Image

സുധീരനിട്ട് പണി ഓണത്തിനുശേഷം; ഗണേഷും കാര്‍ത്തികേയനും മന്ത്രിസഭയിലേയ്ക്ക്

അനില്‍ പെണ്ണുക്കര Published on 31 August, 2014
സുധീരനിട്ട് പണി ഓണത്തിനുശേഷം; ഗണേഷും കാര്‍ത്തികേയനും മന്ത്രിസഭയിലേയ്ക്ക്
 ബാറുകളുടെ വിഷയത്തില്‍ തന്നെ കുടുക്കാനിറങ്ങിയ വി.എം. സുധീരനു മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുങ്ങുന്നു. മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെ തന്റെ അധികാരപരിധിയില്‍ വരുന്ന വിഷയത്തില്‍ കെപിസിസി അധ്യക്ഷന്റെ യാതൊരു അഭിപ്രായവും പരിഗണിക്കേണ്ടന്ന കടുത്ത നിലപാടിലേക്ക് മുഖ്യമന്ത്രിയും എ ഗ്രൂപ്പും നീങ്ങുന്നു.
        ബാര്‍ വിഷയത്തില്‍ അന്തിമ തീരുമാനമായതോടെ മുഖ്യമന്ത്രി മന്ത്രിസഭാ പുനഃസംഘടനയ്ക്കു ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. മന്ത്രിസഭ പുനഃസംഘടന മുഖ്യമന്ത്രിയുടെ അധികാരമാണെന്ന വി.എം. സുധീരന്റെ വാക്കുകള്‍ മുതലാക്കിയുള്ള നീക്കത്തിനാണ് ഉമ്മന്‍ ചാണ്ടി തയ്യാറെടുക്കുന്നത്. മുന്‍ വനം മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പുനഃപ്രവേശം ഉള്‍പ്പെടെ കാര്യങ്ങള്‍ സജീവ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബി പ്രതിനിധി വേണുഗോപാലന്‍ നായര്‍ ഗണേഷിന്റെ മന്ത്രിക്കാര്യം ഉന്നയിച്ചിരുന്നു. ബാര്‍ വിഷയത്തില്‍ ഒന്നു തീരുമാനമായിക്കോട്ടെ, ഗണേഷിന്റെ കാര്യം തീര്‍ച്ചയായും പരിഗണിക്കും എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
        ഇതിനൊപ്പം, സ്പീക്കര്‍ സ്ഥാനത്തു നിന്നു രാജിസന്നദ്ധത അറിയിച്ച ജി. കാര്‍ത്തികേയനു മന്ത്രിസ്ഥാനം നല്‍കുന്നതും പരിഗണിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കാര്യമാക്കേണ്ടന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഹൈക്കമാന്‍ഡില്‍ നിന്ന് മുഖ്യമന്ത്രി അനുമതിവാങ്ങിയിരുന്നു. കേറളത്തിലെ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, മന്ത്രിസഭാ പുനഃസംഘടന വേണ്ടന്ന നിലപാടായിരുന്നു ഐ ഗ്രൂപ്പ് സ്വീകരിച്ചിരുന്നത്. പരോക്ഷമായി പുനഃസംഘടനയെ സുധീരന്‍ എതിര്‍ത്തിരുന്നു.
        കെപിസിസി അധ്യക്ഷനെന്ന നിലയില്‍ സുധീരന്‍ ഏകാധിപത്യ സമീപനം സ്വീകരിക്കുകയാണെന്നും ഇത് അനുവദിച്ചു മുന്നോട്ടു പോകാനാവില്ലെന്നും എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഐ ഗ്രൂപ്പ് നേതാക്കളെ അറിയിച്ചിരുന്നു. ബാര്‍ വിഷയത്തില്‍ ഒരു വിട്ടുവിഴ്ചയ്ക്കും സുധീരന്‍ തയാരാകാത്തതിനെ തുടര്‍ന്ന് എല്ലാ ബാറുകളും പൂട്ടുന്ന മദ്യനയം പ്രഖ്യാപിക്കുന്ന കാര്യം ഉമ്മന്‍ ചാണ്ടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ അറിയിച്ചിരുന്നു. തന്നെ ബാര്‍ ലോബിയുടെ ആളാക്കി മാറ്റി 418 ബാറുകള്‍ അടുച്ചുപൂട്ടുന്ന തീരുമാനം മാത്രം പ്രഖ്യാപിച്ചാല്‍ അതു സുധിരന്റെ വിജയമാകുമെന്നും പുതിയ മദ്യനയത്തെ പിന്തുണയ്ക്കണമെന്നും ചെന്നിത്തലയെ മുഖ്യമന്ത്രി അറിയിച്ചു. ഇതു ചെന്നിത്തല അംഗീകരിക്കുകയും ചെയ്തു.
ബാര്‍ വഷയത്തിലെ പ്രശ്‌നപരിഹാരത്തിനു ശേഷം മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പിനു നടപ്പാക്കേണ്ടതു തന്റെ രാഷ്ട്രീയ ബാധ്യതയാണെന്നും ചെന്നിത്തല ഉള്‍പ്പെടെ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചതായാണു സൂചന.

സുധീരനിട്ട് പണി ഓണത്തിനുശേഷം; ഗണേഷും കാര്‍ത്തികേയനും മന്ത്രിസഭയിലേയ്ക്ക്
Join WhatsApp News
Abilash 2014-09-01 17:57:36
ഉമ്മൻ ചാണ്ടിയും ഡിങ്കിപ്പാർട്ടിയും മാക്സിമം കൊയ്യുകയാണ്! കുതിരക്കച്ചവടം  നടക്കുന്നുവെന്ന് പരസ്യപ്പെടുത്തുകയാണ്. കൂടുതൽ തുക, കൂടുതൽ ചാൻസ്, എനിബടി? എങ്ങനെ നന്നാവും ആ നാട്? ഇവന്മാർ മാറി-മാറി കയ്യാളുന്നു, വെട്ടിക്കൊരിപ്പൊവുന്നു! എത്ര പാടുപെട്ടു ഗണേഷ് പിള്ളയെ ഇറക്കി വിടാൻ, വീണ്ടും കൊണ്ടുവരുന്നു?  അപ്പനും മോനും കൂടി ആ നാട് എത്ര വർഷങ്ങൾ തൂത്തു വാരി? എത്ര നീചവും അസത്യവുമാണീ പകൽക്കൊള്ള! മലയാളികൾ ഇത്രയും ഗതികെട്ട പിണ്ണാക്കുകളോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക