Image

മുല്ലപ്പെരിയാറിലും രാഷ്‌ട്രീയ വിള്ളല്‍

ജി.കെ. Published on 03 December, 2011
മുല്ലപ്പെരിയാറിലും രാഷ്‌ട്രീയ വിള്ളല്‍
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്‌ടുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്തും ആങ്ങ്‌ ദേശീയ തലസ്ഥാനത്തും ചൂടുപിടിക്കുകയാണ്‌. കേന്ദ്രത്തില്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തിലും സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും കേരളാ കോണ്‍ഗ്രസുകാരുടെയുമെല്ലാം നേതൃത്വത്തിലുമാണ്‌ രാഷ്‌ട്രീയപ്രക്ഷോഭങ്ങള്‍ അരങ്ങേറുന്നത്‌. സംസ്ഥാനത്തിന്റെ പൊതുവായ ഒരു ആവശ്യത്തിനുവേണ്‌ടിയുള്ള ഈ പ്രക്ഷോഭങ്ങള്‍ക്കിടയിലും ചില രാഷ്‌ട്രീയ മുതലെടുപ്പുകള്‍ കൂടി മുല്ലപ്പെരിയറിന്റെ ഓളപ്പരപ്പില്‍ ഉയരുന്നുണ്‌ടെന്നത്‌ കേരളത്തിന്‌ ഒട്ടും ആശാസ്യമല്ല.

ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും നേതൃത്വത്തിലുള്ള രണ്‌ടു സംഘങ്ങള്‍ ഒരേവഴിക്കെത്തി രണ്‌ടുവഴിക്ക്‌ മുല്ലപ്പെരിയാര്‍ നോക്കിക്കണ്‌ടത്‌. സംസ്ഥാനത്തിന്റെ ഒരു പൊതുആവശ്യത്തില്‍പ്പോലും രാഷ്‌ട്രീയം കലക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ നേതൃത്വങ്ങളെ ഇന്നല്ലെങ്കില്‍ നാളെ ജനം തിരിച്ചറിയുമെന്ന്‌ തീര്‍ച്ച. സംസ്ഥാനത്തെ ബാധിക്കുന്ന ഒരുകാര്യത്തില്‍പ്പോലും ഒരുമിച്ചു നില്‍ക്കാതെ പരസ്‌പരം വഴിമാറി ഒഴുകുകയും പഴിചാരി രാക്ഷപ്പെടുകയും ചെയ്യുന്ന ഭരണ -പ്രതിപക്ഷങ്ങളെയാണ്‌ മുല്ലപ്പെരിയാറിലും കേരളത്തിന്‌ കാണാനാവുന്നത്‌. വി.എസും ചെന്നിത്തലയും ഒരേസമയത്താണ്‌ മുല്ലപ്പെരിയറില്‍ എത്തിയതെങ്കിലും രണ്‌ടു ബോട്ടുകളിലേറി ഡാം കണ്‌ട്‌ മടങ്ങി. ഒപ്പം ചില പ്രസ്‌താവനകളും നടത്തി.

കേന്ദ്രവും കോടതിയും അനുവദിച്ചാല്‍ ജനങ്ങളുടെ കൈയില്‍ നിന്ന്‌ പിരവെടുത്ത്‌ എല്‍ഡിഎഫ്‌ സ്വന്തമായി അണക്കെട്ട്‌ നിര്‍മിക്കുമെന്ന അല്‍പം കടന്ന ഒരു പ്രസ്‌താവനയും വി.എസ്‌.നടത്തി. ഇത്തരം ഗീര്‍വാണങ്ങളോ അഴകൊഴമ്പന്‍ പ്രസ്‌താവനകളോ അല്ല ആശങ്കയുടെ ഓളപ്പരപ്പില്‍ കഴിയുന്ന ജനതയും കേരളവും നമ്മുടെ രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌. ഇരുനേതാക്കളും ഒരുമിച്ച്‌ മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തി സംയുക്ത പ്രസ്‌താവന നടത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലം വര്‍ധിക്കുകയോ ചോര്‍ച്ച കുറയുകയോ ചെയ്യില്ലെങ്കിലും ദേശീയ മാധ്യമങ്ങളടക്കം ഇരുവരുടെയും സന്ദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തി നില്‍ക്കെ ഈ വിഷയത്തിലെങ്കിലും സംസ്ഥാനം ഒറ്റക്കെട്ടാണെന്ന്‌ ദേശീയതലത്തില്‍ തോന്നിപ്പിക്കാനെങ്കിലും അത്തരമൊരു സംയുക്ത സന്ദര്‍ശനത്തിന്‌ കഴിയുമായിരുന്നു. അതിന്‌ ലഭിച്ചൊരു സുവര്‍ണാവസരമാണ്‌ ഇരുവരും കളഞ്ഞു കുളിച്ചത്‌. അല്ലെങ്കിലും പോയ ബുദ്ധി ഇനി ആന പിടിച്ചാലും കിട്ടില്ല.

അതിനിടയ്‌ക്ക്‌ മുല്ലപ്പെരിയാറില്‍ ഒറ്റയ്‌ക്ക്‌ സന്ദര്‍ശനം നടത്തി തന്റെ രാഷ്‌ട്രീയ മൈലേജിന്റെ ഷട്ടര്‍ കുറച്ചെങ്കിലും ഉയര്‍ത്താനും വി.എസ്‌ സഖാവ്‌ ശ്രമം നടത്തി. എന്നാല്‍ കക്ഷി നേതാക്കളെകൂടി കൂടെ അയച്ച്‌ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തല്‍ വിഎസിനെ ഒറ്റയ്‌ക്ക്‌ നിരാഹാരം കിടത്തിയതുപോലുള്ള മണ്‌ടത്തരം ആവര്‍ത്തിക്കാന്‍ പാര്‍ട്ടിയും പിണറായിയും തയാറായില്ല. എന്നാല്‍ അവിടെയും വിഎസ്‌ പാര്‍ട്ടി നേതൃത്വത്തെ കടത്തിവെട്ടി. ഡിസംബര്‍ ഏഴിന്‌ ഒറ്റയ്‌ക്ക്‌ നിരാഹാരമിരിക്കുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ സഖാവ്‌ വിഎസ്‌ വീണ്‌ടും രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി മാനിക്കണമെന്നാണ്‌ പാര്‍ട്ടി പോളിറ്റ്‌ ബ്യൂറോ തീരുമാനിച്ചിരിക്കുന്നതെന്ന തമിഴ്‌നാട്ടില്‍ നിന്നുളള സിപിഎം ലോക്‌സഭാംഗം പറഞ്ഞതും പാര്‍ട്ടിക്ക്‌ ചെറിയ ക്ഷീണമായി. എങ്കിലും മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യമതില്‍ തീര്‍ത്ത്‌ തുടക്കത്തിലുണ്‌ടായ ക്ഷീണം മാറ്റാന്‍ പാര്‍ട്ടി ആവുന്നത്ര ശ്രമിക്കുന്നുണ്‌ട്‌. ഡല്‍ഹിയിലും ആദ്യ ദിവസങ്ങളില്‍ കാര്യങ്ങള്‍ രണ്‌ടു വഴിക്കു തന്നെയായിരുന്നു നീങ്ങിയത്‌. യുഡിഎഫ്‌ എംപിമാര്‍ ഉച്ചയ്‌ക്കും എല്‍ഡിഎഫ്‌ എംപിമാര്‍ രാവിലെയും എന്നരീതിയിലായിരുന്നു ആദ്യദിവസങ്ങളിലെ പ്രതിഷേധങ്ങള്‍.

യഥാര്‍ഥത്തില്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ജനങ്ങള്‍ വര്‍ഷങ്ങളായി നടത്തുന്ന സമരം അടുത്തിടെയുണ്‌ടായ ഭൂചലനത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ചതാണ്‌ രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുല്ലപ്പെരിയാറിലേക്ക്‌ ഉടന്‍ എടുത്തുചാടാന്‍ കാരണമായത്‌. അടിക്കടിയുണ്‌ടായ ഭൂചലനങ്ങളോടെ ഭീതിയിലും രോഷത്തിലുമായ ജനങ്ങള്‍ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെ പരസ്യമായി രംഗത്തുവരാന്‍ തുടങ്ങിയതോടെ ഇനിയും കാത്തിരുന്നാല്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നില്ലെങ്കിലും തങ്ങളുടെ രാഷ്‌ട്രീയ അടിത്തറ ഒലിച്ചുപോകുമെന്ന്‌ മനസ്സിലാക്കിയ രാഷ്‌ട്രീപാര്‍ട്ടികള്‍ യാതൊരു മുന്‍ കരുതലുമില്ലാതെ അണക്കെട്ടിലേക്ക്‌ എടുത്തുചാടുകയായിരുന്നു.

ജലവിഭവമന്ത്രി പി.ജെ.ജോസഫാണ്‌ ലൈഫ്‌ ജാക്കറ്റുപോലുമില്ലാതെ ആദ്യം മുല്ലപ്പെരിയാറിലേക്ക്‌ എടുത്തു ചാടിയത്‌. മന്ത്രി സ്ഥാനം പോകുന്നെങ്കില്‍ പോകട്ടെ എന്നൊക്കെ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു ജോസഫിന്റെ ചാട്ടമെങ്കില്‍ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഒരു സമരപ്പന്തലും കെട്ടി പട്ടിണികിടന്നാണ്‌ ഇ.എസ്‌.ബിജിമോള്‍ എംഎല്‍എ മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നീന്തുന്നത്‌. ബിജിമോള്‍ നിന്തി കരയ്‌ക്കടിഞ്ഞ്‌ കപ്പ്‌ അടിച്ചാല്‍ ക്ഷീണമാവുമെന്ന്‌ തിരിച്ചറിഞ്ഞ റോഷി അഗസ്റ്റിനും അണക്കെട്ട്‌ തകരുന്നത്‌ തടയാന്‍ നിരാഹാരവുമായി രംഗത്തിറങ്ങിയിട്ടുണ്‌ട്‌.

ജനസമ്പര്‍ക്കത്തിന്റെ തിരക്ക്‌ കഴിഞ്ഞ്‌ മുല്ലപ്പെരിയാറില്‍ മുങ്ങാന്‍ സമയമില്ലാത്തതുകൊണ്‌ട്‌ മുഖ്യമന്ത്രി ഒരു ലൈഫ്‌ ജാക്കറ്റും കൊടുത്ത്‌ കെപിസിസി അധ്യക്ഷനെ തന്നെ അണക്കെട്ട്‌ സന്ദര്‍ശിക്കാനും ഗവര്‍ണറെ കാണാനുമൊക്കം പറഞ്ഞു വിട്ടത്‌. ചെന്നിത്തല ഒറ്റയ്‌ക്കങ്ങുപോയി വല്ലതും വിളിച്ചുപറഞ്ഞാല്‍(ദേശീയ മാധ്യമങ്ങളൊക്കെ വരുമ്പോള്‍ ചെന്നിത്തല ഹിന്ദി പറഞ്ഞ്‌ അവര്‍ക്കു മുന്നില്‍ ഷൈന്‍ ചെയ്‌താലോ എന്ന പേടികൊണ്‌ടാണെന്നും ശ്രുതിയുണ്‌ട്‌) പുതിയ പ്രതിപക്ഷ ഉപനേതാവായ വി.എം.സുധീരനെകൂടി ചെന്നിത്തലയുടെ കൂടെവിടാനും കുഞ്ഞൂഞ്ഞ്‌ മറന്നില്ല.

എന്നാല്‍ ഇത്തരം ഒറ്റ തിരിഞ്ഞുള്ള പ്രതിഷേധങ്ങളും പ്രസ്‌താവനകളും ഗൗനിക്കപോലും ചെയ്യാതെ തമിഴ്‌നാട്‌ മുഖ്യമന്ത്രി രണ്‌ടുമാസത്തെ സുഖവാസത്തിനായി ഊട്ടിയിക്കുപോകാനൊരുങ്ങുകയാണ്‌. ഒത്തുപിടിച്ചാല്‍ മലയും പോരുമെന്ന്‌ ചെറിയ ക്ലാസുകളില്‍ പഠിച്ച പഴംഞ്ചൊല്ലുപോലും ഓര്‍ക്കാന്‍ കഴിയാത്ത നമ്മുടെ ജനപ്രതിനിധികള്‍ നടത്തുന്ന ഈ ഒറ്റ തിരിഞ്ഞ സമരങ്ങളും പ്രസ്‌താവനകളും ജയലളിതയ്‌ക്കുപോലും കേള്‍ക്കാനാവുന്നില്ലെങ്കില്‍ പിന്നെ അങ്ങ്‌ ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്ന മന്‍മോഹന്‍ജി കേള്‍ക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ പറയാനാവും. മുല്ലപ്പെരിയാറിന്റെ പേരില്‍ പിറവിത്തിലേക്ക്‌ പാലമിടാനാണോ ഇരുമുന്നണികളും ശ്രമിക്കുന്നതെന്ന സംശയവും ജനങ്ങള്‍ക്കുണ്‌ട്‌. അങ്ങനെയാണെങ്കില്‍ ഡാം തകരാതെ തന്നെ വെള്ളം കുടിക്കുന്നത്‌ നമ്മുടെ രാഷ്‌ട്രീയ നേതൃത്വം തന്നെയായിരിക്കുമെന്നത്‌ മറക്കാതിരുന്നാല്‍ നല്ലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക