Image

ഓണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഹോത്സവം- തൊടുപുഴ കെ. ശങ്കര്‍ മുംബെയ്

തൊടുപുഴ കെ. ശങ്കര്‍ മുംബെയ് Published on 03 September, 2014
ഓണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ മഹോത്സവം- തൊടുപുഴ കെ. ശങ്കര്‍ മുംബെയ്
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ മലയാളികള്‍ കൊണ്ടാടുന്ന മഹനീയമായ ഒരു ഉത്സവമാണല്ലോ ഓണം. എത്രയോ നൂറ്റാണ്ടുകളായി കേരള മക്കള്‍ ആഘോഷിച്ചു വരുന്ന ഈ സുദിനം പണ്ട് ദൈത്യചക്രവര്‍ത്തിയായി(അസുര ചക്രവര്‍ത്തി) കേരളം ഭരിച്ചിരുന്ന മഹാബലിയുടെ സന്ദര്‍ശന ദിവസമായി കരുതുന്നു. ഹിരണ്യകശ്പുവിന്റെ പുത്രനായ പ്രഹ്ലാദന്റെ പൗത്രനായ മഹാബലി  സപ്തയിരഞ്ജീവികളില്‍ ഒരാളായി എന്നും മാനിക്കപ്പെടുന്നു.(സപ്തചിരഞ്ജീവികള്‍- അശ്വദ്ധ്വാമാ, ബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപാചാര്യര്‍, പരശുരാമന്‍). മഹാബലിയുടെ വര്‍ത്തിലൊരിക്കലുള്ള സന്ദര്‍ശനദിവസം, ചിങ്ങമാസം 22ന് തിരുവോണനാളില്‍ അതായത് പൂര്‍ണ്ണ ചന്ദ്രന്‍ ശ്രാവണ നക്ഷത്രത്തില്‍ സഞ്ചരിക്കുന്ന പുണ്യദിവസമാകുന്നു.
ത്രൈയോക്യചക്രവര്‍ത്തിയായ മഹാബലി, ഒരു പരമ ഭക്തനായിരുന്നു. അദ്ദേഹം കഠിനതപസ്സ് ചെയ്ത് സമാര്‍ജ്ജിച്ച തപോശക്തി ഉപയോഗിച്ച് ദേവേന്ദ്രനെ അനായാസേന നിഷ്‌കാസനം ചെയ്തു മൂന്നുലോകങ്ങള്‍ക്കും മഹാരാജാവായപ്പോള്‍, അസുരമേധാവിത്വം മൂലം, ദേവഗണങ്ങള്‍ ധര്‍മ്മസങ്കടത്തിലായി. അവര്‍ ഒന്നടങ്കം, ശ്രീവൈകുണ്ഠപതിയായ മഹാവിഷ്ണുവിനെ ചെന്നുകണ്ട് സങ്കടമുണര്‍ത്തിച്ചു. തല്‍ഫലമായിമഹാവിഷ്ണു വാമനനായി(ദേവേന്ദ്രന്റെ സഹോദരനായ ഉപേന്ദ്രനായി) അവതരിച്ച്, ഒരു ബ്രാഫ്മണ ബാലന്റെ വേഷത്തില്‍ മഹാബലിയുടെ മുമ്പിലെത്തി. നിര്‍ദ്ധനനായ തനിയ്ക്ക്, മൂന്നടിസ്ഥലം തന്ന് സഹായിക്കണമെന്ന് യാചിച്ചു.
ധര്‍മ്മിഷ്ഠനും എന്നാല്‍ ഗര്‍വ്വിഷ്ഠനുമായ മഹാബലിയെ ചതിപ്രയോഗിച്ചു നിഷ്‌ക്കാസനം ചെയ്ത്, ദേവന്മാരുടെ സങ്കടം നിവര്‍ത്തിയ്ക്കാനായിരുന്നു വാമനാവതാരത്തിന്റെ ലക്ഷ്യം. ദാനപ്രിയനായ മഹാബലി ബ്രാഹ്മണ ബാലന്റെ ആഗ്രഹപ്രകാരം മൂന്നടി സ്ഥലം കൊടുക്കാമെന്നു സമ്മതിച്ചു. അപ്പോള്‍, അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ, രാജഗുരുവായ ശുക്രാചാര്യര്‍ വാമനന്‍ ആരാണെന്ന സത്യം അറിഞ്ഞതിനാല്‍ അതിനു നിരുത്സാഹപ്പെടുത്തി. പക്ഷേ, പ്രതിജ്ഞാബദ്ധനായ മഹാബലി തന്റെ വാഗ്ദാനം നിറവേറ്റുവാന്‍ തന്നെ തീരുമാനിച്ചു.

മഹാബലി വാമനന്, ദാനനീര്‍ വീഴ്ത്തുവാന്‍ തുടങ്ങിയപ്പോള്‍, ശുക്രന്‍ കമണ്ഡലത്തിന്റെ ജലം വീഴുന്ന ഭാഗത്ത് ഒളിഞ്ഞിരുന്ന്, തടസ്സപ്പെടുത്തി. ആസമയത്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുവാന്‍ വാമനന്‍, ഒരു കോലെടുത്ത് ആ ഭാഗത്തു കുത്തി. അപ്പോള്‍, ശുക്രന്റെ ഒരു കണ്ണുപൊട്ടിപ്പോയി. തുടര്‍ന്ന് വാമനനു സ്ഥലം കൊടുക്കുന്ന ശ്രമമായി. തദവസരത്തില്‍, വാമനന്‍ തന്റെ ശരീരം വലുതാക്കി, ഭൂമിയും സ്വര്‍ഗ്ഗവും ആദ്യം തന്റെ ബൃഹത്തായ തൃക്കാലുകൊണ്ട് ഒരു ഞൊടിയില്‍ അളന്നു തീര്‍ത്തു. എന്നാല്‍, മൂന്നാമത്തെ അടി  അളക്കുവാന്‍ അല്പം പോലും സ്ഥലമില്ലാതെയായി. ഈ സ്ഥിതി വിശേഷത്തില്‍, മഹാബലി കുനിഞ്ഞു കൈകൂപ്പിക്കൊണ്ട്, തന്റെ ശിരസ്സ് കാട്ടിക്കൊടുത്തു. വാമനന്‍ തലയില്‍ ചവുട്ടി അളന്നു മൂന്നടിപൂര്‍ണ്ണമാക്കി, മഹാബലിയെ പാതാളലോകത്തിലേയ്ക്കയച്ചു. പോകുന്നതിനുമുമ്പ്, വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കണ്‍കുളിര്‍ക്കെ കാണുവാനായി കേരളം സന്ദര്‍ശിക്കാനുള്ള ആഗ്രഹം, വിനയപൂര്‍വ്വം ബലി പ്രകടിപ്പിച്ചതനുസരിച്, അനുകമ്പ തോന്നിയ ഭഗവാന്‍ അതിനനുവദിച്ചു.

അപ്രകാരമാണ്, മഹാബലി എല്ലാ വര്‍ഷവും തിരുവോണ നക്ഷത്രദിവസം തന്റെ പ്രജകളെ മതിയാകുവോളം കാണുവാനും അവരുടെ ആതിഥേയ മര്യാദകള്‍ സ്വീകരിക്കുവാനുമായാണ് കേരളത്തിലെത്തുന്നതെന്ന്, ഐതീഹ്യം. മഴുവെറിഞ്ഞ് കടലില്‍ നിന്നും കേരളഭൂമി വീണ്ടെടുത്ത ശ്രീപരശുരാമനും(സപ്തചിരഞ്ജീവിയായ മറ്റൊരു അവതാര പുരുഷന്‍) തിരുവോണ ദിവസത്തില്‍ ശ്രീമൂലസ്ഥാനമായ തൃശ്ശൂരില്‍ ആഗതനാകുമെന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നു.
അത്തം മുതല്‍ പത്തുദിവസം, ഓണാഘോഷം തന്നെ.(അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം). ഈ ദിവസങ്ങളില്‍, വീടിന്റെ മുറ്റത്ത് പൂക്കളമുണ്ടാക്കി. അലങ്കരിയ്ക്കുന്നു. ഓരോ ദിവസവും വൃത്തത്തിന്റെ എണ്ണവും വ്യാപ്തിയും കൂട്ടിക്കൊണ്ടിരിയ്ക്കുന്നു. ബാഹ്യത്തില്‍, പലതരത്തിലുള്ള പൂക്കള്‍ക്കായി കാടുംമേടും കയറിയിറങ്ങി, കൂട്ടുകാരൊത്ത് ഉല്ലസിച്ചിരുന്ന ചിത്രം ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നില്ലേ? മുമ്പുകാലങ്ങളില്‍ ഓണപ്പന്തുണ്ടാക്കി കളിയ്ക്കുന്ന പതിവുണ്ടായിരുന്നു. അതുപോലെതന്നെ, പരിശീലനം സിദ്ധിച്ചവര്‍, രണ്ടുചേരികളായി നിന്ന് ഓണത്തല്ലു നടത്തുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. തിരുവോണദിവസം, അടിയാന്മാര്‍, ജന്മികള്‍ക്ക് പല തരത്തിലുള്ള വിഭവങ്ങള്‍ നല്‍കുമ്പോള്‍ അവര്‍ പകരം കോടിവസ്ത്രങ്ങള്‍ നല്‍കുന്നു. കുടുംബക്കാരണവരും, കുടുംബാംഗങ്ങളുണ്ട്. ഓണക്കോടി സമ്മാനിക്കുന്നു.

ഓണത്തപ്പന് നല്‍കാന്‍, പൂവടയും വിഭവ സമൃദ്ധമായ സദ്യയും, കേരള മക്കള്‍ ഒരുങ്ങുന്നു. ഓരോ ഭവനത്തിലും പോയി ആതിഥേയത്വം സ്വീകരിച്ച്, സായാഹ്നത്തോടെ കുമ്പയും തടവി, ഏമ്പക്കവും വിട്ട്, സംതൃപ്തനായി, അടുത്ത വര്‍ഷത്തെ തിരുവോണനാളില്‍ വീണ്ടും കാണാമെന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ, മഹാബലി പാതാളത്തിലേയ്ക്കു മടങ്ങുന്നു. സപ്തചിരഞ്ജീവികളിലൊരാളായ മഹാബലി തന്റെ പ്രജകളെ വളരെ സ്‌നേഹത്തോടെയും ക്ഷേമത്തോടെയും ഭരിച്ചിരുന്നതായി വിശ്വസിക്കുന്നു. ആ പ്രജാസ്‌നേഹമാണ്, മഹാബലിയുടെ സന്ദര്‍ശനത്തിന്റെ കാതലായ അടിസ്ഥാനവും!

ഓണം ഒരു പ്രത്യേക മതസ്ഥരുടെ മാത്രമല്ല, പ്രത്യുത എല്ലാ മലയാളികളുടെയും ആഘോഷമാണ്. ഈ ആഘോഷത്തിലൂടെ, പരസ്പരസ്‌നേഹം, സൗഹാര്‍ദ്ദം, ഐക്യം, സാര്‍വ്വലൗകീകബോധം, സമത്വചിന്ത എല്ലാം വളര്‍ത്തുകയെന്നതാണ് ഓണത്തിന്റെ പരമമായ  ലക്ഷ്യം. മലയാളികള്‍, ഈ ഭൂഗോളത്തിന്റെ ഏതു ഭാഗത്താണെങ്കിലും അവരവര്‍ക്കാവുന്ന തോതില്‍ ഓണം കൊണ്ടാടുന്നു. വിവിധതരത്തിലുള്ള വിനോദങ്ങളും സ്ത്രീകളുടെ കൈക്കൊട്ടിക്കളിയും, കായികമത്സരങ്ങളും, നൃത്തങ്ങളും, കലാപരിപാടികളും, ഓണസദ്യയും നടത്തി ആബാലവൃദ്ധം, മലയാളികള്‍ ഓണം ഒരു മഹോത്സവമായി ആഘോഷിക്കുന്നു.

ആദ്യമായി ചന്ദ്രനിലെത്തി അഭിമാനപൂര്‍വ്വം വെന്നിക്കൊടി നാട്ടിയ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാരോട് “സാറേ, കാപ്പി വേണോ, അതോ ചായവേണോ”  എന്ന് ചോദിച്ചെന്നു പറയപ്പെടുന്ന മലയാളിയുടെ തലമുറ, ഒരു പക്ഷേ, ഭാവിയില്‍ അവിടെയും ഓണം ആഘോഷിയ്ക്കുമെന്നു കരുതാം!

എല്ലാ മലയാളിസഹോദരീസഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!


Join WhatsApp News
K. Unnikrishnan 2014-09-11 07:28:16
Your article on ONAM is excellent. Thank You for the same. Warm Regards KUK
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക