ്ടെങ്കില്‍ അസൂയ മൂര്‍ദ്ധന്യാവസ്ഥയില്‍ ആ ആളുടെ നാശം കണ്ടേ അടങ്ങൂ… ആ ആള്‍ കുറ്റമൊന്നും ചെയ്യണമെന്നില്ല…

പക്ഷേ അസൂയപ്പെടുന്നവര്‍ക്ക് പിന്നീട് അതിന്റെ ശാപ ഫലം ലഭിക്കും എന്ന നഗ്ന സത്യം അറിയില്ല… ബൈബിളിലെ പഴയ നിയമത്തില്‍ മോശ ഈജിപ്റ്റില്‍ നിന്നും ഇസ്രേല്‍ ജനത്തെ മോചിപ്പിച്ച്, തന്റെ നേതൃത്വത്തില്‍ മരുഭൂമി വഴിപോകുന്ന ഒരു രംഗമുണ്ട്. എല്ലാവര്‍ക്കും മോശയോട് ആദരവും സ്‌നേഹവും വര്‍ദ്ധിക്കുന്നത് കണ്ടിട്ട് രണ്ടുപേര്‍ക്ക് പെട്ടെന്ന് അസൂയ തോന്നി. അതുവരെ മോശയോടൊപ്പം തപ്പു കൊട്ടി, പാട്ടും പാടി നടന്നിരുന്ന സഹോദരി മേരിയംമിനും,  ഒപ്പം ദൈവ ശുശ്രൂഷ ചെയ്തു കൂടെ നിന്നിരുന്ന ദാഥാന്‍… ഇവര്‍ക്ക് മോശയോട് അസൂയ…. ഉടനെ അവരുടെ നിറം മാറി. മോശയെ ചോദ്യം ചെയ്യുവാനും അധിഷേപിക്കുവാനും തുടങ്ങി…

അതിന്റെ ഫലം ഉടനേ അവര്‍ക്കു കിട്ടുകയും ചെയ്തൂ. ദൈവ കോപത്തിനിരയായി…. മേരിയം കുഷ്ടരോഗത്തിനടിമയായി. ദാഥാനെ ഭൂമി പിളര്‍ന്ന് വിഴുങ്ങുകയും ചെയ്തൂ. അസൂയപ്പെടുന്നവര്‍ക്ക് പിന്നീട് അതിന്റെ ഫലം കിട്ടുമെന്നുള്ളതിനു ഇതില്‍ കൂടുതല്‍ തെളിവ് വേണല്ലോ. നാം വിതക്കുന്നത് നാം തന്നെ കൊയ്യും. നന്മ വിതച്ചാല്‍ നന്മ കൊയ്യാം. മറിച്ചായാല്‍ കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യാം. അത്ര തന്നെ.

നാരദന്‍ എന്ന പേര് ആര്‍ക്കെങ്കിലും ഉള്ളതായി അറിവുണ്ടോ? എന്റെ അറിവില്‍ ഇല്ല. ഹൈന്ദവ പുരാണത്തിലെ മറ്റൊരു അസൂയയുടെ പര്യയായ പദമാണ്…  നാരദ മുനി. സദാ സയം നാവില്‍ 'നാരായണ, നാരായണ' ഈ ജപം മാത്രമേ ഉള്ളൂ. പക്ഷെ പുറമേ കാണിക്കുന്ന ഈ ഭക്തി വെറും കപടമാണ്. മനസ്സു കൊണ്ട് നാരായണനില്‍ നിന്ന് വളരെ അകന്നിരിക്കുന്ന ഒരു മുനി.
അതോര്‍ക്കുമ്പോള്‍ പണ്ട് യേശു പറഞ്ഞ വാക്യം ഓര്‍മ്മ വരുന്നു, “നിങ്ങളെന്നെ കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുകയും മനസ്സു കൊണ്ട് എന്നില്‍ നിന്നും വളരെ അകന്നിരിക്കുകയും ചെയ്യുന്ന ഒരു ജനം.”[നമ്മളും നാരദ മുനിയെക്കാളും ഒട്ടും പിന്നിലല്ല എന്നര്‍ത്ഥം…] അസൂയ മൂത്ത് പാര പണിയന്‍ ആയിരുന്നു നാരദന്റെ പ്രധാന ഹോബി.

ശിവ പാര്‍വ്വതി ദമ്പതികള്‍ക്ക് രണ്ടു അരുമക്കിടാങ്ങള്‍. മുരുകനും ഉണ്ണിഗണപതിയും. അടയും ചക്കരയും പോലെ ഒരുമയോടെ കഴിയുകയായിരുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്കും അതിയായ സന്തോഷം. ആ കുടുംബത്തിന്റെ സന്തോഷം തകര്‍ക്കുവാന്‍ നാരദമുനി ഒരുമ്പെട്ടിറങ്ങി, കാരണം അറിയാമല്ലോ, 'അസൂയ'…

ഒരു ജ്ഞാനപ്പഴം കൊണ്ടുവന്നു, പിള്ളേര്‍ക്കു കൊടുക്കുവാന്‍. പിള്ളേരു തമ്മില്‍ മല്‍പ്പിടുത്തമായി, കാരണം ഒരു ജ്ഞാനപ്പഴമേ ഉള്ളൂ. ഒടുവില്‍ ജ്ഞാനപ്പഴം  ലഭിക്കണമെങ്കില്‍ രണ്ടു പേരും ഒരു മത്സരത്തില്‍ ജയിക്കമെന്നായ്, അതായത് ഈ ലോകം മുഴുവന്‍ ഒരു തവണ വലം വച്ച്, ആദ്യം വന്നെത്തുന്നവര്‍ക്ക് ജ്ഞാനപ്പഴം നേടാം. ഉടന്‍ തന്നെ മുരുകന്‍ മയില്‍ വാഹനം ഉപയോഗിച്ച് ലോകത്തെ വലം വക്കാന്‍ പറന്നു. പാവം ഉണ്ണി ഗണപതിയുടെ മനസ്സില്‍ ഒരാശയം ഉദിച്ചു…. അവന്‍ ശിവ പാര്‍വ്വതി ദമ്പതികളെ ഒരു തവണ വലം വച്ചു. അതിന്റെ പൊരുള്‍ അവന്‍ ഈ ലോകം മുഴുവന്‍ വലം വച്ചു എന്നല്ലോ? ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഗണപതിക്കുട്ടന്‍ ജ്ഞാനപ്പഴം നേടി. മുരുകന്‍ ലോകം ചുറ്റി വന്നുകഴിഞ്ഞപ്പോള്‍ ജ്ഞാനപ്പഴം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കി കണ്ണീരും, പരിഭവും, വഴക്കുമൊക്കെയായി…. ഒടുവില്‍ പരിഭവം മൂത്ത് മാതാപിതാക്കളെയും സഹോദരനേയും ഉപേക്ഷിച്ച് തന്റെ മയില്‍വാഹനത്തില്‍ പറന്ന് തമിഴ് നാട്ടിലേക്കു സ്ഥലം മാറിപ്പോയി…. അവിടെ തമിഴകത്തെ ദൈവമായാ മുരുകന്‍, മയില്‍ വാഹനന്‍, എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ശിവപാര്‍വ്വതി ദമ്പതികള്‍ക്ക് മകന്റെ കാര്യത്തില്‍ തീരാദുഃഖമായി…. കളിക്കൂട്ടുകാരന്‍ സഹോദരനെ പിരിഞ്ഞിരുന്നപ്പോള്‍ പാവം ഉണ്ണി ഗണപതി ഏകാകനായി വ്യസനിച്ചൂ…. സന്തുഷ്ട കുടുംബം ചിന്നഭിന്നമായി.

ഒരു സന്തുഷ്ട കുടുംബത്തെ ദുഃഖക്കടലിലേക്ക് ആഴ്ത്താന്‍ നാരദ മുനി ഉപയോഗിച്ച് തന്ത്രം എങ്ങനെയുണ്ട്? ഇതെല്ലാം ഐതീഹ്യ കഥകളാണെങ്കിലും അതില്‍ നിന്നൊക്കെ ഗുണപാഠങ്ങള്‍ പഠിക്കുവാനുണ്ട്. കാരണം കാര്യ സഹിതം വിവരിക്കുന്നതായിരിക്കും എന്ന് പറഞ്ഞല്ലോ. കാത്തിരിക്കുക. ഈ ലക്കം അവസാനിക്കുന്നതിന് മുമ്പ് രസകരമായ മറ്റൊരു കഥ പറയാനാഗ്രഹിക്കുന്നു. ഇത്തവണ രണ്ടു സുഹൃത്തുക്കളുടെ കഥയല്ല. രണ്ടു ശത്രുക്കളുടെ കഥയാണ്. രണ്ടു പേരില്‍ ഓരോരുത്തര്‍ക്കും മറ്റേയാള്‍ നശിച്ചു കാണണമെന്ന് ആഗ്രഹിച്ച് അസൂയയോടെ കഴിയുന്നവര്‍.

ഒരിക്കല്‍ ദൈവം പ്രത്യക്ഷപ്പെട്ട് വരം നല്‍കാമെന്ന് പറഞ്ഞു, പക്ഷെ അതിന്റെ ഇരട്ടി മറ്റെയാള്‍ക്കും നല്‍കും, അതാണ് വ്യവസ്ഥ…. ഈ വ്യവസ്ഥ രണ്ടുപേര്‍ക്കും വളരെ ഇഷ്ടപ്പെടും. ഒന്നാമന്‍ ഉടനെ വരം ആവശ്യപ്പെട്ടതെന്തെന്നാല്‍, അയാളുടെ ഒരു കണ്ണ് കുരുടാക്കി കൊടുക്കണമെന്ന്. ഉടനെ ദൈവം അയാളുടെ ഒരു കണ്ണ് കുരുടാക്കുകയും മറ്റേയാളുടെ രണ്ടു കണ്ണുകളും കുരുടാക്കുകയും ചെയ്തു. ഒന്നാമത്തെയാള്‍ക്കു ഇതില്‍പ്പരം സന്തോഷമില്ല. മറ്റേയാളുടെ രണ്ടു കണ്ണുകളും കുരുടാക്കി കിട്ടിയല്ലോ എന്ന സന്തോഷം. രണ്ടാമത്തെയാളും വിട്ടു കൊടുക്കുന്ന ലക്ഷണമില്ല. അയാള്‍ ദൈവത്തോടു ചോദിച്ച വരം, അയാളെ ഒറ്റക്കാലനാക്കി മാറ്റണമെന്നായിരുന്നു. ദൈവം അയാളുടെ ഒരു കാലു മാറ്റുകയും മറ്റേയാളിന്റെ രണ്ടു കാലുകളും നീക്കി മാറ്റികളയുകയും ചെയ്തു. അസൂയയോടെ രണ്ടുപേരും പകരം വീട്ടി രസിച്ചു.

ഈ കഥ എങ്ങനെയുണ്ട്?? കഴിഞ്ഞ ലക്കത്തിലെ കഥയേക്കാളും രസകരമല്ലേ? അതായത്, പരിതാപകരം…. അസൂയ വരുത്തി വയ്ക്കുന്ന വിനകളേ…. എന്തെന്തു വിനകള്‍…. (തുടരും)


 അസൂയ (2: കൊല്ലം തെല്‍മ ടെക്‌സസ്)
Join WhatsApp News
Sudhir 2014-08-05 08:26:27
ഒരു ചെറിയ സംശയം. നാരദൻ അസൂയകാരനായിരുന്നോ? ഞാൻ മനസ്സിലാക്കിയേടത്തോളം മനുഷ്യനിൽ രണ്ട് ഭാഗങ്ങൾ ഉണ്ടത്രെ. ഒന്ന് നമ്മൾ എന്ന ഭാഗം. രണ്ട് നമുക്കുള്ളത്  ഉദാഹരണം : സൌന്ദര്യം, പണം,
പിന്നെ എഴുതാനുള്ള കഴിവ് (അമേരിക്കൻ മലയാളികൾക്ക് സമൃദ്ധമായിയുള്ളത്) ഇങ്ങനെ
അനവധി. ഇതൊക്കെ ഒരാൾക്കുള്ളതിനേക്കാൾ കൂടുതൽ മറ്റൊരാൾക്ക് കാണും. അതുകൊണ്ട്
താരതമ്യം എന്ന ദുർഭാഗ്യം മനുഷ്യനിൽ ഉണ്ട്. അത് അസൂയക്കും കുശുമ്പിനും വഴി വക്കുന്നു. മത്സരങ്ങൾ ഉണ്ടാക്കുന്നു, അത്തരം ബന്ധനങ്ങളിൽ നിന്നും മനുഷ്യരെ, ദേവന്മാരെ (മനുഷ്യൻ എഴുതി വച്ച ദൈവത്തിനു അസൂയ ഉണ്ടായിരുന്നതായി നമ്മൾ കാണുന്നു) വിടുവിക്കാൻ ചെയ്യുന്ന ചില കുസൃതികൾ അല്ലേ നാരദൻ ചെയ്യുന്നുള്ളു. സത്യങ്ങള തുറന്നു പറഞ്ഞു നാരദൻ "നാരായണ.."
എന്ന നാമവും ജപിച്ച് പുഞ്ചിരിച്ച് കൊണ്ട് മറൊരിടത്തെക്ക് പോകുന്നു. മനുഷ്യനിലെ അഹങ്കാരവും മത്സരവും നിറുത്തി
 അവർ മോക്ഷതിലേക്ക് തിരിയണമെന്ന ഉദ്ദേശ്യമല്ലേ ഇദ്ദേഹത്തിന്റെ പ്രവർത്തികൾ കാണിക്കുന്നത്. നാരദനെ ഭൂമിയിലെ ആദ്യത്തെ "ജ്ജേണലിസ്റ്റ് " എന്ന ആരോ വിശേഷിപ്പിച്ചിരുന്നു.  പക്ഷെ ഇന്നത്തെ മീഡിയ സത്യങ്ങൾക്ക് പകരം
പൊല്ലാപ്പുകളാണു മിക്കപ്പോഴുമുണ്ടക്കുന്നത്.
ശ്രീമതി തെൽമ - ലേഖനം ഹൃസ്വ മധുരം, ആലോചാനമ്രുതം , അഭിനന്ദനങ്ങൾ ! നാരദനെക്കുരിച്ച് വീണ്ടും എഴുതുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക