Image

ബഹ്‌റൈനിലെ ബ്രിട്ടീഷ്‌ എംബസിക്കു സമീപം സ്‌ഫോടനം, ആളപായമില്ല

Published on 05 December, 2011
ബഹ്‌റൈനിലെ ബ്രിട്ടീഷ്‌ എംബസിക്കു സമീപം സ്‌ഫോടനം, ആളപായമില്ല
മനാമ: ബഹ്‌റൈനിലെ ബ്രിട്ടീഷ്‌ എംബസിക്കു സമീപം സ്‌ഫോടനം. മനാമയിലെ റസ്‌റുമാന്‍ ഏരിയയിലെ ഞായറാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. എംബസിക്ക്‌ 50 മീറ്റര്‍ മാത്രം അകലെ നിര്‍ത്തിയിട്ട മിനി ബസിനകത്താണ്‌ സ്‌ഫോടനമുണ്ടായത്‌. സ്‌ഫോടനത്തിന്‍െറ ആഘാതത്തില്‍ സമീപത്ത്‌ നിര്‍ത്തിയിട്ട അഞ്ച്‌ കാറുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സ്‌ഫോടനമുണ്ടായ ഉടനെ പൊലീസും ഫോറന്‍സിക്‌ ലാബ്‌ വിദഗ്‌ധരും സ്ഥലത്ത്‌ കുതിച്ചെത്തി. സ്‌ഫോടക വസ്‌തുവിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. ഉഗ്ര ശേഷിയുള്ള ബോംബാണെന്നാണ്‌ അനുമാനിക്കുന്നത്‌. ഫോറന്‍സിക്‌ പരിശോധനക്ക്‌ ശേഷമേ ഇതേക്കുറിച്ച്‌ വ്യക്തത ലഭിക്കുകയുള്ളൂവെന്ന്‌ ആഭ്യന്തര മന്ത്രാലയത്തിലെ വക്താവ്‌ സലേ സാലിം പറഞ്ഞു. പൊലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

അല്‍ ഹുകൂമ റോഡില്‍ പാര്‍ക്ക്‌ ചെയ്‌ത വാനിന്‍െറ മുന്‍ഭാഗത്തെ ചക്രത്തിലാണ്‌ ബോംബ്‌ സ്ഥാപിച്ചതെന്നാണ്‌ കരുതുന്നത്‌. വാനിന്‍െറ ചക്രം കത്തുകയും കാറിന്‍െറ മുന്‍ഭാഗത്തെ ഗ്‌ളാസുകള്‍ തകരുകയും ചെയ്‌തു. സംഭവസ്ഥലത്തുനിന്ന്‌ 32 മീറ്റര്‍ അകലെ വരെ സ്‌ഫോടക വസ്‌തുക്കളുടെ അവശിഷ്ടങ്ങള്‍ തെറിച്ചിരുന്നു. വാനിന്‍െറ െ്രെഡവറുടെ ഭാഗത്ത്‌ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടു.

സ്‌ഫോടനത്തെ തുടര്‍ന്ന്‌ ബഹ്‌റൈനിലെ എല്ലാ എംബസി ആസ്ഥാനങ്ങളുടെയും സുരക്ഷ ശക്തമാക്കി. സംശയാസ്‌പദമായ കാറുകളൊ മറ്റൊ പ്രധാന കേന്ദ്രങ്ങളില്‍ കണ്ടാല്‍ ഉടനെ പൊലീസില്‍ വിവരം അറിയിക്കണമെന്ന്‌ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട്‌ അഭ്യര്‍ഥിച്ചു. രാജ്യത്തിന്‍െറയും പൗരന്മാരുടെയും ഇവിടെ താമസിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്‌. പൊതു, സ്വകാര്യ സ്വത്തുക്കളുടെ സംരക്ഷണവും സര്‍ക്കാരിന്‍െറ ഉത്തരവാദിത്വമാണ്‌. രാജ്യത്തിന്‍െറ സമാധാന അന്തരീക്ഷവും സുരക്ഷയും ഉറപ്പാക്കാന്‍ ജനങ്ങള്‍ ഐക്യത്തോടെ സഹകരിക്കണമെന്ന്‌ മന്ത്രാലയം അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക