Image

തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)

Published on 27 September, 2014
തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ജയലളിതയെ എഴുതി തള്ളാന്‍ വരട്ടെ. 66 വയസായി, അതിനിടയ്‌ക്ക്‌ 66 കോടി 65 ലക്ഷം രൂപ അനധികൃതമായി ഉണ്ടാക്കിയെന്ന കേസില്‍ നാലു വര്‍ഷം തടവം 100 കോടി രൂപ പിഴയും കിട്ടി. ജാമ്യത്തിലിറങ്ങും, സിപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. കാലില്‍ വീണ്‌ നമസ്‌കരിക്കുന്ന സചിവരില്‍ ഒരാളെ പകരം മുഖ്യമന്ത്രിയാക്കി വീണ്ടും വാണരുളും.

കാണാനഴകും അതിലേറെ മനക്കരുത്തുമുള്ള ജയലളിത അങ്ങനെ ഒരാളാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയെ തകര്‍ത്തു തരിപ്പണമാക്കിയെങ്കിലും ഭരണ സിരാകേന്ദ്രമായ ഫോര്‍ട്ട്‌ സെന്റ്‌ ജോര്‍ജില്‍ നിന്ന്‌ ഇന്ദ്രപ്രസ്ഥത്തിലെ റെഡ്‌ഫോര്‍ട്ടില്‍ എത്താമെന്ന സ്വപ്‌നം നടന്നില്ല. ബി.ജെ.പിക്ക്‌ മൃഗീയ ഭൂരിപക്ഷം കിട്ടിപ്പോയി. എങ്കിലും ഡി.എം.കെ പ്രതികാരബുദ്ധിയോടെ പടച്ചുണ്ടാക്കിയ കള്ളക്കേസില്‍ താന്‍ ഇരയായിപ്പോകുകയായിരുന്നുവെന്ന വാദം നിരത്തി ജനങ്ങളുടെ സഹതാപം വോട്ടാക്കി മാറ്റാന്‍ അവര്‍ക്കു കഴിയും തീര്‍ച്ച. കാരണം, എതിരാളിയായ മുന്‍ മുഖ്യമന്ത്രി കരുണാനിധിയും കുടുംബവും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച്‌ നില്‍ക്കുകയാണ്‌.

ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ ജയയും കൂട്ടുപ്രതികളായ ശശികലയും അവരുടെ സഹോദര ഭാര്യ ഇളവരശിയും, ജയ തന്നെ തള്ളിപ്പറഞ്ഞ വളര്‍ത്തു പുത്രന്‍ സുധാകരനും കുറ്റക്കാരാണെന്ന്‌ ജഡ്‌ജി ജോണ്‍ ഡി കുഞ്ഞ വിധിച്ചയുടന്‍ തുടങ്ങി ഡി.എം.കെ- എ.ഡി.എം.കെ കൂട്ടിമുട്ടലുകള്‍. കാഞ്ചുപുരത്ത്‌ ബസ്‌ കത്തിച്ചു. നൂറുകണക്കിനാളുകള്‍ക്ക്‌ പരിക്കുപറ്റി. കേരളത്തില്‍ കോയമ്പത്തൂര്‍ വഴിയും, കുമളി വഴിയുമുള്ള ബസ്‌ സര്‍വീസുകള്‍ റദ്ദാക്കി.

ഇന്നത്തെ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഗ്ലാമര്‍ കൊണ്ട്‌ പിടിച്ചുനില്‍ക്കാന്‍ ജയയെപ്പോലെ മറ്റാര്‍ക്കും കഴിയുകയില്ല. കോണ്‍വെന്റ്‌ സ്‌കൂളില്‍ നിന്നു ലഭിച്ച `ചേസ്റ്റ്‌ ഇംഗ്ലീഷ്‌', ഹിന്ദിയിലും പ്രാവീണ്യം. സിനിമയിലും ജീവിതത്തിലും തന്റെ `മെന്റര്‍' ആയിരുന്ന എം.ജി.ആര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ ജയയെ പാര്‍ലമെന്റിലേക്കയച്ചതു വെറുതേയായില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി സ്‌മൃതി ഇറാനി വീണ്ടും ജനിക്കണം ജയയുടെ ഒപ്പമെത്താന്‍.

`അമ്മ' വേഷത്തില്‍ തമിഴരെ ആകമാനം കൈയ്യിലെടുത്തുകഴിഞ്ഞു തന്റെ രണ്ടാം വരവില്‍. 1991-ല്‍ മുഖ്യമന്ത്രിയായപ്പോഴാണ്‌ സ്വത്ത്‌ സമ്പാദിച്ചതിനെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നത്‌. ഇത്തവണ കരുതിക്കൂട്ടി ജനങ്ങളുടെ സുഹൃത്തും സേവികയുമായി. ഒരു രൂപയ്‌ക്ക്‌ അരി, മൂന്നു രൂപയ്‌ക്ക്‌ ഇഡ്ഡലി- സാമ്പാര്‍, പത്തു രൂപയ്‌ക്ക്‌ കുപ്പിവെള്ളം, 110 രൂപയ്‌ക്ക്‌ സിമന്റ്‌- ഇനി എന്തെല്ലാം വരാനിരിക്കുന്നു. പ്രായംകൊണ്ട്‌ കുഴിയിലേക്ക്‌ കാലും നീട്ടിയിരിക്കുന്ന കരുണാനിധി പോയാല്‍ ഡി.എം.കെ ഢിം!!

കലൈജ്ഞര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ചെന്നൈയില്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ കാലത്ത്‌ ഇരുവരേയും ഇന്റര്‍വ്യൂ ചെയ്‌തതാണ്‌ താന്‍. എത്രദിവസം കാത്തിരുന്നശേഷമാണ്‌ ഇരുവരും പിടിതന്നത്‌. ജയയെ പാര്‍ട്ടി ഓഫീസില്‍ വെച്ചും, കരുണാനിധിയെ ഔദ്യോഗിക വസതിയില്‍ വെച്ചും. ഇരുവരും പറഞ്ഞ പ്രകാരം ചോദ്യങ്ങള്‍ നേരത്തെ അടിച്ച്‌ സമര്‍പ്പിച്ചിട്ടും രക്ഷയില്ല.

ഒടുവില്‍ ജയ പാര്‍ട്ടി ഓഫീസില്‍ മീറ്റിംഗിനു വരുന്നുണ്ടെന്നു വിളിച്ചറിയിച്ചതു ജയയുടെ രൂപസാദൃശ്യമുള്ള പാലക്കാട്ടുകാരി ഇന്ദിരയാണ്‌. അവര്‍ പാര്‍ട്ടിയുടെ വനിതാ വിഭാഗം സെക്രട്ടറികൂടിയാണ്‌. ഓഫീസിലേക്ക്‌ പാഞ്ഞു ചെന്നു. കൂറ്റന്‍ കാവല്‍ക്കാരെ വെട്ടിച്ച്‌ `അമ്മ വിളിക്കുന്നു' എന്നാക്രോശിച്ചുകൊണ്ട്‌ ഓഫീസിന്റെ മുകളിലത്തെ നിലയിലേക്കോടി. യോഗം കഴിഞ്ഞ്‌ ജയ പുറത്തേയ്‌ക്കിറങ്ങുമ്പോള്‍ മുമ്പില്‍ ചാടിവീണു.

`ഹാവ്‌ യു ഗോട്ട്‌ എ കോപ്പി ഓഫ്‌ യുവര്‍ ക്വസ്റ്റിനയര്‍?' ജയ ചോദിച്ചു. `ലെറ്റ്‌സ്‌ ഡു ഇറ്റ്‌' അവര്‍ അടുത്ത മുറിയിലേക്ക്‌ കയറി. ഫോണ്‍ ക്രാഡില്‍ നിന്ന്‌ എടുത്തു മാറ്റി. ചോദ്യങ്ങള്‍ക്കു സുന്ദരമായ ഇംഗ്ലീഷില്‍ മറുപടി ചുറുചുറുക്കോടെ ഒഴുകി വന്നു.

ഇന്റര്‍വ്യൂ ഓവര്‍. ജയ എഴുന്നേല്‍ക്കുന്നു. ഞാനും. യാത്ര പറയുംമുമ്പ്‌ ആ സുന്ദരിയെ തൊട്ടുവന്ദിക്കാന്‍ മോഹം. ഞാന്‍ ഒരു ഷേക്ക്‌ഹാന്‍ഡിനായി കൈനീട്ടിയോ എന്നു സംശയം. അവര്‍ കൈ കൂപ്പി പറഞ്ഞു: 'താങ്ക്‌സ്‌'.

കരുണാനിധിയുമായുള്ള അഭിമുഖമായിരുന്നു വിചിത്രം. ഭാര്യാഗൃഹത്തില്‍ വെച്ച്‌ രാത്രി കാണാം എന്നായിരുന്നു സന്ദേശം. അങ്ങോട്ടുള്ള സകല വഴികളും പോലീസ്‌ തടഞ്ഞിരുന്നതിനാല്‍ ഓട്ടോയിലിറങ്ങി ഒരു കിലോമീറ്ററെങ്കിലും നടന്നുവന്നു. അവിടെ എത്തിയപ്പോള്‍ പറയുന്നു. തെകി, തലൈവര്‍ മറ്റേ ഭാര്യ വീട്ടിലാണ്‌. വീണ്ടും ഓടി, കാത്തുനിന്നു.

കരുണാനിധി തെരഞ്ഞെടുപ്പ്‌ പ്രചാരണമൊക്കെ കഴിഞ്ഞ്‌ എത്തിയപ്പോള്‍ രാത്രി പത്തരയായി. വന്നു പത്തുമിനിറ്റ്‌ കഴിഞ്ഞപ്പോള്‍ വിളിച്ചു.

`ഇതു മാതം ചിത്തിരൈ, സമയം പത്തരൈ, ഉങ്കളക്ക്‌ നിദ്രൈ' സാഹിത്യകാരനായ കലൈജ്ഞര്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. എന്റെ ഉറക്കം ഓടിയൊളിച്ചു.

ബാംഗ്ലൂരിലെ വിധി കവര്‍ ചെയ്യാന്‍ പത്ര, ടിവി റിപ്പോര്‍ട്ടര്‍മാരുടെ ഒരു പടതന്നെ ഉണ്ടായിരുന്നു. 1995-ല്‍ അമേരിക്കയില്‍ ഒ.ജെ. സിംപ്‌സണ്‍ ഭാര്യയെ കൊന്ന കേസില്‍ വിചാരണ കവര്‍ ചെയ്യാന്‍ മാദ്ധ്യമപ്പട നിരന്നതുപോലെ.
തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)തിരിച്ചുവരും, ജയലളിത: 66 വയസ്‌, 66 കോടി സമ്പാദിച്ചു; 100 കോടി പിഴ (രചന: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക