Image

ചെസ് അണ്ടര്‍ 10: മലയാളി ബാലന്‍ നിഹാല്‍ സരിന്‍ ലോകചാമ്പ്യന്‍

Published on 29 September, 2014
ചെസ് അണ്ടര്‍ 10: മലയാളി ബാലന്‍ നിഹാല്‍ സരിന്‍ ലോകചാമ്പ്യന്‍
തൃശൂര്‍: ലോക ചെസില്‍ ചരിത്രം കുറിച്ച നേട്ടവുമായി മലയാളിബാലന്‍. തൃശൂര്‍ സ്വദേശിയായ നിഹാല്‍ സരിന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍ 10 വിഭാഗത്തില്‍ ജേതാവായി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് നിഹാല്‍ ലോക ചാമ്പ്യനായത്.

ലോക ഒന്നാംസീഡും നിഹാലിനേക്കാള്‍ 110 റേറ്റിംഗ് പോയിന്റ് മുന്നിലുള്ളയാളുമായ ഉസ്ബക്കിസ്ഥാനിലെ അബ്ദുള്‍ സത്താറോവ് ഡിര്‍ബെക്കിനെ ഒമ്പതാം റൗണ്ടില്‍ സമനിലയില്‍ തളച്ചാണ് നിഹാല്‍ ലോകചാമ്പ്യനായത്. ചെസ് മത്സരയിനത്തില്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു ലോക ചെസ് കിരീടം.
തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍ സരിന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്‌കിന്‍ സ്‌പെഷലിസ്റ്റ് ഡോ.സരിന്റെയും സൈക്യാട്രിസ്റ്റായ ഡോ.ഷിജിന്റെയും മകനാണ്. 

യുഎഇയിലെ അലൈനില്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 10 ബ്ലിറ്റ്‌സില്‍ നിഹാല്‍ നേരത്തേ ജേതാവായിരുന്നു. കൂടാതെ ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ റാപ്പിഡ് വിഭാഗത്തിലും ബ്ലിറ്റ്‌സ് വിഭാഗത്തിലും സ്വര്‍ണമെഡല്‍ ജേതാവായിരുന്ന നിഹാല്‍ ക്ലാസിക് വിഭാഗത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു.

കോട്ടയത്തെ മാത്യു പി.ജോസഫിന്റെ കീഴിലായിരുന്നു പരിശീലനത്തിന്റെ തുടക്കം. തുടര്‍ന്ന് ഒളിമ്പ്യന്‍ സി.ടി.പത്രോസ്, എന്‍.ആര്‍.അനില്‍കുമാര്‍, കെ.കെ.മണികണ്ഠന്‍, എം.ബി.മുരളീധരന്‍, റഷ്യന്‍ കോച്ച് കുമറോ എന്നിവരുടെ കീഴിലും പരിശീലിച്ചു. നേരിട്ടു പരിശീലിപ്പിക്കുന്നതിനായി വലിയ സാമ്പത്തിക ചെലവു വരുമെന്നതിനാല്‍ റഷ്യന്‍ കോച്ച് കുമറോ ഓണ്‍ലെന്‍ വഴിയാണ് നിഹാലിനെ പരിശീലിപ്പിച്ചിരുന്നത്. സംസ്ഥാന സീനിയര്‍ ചെസ് ചാമ്പ്യനും ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ പരിശീലകനുമായ ഇ.പി.നിര്‍മലിന്റെ കീഴിലാണ് നിഹാല്‍ ഇപ്പോള്‍ പരിശീലനം നടത്തിവരുന്നത്.

സര്‍ക്കാരില്‍നിന്നോ ഏതെങ്കിലും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നോ സ്‌പോണ്‍സര്‍ഷിപ്പോ സാമ്പത്തിക സഹായങ്ങളോ നാളിതുവരെയായും നിഹാലിനെ തേടിയെത്തിയിട്ടില്ലെങ്കിലും ചെസില്‍ രാജ്യത്തിനുവേണ്ടി ലോകകിരീടം ഉള്‍പ്പെടെയുള്ള നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍.

Join WhatsApp News
കുഞ്ഞുരാമൻ പള്ളിമുറ്റത്തു 2014-09-29 15:57:40
ചെറുക്കൻ ആളു മിടുക്കൻ തന്നെ. ഇനി ഇപ്പോ ഉടനെ അമേരിക്കയി ലോട്ടു വരണമെന്നായിരിക്കുമല്ലോ മാതാപിതാക്കളുടെ ആഗ്രഹവും! തലച്ചോറുള്ള പിള്ളാരെയെല്ലാം അമേരിക്കയും ബ്രിട്ടനും യൂറോപ്പും വീതിച്ചോണ്ടു പോവും (67% മെഡിക്കൽ എൻട്രൻസ് അമേരിക്കാ സർ വീസാണു ലക്ഷ്യം, എഞ്ചിനീയറിഗും അതുപോലെ) ബാക്കി ചവറുകൾ 'പബ്ലിക് ഇന്ത്യാ ഇൻകോർപോറേറ്റിൽ' വീഴും. പിന്നെ വായും പൊളർന്നു വെയിലും കൊണ്ടു നടക്കണം ജോലി തെണ്ടി! ദൽഹീലും ബോംബേലും കറങ്ങി ഗൾഫിലിറങ്ങും. എന്നാലും അമേരിക്കൻ  പോകയുടെ മണം പോവില്ല. പെട്ടീം പൊക്കി ന്യൂയോർക്കിൽ വന്നു വീഴും. പിന്നെ ടക-ടക-ടകടാ ... ന്യൂ യോര്ക്കിലും കാലിഫോർണിയാ യിലും റ്റെക്സാസിലും ഇത്രേം ഇന്ത്യാക്കാരുണ്ടോ എന്നോർത്ത് പോവും ഇപ്പോൾ സ്ട്രീറ്റിൽ ഒന്നു നോക്കിയാൽ! ഒരു ജോലിഇന്റർ വ്യൂവിനു പോയാൽ പത്തിൽ ഒൻപതും ഇന്ത്യൻ, അല്ലെങ്കിൽ പാക്കി, അല്ലെങ്കിൽ ബംഗ്ലാ...
Mohan.P 2014-09-29 16:52:48
വല്ലവരുടേം വാലേൽ തൂങ്ങി ഇവിടെവന്നു നേതാവ് കളിച്ചും, സാഹിത്യകാരന്മാര് കളിക്കുന്നതിനേക്കാൾ നല്ലതല്ലേ കുഞ്ഞുരാമാ സ്വന്തം ബുദ്ധി ഉപയോഗിച്ച് അമേരിക്കയിൽ വരുന്നുത്‌ വിജയിക്കുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക