Image

എല്ലാവര്‍ക്കും നിയമപരിരക്ഷയും അവകാശങ്ങളും ഉറപ്പാക്കും: ഖത്തര്‍ മന്ത്രി

Published on 05 December, 2011
എല്ലാവര്‍ക്കും നിയമപരിരക്ഷയും അവകാശങ്ങളും ഉറപ്പാക്കും: ഖത്തര്‍ മന്ത്രി
ദോഹ: ഖത്തറില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും നിയമപരിരക്ഷയും അവാകശങ്ങളും ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന്‌ നീതിന്യായ മന്ത്രി ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം പറഞ്ഞു. നിയമവാഴ്‌ചയിലും സ്വദേശികളുടെയും വിദേശികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ ഖത്തര്‍ മാതൃകയാണെന്നും ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക്‌ (ക്യു.എന്‍.എ) നല്‍കിയ അഭിമുഖത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

ശക്തമായ ഒരു ഭരണഘടനയാണ്‌ രാജ്യത്തിന്‍െറ ആധാരശില. ഈ ഭരണഘടനയുടെ വകുപ്പുകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി നിരവധി നിയമങ്ങള്‍ യഥാസമയം ഭേദഗതി ചെയ്‌തിട്ടുണ്ട്‌. ശൂറാ കൗണ്‍സിലിന്‍െറ ക്രമാനുഗതമായ ജനാധിപത്യ സമീപനത്തിലെ ചുവടുവെപ്പായാണ്‌ 2013ല്‍ കൗണ്‍സിലിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ അമീര്‍ ഗ്ലൈഖ്‌ ഹമദ്‌ ബിന്‍ ഖലീഫ ആല്‍ഥാനി അടുത്തിടെ പ്രഖ്യാപിച്ചത്‌. സെന്‍ട്രല്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ വിജയകരമായി നടത്തുക വഴി തെരഞ്ഞെടുപ്പ്‌ പ്രക്രിയയെക്കുറിച്ച്‌ അവബോധമുള്ള ഖത്തരി സമൂഹത്തിന്‌ മറ്റൊരു സുപ്രധാന അനുഭവമായിരിക്കും ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്‌. നീതിന്യായ സംവിധാനത്തിന്‍െറ വളര്‍ച്ചക്ക്‌ അമീറും കിരീടാവകാശിയും പ്രധാനമന്ത്രിയും മതിയായ ശ്രദ്ധ നല്‍കുന്നുണ്ട്‌.

അഴിമതിരാഹിത്യത്തിന്‍െറ കാര്യത്തില്‍ അറബ്‌ രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന്‌ ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞത്‌ എല്ലാത്തരം അഴിമതിക്കെതിരെയും അമീര്‍ കൈക്കൊണ്ട ശക്തമായ നടപടികളുടെ ഫലമാണെന്ന്‌ മന്ത്രി ഹസന്‍ ബിന്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. ഖത്തരി അഭിഭാഷര്‍ക്ക്‌ എല്ലാ വിധ പ്രോല്‍സാഹനങ്ങള്‍ക്കുമൊപ്പം പരിശീലന കോഴ്‌സുകളും മന്ത്രാലയം നല്‍കുന്നുണ്ട്‌. അഭിഭാഷകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന മന്ത്രാലയത്തിന്‌ കീഴില്‍ അവര്‍ക്കെതിരൊയ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന്‌ മാത്രമായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വദേശികളെ കൂടുതലായി നിയമരംഗത്തേക്ക്‌ കൊണ്ടുവരുന്നതിനാണ്‌ 2001ല്‍ നിയമപഠനകേന്ദ്രം സ്ഥാപിച്ചത്‌. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇവരെ സജ്ജമാക്കുകയാണ്‌ സെന്‍ററിന്‍െറ ലക്ഷ്യം.
ജഡ്‌ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, കോര്‍ട്ട്‌ ഓഫീസര്‍മാര്‍, എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഓഫീസര്‍മാര്‍, പുതിയ ബിരുദധാരികള്‍ എന്നിവര്‍ക്കെല്ലാം ഇവിടെ പരിശീലനം നല്‍കിവരുന്നുണ്ട്‌. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികളുടെ കാര്യത്തില്‍ പൗരന്‍മാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റ്‌ ഏജന്‍സികളുമായി ഏകോപിച്ചാണ്‌ മന്ത്രാലയം പ്രവര്‍ത്തിക്കുന്നത്‌. ബൗദ്ധീക സ്വത്തവകാശം സംബന്ധിച്ച നിയമങ്ങള്‍ മന്ത്രാലയം ഫലപ്രദമായി നടപ്പാക്കിവരുന്നുണ്ട്‌.

വനിതകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ പരിഗണന നല്‍കുന്ന മന്ത്രാലയങ്ങളിലൊന്നാണ്‌ നീതിന്യായമെന്നും മന്ത്രാലയത്തിലെ സ്വദേശി ജീവനക്കാരില്‍ 67 ശതമാനം സ്‌ത്രീകളാണെന്നും ചോദ്യത്തിന്‌ മറുപടിയായി മന്ത്രി അറിയിച്ചു. സ്‌ത്രീകള്‍ക്ക്‌ ഈ രംഗത്ത്‌ കൂടുതല്‍ പരിശീലനം നല്‍കുന്നതിന്‌ വിപുലമായ പരിപാടികള്‍ മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവര്‍ക്കും നിയമപരിരക്ഷയും അവകാശങ്ങളും ഉറപ്പാക്കും: ഖത്തര്‍ മന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക