Image

അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം Published on 01 September, 2014
അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു  റഹ്മത്ത് കലാം)
ബാല്യകാലം തൊണ്ണൂറുകളിലും കൗമാരത്തിലേയ്ക്കുള്ള എത്തിനോട്ടം പുതുസഹസ്രാബ്ദത്തിലുമായിരുന്ന തലമുറയില്‍പ്പെട്ട എന്നെപ്പോലുള്ളവര്‍ക്ക് ഓണത്തിന് പറയപ്പെടുന്ന പഴയമുഖവും പുതിയമുഖവും ഒരുപോലെ പരിചിതമാണ്. ആധുനികതയുടെ കരവലയത്തില്‍ ഞെരിഞ്ഞമര്‍ന്ന കേരളത്തിന്റെ മാത്രമായ ഗ്രാമീണ നന്മകളില്‍ ഓണാഘോഷവും പതിയെ മാറുകയായിരുന്നു.

കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥിതി അണുകുടുംബങ്ങളായി ചുരുങ്ങിയപ്പോഴും ഓണനാളുകള്‍ ഒത്തുചേരലിന് അവസരം ഒരുക്കിയിരുന്നു.  ഒറ്റയ്ക്ക് താമസിക്കുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിശബ്ദതയുടെ ലോകത്തേയ്ക്ക് ഒച്ചയും അനക്കവും കുറച്ച് ബഹളവും മുഴങ്ങുന്ന ഏതാനും ദിനരാത്രങ്ങള്‍. എത്ര ദൂരെ ഉള്ളവരും അന്നേ ദിവസം തറവാട്ടില്‍ എത്തിച്ചേരും. തിരക്കുകള്‍,  പണ്ടേ ഉണ്ടായിരുന്നെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ ഒത്തുകൂടണമെന്ന തീവ്രമായ ആഗ്രഹത്തിന് കഴിഞ്ഞിരുന്നു. ഒറ്റ ദിവസം ഒത്തുപിടിച്ച് തിരുവോണം തകൃതിയായി ആഘോഷിക്കുന്നതാണ് അതിന്റെ രസം. ഉത്രാടപ്പാച്ചില്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന വിധം നിന്ന് തിരിയാന്‍ സമയമില്ലാത്തപ്പോഴും അതില്‍  വാക്കുകളില്‍ ഒതുങ്ങാത്ത ആനന്ദം നിറഞ്ഞു നിന്നിരുന്നു. തലേനാള്‍ തന്നെ ഓട്ടുരുളിയും മറ്റും തേച്ചുമിനുക്കിയും നാളികേരം ചിരകിയും സദ്യയ്ക്കുള്ള കായ്കറികള്‍ അരിഞ്ഞുവച്ചും നേന്ത്രക്കായ ഉപ്പേരി വറുത്തും സ്ത്രീജനങ്ങള്‍ അടുക്കളയില്‍ സജീവമാകും. പൂക്കുടയുമായി, സംഘം ചേര്‍ന്ന് വൈവിധ്യമാര്‍ന്ന പൂക്കളൊക്കെയും ഒരുമിച്ച് ചേര്‍ത്ത് മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കുമ്പോള്‍ മനസ്സുകളില്‍ സംതൃപ്തിയുടെ നിറവായിരുന്നു. എങ്ങനെ ആയാലും, മഹാബലി ഭരിച്ചിരുന്ന കാലം എന്ന സങ്കല്പത്തെ യാഥാര്‍ത്ഥ്യത്തോട്  അടുപ്പിക്കുന്ന പാലമാണ് ഓണം. സ്വന്തം തൊടിയിലെ പൂക്കള്‍ നുള്ളുകയും സദ്യയ്ക്കുള്ള പച്ചക്കറികല്‍ പറിക്കുകയും ചെയ്തിരുന്ന കാലം എത്ര വേഗമാണ് അന്യമായത് ?  

മാവേലി പാതാളത്തില്‍ നിന്ന് ജനങ്ങളെ കാണാന്‍ വരുമെന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് സങ്കല്പമായിരുന്നില്ല. വിശ്വാസം  തന്നെയായിരുന്നു. ചിലരെങ്കിലും തന്റെ വീട്ടില്‍ മാവേലി വന്ന് സദ്യ ഉണ്ടിട്ടു പോയി എന്ന് വീരവാദം മുഴക്കിയിരുന്നു. എന്നിട്ടെന്തേ എന്റെ വീട്ടില്‍ കയറാതെ പോയതെന്ന് ചിന്തിച്ച് ആഘോഷത്തിലെ പോരായ്മകള്‍ വിലയിരുത്തി അടുത്ത ആണ്ടിലെ തിരുവോണനാളില്‍ കൂടുതല്‍ ഉത്സാഹത്തോടെ മഹാബലിത്തമ്പുരാനെ കാത്തിരിക്കുമ്പോള്‍ ഒരു തരത്തിലെ പരിഭവവും  മനസ്സില്‍ ഉണ്ടാവില്ല. തികഞ്ഞ പ്രതീക്ഷ മാത്രമായിരിക്കും.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കടകളിലെത്തുന്ന പൂക്കള്‍ പറയുന്ന വിലയ്ക്ക് ഓണനാളുകളില്‍ നമ്മള്‍ വാങ്ങുന്നു. തുമ്പയും മൂക്കുറ്റിയും തെച്ചിയും പോലെ വീട്ടുമുറ്റത്തുണ്ടാകുന്ന പൂക്കളെ കണ്ടു പരിചയം പോലും ഇന്നത്തെ കുട്ടികള്‍ക്കില്ല. ആസ്റ്ററും ആംഗലേയ നാമധാരികളായ ഏതൊക്കെയോ പുഷ്പങ്ങളും പൂക്കളത്തിന്റെ മുഖവും നിറവും മണവും മാറ്റി . ഇതൊന്നും പോരാഞ്ഞ് പൂക്കളുടെ  ഫ്‌ളക്‌സ് വയ്ക്കുന്നവരും കുറവല്ല. തമിഴ്‌നാട്ടില്‍ നിന്നുവരുന്ന പൊള്ളുന്ന വിലയുള്ള പച്ചക്കറികള്‍ വാങ്ങി ഓണമുണ്ണണമെങ്കില്‍ സാധാരണക്കാരന് കാണം വില്‍ക്കേണ്ട ഗതികേടാണ്.

ഡിസ്‌ക്കൗണ്ട് സെയിലും വമ്പന്‍ ഓഫറുകളും ഷോപ്പിങ്ങ് മാമാങ്കങ്ങളുമാണ് ഇന്ന് ഓണം. എവിടെയും ഇന്‍സ്റ്റന്റ് എന്ന വാക്ക്. സദ്യയും പായസവും ഒരാഴ്ച മുന്‍പ് ഹോട്ടലുകളില്‍ ബുക്ക് ചെയ്താല്‍ വീട്ടിലെത്തുന്ന അവസ്ഥ. ഓണാഘോഷം പൊടിപൂരമാക്കാന്‍ ബന്ധുമിത്രാദികള്‍ക്ക് പകരം ഇവന്റ് മാനേജ്‌മെന്റുകാരുടെ സംഘാടനം.! കാലത്തിന്റെ സഞ്ചാരം എങ്ങോട്ടെന്ന് പിടികിട്ടാതെ കുറച്ച് നേരം ചിന്തിച്ച് നിന്ന് പോകും.

മലയാളികള്‍ ഉള്ളിടത്തോളം കാലം ഓണവും ആഘോഷവും നിലനില്‍ക്കുമെങ്കിലും ഓരോ കാല്‍നൂറ്റാണ്ട്  കഴിയുമ്പോഴും അതിന്റെ നന്മയും പവിത്രതയും കുറയുന്നതായാണ് അനുഭവസാക്ഷ്യം. പാരമ്പര്യവും സംസ്‌കാരവുമൊക്കെ തലമുറകള്‍ക്ക് കൈമാറേണ്ടതാണ്. അങ്ങനെ കൈമാറുമ്പോള്‍ മൂല്യങ്ങള്‍ക്ക് ഒരു കുറവും സംഭവിക്കരുത്. ആഘോഷങ്ങളുടെ കാര്യത്തില്‍ അല്പം പിന്നിലേയ്ക്ക് സഞ്ചരിച്ച് അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നതാണ് അഭികാമ്യം. എല്ലാ നാളിലും സമൃദ്ധമായ ഓണം മലയാളക്കരയില്‍ നിലനില്‍ക്കണമെങ്കില്‍ അതിന്റെ വിശുദ്ധി പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ ഇന്നത്തെ തലമുറ പ്രയത്‌നിച്ചേ തീരൂ. 

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


അണിഞ്ഞൊരുങ്ങട്ടെ തിരുമുറ്റം (മീട്ടു  റഹ്മത്ത് കലാം)
Join WhatsApp News
മാവേലി 2014-09-01 19:06:56
പണ്ട് നിങ്ങളെ കാണാൻ വരുന്നതും നിങ്ങളുടെ നിഷ്കളങ്ക സന്തോഷത്തിൽ പങ്കുചേരുന്നതും എനിക്ക് ഇസ്ഷ്ടമായിരുന്നു. പതിനെട്ടുകൂട്ടം കൂട്ടിയ കറിയും പായസവും പോരാൻ നേരം നിങ്ങൾ തന്നിരുന്ന പുടവയും എല്ലാം അടുത്തവർഷം വരെ എന്റെ ഓർമ്മകളിൽ ഞാൻ സൂക്ഷിച്ചിരുന്നു പക്ഷെ എന്തു ചെയ്യാം. കാലം കഴിഞ്ഞതോടെ ഓണത്തിന്റെ മട്ടും ഭാവവും മാറി. നിങ്ങൾ ഓണ സദ്ധ്യയുടെ കൂടെ നല്ല സ്വയമ്പൻ വാറ്റു ചാരായം കയറ്റി, ആലപ്പാല്പം അകത്തു ചെന്നത് ഞാൻ ശ്രെദ്ധിച്ചില്ല. പക്ഷെ പാതാളത്തിൽ ഓരോ പ്രാവശ്യവും മടങ്ങി ചെല്ലുമ്പോൾ കള്ള് പാപ്പച്ചൻ എന്നോട് പറഞ്ഞതാണ്, 'മാവേലിയണ്ണാ സൂക്ഷിച്ചോണം' പണ്ടത്തെ കേരളം അല്ല. മുഴുവൻ കള്ളന്മാരണെന്നു' എന്ത് ചെയ്യാം ഓരോ ഓണം കഴിയുമ്പഴും കേരളത്തിലേക്ക് മടങ്ങാൻ എനിക്ക് ആവേശം ആയി. ഒരു പ്രാവശ്യം ഞാൻ വമാനരോട് ചോദിച്ചതാ ഓണം വർഷത്തിൽ രണ്ടു പ്രാവശ്യം ആക്കാൻ. അയ്യാള് സമ്മതിക്കണ്ടേ. പിന്നെ പിന്നെ കേരളത്തിൽ ചെന്നാൽ ഈ പതിനെട്ടു കൂട്ടാൻ കൂട്ടി സദ്ധ്യ ആർക്കു വേണം? ഒരേ ഒരു സാധനം അടിച്ചു പിമ്പിരി കൊള്ളും എന്നിട്ട് പോയി കാണാൻ പറ്റുന്നവരെ ഒക്കെ പോയി കാണും എന്നിട്ട് മടങ്ങും. പിന്നെ കള്ള് മത്തായിയാ പറഞ്ഞത്, മാവേലിച്ചേട്ടൻ ഇനി അങ്ങോട്ട്‌ പോകണ്ട ആവശ്യം ഇല്ല കള്ള് ഇഷടം പോലെ അടിച്ചു ഇവിടെ ഉറങ്ങിക്കോ ബാക്കി ഏർപ്പാടെല്ലാം പുള്ളിക്കാരാൻ ചെയിതിട്ടുണ്ടെന്നു. പുള്ളി അമേരിക്കയിലെ എല്ലാ മലയാളി അസോസിയേഷനിലും ഉള്ള വലിയ വയറന്മാരെ (വീടുകളിൽ ഇവന്മാരെകൊണ്ട് വലിയ പ്രയോചനം ഇല്ല) ഓലക്കുടെം താറുപാച്ചി ഉടിപ്പിച്ചു തിളങ്ങുന്ന ഗൌണ്‍ ഒക്കെയിടുവിച്ചു നിറുത്തിയിട്ടുണ്ടെന്നും അവന്മാര് വേണ്ടപോലെ എല്ലാം കയ്യ്കാര്യം ചെയ്യ്‌തോളുമെന്നും. പ്രിയ സഹോദരങ്ങളെ നിഷ്കളങ്കനും നല്ലവനുമായിരുന്ന എന്നെ നിങ്ങൾ കുടിപ്പിച്ചു വലിയ കുടിയനാക്കി എന്നിട്ട് ഈ പോക്രിത്തരം കാണി ക്കെണ്ടായിരുന്നു. എന്ത് കോപ്പിലെ പരിപാടിയാ നിങ്ങൾ കാണിക്കുന്നത്? കള്ള്ഷാപ്പുകൾ അടച്ചു പൂട്ടുകയോ? ദരിദ്രവാസികളുടെ സന്തോഷത്തിൽ കല്ല്‌ വാരിയിടുകയോ ? ഇനി ഞാൻ എന്റെ പ്രചകളെ ഇടുക്കിയിലും വണ്ട്ന്മേട്ടിലും ഒക്കെയുള്ള കാട്ടിൽ പോയി കണ്ടോളാം, ഒന്നുകിൽ കുടി കഴിഞ്ഞാൽ, പണ്ടത്തെ പോലെ ഞാനും എന്റെ പ്രചകളും ഒന്നാ. അവർ വീണ്ടും പാടാൻ മറന്നുപോയ ഗാനം എനിക്കായി പാടും ! "മാവേലി നാട് വാണീടും കാലം മാനുഷർ എല്ലാരും ഒന്നുപോലെ ......"
പനമേൽ പരമു 2014-09-02 06:38:25
എങ്ങനെ മൂല്യങ്ങൾ കൈമാറാനാ പെങ്ങളെ? കൈ വിറയക്കുകയല്ലേ. മാവേലിപോലും വെള്ളത്തിലാ. പിന്നെ മാവേലിയാണെന്ന് പറഞ്ഞു നടക്കുന്നവന്മാരും കള്ളിന്റെ പുറത്തു. പണ്ട് കാണം വിട്ടായിരുന്നു ഓണം. കള്ളുല്ലെങ്കിൽ എന്ത് ഓണം?
Parameswaran 2014-09-02 07:44:36
പ്രിയ പത്രാധിപർ,
കമൻറുകൾ പരസ്പരമാവുമ്പോൾ പത്രാധിപർ പക്ഷം ചേരരുത്. വിദ്യാധരന്റെ വളിപ്പു മോശമായിട്ടും നല്ല ഭാഷയിൽ ഞാൻ പ്രതീകരിച്ചതു നിങ്ങൾ തടസ്സപ്പെടുത്തി. തുടർന്നയച്ചതു ഇട്ടുമില്ല. ന്യായമായി നിങ്ങൾ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ടായിരുന്നു  നിങ്ങളുടെ പത്രം ഞാൻ വായിക്കുകയും പങ്കുചേരുകയും ചെയ്തതു. എന്നെ വിമർശിക്കുമ്പോൾ എനിക്കവസരം തരാതിരിക്കുന്നതു തീർച്ചയായും ശരിയല്ലാ.

Mathew Varghese, Canada 2014-09-02 08:30:37
പ്രിയ പത്രാധിപർ, വളരെ നാളായി വിദ്യാധരന്റെ കമന്റുകൾ വായിക്കുന്ന ഒരാളാണ് ഞാനും. അതിനെ വളിപ്പെന്നു വിളിക്കാൻ ഞാൻ തയാറല്ല. ഞാൻ കേട്ട് മറന്നിട്ടുള്ളതും, കെട്ടിട്ടില്ലാത്തതുമായ കവിത ശകലങ്ങൾ കൊണ്ട് തന്റെ വാദമുഖങ്ങളെ സ്മ്മർദ്ധിക്കുന്ന ഒരു വ്യക്തിയായിട്ടാണ്‌ തോന്നിയിട്ടുള്ളത്. വായിക്കാതയും പഠിക്കാതെയും എന്തും എഴുതി വിടുന്ന പലരും ചേർന്ന് അമേരിക്കയിലെ സാഹിത്യ ലോകം കയ്യടക്കി വാഴുമ്പോലാണ് ഈ അജ്ഞാത വിമർശകൻ പലരുടേയും നാഡിഞരമ്പുകളിലൂടെ കയറി പലർക്കും ഒരു തലവേദനയാകുന്നത്. വായിക്കാത്ത ഒരു വ്യക്തിക്ക് വിദ്യാധരനെപ്പോലെ എങ്ങനെ എഴുതാൻ കഴിയും? ഇദ്ദേഹം മലയാള ഭാഷയെ സ്നേഹിക്കുന്ന ഒരു വ്യക്തിയും, അവാർഡുകളുടെയും ഭംഗി വാക്കുകളുടെയും കെണിയിൽ വീഴാത്ത തികച്ചും പാക്വതയാർന്ന ഒരു വിമർശകൻ ആണെന്ന് പലതവണ തെളിയിച്ചിട്ടുള്ള ഒരു വ്യക്തിയാണ് വിദ്യാധരൻ. പരിഹാസം, നിന്ദ, എന്ന് വേണ്ട വിമർശനത്തിന്റെ പല ആയുധങ്ങളും മലയാള സാതിത്യത്തിലെ, പ്രത്യേകിച്ചു, കള്ളകമ്മട്ടങ്ങൾക്ക് നേരെ പ്രയോഗിക്കുമ്പോഴും, നല്ലതിനെ നല്ലത് എന്ന് പറയാൻ മടി കാണിക്കാത്ത ഒരു വ്യക്തികൂടിയാണ് ഇദ്ദേഹം. ഡോക്ടർ. കുഞ്ഞാപ്പു പോലും വിദ്യാധരനെ വിമർശിച്ചപ്പോൾ തന്റെ വിമർശനത്തെ ന്യായികരിക്കുന്നതിൽ മിതത്വം കാണിച്ചു. അതുകൊണ്ട് പരമേശ്വരനെപ്പോലെ പൂച്ച പൂച്ച സാഹിത്യം എന്നൊക്കെ എഴുതി വിടുന്നവർ, വിദ്യധരനെ എതിർക്കുന്നു എങ്കിൽ ശതമായ ന്യായികരണം കൊണ്ട് സാധൂകരിച്ചാൽ വായനക്കാരായ ഞങ്ങൾക്കും ആസ്വതിക്കാൻ കഴിയും.
Anthappan 2014-09-02 10:03:27
Ms. Mittu Rahmatthu kalaam knows the art of writing. Her comparison with old and new Onam brings out the truth. And, she substantiates it with reasoning. Though Onam is to keep up the spirit of caring and sharing, the true spirit is fading away in the midst of modernization and hypocrisy. In United States parents have failed to instill the value of Onem to the next generation because of their hypocritical life style. Kudos to the writer. I also take this opportunity to commend on Mr. vidyadharan because I see some comments posted here about him. Mr. Vidyaadharan is a brilliant commentator in E-Malayaalee. He keeps many people on their toe. Some people are putting out a worthless fight with their flimsy arguments.
Parameswaran 2014-09-02 10:08:37
ഇപ്പോൾ വിദ്യാധരനെ പിടികിട്ടി! വിദ്യാധരൻ ഭാഗവതത്തിലും രാമായണത്തിലും തപ്പിത്തടഞ്ഞു കാളിദാസ കവിതകളും സംസ്കൃത വാക്യങ്ങളും പെറുക്കി സാധാരണ എഴുത്തുകാരെ കടത്തിവെട്ടാൻ, അമേരിക്കയിൽ ഉള്ള മലയാളി എഴുത്തുകാരെ പഴിപറഞ്ഞു സ്വയമൊരു ഭാഷാജ്ഞാനി കളിക്കയാണ് ചെയ്തുപോരുന്നത്. ആർക്കും ചെയ്യാവുന്ന 'കോപ്പിയടിച്ച' വാക്യങ്ങൾ ചേർത്തു എഴുത്തുകാരെ പൊതുവേ ആക്ഷേപിച്ചു പരിഹസിക്കുക! എഴുത്തുകാർ അമേരിക്കയിലും കേരളത്തിലും യൂറോപ്പിലും ഒക്കെ ഒരുപോലെ തന്നെ പെരുമാറുന്നത്. എല്ലാവർക്കും എംടി- യെപ്പോലെ എഴുതാനാവില്ല. പോരായ്മ ചൂണ്ടിക്കാട്ടുന്നത് നല്ലതുതന്നെ. പക്ഷെ ഇതുപോലെ നിരന്തരം സംസ്കൃത വരികൾ തപ്പിയെടുത്തു സാഹിത്യകാരനും വിമർശകനും കളിക്കുന്നത് അരോചകം തന്നെ.  ഒരു പരിധിവരെ രസിക്കാം. പിന്നെ തികച്ചും ബോറാവുകയാണ് ചെയ്യുന്നത്.
സംസ്കൃതത്തിലേക്ക് കാലുവെക്കുന്ന ചിലർ വഴിയെ പോവുന്നവരെ പിടിച്ചു നിറുത്തി തന്റെ പുതിയ അറിവുകൾ പറഞ്ഞു കേൾപ്പിക്കാറുണ്ട്.  "എങ്ങോട്ട്‌ പോവുന്നു", എന്നൊന്നു ചോദിച്ചു പോയാൽ, "സർവം സർവ നജാ..., അങ്ങോട്ട്‌ വരികയായിരുന്നുവല്ലോ?", എന്നാവും മറുപടി. "എഴുത്തു പോസ്റ്റാഫീസിൽ ഇട്ടോടാ", എന്നു ചോദിച്ചാൽ, "മാ ലിഖ! മാ ലിഖ... കിന്നുരചിതം...ഡഗ... ഡഗാ.., രാവിലെ ഇട്ടായിരുന്നുവല്ലോ..." എന്നേ ഉത്തരം പറയൂ! ഇതു പൂച്ച-സാഹിത്യമായി നാട്ടിൽ പലയിടത്തും പറയുക കേട്ടിട്ടില്ലേ?  എന്നെപ്പോലെ അക്കാര്യം തുറന്നു പറയാൻ ആരും തുനിഞ്ഞില്ല. ഞാനിതു കണ്ടു മടുത്തപ്പോൾ അങ്ങനെ എഴുതി. നിങ്ങൾക്കിഷ്ടമാണെങ്കിൽ വെച്ചോളൂ, ഞാൻ ഇനി എതിർക്കില്ല.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക