Image

അത്തപ്പൂക്കള്‍ - രേണുക .പി .സി

രേണുക .പി .സി Published on 01 September, 2014
അത്തപ്പൂക്കള്‍ - രേണുക .പി .സി
''നാളെ നേരത്തെ എണീറ്റോളൂ.. സ്കൂളുണ്ട്.. പിന്നെ അത്തക്കളം ഇടൂം വേണ്ടേ...''

ദേവകിച്ചേച്ചി കിടക്കാന്‍ പോകുമ്പോഴേ ഓര്‍മ്മിപ്പിച്ചു..

ശരിയാണ്..!

നാളെ അത്തം..മുറ്റത്തെ പൂക്കളം എന്‍റെ ഡ്യൂട്ടിയാണ്..പൂ പറിക്കാന്‍ ദൂരെയൊന്നും നാളെ പോവാനാവില്ല..സ്കൂളില്‍ പോണ്ടെ...

ഞാന്‍ മടുപ്പോടെ ചിന്തിച്ചു.പുറത്ത് ഇരുട്ടില്‍ ആഞ്ഞു പെയ്യുന്ന മഴ..തണുപ്പില്‍‍ പുതപ്പും മൂടി പഞ്ഞിക്കോസറിയില്‍ കിടക്കാനെന്തു രസാണ്...അച്ഛമ്മ കട്ടിലില്‍ കിടക്കുന്നുണ്ട്.മുറിയില്‍ തൈലത്തിന്‍റെയും രാസ്നാദിപ്പൊടിയുടെയും കൂശ്മാണ്ഢരസായനത്തിരരന്‍റെയും മണം..!

ഞാന്‍ മെല്ലെ പുതപ്പിനുള്ളില്‍ നിന്ന് തല നീട്ടി..

തൊണ്ട കഫക്കെട്ടു കൊണ്ട് കുറുകുമ്പോള്‍ അച്ഛമ്മ ആ രസായനം കഴിക്കാറുണ്ട്..ആ സമയത്ത് കൈ നീട്ടിയാലൊരു സ്പൂണ്‍ കിട്ടും...കടുംമധുരവും നേരിയ എരിവും...!
കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്ന അതിന്‍റെ സ്വാദ് എനിക്കു വളരെ ഇഷ്ടമാണ്...

അതെ ! അച്ഛമ്മ കോല്‍വിളക്കിന്‍റെ വെളിച്ചത്തില്‍ രസായനം കഴിക്കുന്നു.കാവി തേച്ച നിലത്ത് വിളക്കിന്‍റെ പ്രതിബിംബം..
ഞാന്‍ മെല്ലെ എണീറ്റു അച്ഛമ്മയുടെ അടുത്തെത്തി..കൈ നീട്ടി ..ഒരു ചെറിയ ചിരിയോടെ എന്‍റെ കൈയില്‍ രസായനം ഇട്ടു തരുമ്പോള്‍ അച്ഛമ്മയും പറഞ്ഞു..

''നാളെ അത്താണ്ട്ടോ...വെള്ക്ക്മ്പോ എണീറ്റു കുളിച്ച് കളം ഇടണം....വീട്ടിലെ പെങ്കുട്ട്യോളാ ചാണം തേച്ച് കളം ഇടണ്ടത്....കെടന്നോ...''

ഞാന്‍ തീറ്റ കഴിഞ്ഞ് നെയ്മയം പുരണ്ട കൈ ഷമ്മീസില്‍ തുടച്ച് കിടന്നു...

''ആയ്..കൈയു കഴ്കാതെ കെടക്കാ..ദാ ആ മുക്കിലെ ഓവിന്‍റവിടെ മൊന്തേല് വെള്ളം ണ്ട്..കഴ്കി കെടന്നാ.. ഉറുമ്പു വരും...'

വീണ്ടും 'മടിച്ച് തല മാന്തി ഞാനെണീറ്റു..ഹൊ..!! എന്തൊരു തണുപ്പ്...!

കൈകഴുകി വീണ്ടും പുതപ്പിന്‍റെ ഇളംചൂടിലേക്ക്...പുറത്ത് മഴയുടെ ആദിതാളം കേട്ട് കേട്ടെപ്പൊഴോ താനേ മിഴിയടഞ്ഞു....

''മോളേ,എണീക്കു...നേരം ശ്ശ്യായി..കളം ഇടണ്ടേ...''

ചേച്ചി തട്ടിവിളിച്ചു..

ഞാന്‍ ചാടിയെണീറ്റു..
പൂപറിക്കാനുള്ള ശ്രമം കണ്ട് അമ്മ ശാസിച്ചു ..

''രാവിലെ പല്ലുംകൂടി തേക്കാണ്ടെ എന്താ പരാക്രമം..കുളിച്ചിട്ട് പോയാ മതി..''

ഞാന്‍ ദേഷ്യം കാണിക്കാന്‍ ചവിട്ടി തുള്ളി നടന്നു... എന്തിനാപ്പോ രാവിലെ തന്നെ പല്ല് തേക്കണ്ത്...സ്കൂളില് പോണേന് മുമ്പ് തേക്കണംന്നല്ലേ ഉള്ളു.. ആ രസങ്ങട് പോയി...!

മടുപ്പോടെ വടക്കൂംപുറത്തെ തിണ്ണയില്‍ ഉമിക്കരിയുമായി ഇരുന്നു.. ചൂണ്ടുവിരലില്‍ ഉപ്പും കുരുമുളകും ചേര്‍ത്തു പൊടിച്ച ഉമിക്കരി വായില്‍ വെച്ച് ഇരിക്കുമ്പോഴാണ് മുക്കുറ്റിപ്പൂക്കളു‍ കണ്ണില്‍പ്പെട്ടത്..

കിണറിനു ചുറ്റും കടുപച്ച മുക്കുറ്റി ചെടികള്‍ !!അവയില്‍ നിറയെ മഞ്ഞനിറത്തിലുള്ള കുഞ്ഞിപ്പൂക്കള്‍..!!
തഴച്ചു നില്ക്കുന്ന മുക്കുറ്റി ക്കാട്..!

ഞാന്‍ തിടുക്കത്തില്‍ പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ഒരു താളിന്‍റെയില കുമ്പിളു കുത്തി മുക്കുറ്റി പ്പൂക്കള്‍ നിറച്ചു.. അവിടവിടയായി ഓരോ തുമ്പയുമുണ്ട്... മുറ്റത്തെ ഓരം ചേര്‍ന്നു നില്ക്കുന്ന ചെമ്പരത്തികളും നിറയെ പൂതന്നു...നന്ത്യാര്‍വട്ടത്തിന്‍റെ വെളുത്ത പൂക്കളും നീലശംഖു പുഷ്പങ്ങളും..അച്ഛമ്മയുടെ കണ്ണുവെട്ടിച്ച് വലിയൊരു കുമ്പളപ്പൂവും !

കളമിടാനിനി ചാണകം മെഴുകണം...!

ദേവകിച്ചേച്ചി തന്നെ ആശ്രയം..!

''നിക്ക് സമയല്യ കുട്ട്യേ..പിടിപ്പത് പണിണ്ട...ബ്ടെ...!!''

അടുപ്പത്ത് അമ്മു അമ്മായി ബാംഗ്ളൂരുനിന്നും കൊണ്ടു വന്ന വലിയ ദോശക്കല്ലില്‍ ഉലുവ ചേര്‍ത്തരച്ച ദോശമാവ് സ്വര്‍ണ്ണനിറത്തില്‍ മൊരിയുന്നതിന്‍റെ ഹൃദ്യസുഗന്ധം..!

കൊതി....കൈ നീട്ടിയെടുക്കാന്‍ പോയപ്പോള്‍ ചേച്ചി കൈതട്ടി മാറ്റി പറഞ്ഞു...

''നടക്കൂ..തീറ്റേം പൂവിടലും ഒക്കെക്കൂടി വേണ്ട..ആദ്യത്തെ പണി അതാ...വായോ...''

ഞാന്‍ ചെന്നു. ചേച്ചി കൈ നിറയെ ചാണകം കൊണ്ടു വന്ന് മുറ്റത്തിട്ടു..പിന്നെ വെള്ളം കൊണ്ട് നന്നായി നനച്ച് നൊടിയിടയില്‍ ഒത്ത വട്ടത്തില്‍ ഒരു കളംതീര്‍ത്തു.തൊട്ടു മുമ്പേ ദോശ പരത്തിയതും ഇതേ പോലെ...ഒത്തവട്ടത്തില്‍.....

ഞാനാരാധനയോടെ നോക്കി നില്ക്കേ കൈയിലെ ചാണകം മുറ്റത്തെ പനിനീരിന്‍റെ ചുവട്ടില്‍ കഴുക ചേച്ചി പോയി...എല്ലാ പൂക്കളും നിരത്തി എനിക്കു ബോധിച്ചൊരു പൂക്കളം !

ഓണവെയിലില്‍ അത് തിളങ്ങി ...ഓര്‍മ്മകളില്‍

ആ പൂക്കളങ്ങള്‍ ഇന്നും സുഗന്ധം പരത്തുന്നു

തമിഴന്മാരുടെ സ്ഥിരം പൂക്കളാല്‍ ഇന്ന് നമ്മള്‍ തീര്‍ക്കുന്ന നിര്‍വികാരമായ പൂക്കളങ്ങള്‍ക്ക് മുന്നില്‍ ആ പഴയ കാലം മുക്കുറ്റി പൂപോലെ ചിരി തൂകുന്നു...!

അത്തപ്പൂക്കള്‍ - രേണുക .പി .സി
Join WhatsApp News
Sudhir Panikkaveetil 2014-09-01 04:28:56
ഓർമകളിൽ ആ പൂക്കളങ്ങൾ ഇന്നും സുഗന്ധം
പരത്തുന്നു. ഗ്രാതുരത്വത്ത്തിന്റെ നനവാര്ന്ന
മണ്ണിൽ ഒരു പൂക്കളം തയ്യാറാവുന്നു, നന്നായിട്ടുണ്ട്.കൂശ്മാണ്ട രസായനവും രാസ്നാദി
പൊടിയും എന്റെ രസ്നയിൽ, മൂക്കിൽ കയറി വന്നു.
അഭിനന്ദനങ്ങൾ !s
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക