Image

മാരക എബോള രോഗം പടരാതിരിക്കാന്‍ മുന്‍കൈ എടുത്തതായി മന്ത്രി

Published on 07 August, 2014
മാരക എബോള രോഗം പടരാതിരിക്കാന്‍ മുന്‍കൈ എടുത്തതായി മന്ത്രി
ന്യൂഡല്‍ഹി: മാരകമായ എബോള രോഗം ഇന്ത്യയില്‍ പടരാതിരിക്കാന്‍ മുന്‍കൈ എടുത്തതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു. രോഗം പടര്‍ന്നു പിടക്കുന്ന രാജ്യങ്ങളില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ കണക്ക്‌ പ്രകാരം 44,700 പേരാണ്‌ രോഗബാധിത രാജ്യങ്ങളിലുള്ളത്‌. നൈജീരിയയിലാണ്‌ കൂടുതല്‍ ഇന്ത്യക്കാരുള്ളത്‌. ഏകദേശം നാല്‍പ്പതിനായിരം പേര്‍. ലൈബിരീയില്‍ 3,000 ഉം ഗിനിയയില്‍ 500 പേരുമുണ്ട്‌. എബോള രോഗം കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സിയറ ലിയോണില്‍ 1,200 ഇന്ത്യക്കാരുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

സാഹചര്യം കൂടുതല്‍ മോശമായാല്‍ ഇവര്‍ ഇന്ത്യയിലേക്ക്‌ മടങ്ങാനിടയുണ്ട്‌. അതിനാല്‍ രോഗബാധ ഇന്ത്യയില്‍ പടരാതിരിക്കുന്നതിന്‌ വേണ്ട മുന്‍കരുതലുകള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ട്‌. രോഗബാധിത രാജ്യങ്ങളില്‍ നിന്ന്‌ വരുന്നവരുടെ വിവരം സര്‍ക്കാര്‍ തേടി. ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ നേതൃത്വത്തില്‍ രണ്ടു അടിയന്തര യോഗങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന്‌ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.

മലേറിയ,കോളറ തുടങ്ങിയവയക്ക്‌ സമാനമായ വൈറല്‍ രോഗമാണ്‌ എബോള. രോഗബാധിതരുടെ ശരീര ദ്രവങ്ങളിലൂടെയാണ്‌ രോഗം പകരുന്നത്‌. ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. പനി,തൊണ്ടവേദന,പേശീ വേദന തുടങ്ങിയവയാണ്‌ ആദ്യലക്ഷണം. ആന്തരികായവങ്ങളെയാണ്‌ രോഗം കൂടുതല്‍ ബാധിക്കുന്നത്‌. രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ടു ദിവസം മുതല്‍ മൂന്ന്‌ ആഴ്‌ച കഴിഞ്ഞേ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയുള്ളൂ. ഈവര്‍ഷം ഫെബ്രുവരിയിലാണ്‌ പശ്വിമ ആഫ്രിക്കയില്‍ എബോള രോഗം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. ലൈബീരിയ, ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുണ്ട്‌. ഇതുവരെ 932 പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായാണ്‌ കണക്ക്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക